Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണവും വിവരങ്ങളും സംരക്ഷിക്കേണ്ടത് ബാങ്കുകളുടെ ഉത്തവാദിത്തം; 2015 ആഗസ്റ്റിൽ മലബാർ ഡെന്റൽ കോളേജ് പ്രഫസർക്ക് നഷ്ടമായത് 48,500 രൂപ; കോടതി വിധി വന്നിട്ടും പണം തിരികെ നൽകാൻ തയ്യാറാകാതെ ഫെഡറൽ ബാങ്കും; ഡോ ഷബീറിനോടുള്ള നീതി നിഷേധത്തിന്റെ കഥ ഇങ്ങനെ

പണവും വിവരങ്ങളും സംരക്ഷിക്കേണ്ടത് ബാങ്കുകളുടെ ഉത്തവാദിത്തം; 2015 ആഗസ്റ്റിൽ മലബാർ ഡെന്റൽ കോളേജ് പ്രഫസർക്ക് നഷ്ടമായത് 48,500 രൂപ; കോടതി വിധി വന്നിട്ടും പണം തിരികെ നൽകാൻ തയ്യാറാകാതെ ഫെഡറൽ ബാങ്കും; ഡോ ഷബീറിനോടുള്ള നീതി നിഷേധത്തിന്റെ കഥ ഇങ്ങനെ

എം പി റാഫി

മലപ്പുറം: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഈയിടെ എടിഎം തട്ടിപ്പുകൾ സജീവമായതോടെ നിരവധി മലയാളികളും ഈ തട്ടിപ്പുകൾക്ക് ഇരയായിരുന്നു. എന്നാൽ ഉപഭോക്താക്കളുടെ പണം യഥാസമയം ബാങ്കിൽ നിന്നും തിരിച്ചു കിട്ടുന്നില്ലെന്നാണ് വസ്തുത.

പണവും വിവരങ്ങളും സംരക്ഷിക്കേണ്ടത് ബാങ്കുകളുടെ ഉത്തവാദിത്തമാണെന്നിരിക്കെ പണം നഷ്ടപ്പെട്ടാൽ തിരികെ നൽകാൻ പലപ്പോഴും ബാങ്കുകൾ തയ്യാറാകില്ല, തയ്യാറാകുന്ന ബാങ്കുകൾ വളരെ ചുരുക്കവുമാണ്. ഇത്തരത്തിൽ എ.ടി.എംമ്മിൽ നിന്ന് നഷ്ടപ്പെട്ട തുക ലഭിക്കാനായി കോടതി വിധി സമ്പാദിച്ചിട്ടും ബാങ്കിന്റെ കടുംപിടുത്തത്തിന് അഴവില്ലാതെ തുടരുന്ന ഒരു സംഭവമാണിത്. മലപ്പുറം തിരൂർ കെജി പടി സ്വദേശി ഡോ. ഷബീർ അഹമ്മദിനോടാണ് ഫെഡറൽ ബാങ്ക് ധിക്കാരപരമായ സമീപനം തുടരുന്നത്. നീതിക്കായി കഴിഞ്ഞ ഒന്നര വർഷമായി ഡോക്ടർ അലഞ്ഞു തിരിയുകായാണ്. ഒടുവിൽ അനുകൂല വിധി സമ്പാദിച്ചിട്ടും പണം നൽകാൻ ബാങ്ക് തയ്യാറാകുന്നില്ല.

മലബാർ ഡെന്റൽ കോളേജിലെ പ്രൊഫസർ കൂടിയായ ഡോക്ടർ ഷബീറിന് എടിഎമ്മിൽ നിന്ന് പണം നഷ്ടമാകുന്നത് 2015 ഓഗസ്റ്റ് 12നായിരുന്നു. എട്ട് തവണകളായി 48,500 രൂപ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായിരുന്നു. രാത്രി പന്ത്രണ്ടു മണിക്കു മുമ്പും ശേഷമുമായാണ് പണം പിൻവലിച്ചിട്ടുള്ളത്. തുകയോടൊപ്പം, മുംബൈയിലെ ആന്ദേരി വെസ്റ്റ് എടിഎമ്മിൽ നിന്നുമാണ് പണം പിൻവലിച്ചതെന്നുമുള്ള എസ്.എം.എസ് ലഭിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം ഷബീർ അറിയുന്നത്. വിവരം കാണിച്ച് പൂങ്ങോട്ടുകുളത്തെ അക്കൗണ്ടുള്ള ഫെഡറൽ ബാങ്ക് ശാഖയിൽ പരാതിപ്പെട്ടെങ്കിലും ബാങ്ക് അധികൃതരുടെ മറുപടി തൃപ്തികരമല്ലായിരുന്നു.

തങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും ഓംബുഡ്സ്മാന് പരാതി നൽകാനുമായിരുന്നു ബാങ്കിന്റെ നിർദ്ദേശം. ഇതനുസരിച്ച് ഓംബ്ഡ്സ്മാന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റില്ലെന്നായിരുന്നു ഇവരുടേയും മറുപടി. തുടർന്ന് സംഭവം വിവരിച്ച് തിരൂർ പൊലീസിൽ പരാതി നൽകിയെങ്കിലും അന്തർ സംസ്ഥാന എടിഎം തട്ടിപ്പ് ആയതിനാൽ പരിമിതികൾ കാണിച്ച് പൊലീസും കൈമലർത്തി. ഈ സാഹചര്യത്തിലായിരുന്നു ഡോ.ഷബീർ 2015 ഡിസംബർ മാസത്തിൽ മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

ഫെഡറൽ ബാങ്കിനെതിരെയുള്ള ഈ കേസ് ഒരു വർഷത്തിലധികം കാലം നീണ്ടു. ഒടുവിൽ ഷബീറിന് അനുകൂലമായി കേസ് വിധിയാവുകയും നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും കോടതി ചെലവുമടക്കം 1,48,000 രൂപ ഫെഡറൽ ബാങ്കിൽ നിന്ന് ഈടാക്കാനും കൺസ്യൂമർ കോർട്ട് ഉത്തരവി്ട്ടു. വിധിയുടെ പകർപ്പ് കൈപറ്റി 30 ദിവസത്തിനകം തുക അടക്കണമെന്നാണ് വിധി. എന്നാൽ വിധി പുറപ്പെടുവിച്ച് നാലര മാസം കഴിഞ്ഞിട്ടും ഇതുവരെ പണം തിരിച്ചു നൽകാൻ ബാങ്ക് തയ്യാറായിട്ടില്ല.

വിധി പകർപ്പുമായി വക്കീൽ മുഖാന്തരവും നേരിട്ടും ബാങ്കിനെ സമീപിച്ചപ്പോൾ ഓരോ കാരണങ്ങൾ കാണിച്ച് ഒഴിഞ്ഞു മാറുകയായിരുന്നുവത്രെ ബാങ്ക് അധികൃതർ. അതേസമയം തുക ലഭിക്കും വരെ തുടർ നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് ഡോ.ഷബീർ പറഞ്ഞു. സമാനമായ കേസുകൾ മറ്റു ബാങ്കുകളിലും നിലനിൽക്കുന്നുണ്ടെങ്കിലും വിധി വന്നാൽ പണം അടക്കാൻ തയ്യാറാകാറുണ്ട്. എടിഎം തട്ടിപ്പിനിരയായി പണം നഷ്ടപ്പെടുന്നവർക്ക് നിയമ നടപടിക്ക് പോകാതെ തന്നെ പണം നൽകുന്ന ബാങ്കുകളുമുണ്ട്.

എന്നാൽ പണം നഷ്ടപ്പെട്ടയാൾക്ക് അനുകൂലമായി വിധിയുണ്ടായിട്ടും ബാങ്ക് ധിക്കാരപരമായ സമീപനം തുടരുകയാണിവിടെ. തന്റെ നഷ്ടപ്പെട്ട പണത്തിനു പുറമെ സമയവും സമ്പത്തും ചിലവഴിച്ചാണ് കേസിനു പിന്നാലെ പോയത്, അതിനാൽ കൺസ്യൂമർ കോർട്ട് വിധി അംഗീകരിച്ച് തുക തിരികെ നൽകണമെന്നാണ് ഡോ.ഷബീറിന്റെ ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP