Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാതൃഭൂമി ന്യൂസ് കേട്ട് മെഡിക്കൽ സ്റ്റോറുകാരെ പിടിക്കാൻ സിങ്കം കച്ചകെട്ടിയിറങ്ങി; കഫ്‌സിറപ്പിന്റെയും വേദനസംഹാരികളുടെയും വിൽപന നിർത്തിവച്ച് മരുന്നുവ്യാപാരികൾ; അധികാരപരിധിക്കു പുറത്ത് കൈകടത്തി ഋഷിരാജ് സിങ് പിടിച്ചത് പുലിവാലിൽ

മാതൃഭൂമി ന്യൂസ് കേട്ട് മെഡിക്കൽ സ്റ്റോറുകാരെ പിടിക്കാൻ സിങ്കം കച്ചകെട്ടിയിറങ്ങി; കഫ്‌സിറപ്പിന്റെയും വേദനസംഹാരികളുടെയും വിൽപന നിർത്തിവച്ച് മരുന്നുവ്യാപാരികൾ; അധികാരപരിധിക്കു പുറത്ത് കൈകടത്തി ഋഷിരാജ് സിങ് പിടിച്ചത് പുലിവാലിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലഹരി വസ്തുവായി കഫ്‌സിറപ്പ് വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് മാതൃഭൂമി ചാനലിന്റെ ന്യൂസ്. കേട്ടപാതി കേൾക്കാത്തപാതി ലഹരിക്കെതിരായ യുദ്ധത്തിന്റെ ഭാഗമായി കച്ചമുറുക്കി എക്‌സൈസ് കമ്മീഷണർ ഇറങ്ങിയതോടെ വെട്ടിലായത് നാട്ടുകാരും. എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ നിർദേശത്തെതുടർന്ന് കഫ്‌സിറപ്പ് വിൽപന പിടികൂടാൻ മരുന്നുകടകളിൽ റെയ്ഡ് ആരംഭിച്ചതോടെ കൊച്ചിയിലെ മരുന്നുകടക്കാർ കഫ്‌സിറപ്പുകളുടേയും വേദനസംഹാരികളുടേയും വിൽപന മരുന്നുകടകളിൽ നിർത്തിവച്ചു.

കഫ് സിറപ്പുകളുടെയും വേദന സംഹാരികളുടേയും മാനസിക സമ്മർദ്ദത്തിനുള്ളതുമായ ഔഷധങ്ങളുടെയും വ്യാപാരം ഇന്നുമുതൽ അനിശ്ചിത കാലത്തേക്ക് ജില്ലയിൽ നിർത്തിവയ്ക്കാൻ ഔഷധ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്റെ എറണാകുളം ജില്ലാ കമ്മിറ്റിയുടെ അടിയന്തിരയോഗമാണ് തീരുമാനമെടുത്തത്. ഇതോടെ പ്രതിസന്ധിയിലായത് നാട്ടുകാരും രോഗികളുമാണ്.

പ്രിസ്‌ക്രിപ്ഷനില്ലാതെ ഇത്തരം മരുന്നുകൾ വ്യാപകമായി വിൽപന നടക്കാറുണ്ട്. കിക്കുകിട്ടാൻ ലഹരിമരുന്നിന് പകരമായി ഇത്തരം മരുന്നുകൾ ഉപയോഗത്തിലുണ്ടെന്നത് വാസ്തവമാണെങ്കിലും നിരവധി പേർ രോഗശനമത്തിനോ ചുമയുടെ താൽക്കാലിക ആശ്വാസത്തിനോ ആയി പ്രിസ്‌ക്രിപ്ഷനില്ലാതെ കഫ്‌സിറപ്പും വേദനസംഹാരികളും വാങ്ങാറുമുണ്ട്. എന്നാൽ ഋഷിരാജ് സിംഗിന്റെ പുതിയ പരിശോധന മൂലം രോഗികൾക്കും മരുന്നുകിട്ടാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.

മരുന്നുകടകളിൽ പരിശോധന നടത്തുന്നതിന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് അധികാരമില്ല. മരുന്നുകടകളിലെ കൃത്രിമം കണ്ടെത്തേണ്ടതും അനധികൃത വിൽപന നടത്തേണ്ടതും ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥരാണ്. ഇവരുടെ അധികാരപരിധിയിൽ കയറി ലഹരിക്കെതിരെ എക്‌സൈസ് വകുപ്പ് ശക്തമായി നീങ്ങുന്നുവെന്ന് വരുത്താനാണ് ഋഷിരാജ് സിഗ് ശ്രമിക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഔഷധ വ്യാപാര സ്ഥാപനങ്ങളിൽ എക്‌സ്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന അനധികൃത പരിശോധനയിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ജില്ലാപ്രസിഡന്റ് പി.വി. ടോമി പറഞ്ഞു.

സംസ്ഥാന എക്‌സൈസ് വകുപ്പിന് നിയമപരമായി ഔഷധ വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന നടത്തുവാൻ യാതൊരു അധികാരവും നിലവിൽ ഇല്ല. എന്നാൽ ലഹരി മരുന്നുകൾ കണ്ടെത്തുവാനെന്ന പേരിൽ നടത്തുന്ന ഈ പരിശോധന തുടർന്നാൽ ജില്ലയിലെ മുഴുവൻ ഓഷധ വിൽപന സ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിടുവാൻ ജില്ലാ കമ്മറ്റി തീരുമാനമെടുത്തതായും അദ്ദേഹം അറിയിച്ചു.

ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി, എക്‌സൈസ് വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുമുണ്ട്. ഔഷധ വ്യാപാരം നിർത്തിവയ്ക്കുന്നതുമൂലം രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് സംഘടനയോ, വ്യാപാരികളൊ ഉത്തരവാദികൾ ആയിരിക്കില്ലെന്നും പി.വി. ടോമി അറിയിച്ചിട്ടുണ്ട്.

അതേസമയം, അധികാരപരിധിവിട്ടുള്ള ഋഷിരാജ് സിംഗിന്റെ നടപടി ഉദ്യോഗസ്ഥർക്കിടയിലും ചർച്ചയായിട്ടുണ്ട്. വാർത്തകളിൽ ഇടംപിടിക്കുന്നതിനായാണ് ഇത്തരം ഗിമ്മിക്‌സെന്നാണ് വിമർശനമുയരുന്നത്. മദ്യത്തിന്റെ അനധികൃത വിൽപന തടയാനെന്ന പേരിൽ കള്ളുഷാപ്പുകളിൽ റെയ്ഡ് നടത്തുന്നതും ഗൗരവമില്ലാത്ത തെറ്റുകളാണെങ്കിലും പിടികൂടി കനത്ത പിഴയിടുന്നതും വൻ പരാതികളാണ് ഉണ്ടാക്കുന്നത്. വൻകിടക്കാർ ഉൾപ്പെടുന്ന നിരവധി അനധികൃത മദ്യംവിളമ്പൽ കേന്ദ്രങ്ങളുണ്ടെങ്കിലും അവർക്കെതിരെ നടപടിയെടുക്കാതെ ചെത്തുതൊഴിലാളികൾ ഉപജീവനമെന്ന നിലയിൽ നടത്തുന്ന കള്ളുഷാപ്പുകളിൽ പരിശോധന നടത്തുന്നതിനെതിരെയാണ് പരാതി.

സിംഗിന്റെ കടുംപിടിത്തത്തെ തുടർന്ന് കേസ് തികയ്ക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർ ഓരോ ജില്ലയിലും പരിശോധന ശക്തമാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മിക്കയിടങ്ങളിലും സിഐടിയു അംഗങ്ങളായ ചെത്തുതൊഴിലാളികളാണ് ഷാപ്പ് നടത്തുന്നതെന്നതിനാൽ സർക്കാരിനും ഇക്കാര്യത്തിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. വിൽപനയ്ക്കുവച്ച കള്ള് പഴകിയ കള്ളാണെന്നു പറഞ്ഞ് പിടിച്ചുകൊണ്ടുപോകുകയും ഷാപ്പിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം.

കടുത്ത ചുമയ്ക്കുള്ള കഫ്‌സിറപ്പ് സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ വാങ്ങിക്കൊണ്ടുപോകുകയും ലഹരിപദാർത്ഥമായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാണ് മാതൃഭൂമി ചാനൽ റിപ്പോർട്ട് ചെയ്തത്. ശ്രീലങ്കയിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ സിറപ്പാണ് നമ്മുടെ മെഡിക്കൽ സ്റ്റോറുകളിലൂടെ ലഭിക്കുന്നതെന്നും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കുട്ടികൾ ഇത് ഉപയോഗിക്കുകയുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊടീൻ അടങ്ങിയ സിറപ്പുകൾ കിക്കാകാൻ വ്യാപകമായി ഉപയോഗിക്കുന്നുവെന്നും ഷെഡ്യൂൾ എച്ച് 1 ഗണത്തിൽപ്പെട്ട മരുന്നുകൾ ഏറെനേരം ഉന്മാദം തരുന്നതാണെന്നും മറ്റൊരു റിപ്പോർട്ടും വന്നിരുന്നു.

കൊടീൻ അടങ്ങിയ സിറപ്പ് ബിയറിനൊപ്പം കലർത്തി കഴിക്കുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. ഡോക്ടറുടെ കുറിപ്പോടെ വിൽക്കേണ്ട മരുന്നുകൾ അല്ലാതെ നൽകുന്നുവെന്നാണ് ആക്ഷേപം. റിപ്പോർട്ടിന്റെ സത്യസന്ധത വ്യക്തമാണെങ്കിലും ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത് ഡ്രഗ്‌സ് കൺട്രോളർ ആണെന്നിരിക്കെ എക്‌സൈസ് കമ്മീഷണർ നടപടിയുമായി മരുന്നുകടകളിൽ പരിശോധനയ്ക്കു പോയതാണ് ഇപ്പോൾ വിഷയമായിട്ടുള്ളത്. റെയ്ഡ് തുടർന്നാൽ വരുംദിവസങ്ങളിൽ സംസ്ഥാനവ്യാപകമായി ഇക്കാര്യത്തിൽ പ്രതിഷേധിക്കാനാണ് മരുന്നുവ്യാപാരികൾ ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP