Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിയാബിന്റേത് ശുപാർശകൾ മാത്രം നിയമമല്ല; ചുമതലയേൽക്കും മുമ്പ് റദ്ദ് ചെയ്തതിനാൽ അഴിമതിയുമില്ല; ശ്രീമതിയുടെ മകനെ എംഡിയായി നിയമിച്ച വിഷയത്തിൽ ജയരാജനെതിരെ കേസ് നിലനിൽക്കില്ല; മണിയെ മന്ത്രിയാക്കിയത് ജയരാജനെ വിജിലൻസ് കുറ്റവിമുക്തനാക്കുമെന്ന് അറിഞ്ഞു തന്നെ

റിയാബിന്റേത് ശുപാർശകൾ മാത്രം നിയമമല്ല; ചുമതലയേൽക്കും മുമ്പ് റദ്ദ് ചെയ്തതിനാൽ അഴിമതിയുമില്ല; ശ്രീമതിയുടെ മകനെ എംഡിയായി നിയമിച്ച വിഷയത്തിൽ ജയരാജനെതിരെ കേസ് നിലനിൽക്കില്ല; മണിയെ മന്ത്രിയാക്കിയത് ജയരാജനെ വിജിലൻസ് കുറ്റവിമുക്തനാക്കുമെന്ന് അറിഞ്ഞു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അപ്രതീക്ഷിതമായി നീക്കത്തിലൂടെ എംഎം മണിയെ മന്ത്രിയാക്കാൻ സിപിഐ(എം) സംസ്ഥാന സമിതി തീരുമാനിച്ചതിന് പിന്നിൽ കള്ളക്കളിയുണ്ടെന്ന് വ്യക്തം. ഇപി ജയരാജനെ വീണ്ടും മന്ത്രിയാക്കാതിരിക്കാൻ നടത്തിയ ബോധപൂർവ്വമായി നീക്കമാണ് പുതിയ മന്ത്രിയെ നിയോഗിക്കുന്നതിൽ കാര്യങ്ങളെത്തിച്ചത്. ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം പോയ ഇ.പി. ജയരാജന് വിജിലൻസ് ക്ലീൻചിറ്റ് നൽകുമെന്ന് വ്യക്തമായതോടെയായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗം കരുക്കൾ നീക്കിയത്. കേന്ദ്ര കമ്മറ്റി അംഗമായ ഇപി മന്ത്രിസഭയിൽ തിരിച്ചെത്തുന്നതിൽ എതിർപ്പുള്ള സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരെയാണ് വിമർശന മുനകൾ നീളുന്നത്.

സത്യസന്ധനും ആരുടേയും സമ്മർദ്ദത്തിന് വഴങ്ങാത്ത വ്യക്തിയാണ് വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസ്. അതുകൊണ്ട് തന്നെ ജയരാജനെ രക്ഷിക്കാനായി വിജിലൻസ് കളിച്ചുവെന്ന വാദവും നിലനിൽക്കില്ല. ചട്ടങ്ങളും നിയമങ്ങളും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ജയരാജനെ കുറ്റവിമുക്തനാക്കാൻ വിജിലൻസ് തീരുമാനിച്ചത്. ഇത് കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഉറപ്പാണ്. അതുകൊണ്ട് തന്നെ മതിയായ കരുതൽ വിജിലൻസ് കേസിൽ എടുത്തിട്ടുമുണ്ട്. നിയമപരമായി ജയരാജനെതിരെ കേസെടുക്കാൻ കഴിയില്ലെന്നാണ് വിജിലൻസിന്റെ നിഗമനം. അടുത്തയാഴ്ചയോടെ കേസ് ഫയൽ വിജിലൻസ് എഴുതി തള്ളുകയും ചെയ്യും. ഇതോടെ ജയരാജന് വീണ്ടും വേണമെങ്കിൽ മന്ത്രിയാകാമായിരുന്നു. ഇതിനുള്ള അവസരം നിഷേധിക്കാനാണ് മണിയെ മന്ത്രിയാക്കി വ്യവസായം എസി മൊയ്തീനെ ഏൽപ്പിക്കുന്നത്.

ഏതായാലും ജയരാജൻ അഴിമതി നടത്തിയിട്ടില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ഗുണകരമാകും. ബന്ധുക്കൾക്ക് നിയമനം നൽകിയ കെ.എസ്.ഐ.ഇ, കണ്ണൂർ ക്ലേയ്‌സ് ആൻസ് സെറാമിക്‌സ്, കൊച്ചിയിലെ കിനസ്‌കോ പവർ ആൻഡ് യൂട്ടിലിറ്റീസ് എന്നിവയുടെ ബൈലായിൽ മാനേജിങ് ഡയറക്ടർ നിയമനത്തിന് പ്രത്യേക യോഗ്യത നിഷ്‌കർഷിച്ചിട്ടില്ലാത്തതാണ് തുണയായത്. എം.ഡിയെ സർക്കാരിന് നിയമിക്കാം എന്നുമാത്രമാണ് ബൈലായിലുള്ളത്. ജയരാജന്റെ ഭാര്യാ സഹോദരി പി.കെ. ശ്രീമതി എംപിയുടെ മകൻ പി.കെ. സുധീർനമ്പ്യാരെ കെ.എസ്.ഐ.ഇ എം.ഡിയായും സഹോദരൻ ഇ.പി. ഭാർഗവന്റെ മരുമകൾ ദീപ്തി നിഷാദിനെ ക്ലേയ്‌സ് ആൻസ് സെറാമിക്‌സ് ജനറൽമാനേജരായും സഹോദരീഭർത്താവിന്റെ അനുജൻ ഉത്തമന്റെ മകൻ എം.കെ. ജിൽസണിനെ കിനസ്‌കോ എം.ഡിയായുമാണ് നിയമിച്ചത്. ഇതിൽ സുധീറിനൊഴികെ രണ്ടുപേർക്കും യോഗ്യതയുണ്ട്.

ഇന്റർവ്യൂ നടത്തി നടപടിക്രമങ്ങൾ പാലിച്ചാണ് എൻജിനിയറിങ് ബിരുദധാരിയായ ജിൽസണിനെ നിയമിച്ചത്. ബംഗളുരുവിൽ സ്വകാര്യകമ്പനിയിൽ മാനേജരായിരുന്നു എം.കോംകാരിയായ ദീപ്തി. അതുകൊണ്ട് തന്നെ ഇവരുടെ നിയമനത്തെ കുറ്റപ്പെടുത്താൻ കഴിയില്ല. മന്ത്രിയുടെ ബന്ധുവായതുകൊണ്ട് ഇവരെ നിയമിക്കാൻ പാടില്ലെന്ന ചട്ടം ഒരിടത്തുമില്ല. എന്നാൽ സുധീർ നമ്പ്യാരുടെ യോഗ്യതകളിൽ സംശയങ്ങളുണ്ട്. സുധീർനമ്പ്യാർ ധരണി ലൈവ്‌ലിഹുഡ് പ്രോജക്ട്‌സ്, എസ്സൻസ് കൺസൾട്ടൻസി, ഇഫാമാ നാച്വറൽ ക്ലോത്തിങ് കമ്പനികളുടെ ഉടമകളിലൊരാളായിരുന്നു. അതു മാത്രമാണ് യോഗ്യത. എന്നാൽ സുധീർനമ്പ്യാർ കെ.എസ്.ഐ.ഇയിൽ ചുമതലയേൽക്കും മുൻപ് നിയമന ഉത്തരവ് റദ്ദാക്കിയതിനാൽ സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കിയില്ല. അതുകൊണ്ട് തന്നെ അഴിമതിയായി കണക്കാക്കാൻ പറ്റില്ല. നിയമനത്തിലൂടെ സാമ്പത്തിക നേട്ടം മന്ത്രിക്കോ മറ്റുള്ളവർക്കോ ഉണ്ടായിട്ടുമില്ല. അതിനാൽ വിജിലൻസ് കേസ് നിലനിൽക്കുകയുമില്ലെന്നാണ് വിലയിരുത്തൽ.

എം.ഡി നിയമനത്തിനായി റിയാബ് തയ്യാറാക്കിയത് മാനദണ്ഡങ്ങൾ മാത്രമാണെന്നും ഇത് നിയമമല്ലെന്നുമാണ് വിജിലൻസ് നിലപാട്. മാനദണ്ഡങ്ങൾക്ക് ശുപാർശയുടെ സ്വഭാവം മാത്രമാണുള്ളത്. നിയമപ്രാബല്യം ലഭിക്കണമെങ്കിൽ സർക്കാർ ഉത്തരവിറക്കുകയോ നിയമസഭയിൽ പാസാക്കുകയോ വേണം. ഇ.പി. ജയരാജൻ നൽകിയത് ശുപാർശ മാത്രമായിരുന്നു. ഇത് അഴിമതിയും അധികാരദുർവിനിയോഗവുമല്ല. നിയമനത്തിന്റെ ഫയലുകൾ വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ പക്കലുള്ള ചില ഫയലുകൾ ലഭിച്ചിട്ടില്ലെന്നും അടുത്തആഴ്ചയോടെ അന്വേഷണം പൂർത്തിയാക്കുമെന്നും വിജിലൻസ് വ്യക്തമാക്കി. ബന്ധു നിയമന വിവാദത്തിൽ വിജിലൻസ് ത്വരിതപരിശോധനയ്ക്ക് ഒരുങ്ങിയതോടെയാണ് ജയരാജൻ വ്യവസായ മന്ത്രിസ്ഥാനം രാജിവച്ചത്. പാർട്ടിക്കും സർക്കാറിനുമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ജയരാജൻ രാജിവെക്കാൻ തയ്യാറാണെന്ന് അറിയിച്ചത്. അന്വേഷണം പൂർത്തിയാകുമ്പോൾ മന്ത്രിസ്ഥാനം തിരിച്ചുവരുമെന്നും കരുതി. എന്നാൽ അതിന് വിരുദ്ധമായതാണ് സംഭവിച്ചത്.

ജയരാജന്റെ ബന്ധുവും പി.കെ.ശ്രീമതി എംപിയുടെ മകനുമായ പി.കെ.സുധീർ നമ്പ്യാർക്കു മാനദണ്ഡവും യോഗ്യതയും മറികടന്നു നിയമനം നൽകിയെന്ന പരാതിയാണ് വിനയായത്.സുധീറിനു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി നിയമിക്കപ്പെടാൻ മതിയായ യോഗ്യതയുണ്ടോ, നിയമനം ചട്ടപ്രകാരമായിരുന്നോ എന്ന കാര്യങ്ങളാണ് ഇതേ തുടർന്ന് വിജിലൻസ് പരിശോധിച്ചത്. ഇതിൽ ചട്ടങ്ങളുടെ ആനുകൂല്യം ജയരാജന് തുണയാകുന്നുവെന്നതാണ് വസ്തുത. എന്നാൽ ജയരാജനെ കുടുക്കാൻ ബോധപൂർവ്വമായും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ശ്രമിച്ചെന്ന വാദവും സജീവമാണ്. സംസ്ഥാന സെക്രട്ടറിയേറ്റിൽ ജയരാജൻ കുറ്റസമ്മതം നടത്തിയെന്ന് വാർത്താ സമ്മേളനത്തിൽ കോടിയേരി പറഞ്ഞിരുന്നു. ഈ കേസ് കോടതിയിൽ ആയതിനാൽ ഈ വാദം മറുഭാഗം ഉന്നയിക്കാൻ ഇടയുണ്ട്. ഇത് ജയരാജന് ചെറിയ ക്ഷീണമാകും. വിജിലൻസിന്റെ കണ്ടെത്തലുകൾ കോടതി തള്ളില്ലെന്നാണ് വിലയിരുത്തൽ അതു സംഭവിച്ചാൽ ക്ഷീണം വിജിലൻസ് ഡയറക്ടർക്കുമാകും. യുഡിഎഫ് നേതാക്കളെ കേസിൽ കുടുക്കാൻ ശ്രമിക്കുന്ന ജേക്കബ് തോമസ് സിപിഎമ്മുകാരെ രക്ഷപ്പെടുത്തുന്നവെന്ന ആരോപണവും ശക്തമാകും. അതുകൊണ്ട് തന്നെ കരുതലോടെയാകും അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുക.

സുധീർ നമ്പ്യാരെ പോലെ ഇ.പി.ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് കേരള ക്ലയ്ഡ് ആൻഡ് സെറാമിക് ജനറൽ മാനേജർ സ്ഥാനം രാജിവച്ചിരുന്നു. ബന്ധു നിയമന വിവാദം പിടിമുറുകുമ്പോഴാണ് സുധീർ നമ്പ്യാർക്കു പിന്നാലെയായിരുന്നു ജയരാജന്റെ ബന്ധു ദീപ്തിയുടെ രാജി. പി.കെ. ശ്രീമതി എംപിയുടെ മകനും വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ ബന്ധുവുമായ സുധീർ നമ്പ്യാരെ കെ.എസ്.ഐ.ഇ. മാനേജിങ് ഡയറക്ടറായി നിയമിച്ചതു വിവാദമായതോടെ നടപടി സർക്കാർ പിൻവലിച്ചിരുന്നു. തുടർന്നാണു മറ്റു പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്തു നടത്തിയ ബന്ധുനിയമനങ്ങളും പുനഃപരിശോധിക്കാൻ പാർട്ടി തീരുമാനിച്ചത്. ഇ.പി. ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തി നിഷാന്തിനു കേരള ക്ലേസ് ആൻഡ് സിറാമിക്‌സ് ജനറൽ മാനേജർ പദവിയും നൽകിയിരുന്നു. ഈ നിയമനങ്ങളെല്ലാം പുനഃപരിശോധിക്കാനാണു പാർട്ടി തീരുമാനിച്ചത്. ഈ സാഹചര്യത്തിലായിരുന്നു ദീപ്തിയുടെ രാജി. ബന്ധുക്കളെല്ലാം രാജിവയ്ക്കണമെന്ന് ജയരാജനോട് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ നിർദ്ദേശിച്ചിരുന്നു.

പി.കെ.ശ്രീമതി എംപി.യുടെ മകൻ സുധീർ നമ്പ്യാർ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയരക്ടറായി നിയമിച്ചതാണ് രാഷ്ട്രീയ രംഗത്തും പാർട്ടിക്കകത്തും കോളിളക്കമുണ്ടാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പോലും അറിയാതെയായിരുന്നു ഈ നീക്കമെന്നായിരുന്നു വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP