Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കിസ് ഇൻ ദ സ്ട്രീറ്റിനെ എതിർക്കുന്നവർക്ക് കനത്ത മറുപടി നൽകുമെന്ന് ഡിവൈഎഫ്‌ഐ; പ്രതികരിക്കാനുള്ള അവകാശത്തെ ഹനിക്കാൻ ആരെയും അനുവദിക്കില്ല: ഡിവൈഎഫ്‌ഐ നേതാക്കൾ മറുനാടൻ മലയാളിയോട്

കിസ് ഇൻ ദ സ്ട്രീറ്റിനെ എതിർക്കുന്നവർക്ക് കനത്ത മറുപടി നൽകുമെന്ന് ഡിവൈഎഫ്‌ഐ; പ്രതികരിക്കാനുള്ള അവകാശത്തെ ഹനിക്കാൻ ആരെയും അനുവദിക്കില്ല: ഡിവൈഎഫ്‌ഐ നേതാക്കൾ മറുനാടൻ മലയാളിയോട്

എം പി റാഫി

കോഴിക്കോട്: സദാചാര ഗുണ്ടായിസത്തിനെതിരെയും വ്യക്തി സ്വാതന്ത്ര്യത്തിൽ കൈകടത്തലുകൾ നടത്തുന്നതിനെതിരെയും നിലപാടുകൾ കടുപ്പിച്ച് ഡിവൈഎഫ്‌ഐ. കൊച്ചിയിൽ നടന്ന ചുംബന സമരത്തിന് തൊട്ടു പിന്നാലെ ഇന്ന് കോഴിക്കോട് നടക്കുന്ന ചുംബന സമരത്തിന് നേരെ എതിർപ്പുകളുണ്ടായാൽ ശക്തമായ ഇടപെടലുണ്ടാകുമെന്നും ഡിവൈഎഫ്‌ഐ നേതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

രാജ്യത്തെ വിവിധ കോണുകളിൽനിന്നും ഏറെ എതിർപ്പുകൾക്കും സമരങ്ങൾക്കും വഴിയൊരുക്കിയായിരുന്നു കഴിഞ്ഞമാസം കൊച്ചിയിൽ ചുംബന സമരം അരങ്ങേറിയത്. സമരം കാണാനും എതിർക്കാനും എത്തിയവരുടെ പ്രതിഷേധത്തെത്തുടർന്ന് കിസ് ഓഫ് ലൗവ് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കുകയും ചെയ്തു. ഇത് ഒരിക്കൽ കൂടി സദാചാര പൊലീസിനെതിരെയുള്ള ഓൺലൈൻ പ്രതീക്ഷേധ കൂട്ടായ്മയ്ക്ക് കോഴിക്കോട് ഒത്തു ചേരാൻ വേദിയൊരുക്കിയിരിക്കുകയാണ്.

സദാചാര ഗുണ്ടായിസത്തിനെതിരെയുള്ള ഓൺലൈൻ കൂട്ടായ്മയുടെ രണ്ടാം പതിപ്പാണ് ഇന്ന് കോഴിക്കോട് പുതിയ സ് സ്റ്റാൻഡിൽ നടക്കുന്ന ചുംബന സമരം. കിസ് ഇൻ ദി സ്ട്രീറ്റ് എന്ന പേരിലാണ് ബസ് സ്റ്റാൻഡിലും പരിസരത്തുമായി സമരക്കാർ ചുംബിച്ചും അല്ലാതെയും പ്രതിഷേധിക്കുക. കോഴിക്കോട് ടൗൺ ഡൗൺ ഹോട്ടൽ യുവമോർച്ച പ്രവർത്തകർ അടിച്ചു തകർത്തതോടെയാണ് സദാചാര പൊലീസിനെതെരെ ഓൺലൈൻ കൂട്ടായ്മ ശക്തി പ്രാപിച്ചത്.

കൊച്ചിയിൽ നടന്ന ചുംബന സമരത്തിന് കെഎസ്‌യു, യുവമോർച്ച, എസ്ഡിപിഐ തുടങ്ങിയ സംഘടനകൾ പരസ്യമായി എതിർപ്പുകളുമായി രംഗത്തു വന്നിരുന്നു. എന്നാൽ കോഴിക്കോട് നടക്കുന്ന ചുംബന സമരത്തിന് ഇത്തരത്തിലുള്ള എതിർപ്പുകളോ സമരക്കാർക്കെതിരിലുള്ള കയ്യേറ്റമോ ഉണ്ടാകാൻ അനുവദിക്കില്ലെന്നും അങ്ങനെയുണ്ടായാൽ ശക്തമായി നേരിടുമെന്നും ഡിവൈഎഫ്‌ഐ മുന്നറിയിപ്പ് നൽകി. കോഴിക്കോട് നടക്കുന്ന ചുംബന സമരത്തെ കുറിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് മറുനാടൻ മലയാളിയോട് നിലപാട് വ്യക്തമാക്കിയതിങ്ങനെ:

''ഓൺലൈൻ കൂട്ടായ്മയിലൂടെ കൊച്ചിയിൽ നടത്തിയ ചുംബന സമരത്തിലും ഇന്ന് കോഴിക്കോട് നടക്കുന്ന സമരത്തിലും ഞങ്ങളുടെ നിലപാട് വ്യക്തമാണ്. അവർ അവരുടേതായ രീതിയിൽ സമരം നടത്തട്ടെ. അതിനെ എതിർക്കാൻ ആർക്കും അവകാശമില്ല, അങ്ങനെ ആരെങ്കിലും കോഴിക്കോട് എതിർപ്പുമായി എത്തുകയാണെങ്കിൽ ഞങ്ങൾ അതിനെ ശക്തമായി എതിർക്കും. സമരക്കാരെ എതിർക്കുന്നതിലോ അക്രമിക്കുന്നതിലോ ഞങ്ങൾക്ക് ഒരു നിലയ്ക്കും യോജിക്കാൻ കഴിയില്ല. അങ്ങനെ നടന്നാൽ അതിനെ നിയമാനുസൃതം നേരിടും. അതിലുപരി സമരക്കാർക്കെതിരെയുള്ള എതിർപ്പുകൾ ഒരു സാമൂഹ്യ പ്രശ്‌നമായി മാറിയാൽ ഡിവൈഎഫ്‌ഐ വേണ്ട നടപടി അപ്പോൾ സ്വീകരിക്കും എന്നതിൽ സംശയമൊന്നും വേണ്ട. ഇത്തരം സാഹചര്യമുണ്ടായാൽ കോഴിക്കോട്ടെ പൊതുജനം നോക്കി നിൽക്കുമെന്ന് തോന്നുന്നില്ല. ക്രമസമാധാനം നീതിയോടെ നടപ്പാക്കേണ്ടത് പൊലീസാണെന്ന് മാത്രമാണ് ഇതിനെകുറിച്ച് പ്രതികരിക്കാനുള്ളത്''.

കോഴിക്കോട് സ്വദേശിയും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ എസ് കെ സജീഷ് ചുംബനസമരത്തെക്കുറിച്ച് പ്രതികരിച്ചതിങ്ങനെ: ''ജനാധിപത്യരീതിയിലുള്ള സമരങ്ങൾക്ക് ഒരിക്കലും ഡിവൈഎഫ്‌ഐ എതിരല്ല. അത് കോഴിക്കോട് പോലുള്ള നഗരത്തിൽ നടക്കേണ്ടത് തന്നെയാണ്. ഞങ്ങൾ സദാചാര ഗുണ്ടായിസത്തിനെതിരെ സ്‌നേഹശൃംഖലയടക്കമുള്ള നിരവധി പരിപാടികൾ നടത്തിയിട്ടുണ്ട് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുകയുമാണ്. കോഴിക്കോടിനെ പോലുള്ള പ്രബുദ്ധമായ ഒരു നഗരത്തിൽ കൊച്ചിയിൽ നടന്നപോലുള്ള എതിർപ്പുകൾ ഉണ്ടാകില്ല. ആർക്കും സമരങ്ങൾ നടത്താനുള്ള അവകാശങ്ങൾ ജനാധിപത്യ രാജ്യത്തുണ്ട്. അത് കവരാൻ ഒരാൾക്കും അധികാരമില്ല. ഇവിടെ എല്ലാവർക്കും പ്രതിഷേധിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശവുമുണ്ടല്ലോ. കോഴിക്കോട് വച്ച് സമരക്കാരെ എതിർക്കുകയോ എതിർക്കാൻ അനുവദിക്കുകയോ ചെയ്യില്ല, കാരണം കോഴിക്കോട്ട് കുറച്ചുകൂടി ശക്തമായ പൊതുസമൂഹം ഉണ്ട്.

ഞങ്ങൾ ഔദ്യോഗികമായി ഒരു ഐക്യദാർഢ്യമോ സംരക്ഷണമോ സമരക്കാർക്ക് നൽകാൻ തീരുമാനമെടുത്തിട്ടില്ലെങ്കിലും ഒരു നഗരത്തിലൂടെ പോകുമ്പോൾ ഒരു കുട്ടിയെ അനാവശ്യമായി മർദിക്കുന്നത് കണ്ടാൽ അത് കണ്ട് പോകുന്നവരല്ല സമൂഹം. ഡിവൈഎഫ്‌ഐ എന്നതും ഇവിടത്തെ പൊതു സമൂഹത്തിന്റെ ഭാഗമാണ്. അനീതിക്കെതിരെ ശബ്ദിക്കും. അന്ന് കൊച്ചിയിൽ വന്ന സംഘടനകളുടെ തീവ്രമായ മുഖം കോഴിക്കോട്ട് കാട്ടുമെന്ന് തോന്നുന്നില്ല. കൊച്ചിയിൽ ക്വട്ടേഷൻ സംഘങ്ങളുണ്ടായിരുന്നു, അവരാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. ഇവിടേയും അത്തരത്തിലേക്ക് കാര്യങ്ങൾ നീക്കുന്നുണ്ട്. അതിനെല്ലാം നേതൃത്വം കൊടുക്കുന്നത് കോഴിക്കോട്ടെ യൂത്ത് കോൺഗ്രസും ഡിസിസിയുമാണ്.

കോഴിക്കോട് നടക്കുന്ന ചുംബന സമരം ഒതുക്കാനും ക്വട്ടേഷൻ ടീമിനെ ഏൽപ്പിച്ചിട്ടുണ്ടാകണം. കുറെപേരെ ഗുണ്ടകളായി പൊലീസ് പിടിച്ചെങ്കിലും ഇനിയും നഗരത്തിന്റെ പലഭാഗത്തായി വിലസുന്നവരുണ്ട്. ഇത്തരക്കാർക്കൊന്നും കൂടുതൽ വിളയാട്ടം നടത്താൻ പറ്റാത്തത് നഗരത്തിലെ ഇതുപക്ഷത്തിന്റെ സാന്നിദ്ധ്യവും സ്വാധീനവും തന്നെയാണ്.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP