Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ടക്ടറായ അച്ഛന്റെ കഷ്ടതകൾ തിരിച്ചറിഞ്ഞ് പഠിച്ച മിടുക്കി; വിദ്യാർത്ഥി രാഷ്ട്രീയത്തിനൊപ്പം നിന്നപ്പോഴും ഡോക്ടറായി; ഭർത്താവിന്റെ പിന്തുണയിൽ സിവിൽ സർവ്വീസിൽ രണ്ടാം റാങ്കുമായി മോഹസാക്ഷാത്കാരം; കൊച്ചിയിലെ പ്രോബേഷനിൽ ഒന്നാമതെത്തി ഡെപ്യൂട്ടി കളക്ടറായി; ആദ്യ മാസം തന്നെ സിപിഎം നേതാവിന്റെ ക്വാറി പൂട്ടിച്ച് നാട്ടുകാരുടെ കണ്ണീരു തുടച്ചു; വാഴക്കാട്ടെ പാറമടയിൽ പുലർച്ചെ ആരുമറിയാതെ എത്തി മാഫിയയെ ഞെട്ടിച്ച ഇടപെടൽ; ശക്തന്റെ നാട്ടിൽ ഡോ രേണുരാജ് ഐഎഎസ് താരമാകുന്നത് ഇങ്ങനെ

കണ്ടക്ടറായ അച്ഛന്റെ കഷ്ടതകൾ തിരിച്ചറിഞ്ഞ് പഠിച്ച മിടുക്കി; വിദ്യാർത്ഥി രാഷ്ട്രീയത്തിനൊപ്പം നിന്നപ്പോഴും ഡോക്ടറായി; ഭർത്താവിന്റെ പിന്തുണയിൽ സിവിൽ സർവ്വീസിൽ രണ്ടാം റാങ്കുമായി മോഹസാക്ഷാത്കാരം; കൊച്ചിയിലെ പ്രോബേഷനിൽ ഒന്നാമതെത്തി ഡെപ്യൂട്ടി കളക്ടറായി; ആദ്യ മാസം തന്നെ സിപിഎം നേതാവിന്റെ ക്വാറി പൂട്ടിച്ച് നാട്ടുകാരുടെ കണ്ണീരു തുടച്ചു; വാഴക്കാട്ടെ പാറമടയിൽ പുലർച്ചെ ആരുമറിയാതെ എത്തി മാഫിയയെ ഞെട്ടിച്ച ഇടപെടൽ; ശക്തന്റെ നാട്ടിൽ ഡോ രേണുരാജ് ഐഎഎസ് താരമാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കളക്ടർ ബ്രോ എന്ന പ്രശാന്ത്, മൂന്നാറിലെ താരം ശ്രീറാം വെങ്കിട്ടരാമൻ, തോമസ് ചാണ്ടിയെ പാഠം പഠിപ്പിച്ച ടിവി അനുപമ, ഉറച്ച നിലപാടുകളുമായി കൈയടി നേടുന്ന ഡോക്ടർ വാസുകി, അശരണർക്ക് ആശ്വാസമേകുന്ന ദിവ്യ എസ് അയ്യർ... മലയാളി ഏറെ പ്രതീക്ഷയർപ്പിക്കുന്ന ഐഎഎസ് മുഖങ്ങളാണ് ഇവർ. ഈ പട്ടികയിലേക്ക് തൃശൂരിനെ വിറിപ്പിച്ച എംബിബിഎസുകാരിയുമെത്തുന്നു. ബസ് ജീവനക്കാരന്റെ മകൾ. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് നേടി. പിന്നെ, സിവിൽ സർവീസ് പരീക്ഷയെഴുതി. ആദ്യ ശ്രമത്തിൽ തന്നെ രണ്ടാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷ പാസായി. കോട്ടയം സ്വദേശിനിയായ ഡോ. രേണുരാജ് തൃശൂരുകാരുടെ താരമാവുകയാണ്. ക്വാറി മാഫിയയുടെ കണ്ണിലെ കരടാണ് തൃശൂരിലെ ഈ ഡെപ്യൂട്ടി കളക്ടർ.

മുമ്പ് ക്വാറി മാഫിയയ്‌ക്കെതിരെ പല ഐപിഎസ് ഉദ്യോഗസ്ഥരും നടപടിയെടുക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ അവരെ എല്ലാം ഒതുക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ തൃശൂർ ഡെപ്യൂട്ടി കളക്ടർക്ക് എന്ത് സംഭവിക്കുമെന്ന ആശങ്ക സജീവമാണ്. ഈയിടെ തിരുവനന്തപുരത്തെ അനിധികൃത ക്വാറിയിൽ വലിയ ദുരന്തം ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ക്വാറികൾക്കെതിരെ നടപടിയെടുക്കാൻ ഡിജിപി എസ് പിമാർക്ക് നിർദ്ദേശം നൽകി. എന്നാൽ ആരും ചെറുവിരൽ പോലും അനക്കിയില്ല. ക്വാറിയെ തൊട്ടാൽ പണിപോകുമെന്ന അവസ്ഥയാണ് ഇതിന് കാരണം. പത്തനംതിട്ടയിലും തിരുവനന്തപുരത്തും അനധികൃത ക്വാറികൾ അങ്ങനെ പ്രവർത്തിക്കുകയുമാണ്. ഇതിനിടെയാണ് രേണു രാജിന്റെ ഇടപെടൽ.

തൃശൂർ വടക്കാഞ്ചേരിക്കു സമീപമുള്ള വാഴക്കോട് ടിപ്പറുകൾ തലങ്ങും വിലങ്ങും പായുന്നു സ്ഥലമാണ്. ആരും ചോദിക്കാനും പറയാനുമില്ലാത്തിടം. വാഴക്കോട് വലിയൊരു ക്വാറിയുണ്ട്. സിപിഎം. നേതാവും മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റുമായ അബ്ദുൾസലാമിന്റെ സഹോദരനാണ് നടത്തിപ്പുകാരൻ. ആദ്യം അബ്ദുൾസലാം നേരിട്ടു നടത്തിയിരുന്നതാണ്. പഞ്ചായത്ത് പ്രസിഡന്റായതോടെ ക്വാറി സഹോദരനെ ഏൽപിച്ചു. ഈ ക്വാറിയിൽ നിന്നാണ് പാറക്കല്ലുകൾ കയറ്റിയ ടിപ്പറുകൾ രാവിലെ തൊട്ടേ പായുന്നത്. അതിനാൽ ആരും ഒന്നും ചോദിക്കില്ല. തൃശൂർ റൂറൽ പൊലീസിന് കീഴിലാണ് ഈ സ്ഥലം. പൊലീസും ഇവിടെ ക്വാറി മാഫിയയ്ക്ക് മുന്നിൽ നിശബ്ദരാണ്. ഇവിടേക്ക് വെറുപ്പിന് ആറരയ്ക്ക് പതിവ് തെറ്റിച്ച് ഒരു വാഹനമെത്തി.

ടിപ്പർ ഡ്രൈവർമാർ ഈ കാറിലേക്ക് സൂക്ഷിച്ചു നോക്കി. പുറത്തിറങ്ങിയത് സുന്ദരിയായ യുവതി. പിന്നെ സംഭവിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങൾ. യുവതിയെ കണ്ട ടിപ്പർ ഡ്രൈവർമാർ പരസ്പരം ചോദിച്ചു. അപ്പോഴാണ്, വണ്ടിയുടെ മുമ്പിലെ ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. സബ് കലക്ടർ. വാഴക്കോട് ദീർഘകാലമായി പ്രവർത്തിക്കുന്ന ക്വാറിയുടെ കഥ അതോടെ തീർന്നു. സിപിഎം ശക്തി കേന്ദ്രത്തിലെ സബ് കളക്ടറുടെ ഇടപെടൽ തൃശൂരിന് പുതു പ്രതീക്ഷയാവുകയാണ്. പക്ഷേ താമസിയാതെ ഈ കളക്ടർക്ക് സ്ഥാന ചലനം കിട്ടുമെന്ന് ഏവർക്കുമറിയാം. മൂന്നാറിൽ ശ്രീറാം വെങ്കിട്ടറാമിനും കോഴിക്കോട് കളക്ടർ ബ്രോ ആയിരുന്ന പ്രശാന്തിനും സംഭവിച്ചത് ഈ യുവതിയെ തേടിയെത്തുമെന്ന് കരുതുന്നവരും ഉണ്ട്.

വാഴക്കാട് വൻതോതിൽ ക്വാറിയിൽ നിന്ന് പാറപൊട്ടിച്ചു. ലക്ഷങ്ങളുടെ കല്ലുകൾ വിറ്റു. ലാഭവിഹിതം ഉദ്യോഗസ്ഥരുടെ കീശ നിറച്ചപ്പോൾ നിയമലംഘനം ആരും കണ്ടില്ല. ഈയിടെയാണ് പുതിയ സബ് കലക്ടർ ചുമതലയേറ്റ വിവരം നാട്ടുകാരിൽ ചിലർ അറിഞ്ഞത്. തഹസിൽദാർക്കോ വില്ലേജ് ഓഫിസർക്കോ പരാതി നൽകാതെ നാട്ടുകാരിൽ ചിലർ സബ് കലക്ടറെ കാര്യം അറിയിച്ചു. പരാതി കിട്ടിയ ഉടനെ ഡോ.രേണുരാജ് രഹസ്യമായ അന്വേഷണം നടത്തി. ക്വാറി പ്രവർത്തിക്കുന്നുണ്ട്. ലൈസൻസില്ല. വൻതോതിൽ സ്‌ഫോടക വസ്തുക്കളും ക്വാറിയിലുണ്ട്. ക്വാറിയിൽ പരിശോധന നടത്താൻ സബ്കലക്ടർ ഡോ. രേണുരാജ് പുലർച്ചെ ആറു മണിക്കുതന്നെ തൃശൂരിൽ നിന്നു പുറപ്പെട്ടു. യാത്രയുടെ ഉദ്ദേശ്യം ആരോടും പറഞ്ഞില്ല. അങ്ങനെ കള്ളൻ കുടുങ്ങി.

ക്വാറിയുടെ പരാതിക്കാരുടെ വികാരം ശരിക്കും ബോധ്യപ്പെട്ടു. പച്ചയായ നിയമലംഘനം. ക്വാറിയിൽ പാറ പൊട്ടിക്കുന്നു, ടിപ്പറുകൾ നിരന്നു കിടക്കുന്നു. ഉടനെ, വടക്കാഞ്ചേരി എസ്‌ഐയെ ഫോണിൽ വിളിച്ചു. സബ്കലക്ടറുടെ വിളി വന്ന ഉടനെ പൊലീസ് സംഘം പാഞ്ഞെത്തി. പിന്നെ, തഹസിൽദാർ, വില്ലേജ് ഓഫിസർ തുടങ്ങി റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥ പ്രമുഖരും. 'ഇത്, എന്താണ് ഇവിടെ നടക്കുന്നത്?' സബ്കലക്ടറുടെ ചോദ്യത്തിനു മുമ്പിൽ ഉദ്യോഗസ്ഥർക്ക് ആർക്കും ഉത്തരമില്ലായിരുന്നു. സബ്കലക്ടർ വന്ന ഉടനെ സ്ഥലംവിട്ട ടിപ്പറുകളുടെ നമ്പരുകൾ പൊലീസിനു കൈമാറി. ഈ വണ്ടികൾ പൊലീസ് പിടികൂടി. ബോംബ് സ്‌ക്വാഡിനേയും ഡോഗ് സ്‌ക്വാഡിനേയും വിളിച്ചുവരുത്തി. സ്‌ഫോടക വസ്തുക്കൾ പരിശോധിച്ചു. വൻതോതിൽ ജലാറ്റിൻ സ്റ്റിക്കും വെടിമരുന്നും കണ്ടെടുത്തു. പാറ പൊട്ടിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ , ജെസിബി തുടങ്ങി എല്ലാം പിടിച്ചെടുത്തു. അങ്ങനെ ക്വാറിക്ക് പണികിട്ടി.

ഒക്ടോബറിലാണ് തൃശൂരിലേക്കുള്ള രേണു രാജിന്റെ വരവ്. അതായത് ഐഎഎസ് കിട്ടി ആദ്യ അപ്പോയിന്റ്‌മെന്റിന്റെ പവർ ഈ സബ് കളക്ടർ അധികം വൈകാതെ തന്നെ തൃശൂരുകാർക്ക് ബോധ്യപ്പെടുത്തി കൊടുത്തു. ശക്തന്റെ നാട് അതുകൊണ്ട് തന്നെ സബ് കളക്ടറെ പ്രതീക്ഷയോടെയാണ് കാണുന്നത്. രാജുനാരായണ സ്വാമിക്കുശേഷം സിവിൽ സർവ്വീസ് പരീക്ഷയിൽ ചങ്ങനാശേരിയുടെ വിദ്യാഭ്യാസ പെരുമയ്ക്ക് പൊൻതിളക്കമേകിയ രേണുരാജ് എറണാകുളം ജില്ലാ ആസിസ്റ്റന്റ് കലക്ടറായി ആയിരുന്നു ആദ്യം ചുമതലേറ്റത്. ട്രെയിനി ആയാണ് രേണു ചുമതലയേറ്റിരിക്കുന്നത്.

ഐഎഎസ് പ്രൊബേഷണർമാരുടെ ജില്ലാ പരിശീലനത്തിൽ അസി. കലക്ടറായിരുന്ന ഡോ. രേണു രാജിന് ദേശീയതലത്തിൽ ഒന്നാം റാങ്കും കിട്ടിയിരുന്നു. എറണാകുളത്താണ് ഡോ. രേണു രാജ് അസിസ്റ്റന്റ് കലക്ടർ പരിശീലനം പൂർത്തിയാക്കിയത്. മുൻ കലക്ടർ എം.ജി. രാജമാണിക്യം, ഇപ്പോഴത്തെ കലക്ടർ മുഹമ്മദ് സഫിറുല്ല എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശീലനം. അവിടെ നിന്നാണ് പ്രബേഷൻ കഴിഞ്ഞ് ഡെപ്യൂട്ടി കളക്ടർ പദവിയിലേക്കുള്ള വരവ്. സർക്കാർ സ്‌കൂളുകളിലും കോളേജിലും പഠിച്ച സാധാരണ ചുറ്റുപാടിൽ വളർന്ന രേണുവിന്റെ വിജയം മറ്റുള്ളവർക്ക് ആവേശം കൂടിയാണ്. ഈ തിളക്കം ജോലിയിലും കാട്ടുകയാണ് രേണു.

ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തിൽ എം കെ രാജശേഖരൻ നായരുടെയും വി എൻ ലതയുടെയും മൂത്തമകളായ രേണു. ബസ് കണ്ടക്ടറായിരുന്ന അച്ഛന് മകളെ ഐഎഎസുകാരിയാക്കാനായിരുന്നു ആഗ്രഹം. വിവാഹശേഷം ഭർത്താവ് നൽകിയ പിന്തുണയും കൂടി ചേർന്നപ്പോൾ രേണു സ്വപ്നം കൈപ്പിടിയിലൊതുക്കുകയായിരുന്നു. പ്രൈമറി തലം മുതൽ പഠനത്തിൽ മിടുക്കിയായിരുന്ന രേണു രാജ് ചങ്ങനാശേരി സെന്റ് തെരേസാസ് സ്‌കൂളിൽ നിന്നും 10-ാം ക്ലാസ്സിൽ നിന്ന് 11-ാം റാങ്കോടെ വിജയിച്ചു. തൃശൂരിൽ ഹയർസെക്കണ്ടറി പഠനത്തിന് ശേഷം തൃശൂരിൽ പി സി തോമസിന്റെ എൻട്രൻസ് ട്രെയിനിങ് സെന്ററിൽ ചേർന്നു. സംസ്ഥാനത്തെ 60-ാം റാങ്കോടെ കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം നേടിയ രേണു 2014 ൽ മികച്ച വിജയത്തോടെ പഠനം പൂർത്തിയാക്കി.

മെഡിക്കൽ കോളേജിൽ സഹപാഠിയായിരുന്ന ഡോ. എൽ എസ് ഭഗതിനെ വിവാഹം കഴിച്ചു. വിവാഹശേഷമാണ് രേണു ഐഎഎസ് പഠനത്തിന് തിരുവനന്തപുരത്ത് സിവിൽ സർവ്വീസ് അക്കാദമിയിൽ ചേർന്നത്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം പുലർത്തിയ രേണു ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും അഭ്യസിച്ചിട്ടുണ്ട്. സ്‌കൂൾ പഠന കാലത്ത് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ജില്ലാ തലത്തിൽ സമ്മാനങ്ങൾ നേടി.

2012ൽ പേൾ ഓഫ് സെന്റ് തെരേസാസ് അവാർഡും മികച്ച പ്രാസംഗികയും കൂടിയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ പഠനകാലത്ത് വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്ന രേണു 2008-09 കോളേജ് യൂണിയനിൽ വൈസ് ചെയർപേഴ്‌സൺ ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP