Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ മോളെയും അമ്മയെയും അമ്മൂമ്മമാരെയും ആരെങ്കിലും രക്ഷിക്കണേ..; വെള്ളം കയറിയതു കൊണ്ട് എല്ലാവരും ടെറസിൽ കുടുങ്ങിയിട്ടുണ്ട്; ഇതുവരെ രക്ഷാപ്രവർത്തകർ എത്തിയിട്ടില്ല.. അവർ സേഫാണോ എന്നും വിളിച്ചു നോക്കാനും സാധിക്കിക്കുന്നില്ല; കരഞ്ഞു കൊണ്ട് വീട്ടുകാർക്കായി യാചിച്ച് നീതു; നാട്ടിലുള്ളവരെ ബന്ധപ്പെടാൻ സാധിക്കാതെ ആധിയോടെ തീതിന്നു കഴിയുന്ന പ്രവാസികൾ അനവധി

എന്റെ മോളെയും അമ്മയെയും അമ്മൂമ്മമാരെയും ആരെങ്കിലും രക്ഷിക്കണേ..; വെള്ളം കയറിയതു കൊണ്ട് എല്ലാവരും ടെറസിൽ കുടുങ്ങിയിട്ടുണ്ട്; ഇതുവരെ രക്ഷാപ്രവർത്തകർ എത്തിയിട്ടില്ല.. അവർ സേഫാണോ എന്നും വിളിച്ചു നോക്കാനും സാധിക്കിക്കുന്നില്ല; കരഞ്ഞു കൊണ്ട് വീട്ടുകാർക്കായി യാചിച്ച് നീതു; നാട്ടിലുള്ളവരെ ബന്ധപ്പെടാൻ സാധിക്കാതെ ആധിയോടെ തീതിന്നു കഴിയുന്ന പ്രവാസികൾ അനവധി

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: പത്തനംതിട്ടയിൽ ആയിരക്കണക്കിനാളുകളാണ് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകളിൽ കുടുങ്ങിക്കിടക്കുകയാണ്. പലർക്കും എന്തുപറ്റിയെന്ന് ആർക്കും അറിയില്ല. രക്ഷാപ്രവർത്തകരുടെ സഹായം അഭ്യർത്ഥിച്ചെങ്കിലും പല വീടുകളിലും എത്താൻ സൈന്യത്തിന് സാധിച്ചിട്ടുമില്ല. പലരും വയസ്സായ അമ്മമാർക്കും പേരക്കുട്ടികൾക്കുമൊപ്പം കഴിയുന്നത് ടെറസിലും രണ്ടാം നിലയിലുമായാണ്. ആറന്മുള കോഴഞ്ചേരി സ്വദേശിനിയായ നീതുവെന്ന് വീട്ടമ്മ വീട്ടിലുള്ളവരെ ഓർത്ത് ആധിയോടെ ഫേസ്‌ബുക്കിൽ ലൈവ് ചെയ്തു.

എന്റെ വീട് കോഴിപ്പാലത്തിനും ആഞ്ഞിലിറൂട്ടിൽ കടവിൽ റോഡിനും ഇടയ്ക്കുള്ള നന്മാ സ്‌റ്റോറിന് പിൻവശത്താണ്. മോളും പ്രായമായ രണ്ട് അമ്മൂമ്മമാരും അമ്മയും അനിയത്തിയും വീടിന്റെ ടെറസിൽ കുടുങ്ങിപ്പോയിട്ടുണ്ട്. ഇതുവരെ രക്ഷാപ്രവർത്തകർ എത്തിയിട്ടില്ല എന്നാണ് അറിയുന്നത്. എന്നു പറഞ്ഞു കൊണ്ടാണ് നീതുവിന്റെ ലൈവ്. ഏഴു വയസുള്ള കുഞ്ഞിന് എന്തു സംഭവിച്ചു എന്ന കാര്യം പോലും ഇവർക്ക് അറിവില്ല. എന്റെ കുഞ്ഞിനെ ഓർത്തെങ്കിലും സഹായിക്കണേ എന്നാണ് നീതു പറയുന്നത്. ഇന്നലെ വൈകുന്നേരം 7.30ന് വിളിച്ചതാണെന്നും അതിന് ശേഷം ഇവർക്ക് എന്തുപറ്റഇയെന്ന് അറിയില്ലെന്നും പറഞ്ഞ് കണ്ണീരോടൊണ് നീതു വീട്ടുകാരെ ഓർത്ത് പറയുന്നത്.

ഇത് കൂടാതെ എന്റെ അമ്മ അടക്കമുള്ള ആറ് പേർ ആറന്മുള സത്രക്കടവ് സമീപം കുടുങ്ങിയതിലെ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ഫേസ്‌ബുക്കിൽ സഹായം അഭ്യർത്ഥിച്ചുണ്ട്. ഇവർ സുരക്ഷിതയാണെന്ന് അറിയുകയാണ് യുവതിക്ക് വേണ്ടത്. 'വീടിന്റെ രണ്ടാം നിലയിലേക്കും വെള്ളം കയറുകയാണ്. രോഗികളായ വൃദ്ധരും കുഞ്ഞുങ്ങളും അടക്കം കുടുങ്ങിയിരിക്കുകയാണ്. ഞങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കൂ. മൊബൈൽ ഫോണുകളും ഇപ്പോൾ ഓഫാകും. ഇനി വിളിക്കാൻ പറ്റിയെന്നു വരില്ല. കൈവിടരുത്. ഇത്തരം സഹായത്തിനായി അഭ്യർത്ഥിച്ചു കൊണ്ടുള്ള ഫോൺവിളികൾ വിവിധ കോണുകളിൽ നിന്നും ഉണ്ടായിരുന്നിരുന്നു. മാധ്യമ ഓഫീസുകളിലേക്ക് വരെ ഫോൺവിളികൾ എത്തി.

വിദേശത്തും കേരളത്തിനു പുറത്തുമുള്ളവരുടെ ബന്ധുക്കളും മക്കളും പ്രായമായവരുടെ രക്ഷയ്ക്കായി നിരന്തരം വിളിക്കുകയാണ്. പല വീടുകളിലും കഴിയുന്ന പ്രായമായ മാതാപിതാക്കളുടെ മക്കൾ വിദേശത്താണ്. രോഗാവസ്ഥയിലുള്ള ഇവർ രക്ഷാപ്രവർത്തകർ തേടിയെത്തും എന്ന പ്രതീക്ഷയിൽ കഴിയുകയാണ്. രണ്ടു ദിവസത്തോളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടർന്നു മൊബൈൽ ഫോണുകൾ ഓഫായതോടെ മാതാപിതാക്കളുടെ യാതൊരു വിവരവും ലഭിക്കാത്തതിന്റെ ആധിയിലാണു വിദേശത്തുള്ളവർ. പഴയ വീടുകളുടെ ടെറസിൽ കഴിയുന്നവർ വീടുകൾ ഇടിഞ്ഞുവീഴുമെന്ന ഭീതിയിലാണ്.

റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുമാണു പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെപ്പേർ വീടുകളിൽ കുടുങ്ങിയത്. കുടുങ്ങിക്കിടക്കുന്നവരിൽ മിക്കവരും ഭക്ഷണം കിട്ടാതെ അവശരാണ്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്ന അഗ്നിശമന സേനാ, പൊലീസ്, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ ഭാഗങ്ങളിലേക്കു കടന്നു ചെല്ലാനുള്ള ശ്രമത്തിലാണ്.

ചക്കിട്ടപടി, കോഴിപ്പാലം, ആറാട്ടുപുഴ, മാലക്കര, തുരുത്തിമല, അയ്യൻകോയിക്കൽ, കുളമാക്കുഴി എന്നിവിടങ്ങളിൽ നൂറിലധികം കുടുംബങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നതായാണു റിപ്പോർട്ട്. മാലക്കര, വഞ്ചിത്തറ ഭാഗങ്ങളിലും ഒട്ടേറെപ്പേർ വീടുകളിൽ കുടുങ്ങിയിട്ടുണ്ട്. ആറന്മുള സഹകരണ എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ പെൺകുട്ടികൾ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. ആറന്മുള ഐക്കരമുക്കിൽനിന്നു കിടങ്ങന്നൂർക്കു പോകുന്ന വഴിയിൽ കാനറ ബാങ്കിന്റെ മുകളിലത്തെ നിലയിൽ രണ്ടു കുടുംബങ്ങൾ കുടുങ്ങിയിട്ടുണ്ട്. കോഴഞ്ചേരി ചെറുപുഴക്കാട്ട് ദേവീക്ഷേത്രത്തിനു സമീപമുള്ള അഞ്ചു കുടുംബങ്ങൾ വീടുകളിൽ അകപ്പെട്ടു കിടക്കുന്നു.

കോയിപ്രം പഞ്ചായത്തിലെ കരിയിലമുക്ക്, പുല്ലാട് പൊലീസ് സ്റ്റേഷൻ ഭാഗം, വരയന്നൂർ, ചാത്തൻപാറ, ഉള്ളൂർക്കാവ് എന്നിവിടങ്ങളിൽ 35 കുടുംബങ്ങൾ കുടുങ്ങിയിട്ടുണ്ട്. മാരാമൺ ലത്തീൻ കത്തോലിക്കാ പള്ളിയിൽ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ കുറച്ചു പേരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. കവിയൂർ സ്വദേശികളാണ് ഇവരിൽ ഭൂരിഭാഗവും. ആറന്മുള, ചെറുകോൽ ഭാഗങ്ങളിൽ ഒട്ടേറെ കുടുംബങ്ങൾ വീടിന്റെ ഒന്നാമത്തെ നിലയിൽ കുടുങ്ങിയിട്ടുണ്ട്. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫിസിനു പിന്നിൽ അഞ്ചു വീടുകളുടെ മുകളിൽ മുപ്പതിലധികം പേർ കുടുങ്ങി. ഒന്നാം നിലയിലേക്കു വെള്ളം കയറിത്തുടങ്ങി. രക്ഷാപ്രവർത്തനത്തിന് ആരുമില്ല.

മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ മുല്ലശ്ശേരി ചിറയിൽ അഞ്ചു കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു. കോഴിപ്പാലത്തെ ഹോസ്റ്റലിലും കുട്ടികൾ അകപ്പെട്ടിട്ടുണ്ട്. ചെറുകോൽ ഭാഗത്ത് വള്ളം ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെങ്കിലും ഒന്നാം നിലയിൽ കുടുങ്ങിയവരെ വള്ളം വഴി രക്ഷിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇവിടെ സൈന്യത്തിന്റെ സഹായം തേടും.

പത്തനംതിട്ടയിലെ കൺട്രോൾ റൂം ഫോൺ നമ്പർ:

കലക്ടറേറ്റ്: 04682322515, 2222515, 8078808915

താലൂക്ക് ഓഫിസുകൾ

കോഴഞ്ചേരി: 04682222221

അടൂർ: 04734224826

കോന്നി: 04682240087

മല്ലപ്പള്ളി: 04692682293

റാന്നി: 04735227442

തിരുവല്ല: 04692601303

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP