Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാക്‌സിൻ വിരുദ്ധ ക്യാമ്പെയിനുകളുടെ നട്ടെല്ലൊടിക്കാൻ ഡോക്ടർ ജിനേഷ് വീണ്ടും വരുന്നു; ചങ്കുറപ്പോടെ നിന്നതിന് മെഡിക്കൽ കോളേജിൽ നിന്ന് രാജി വയ്‌ക്കേണ്ടി വന്ന ഡോക്ടർ പുതിയ ജോലിയിലേക്ക്; പൊതുജനാരോഗ്യ സംരക്ഷണത്തിനായി പരോപകാര കിംവദന്തി പൊളിച്ചടുക്കലുമായി താൻ ഇവിടെ തന്നെയുണ്ടാകുമെന്നും ജിനേഷ്

വാക്‌സിൻ വിരുദ്ധ ക്യാമ്പെയിനുകളുടെ നട്ടെല്ലൊടിക്കാൻ ഡോക്ടർ ജിനേഷ് വീണ്ടും വരുന്നു; ചങ്കുറപ്പോടെ നിന്നതിന് മെഡിക്കൽ കോളേജിൽ നിന്ന് രാജി വയ്‌ക്കേണ്ടി വന്ന ഡോക്ടർ പുതിയ ജോലിയിലേക്ക്; പൊതുജനാരോഗ്യ സംരക്ഷണത്തിനായി പരോപകാര കിംവദന്തി പൊളിച്ചടുക്കലുമായി താൻ ഇവിടെ തന്നെയുണ്ടാകുമെന്നും ജിനേഷ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മെഡിക്കൽ കൊൺസിൽ നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജിലെ എംബിബിഎസ്,പിജി സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെടുമെന്ന ആശങ്ക ചാനലിൽ പങ്കുവച്ചതിന് രാജി വയ്‌ക്കേണ്ടി വന്ന ജനകീയ ഡോക്ടറായ പി.എസ്.ജിനേഷ് വീണ്ടും ജോലിയിൽ പ്രവേശിച്ചു. മെഡിക്കൽ കോളേജിൽ അല്ലെന്ന്മാത്രം. പൊതുജനാരോഗ്യസംരക്ഷണത്തിനായുള്ള തന്റെ തുറന്ന പോരാട്ടത്തിന് സോഷ്യൽ മീഡിയയിലടക്കമുള്ളവർ നൽകിയ പിന്തുണയ്ക്കും സ്‌നേഹത്തിനുമുള്ള നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്‌ററിലാണ് പുതിയ ജോലി വിവരം അദ്ദേഹം അറിയിച്ചത്. തനിക്ക് ഇഷ്ടമുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ തുടരാൻ കഴിയുന്ന ജോലിയിലാണ് പ്രവേശിക്കുന്നതെന്നും ഡോക്ടർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.വാക്‌സിൻ വിരുദ്ധ ക്യാമ്പെയിനുകലെ ചെറുക്കാനുള്ള തീവ്രയത്‌നം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


'മെഡികോസിന്റെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരവും, മികച്ച സൗകര്യങ്ങൾ ഉറപ്പാക്കിക്കൊണ്ടും പിജി യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിച്ചു കൊണ്ടും സർക്കാർ മെഡിക്കൽ കോളേജുകളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തണമെന്നും, പൊതുജനാരോഗ്യ മേഖലയിലെ സർക്കാർ സംവിധാനങ്ങൾ ശക്തമാക്കണമെന്നും ആയിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. അവയെല്ലാം മുൻപ് ചെയ്തിരുന്നത് പോലെ തന്നെ തുടരുന്നതായിരിക്കും. ഈ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ അതെല്ലാം എഴുതുന്നതുമായിരിക്കും.
ചെറിയ ഒരിടവേളയ്ക്കുശേഷം വീണ്ടും ഭിഷഗ്വരവൃത്തിയിലേക്ക് പ്രവേശിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് അല്ല പ്രവേശിക്കുന്നത്. എങ്ങോട്ടാണ് എന്ന് ഇവിടെ പറയുന്നതിൽ പ്രത്യേകിച്ച് സാംഗത്യം ഉണ്ടെന്നു തോന്നുന്നുമില്ല. പക്ഷേ ഒന്നുറപ്പാണ്, ലഭിച്ച പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ എഴുത്തുപോലും നിർത്തേണ്ടി വന്നേനേ.'


ഇക്കഴിഞ്ഞ ജൂലൈ 26 നും 27 നും മെഡിക്കൽ കൗൺസിൽ നടത്തിയ പരിശോധനയിൽ കോട്ടയം മെഡിക്കൽ കോജിൽ വീഴ്ചകൾ കണ്ടെത്തിയിരുന്നു. അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഉൾപ്പെടെ തസ്തികയിലുള്ള ഒഴിവ്, സ്‌കാനിങ്ങ് എക്‌സറെ സൗകര്യങ്ങൾ, പരീക്ഷാ ഹാൾ, ആന്റി റാഗിങ് സെൽ എന്നിവയുടെ അപര്യാപ്തത, തുടങ്ങി പത്ത് കാര്യങ്ങളാണ് വീഴ്ചയായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല സമാനപ്രശ്‌നങ്ങൾ കാരണം ഫോറൻസിക്, ജനറൽ മെഡിസിൻ ഉൾപ്പെടെയുള്ള പി.ജി കോഴ്‌സുകൾ നിലവിൽ അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നത്. അഗീകാരം നഷ്ടപ്പടുന്നതിൽ അദ്ധ്യാപകൻ എന്ന നിലയിലുള്ള ആശങ്ക ജിനേഷ് പങ്കുവച്ചിരുന്നു. ഈ ബൈറ്റ് പുറത്തുവന്നതോടെ സ്ഥാപനത്തെ അപമാനിച്ചു എന്നപേരിൽ ജിനേഷിനെ പുറത്താക്കാൻ തീരുമാനിക്കുകയായിരന്നു. എന്നാൽ കരിയർ മുന്നിൽ കണ്ട് ജിനേഷ് രാജി സമർപ്പിക്കുകയായിരുന്നു.സ്റ്റിസ് ഫോർ ജിനേഷ് എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ വമ്പിച്ച പിന്തുണയാണ് ലഭിച്ചിരുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

എന്തിനാണ് സംസാരിക്കുന്നതെന്നും എന്തിനാണ് എഴുതുന്നതെന്നും മനസ്സിലാക്കാനായ ദിവസങ്ങളായിരുന്നു. ഒരു നിലപാടിന്റെ പേരിൽ പുറത്തിറങ്ങുമ്പോൾ കയ്യിലുണ്ടായിരുന്നത് ആത്മവിശ്വാസവും ഒരു പിടി സങ്കടങ്ങളും മാത്രമായിരുന്നു. ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ കുറേയേറെ കാര്യങ്ങൾ മനസിലാക്കാനായി. ഒറ്റപ്പെട്ട അവസ്ഥയിൽ ലഭിക്കുന്ന പിന്തുണകളുടെ വില മനസ്സിലാക്കാൻ സാധിച്ചു, അവ വിലമതിക്കാനാവാത്തതാണെന്നും മനസ്സിലാക്കാൻ സാധിച്ചു.

ആ പിന്തുണകൾ ഉണ്ടായിരുന്നില്ലെങ്കിൽ ചിലപ്പോൾ പിടിച്ചുനിൽക്കാൻ സാധിക്കുമായിരുന്നില്ല എന്നതും സത്യം. പോസ്റ്റുകളിലൂടെയും ഷെയറുകളിലൂടെയും സന്ദേശങ്ങളിലൂടെയും ആശങ്കകൾ അറിയിക്കുകയും പിന്തുണ നൽകുകയും ചെയ്തവരോട് നന്ദി എന്ന ഒരു വാക്ക് മാത്രം പറഞ്ഞ് അവസാനിപ്പിക്കാനാകില്ല. എല്ലാവരുടെയും പേരെടുത്തു പരാമർശിച്ച് എഴുതി തീർക്കാനും സാധിക്കില്ല. സമൂഹം പിന്തുണച്ചത് വ്യക്തിയെ അല്ല നിലപാടുകളെ ആണെന്നും അതുകൊണ്ട് തന്നെ അത് തുടരേണ്ടതാണെന്നും മനസിലാക്കുന്നു. ആ പിന്തുണച്ച സമൂഹത്തിനുവേണ്ടിയാണ് എഴുതേണ്ടതും പറയേണ്ടതും എന്ന് മനസ്സിലാക്കുന്നു.

ഇൻഫോ ക്ലിനിക്, എസ്സൻസ് എന്നിവയിലുടെ സമൂഹത്തിലെ ശാസ്ത്ര അവബോധം വർദ്ധിപ്പിക്കാനുതകുന്ന വിഷയങ്ങൾ എഴുതുക, പറയുക, പ്രവർത്തിക്കുക എന്നുള്ളതാണ് എന്റെ കടമ.അതുപോലെതന്നെ, ആശയങ്ങളുടെ പേരിൽ നിശബ്ദരാക്കപ്പെടാൻ വിധിക്കപ്പെട്ടവരുടെ കൂടെ നിൽക്കേണ്ടതും കർത്തവ്യം തന്നെയാകുന്നു.കൂടാതെ ഇതുവരെ പറഞ്ഞ നിലപാടുകളും ആശയങ്ങളും മുന്നോട്ടു കൊണ്ടുപോകേണ്ടതുമുണ്ട്. മെഡികോസിന്റെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരവും, മികച്ച സൗകര്യങ്ങൾ ഉറപ്പാക്കിക്കൊണ്ടും പിജി യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിച്ചു കൊണ്ടും സർക്കാർ മെഡിക്കൽ കോളേജുകളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തണമെന്നും, പൊതുജനാരോഗ്യ മേഖലയിലെ സർക്കാർ സംവിധാനങ്ങൾ ശക്തമാക്കണമെന്നും ആയിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. അവയെല്ലാം മുൻപ് ചെയ്തിരുന്നത് പോലെ തന്നെ തുടരുന്നതായിരിക്കും. ഈ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ അതെല്ലാം എഴുതുന്നതുമായിരിക്കും.

ചെറിയ ഒരിടവേളയ്ക്കുശേഷം വീണ്ടും ഭിഷഗ്വരവൃത്തിയിലേക്ക് പ്രവേശിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് അല്ല പ്രവേശിക്കുന്നത്. എങ്ങോട്ടാണ് എന്ന് ഇവിടെ പറയുന്നതിൽ പ്രത്യേകിച്ച് സാംഗത്യം ഉണ്ടെന്നു തോന്നുന്നുമില്ല. പക്ഷേ ഒന്നുറപ്പാണ്, ലഭിച്ച പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ എഴുത്തുപോലും നിർത്തേണ്ടി വന്നേനേ. വിഭാഗത്തിലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാര വിഷയത്തിലും, കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ തിരികെ പ്രവേശിക്കാൻ വേണ്ടിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ പിന്തുണ വളരെ വലുതായിരുന്നു. അംഗീകാര വിഷയത്തിനായി വിഭാഗവും കോളേജും ശക്തമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ കൂടുതൽ കാലം ജോലിയില്ലാതെ പിടിച്ചുനിൽക്കാനാവില്ല. സാമ്പത്തിക ബുദ്ധിമുട്ട് മാത്രമല്ല പ്രശ്‌നം.

പ്രവർത്തനരഹിതമായി ഇരിക്കുമ്പോൾ ഉള്ള നിരാശയും അനിശ്ചിതത്വവും വലിയ വെല്ലുവിളികളാണ്. അതിനാൽ മനസ്സുകൊണ്ട് ഇഷ്ടമുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്ന ഒരു ജോലിയിൽ പ്രവേശിക്കുന്നു.സ്റ്റെത്തിന്റെ കുഴലുകൾക്കിടയിൽ തലച്ചോറ് വെച്ചിട്ട് ഏഴുവർഷമായി. റാണിയേയും ദീപുവിനേയും നെൽസണേയും ഷിംനയേയും കിരണിനേയും ജിതിനേയും ഒക്കെ ബുദ്ധിമുട്ടിപ്പിക്കേണ്ടി വരും. അവർ സഹായിക്കാതിരിക്കില്ല.അതോടൊപ്പം തന്നെ ഇൻഫോ ക്ലിനിക്കും, എസൻസും, എംആർ വാക്‌സിനേഷൻ യജ്ഞവും, പരോപകാര കിംവദന്തി പൊളിച്ചടുക്കലുകളുമായി ഇവിടെ തന്നെയുണ്ടാവും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP