Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാഫിയകൾക്ക് എതിരേ ഡി വൈ എഫ് ഐ പൊരുതുന്ന കാലമൊക്കെ പോയി; അനധികൃത മണൽ ഖനനത്തിനെതിരേ നടപടിയെടുത്ത മേഖലാ സെക്രട്ടറിയെ ജില്ലാ സെക്രട്ടറി നീക്കം ചെയ്തു; നടപടി ആരോടും ആലോചിക്കാതെ: ദലിതരെയും അനഭിമതരെയും വെട്ടി നിരത്തി ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ നേതൃത്വം; സോഷ്യൽ മീഡിയ യുദ്ധം മുറുകുന്നു

മാഫിയകൾക്ക് എതിരേ ഡി വൈ എഫ് ഐ പൊരുതുന്ന കാലമൊക്കെ പോയി; അനധികൃത മണൽ ഖനനത്തിനെതിരേ നടപടിയെടുത്ത മേഖലാ സെക്രട്ടറിയെ ജില്ലാ സെക്രട്ടറി നീക്കം ചെയ്തു; നടപടി ആരോടും ആലോചിക്കാതെ: ദലിതരെയും അനഭിമതരെയും വെട്ടി നിരത്തി ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ നേതൃത്വം; സോഷ്യൽ മീഡിയ യുദ്ധം മുറുകുന്നു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഡിവൈഎഫ്ഐ എന്നാൽ നാട്ടിലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന യുവാക്കളുടെ കൂട്ടം എന്നൊരു മുഖമുണ്ടായിരുന്നു കഴിഞ്ഞ നാളുകൾ വരെ. എന്നാൽ, സമീപകാലത്തുണ്ടായ ചില സംഭവ വികാസങ്ങൾ അവരെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു. ജാതിമതവർഗീയ ചിന്തകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന യുവജനസംഘടന എന്ന പേരും നഷ്ടമാവുകയാണോ ഡിഎൈഫ്ഐക്ക്? മാഫിയകൾക്ക് എതിരേ പ്രവർത്തിക്കുന്നവരെയും അനഭിമതരെയുംവെട്ടി നിരത്തി മുന്നോട്ടു പോവുകയാണ് പത്തനംതിട്ട ജില്ലയിൽ ഡിവൈഎഫ്ഐ. ഈ കാര്യത്തിൽ മാതൃസംഘടനയുടെ പാത പിന്തുടരുകയാണ് ഇവിടെ യുവജനസംഘടന. എസ്എഫ്ഐയും വ്യത്യസ്തമാകുന്നില്ല. കഞ്ചാവ് വിറ്റതിന് എക്സൈസിന്റെ പിടിയിലായ പ്രവർത്തകരെ അവരും അകമഴിഞ്ഞ് സഹായിക്കുന്നു.

മണൽ മാഫിയയ്ക്ക് എതിരേ സുധീരം പ്രവർത്തിച്ച ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ യാതൊരു മുന്നറിയിപ്പും നൽകാതെ നീക്കി ജില്ലാ സെക്രട്ടറി രംഗത്തു വന്നത് സംഘടനയ്ക്കുള്ളിൽ അസ്വാരസ്യങ്ങൾക്ക് കാരണമായിരിക്കുകയാണ്. പരസ്യമായി അപമാനിച്ചുവെന്ന് ആരോപിച്ച് മല്ലപ്പള്ളി ഏരിയ സെക്രട്ടറി ജില്ലാ നേതൃത്വത്തിന് രാജിക്കത്തുകൊടുക്കുകയും ചെയ്തു. മണൽ മാഫിയയ്ക്ക് എതിരേ സമരം നയിച്ച അയിരൂർ സൗത്ത് മേഖലാ സെക്രട്ടറിയെ അടിയന്തിര യോഗം ചേർന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം പരസ്യ പ്രതികരണവുമായി ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും സജീവമായി.

പമ്പാ നദിയിൽ അയിരൂർ നീലംപ്ലാവ് കടവിൽ നിന്ന് മണൽ ഖനനം വ്യാപകമായതോടെ ഡിവൈഎഫ്ഐ അയിരൂർ സൗത്ത് മേഖലാ കമ്മറ്റി നേതൃത്വത്തിൽ സമരം ശക്തമാക്കിയിരുന്നു. മണൽ മാഫിയയ്ക്ക് എതിരേ പരാതി നൽകിയതും തടയാൻ തീരുമാനിച്ചതും മേഖലാ സെക്രട്ടറി സിബി തോമസിന്റെ നേതൃത്വത്തിലായിരുന്നു. നീലംപ്ലാവ് കടവിൽ വൻ മണൽ കടത്ത് നടക്കുന്ന സ്ഥലം ഡിവൈഎഫ്ഐ മേഖലാ കമ്മറ്റി സന്ദർശിച്ചിരുന്നു. വളരെ ഗുരുതരമായ രീതിയിലാണ് ഇവിടെ മണൽ ഖനനം നടക്കുന്നത് എന്ന് നേതാക്കൾ നേരിട്ട് മനസിലാക്കി. പമ്പ് ഹൗസിനോട് ചേർന്നു കിടക്കുന്ന വഴിയിലെ ചങ്ങല തകർത്തും പാലത്തിനു താഴ്ഭാഗത്ത് താൽകാലിക പാത നിർമ്മിച്ചും കടവിൽ വാഹനം ഇറക്കിയുമാണ് മണൽ കടത്ത് നടത്തിയിരുന്നത്.

രാത്രിയിൽ വഴിവിളക്കുകൾ അണച്ചാണ് മണലൂറ്റ് നടക്കുന്നത്. അനിയന്ത്രിതമായ മണലൂറ്റിനെ തുടർന്ന് പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയമുണ്ടായിരുന്നു. ഇതിന് ബലമേകാൻ സംരക്ഷണ ഭിത്തിയും നിർമ്മിച്ചിരുന്നു. മണലൂറ്റ് വീണ്ടും വ്യാപകമാകുന്നത് പാലം അപകടമാക്കുമെന്ന് കണ്ടാണ് ഡിവൈഎഫ്ഐ രംഗത്തിറിങ്ങിയത്. താൽക്കാലിക പാതയിൽ കോൺക്രീറ്റ് തൂണുകൾ നിർമ്മിച്ചും പൊലീസ് നിരീക്ഷണം ശക്തമാക്കിയും മണലൂറ്റ് തടയണമെന്നാവശ്യപ്പെട്ട് മേഖലാ കമ്മറ്റി പൊലീസ്, പഞ്ചായത്ത്, റവന്യൂ അധികൃതർക്ക് പരാതിയും നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കാമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പു നൽകുകയും ചെയ്തു. ഇതോടെയാണ് ജില്ലാ നേതൃത്വം പ്രശ്നത്തിൽ ഇടപെട്ടത്. വ്യാഴാഴ്ച വൈകിട്ട് ജില്ലാ സെക്രട്ടറി കെയു. ജനീഷ്‌കുമാർ വിളിച്ചു ചേർത്ത യോഗത്തിൽ വച്ച് സിബി തോമസിനെ മേഖലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി.

പകരം, സജിത് പി ആനന്ദനെ സെക്രട്ടറിയായി നിയമിച്ചു. സിപിഎം ലോക്കൽ നേതൃത്വത്തോടോ ഡിവൈഎഫ്ഐ പ്രവർത്തകരോടോ ഒന്നും തന്നെ ആലോചിക്കാതെ, ഒരു കാരണവും പറയാതെയാണ് സിബിയെ മാറ്റിയത്. അന്ന് വൈകിട്ട് തന്നെ ഈ വിവരം ചൂണ്ടിക്കാട്ടി സിബി തോമസും ഡിവൈഎഫ്ഐയുടെ മറ്റു പ്രാദേശിക നേതാക്കളും സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചു. മണൽ മാഫിയയ്ക്ക് എതിരേ പ്രതികരിച്ചതിനാണ് ജില്ലാ നേതൃത്വം സിബിയെ മാറ്റിയത് എന്ന തരത്തിലുള്ള പോസ്റ്റുകളാണ് സാമൂഹിക മാധ്യമങ്ങളിൽ നിരന്നത്. ജനീഷ് കുമാറിന്റെ നടപടിക്ക് എതിരേ നിരവധി പ്രവർത്തകർ രംഗത്തു വന്നു. മണൽ മാഫിയയ്ക്ക് വേണ്ടി നടത്തിയ നീക്കം ആരുടെ ഗൂഢാലോചനയാണെന്ന ചോദ്യമാണ് പ്രവർത്തകർ ഉയർത്തുന്നത്.

അതേ സമയം, ഡിവൈഎഫ്ഐ ഏരിയ ഉപഭാരവാഹി കൂടിയായ സിബിയെ ജില്ലാ കമ്മറ്റിക്ക് നേരിട്ട് മാറ്റാൻ കഴിയില്ലെന്ന് പ്രവർത്തകർ പറയുന്നു. വിഷയം ഏരിയാ കമ്മറ്റിയിൽ ചർച്ച ചെയ്ത് തീരുമാനം എടുത്ത ശേഷം മേഖലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഇവിടെ അതുണ്ടായിട്ടില്ല. വ്യാഴാഴ്ച തന്നെയാണ് മല്ലപ്പള്ളി ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി രതീഷ് പീറ്ററും ജനീഷ്‌കുമാറിനെതിരേ രൂക്ഷമായ ആരോപണം ഉന്നയിച്ച് ജില്ലാ നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയത്. അതിന് മുൻപ് നടന്ന ഏരിയ കൺവൻഷനിൽ വച്ച് പരസ്യമായി ജനീഷ്‌കുമാർ കളിയാക്കിയെന്നതാണ് രാജിക്കുള്ള കാരണമെന്നാണ് പറയപ്പെടുന്നത്. ജനീഷിനൊപ്പം പ്രവർത്തിക്കാൻ കഴിയില്ലെന്നും രതീഷ് വ്യക്തമാക്കിയിട്ടുണ്ട്.

തന്നെ പുകഴ്‌ത്തുന്നവരെയും തനിക്കൊപ്പം നിൽക്കുന്നവരെയുമാണ് ജില്ലാ സെക്രട്ടറി സഹായിക്കുന്നതെന്നും ഇത് വ്യക്തി ആരാധനയാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. തനിക്ക് അനഭിമതരായവരെ വെട്ടി നിരത്തുകയെന്ന തന്ത്രമാണ് ജില്ലാ നേതൃത്വം നടപ്പാക്കുന്നതെന്നും ആരോപണമുണ്ട്. ഇതേ തുടർന്ന് ജില്ലയിൽ ഡിവൈഎഫ്ഐയുടെ പ്രവർത്തനം സജീവമല്ലെന്നും ഇവർ ആരോപിക്കുന്നു. ചിറ്റാറിൽ നിന്നുള്ള ദളിത് നേതാവായ ബിജു, തണ്ണിത്തോട്ടിൽ നിന്നുള്ള ജയകൃഷ്ണൻ എന്നിവരെയും ജനീഷ് കുമാർ സംഘടനയിൽ നിന്ന് പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയിരുന്നു. തനിക്ക് എതിരേ വരുമെന്ന് കരുതുന്നവരെയാണ് വെട്ടിനിരത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP