Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഠിക്കുമ്പോൾ അദ്ധ്യാപകരുടേയും നാട്ടുകാരുടേയും കണ്ണിലുണ്ണി; കട്ടർബ്ലേഡുകൊണ്ട് ഓട്ടോയുടെ സീറ്റ് കുത്തിക്കീറി വിവാദത്തിലായി; മാത്യുവിന്റെ ബ്ലൈഡിൽ തലവച്ചപ്പോൾ കടക്കാരനും; അമ്മയുടെ മരണവും സാമ്പത്തിക പ്രതിസന്ധിയും കള്ളനോട്ടുകാരനാക്കി; തലയോലപ്പറമ്പിൽ 'ദൃശ്യം' മോഡൽ കൊല നടത്തിയ അനീഷെന്ന ചിത്രകാരന്റെ കഥ

പഠിക്കുമ്പോൾ അദ്ധ്യാപകരുടേയും നാട്ടുകാരുടേയും കണ്ണിലുണ്ണി; കട്ടർബ്ലേഡുകൊണ്ട് ഓട്ടോയുടെ സീറ്റ് കുത്തിക്കീറി വിവാദത്തിലായി; മാത്യുവിന്റെ ബ്ലൈഡിൽ തലവച്ചപ്പോൾ കടക്കാരനും; അമ്മയുടെ മരണവും സാമ്പത്തിക പ്രതിസന്ധിയും കള്ളനോട്ടുകാരനാക്കി; തലയോലപ്പറമ്പിൽ 'ദൃശ്യം' മോഡൽ കൊല നടത്തിയ അനീഷെന്ന ചിത്രകാരന്റെ കഥ

അർജുൻ സി വനജ്

തലയോലപ്പറമ്പ്: കലാകാരനെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമ്മുടേത്. ആ ബഹുമാനങ്ങളെല്ലാം ലഭിച്ച ഒരു കലാകാരനായിരുന്നു 2007 വരെ വൈക്കം പൂത്തനേഴത്ത് വളവിൽ ചെട്ടിയാംവീടിൽ അനീഷും. പഠിക്കുന്ന കാലം മുതലേ മികച്ച ചിത്രകാരനായിരുന്നു അനീഷ്. ചിത്രരചനാ മത്സരങ്ങളിലെല്ലാം ഒന്നാമൻ. അദ്ധ്യാപകരുടേയും മറ്റ് സഹപാഠികളുടേയും കണ്ണിലുണ്ണി.

ബി കോം പഠിച്ച അനീഷ് ചിത്രകല തന്നെ തൊഴിലായി തിരഞ്ഞെടുത്തു. ചുമരെഴുത്തിനും പല ഡിസൈൻ വർക്ക് സ്ഥാപനങ്ങളിലുമായി തൽക്കാലികമായി ജോലി ചെയ്തു. തുടർന്നാണ് തലയോലപ്പറമ്പ് ജങ്ഷനിൽ സ്‌ക്രീൻ പ്രിന്റിംഗിനായി സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കുന്നത്. മികച്ച രീതിയിൽ സ്ഥാപനം മുന്നോട്ടു പോകുന്നതിനിടെ വിവാഹം കഴിച്ചു. ഒരിക്കൽ ഓട്ടോറിക്ഷ യാത്രയ്ക്കിടെ വാഹനത്തിന്റെ പിൻവശത്തെ സീറ്റ് കയ്യിലിരുന്ന കട്ടർ ബ്ലേഡ് കൊണ്ട് അനീഷ് വരഞ്ഞു. ഇത് ഓട്ടോക്കാരൻ കയ്യോടെ പിടികൂടി. ഇതായിരുന്നു അനീഷിന്റെ പേരിൽ ആദ്യമായി നാട്ടുകാർ അറിയുന്ന കുറ്റകൃത്യം.

2007 ലാണ് പലിശയ്ക്ക് പണം നൽകുന്ന മാത്യുവിൽ നിന്ന് അനീഷ് ഒന്നരലക്ഷം രൂപ വായ്പ വാങ്ങുന്നത്. അനീഷിന്റെ റെന്റ് എ കാർ മറ്റൊരു സുഹൃത്ത് വാടകയ്ക്ക് കൊണ്ടുപോയത് തിരിച്ച കിട്ടാതെ, വടക്കൻ പറവൂർ പൊലീസ് സ്റ്റേഷനിൽ അകപ്പെട്ടു. ഇത് തിരിച്ചെടുക്കുന്നതിനാണ് തീവെട്ടി പലിശയ്ക്ക് പണം വായ്പയെടുത്തത്. ജോലി ചെയ്തു കിട്ടുന്ന തുകയുടെ ഭൂരിഭാഗവും മാത്യു പലിശയിനത്തിൽ അനീഷിൽ നിന്ന് വാങ്ങിയെടുത്തു. മുതൽ നൽകാൻ അനീഷ് പലരിൽ നിന്നും വലിയ തുക വായ്പ വാങ്ങി.

എന്നിട്ടും ഈടായി നൽകിയ വീടിന്റെ ആധാരം മാത്യു തിരിച്ചുനൽകിയില്ല. ഒന്നര ലക്ഷം രൂപയ്ക്ക് പണമായിമാത്രം, നാലു ലക്ഷത്തോളം രൂപ മാത്യുവിന് തിരികെ നൽകി. കൂടാതെ സ്‌ക്രീൻ പ്രിന്റിങ് സ്ഥാപനത്തിന്റെ ആധാരവും. അധികം വൈകാതെ മാത്യു അനീഷിന്റെ കട സ്വന്തമാക്കിയെന്നാണ് നാട്ടുകാരിൽനിന്ന് ലഭിക്കുന്ന വിവരം. വാങ്ങിയ മുതൽ തിരികെ തന്നില്ല എന്നതായിരുന്നു കാരണം.

ഇതിനിടെയാണ് മാത്യുവിനെ 2008 ൽ നാട്ടിൽ നിന്ന് കാണാതാവുന്നത്. നാട്ടുകാരുടെ പലരുടേയും ആധാരങ്ങളും മറ്റും കൊണ്ട്, മാത്യു നാട് വിട്ടെന്നായിരുന്നു അക്കാലത്തെ പ്രചാരണം. തുടർന്നു പല തവണ വീടിന്റെ ആധാരം വാങ്ങിയെടുക്കാൻ മാത്യുവിന്റെ വീട്ടിൽ അനീഷ് ചെന്നതായാണ് വിവരം. മാത്യുവിന് മാത്രമേ ആധാരം, എവിടെയാണെന്ന് അറിയൂ എന്നായിരുന്നു വീട്ടുകാരുടെ മറുപടി. മാത്യുവിന് കൊടുക്കാനായി അനീഷിന് പണം വായ്പ നൽകിയവർ ഈ കാലത്ത് നിരന്തരം വീട്ടിൽ വന്ന് ബഹളം വച്ചു. മൂന്നു ലക്ഷത്തോളം രൂപ അനീഷ് പലരുടേയും കയ്യിൽ നിന്നായി വായ്പ വാങ്ങിയെന്നാണ് പ്രാഥമിക നിഗമനം.

കടക്കാർ വീട്ടിൽ വന്ന് നിരന്തരം ബഹളം വച്ചതിനെത്തുടർന്ന് അപമാനം സഹിക്കാൻ വയ്യാതെ അമ്മ തൂങ്ങിമരിച്ചു. അമ്മയുടെ മരണത്തിന് ശേഷമാണ് 2010 ൽ അനീഷ് നാടുവിട്ടത്. ജോലി തേടി അലയുന്നതിനിടെയാണ് ഗുജറാത്തിലെ കള്ളനോട്ട് മാഫിയ സംഘത്തിൽ പെട്ടതെന്നാണ് അനീഷിന്റെ അച്ഛൻ വാസു നൽകുന്ന വിവരം. അനീഷിന്റെ സ്‌ക്രീൻ പ്രിന്റിംഗിലുള്ള കഴിവ് കള്ളനോട്ട് അച്ചടിക്കാനായി മാഫിയ ഉപയോഗപ്പെടുത്തി. കൂലിപ്പണിക്കാരനായ അച്ഛൻ ഈ സമയം അനീഷ് നാട്ടിൽ ഉണ്ടാക്കിയ കടങ്ങൾ വീട്ടാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു. അനീഷും ഇടയ്ക്ക് പണം അയച്ചു.

ഗുജറാത്തിലെ സൂറത്തിലെ നാലുവർഷത്തെ ജയിൽ വാസത്തിന് ശേഷം നാട്ടിലെത്തിയ അനീഷിന് ഭാര്യയുടെ അച്ഛനാണ് സ്‌ക്രീൻ പ്രിന്റിങ് സ്ഥാപനം ആരംഭിക്കാൻ പണം നൽകുന്നത്. വൈക്കം-പാലം കടവിൽ 2016 മാർച്ചോടെയാണ് അനീഷ് സ്ഥാപനം ആരംഭിക്കുന്നത്. സ്‌ക്രീൻ പ്രിന്റിംഗിന് പഴയതു പോലെ മാർക്കറ്റില്ലെന്ന് കണ്ട അനീഷ് ഗുജറാത്തിൽ നിന്ന് കള്ളനോട്ട് അച്ചടിക്കാനുള്ള ഉപകരണങ്ങൾ വാങ്ങി കടയിലെത്തിച്ചു. പാലം കടവിലെ കടയിൽ നിന്ന് ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ട് അച്ചടിച്ചു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് രണ്ടു മാസം മുമ്പാണ് ചങ്ങനാശേരി ഡിവൈ.എസ്‌പി അനീഷിനെ വീണ്ടും കള്ളനോട്ട് കേസിൽ പിടികൂടുന്നത്.

ഈ മാസം മൂന്നാം തിയതിയാണ് മാത്യുവിന്റെ മകൾ ലൈസ അനീഷിന്റ അച്ഛന്റെ വെളിപ്പെടുത്തലിന്റെ വിവരങ്ങളടങ്ങിയ ഫോൺ സംഭാഷണമടക്കം പൊലീസിൽ പരാതി നൽകിയത്. തുടർന്നുനടന്ന ചോദ്യം ചെയ്യലിലാണ് പ്രതിയുടെ കുറ്റസമ്മതം. അതേസമയം എട്ടുവർഷങ്ങൾക്ക് മുമ്പ് അനീഷിന്റെ കടകളടക്കമുള്ള ഒറ്റനില കെട്ടിടങ്ങളായിരുന്നു ഇപ്പോൾ തറ മാന്തി പരിശോധന നടത്തുന്ന സ്ഥലത്ത്. പിന്നീട് സ്ഥലം നിരപ്പാക്കി മൂന്ന് നില കെട്ടിടം പണിതു.

അന്നത്തെ അനീഷിന്റെ കടയ്ക്ക് പിന്നിലാണ് മാത്യുവിന്റെ മൃതദേഹം കുഴിച്ചിട്ടതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. സ്ഥലത്തിന്റെ കിടപ്പിൽ വന്ന മാറ്റം മൂലമാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ പൊലീസ് കുഴയുന്നത്. ആദ്യ ദിനം രാവിലെ തുടങ്ങിയ തിരച്ചിൽ, ആറ് അടിയോളം അഴത്തിൽ മണ്ണ് മാറ്റിയാണ് അവസാനിപ്പിച്ചത്. എട്ടു വർഷംമുമ്പ് കാണാതായ ഗൃഹനാഥനെ കൊലപ്പെടുത്തി കെട്ടിടത്തിന്റെയുള്ളിൽ കുഴിച്ചിട്ട സംഭവത്തിൽ നിർണായകമായത് പ്രതിയുടെ സുഹൃത്തിന്റെ കത്തായിരുന്നു. മാത്യുവിനെ കൊന്നത് മകനാണെന്ന് അനീഷിന്റെ പിതാവ് വാസു അറിയുന്നത് ഈ കത്തിൽനിന്നാണ്.

ഈ വിവരം വാസു മാത്യുവിന്റെ മകൾ നൈസിയോട് വെളിപ്പെടുത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വാസു ആദ്യം നടത്തിയ വെളിപ്പെടുത്തൽ നൈസി റെക്കോഡ് ചെയ്തിരുന്നില്ല. പിന്നീട് തിരിച്ചുവിളിച്ച് സംഭാഷണം റെക്കോഡ് ചെയ്തു. തുടർന്ന് ഫോൺകാളിന്റെ റെക്കോഡിങ് സഹിതം പൊലീസിൽ പരാതി നൽകി. ഇതോടെയാണ് തെളിവില്ലാത്തതിനാൽ പൊലീസ ്എഴുതിത്ത്ത്തള്ളിയ കേസ് പുനരാരംഭിച്ചത്. നേരിട്ടും ഫോണിലൂടെയും ചോദിച്ചിട്ടും പ്രതി ആരാണെന്ന് വാസു വെളിപ്പെടുത്തിയിരുന്നില്ല. പൊലീസ് ചോദ്യം ചെയ്തതോടെ മകൻ അനീഷാണ് കൊലപാതകിയെന്ന് വാസു മൊഴി നൽകി. തുടർന്ന് ജയിലിലായിരുന്ന അനീഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരം പുറത്തുവരുന്നത്. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

കൊലപാതക വിവരവും ഇക്കൂട്ടത്തിൽ വെളിപ്പെടുത്തി. തുടർന്ന് അനീഷ് ഏഴു മാസം മുമ്പ് ഗുജറാത്തിലെ ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷമാണ് പ്രേമൻ ഇക്കാര്യങ്ങൾ കത്ത് മുഖേന അറിയിച്ചത്. ആറു കത്തുകളാണ് തിരുവനന്തപുരം സ്വദേശിയായ പ്രേമൻ ഗുജറാത്ത് ജയിലിൽനിന്ന് അയച്ചത്. തുടർച്ചയായി കത്തുകൾ വന്നതോടെ ഇതിലൊന്ന് വാസു ബന്ധുവിനെക്കൊണ്ട് വായിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അറിയുന്നത്. ആറ് കത്തിൽ ഒന്ന് കത്തിക്കുകയും ബാക്കിയുള്ള കത്ത് പൊലീസിനെ ഏൽപിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP