Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെട്ടിക്കടപോലെ മെഡിക്കൽ കോളജുകൾ; കോന്നി മെഡിക്കൽ കോളജ് സ്‌പെഷൽ ഓഫീസർ ഡോ. പിള്ള പദവിയിലിരുന്നേ മരിക്കൂവെന്ന വാശിയിൽ: സർക്കാരിനെ വിമർശിച്ച് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ്

പെട്ടിക്കടപോലെ മെഡിക്കൽ കോളജുകൾ; കോന്നി മെഡിക്കൽ കോളജ് സ്‌പെഷൽ ഓഫീസർ ഡോ. പിള്ള പദവിയിലിരുന്നേ മരിക്കൂവെന്ന വാശിയിൽ: സർക്കാരിനെ വിമർശിച്ച് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ്

പത്തനംതിട്ട: സ്വകാര്യ-സർക്കാർ മേഖലയിൽ പുതിയ മെഡിക്കൽ കോളജ് അനുവദിക്കുന്ന സർക്കാരിനെതിരേ രൂക്ഷമായ വിമർശനവുമായി കേരളാ ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) സംസ്ഥാന കമ്മറ്റി രംഗത്ത്. സംസ്ഥാനത്ത് പെട്ടിക്കട പോലെ മെഡിക്കൽ കോളജ് അനുവദിക്കുകയാണെന്നും മെഡിക്കൽ കോളജ് അടക്കമുള്ള സർക്കാർ ആശുപത്രികൾക്ക് നിലവാരമില്ലെന്നും കെ.ജി.എം.ഓ.എ സംസ്ഥാന പ്രസിഡന്റ് ഡോ. പ്രമീളാദേവി തുറന്നടിച്ചു. പുതുതായി ആരംഭിക്കാൻ പോകുന്ന കോന്നി മെഡിക്കൽ കോളജിന്റെ സ്‌പെഷൽ ഓഫീസറായി നിയമിതനായ ഡോ. പി.ജി.ആർ പിള്ളയ്‌ക്കെതിരേയും നിശിതമായ വിമർശനമാണ് അവർ അഴിച്ചു വിട്ടത്.

മറ്റു സംസ്ഥാനങ്ങളിലേതു പോലെ ഇവിടെയും മെഡിക്കൽ കോളജുകൾ പെരുകുന്നത് ഡോക്ടർമാരുടെ എണ്ണം കൂട്ടുമെങ്കിലും നിലവാരത്തകർച്ചയ്ക്ക് കാരണമാകും. ഡോക്ടർമാർ പണിയില്ലാതെ വീട്ടിലിരിക്കേണ്ടി വരും. മെഡിക്കൽ കോളജുകളടക്കം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് നിലവാരമില്ല. മാറി മാറി ഭരിക്കുന്ന സർക്കാരുകളാണ് ഇതിന് കാരണക്കാർ. ഡോക്ടർമാരുടെ അഭാവം, മരുന്നുക്ഷാമം ഇവയ്‌ക്കൊന്നിനും പരിഹാരമില്ല. ജില്ല തോറും മെഡിക്കൽ കോളജ് ആരംഭിക്കുന്നത് അപഹാസ്യമാണ്. പുതുതായി ആരംഭിച്ച സർക്കാർ മെഡിക്കൽ കോളജുകളിൽ ആവശ്യത്തിന് ഡോക്ടർമാരോ ജീവനക്കാരോ മരുന്നുകളോ സ്വന്തമായി കെട്ടിടങ്ങളോ ഇല്ല. സ്വന്തം കെട്ടിടം ഇല്ലാതിരുന്നിട്ടു പോലും മെഡിക്കൽ കോളജുകൾ അനുവദിക്കുന്നു. ഇതിന് ഉദാഹരണമാണ് മഞ്ചേരി മെഡിക്കൽ കോളജ്. ഇവിടുത്തെ അഞ്ചു നില കെട്ടിടത്തിൽ 300 ബെഡുകളാണുള്ളത്.

ഇതിലേറെയും പഠിക്കുന്ന കുട്ടികളുടെ ക്ലാസ് മുറികളാക്കിയതോടെ രോഗികൾ പഴയ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ നരകിക്കുകയാണ്. ഇടുക്കിയിലും ഇതു തന്നെയാണ് സ്ഥിതി. മാറിമാറി വരുന്ന സർക്കാരുകൾ സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലപാട് മാത്രമാണ് സ്വീകരിക്കുന്നത്. തിരുവനന്തപുരത്ത് അഞ്ചു മെഡിക്കൽ കോളജുണ്ട്. ഇപ്പോൾ പുതിയതായി ഒന്നുകൂടി ആരംഭിക്കുന്നു. പത്തനംതിട്ട ജില്ലയിലും അഞ്ചു മെഡിക്കൽ കോളജ് ആയി. കോന്നി മെഡിക്കൽ കോളജിൽ സ്‌പെഷൽ ഓഫീസറായി നിയമിതനായ ഡോ. പി.ജി.ആർ പിള്ള ഈ പദവിയിൽ ഇരുന്നേ മരിക്കൂവെന്ന വാശിയിലാണ്.

വയസു കുറേയായിട്ടും ഒഴിഞ്ഞു കൊടുക്കാൻ തയാറല്ല. സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ തകർച്ചയ്ക്ക് ഒരു പ്രധാന കാരണക്കാരൻ കൂടിയാണ് ഇദ്ദേഹം. ഇരുന്ന സ്ഥലങ്ങളെല്ലാം നശിപ്പിച്ച ചരിത്രമാണുള്ളത്. കോന്നിയിൽ കെട്ടിടം പണി തീരാൻ വർഷങ്ങളെടുക്കും. അതുവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലായിരിക്കും മെഡിക്കൽ കോളജ് പ്രവർത്തിക്കുക. ജനറൽ ആശുപത്രി മെഡിക്കൽ കോളജ് ആകുന്നതോടെ റഫറൽ ആശുപത്രിയാകും. ഇതോടെ പെട്ടെന്നുണ്ടാകുന്ന അസുഖങ്ങൾക്കും മറ്റും ഇവിടെ ചികിൽസ തേടാൻ കഴിയില്ല. കഴിഞ്ഞ ബജറ്റിൽ സർക്കാർ ആശുപത്രികളിൽ മരുന്നിനായി നീക്കിവച്ചത് 400 കോടി രൂപയാണ്. ഇതു 200 കോടിയായി വെട്ടിക്കുറച്ചു.

സംസ്ഥാനത്ത് മരുന്നുകളുടെ ഗുണനിലവാരപരിശോധന നടക്കുന്നില്ല. അതിനായി രണ്ടു ലാബുകളാണ് ഇവിടെയുള്ളത്. ഇവിടാകട്ടെ ജീവനക്കാരുമില്ല. ജില്ല തോറും ഗുണനിലവാര പരിശോധനാ ലാബുകൾ സ്ഥാപിക്കുമെന്ന സർക്കാർ വാഗ്ദാനവും നടപ്പായിട്ടില്ല.
പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നും ഡോക്ടർമാരെ നിയമിക്കാൻ സർക്കാർ ഒരുക്കമല്ല. ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നാലു ഡോക്ടർമാരാണ് വേണ്ടത്. മിക്കയിടത്തും ഒരാളേയുള്ളൂ. ഡോക്ടർമാർ സർക്കാർ മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്നില്ല. അമിത ജോലിഭാരം മൂലം അവർ സർക്കാർ മേഖല വിട്ടുപോവുകയാണ്. ബോർഡു മാറ്റി ആശുപത്രി നിലവാരം ഉയർത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കാതെ നടത്തുന്ന ഈ പ്രഹസനം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പത്തനംതിട്ട ജനറൽ ആശുപത്രി താൽക്കാലിക മെഡിക്കൽ കോളജ് ആകുന്നതോടെ ഇവിടുത്തെ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ഇവിടെ തന്നെ നിലനിർത്തണം. സ്ഥലംമാറ്റം ഉണ്ടായാൽ പ്രതിഷേധവുമായി യൂണിയൻ രംഗത്തുവരും.

അത്യാഹിത വിഭാഗങ്ങൾ പോലുമില്ലാത്ത താലൂക്ക് ആശുപത്രികൾ സംസ്ഥാനത്തുണ്ട്. നിലവിലുള്ള ആശുപത്രികൾ സംരക്ഷിച്ചു കൊണ്ടു മാത്രമേ പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കാവൂവെന്നും അവർ ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ.എ നേതൃത്വത്തിൽ കാസർകോട്ടു നിന്നും തിരുവനന്തപുരത്തേക്ക് പൊതുജനാരോഗ്യ സംരക്ഷണ യാത്ര നടന്നു വരികയാണ്. 28 ന് സമാപിക്കുമെന്ന് കെ.ജി.എം.ഒ. സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ചാക്കോ, ജില്ലാ പ്രസിഡന്റ് ഡോ. എ.എം. ശാന്തമ്മ, സെക്രട്ടറി ഡോ. മനോജ്കുമാർ, ഡോ. സുരേഷ് ബാബു എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP