Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീധരൻ ഇനി കേരളത്തിലേക്കില്ല; ലാലിന്റെ ബ്ലോഗെഴുത്തിനെ വെട്ടാൻ ധനവകുപ്പിന്റെ പുതിയ തന്ത്രം; പ്രധാനമന്ത്രി അഭിനന്ദിക്കുന്ന മെട്രോമാനെ അപമാനിക്കുന്നത് ഉദ്യോഗസ്ഥ ലോബി

ശ്രീധരൻ ഇനി കേരളത്തിലേക്കില്ല; ലാലിന്റെ ബ്ലോഗെഴുത്തിനെ വെട്ടാൻ ധനവകുപ്പിന്റെ പുതിയ തന്ത്രം; പ്രധാനമന്ത്രി അഭിനന്ദിക്കുന്ന മെട്രോമാനെ അപമാനിക്കുന്നത് ഉദ്യോഗസ്ഥ ലോബി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇ ശ്രീധരനേയും ലൈറ്റ് മെട്രോയേയും ധനവകുപ്പിന് വേണ്ട. ഇതോടെ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ്‌മെട്രോ പദ്ധതി അനിശ്ചിതത്വത്തിലൂമായി. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ മതിയെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഇതോടെ ഇ.ശ്രീധരൻ മുഖ്യ ഉപദേഷ്ടാവായ ഡി.എം.ആർ.സി.യെ പദ്ധതി കൺസൾട്ടന്റാക്കാനുള്ള നീക്കം പൂർണമായും ഒഴിവാക്കാനുള്ള നീക്കവും മറനീക്കി പുറത്തുവന്നു. ലൈറ്റ് മെട്രോ പദ്ധതിക്കായി ഡി.എം.ആർ.സി. തയ്യാറാക്കിയ വിശദപഠന റിപ്പോർട്ട് പാളിച്ച നിറഞ്ഞതാണെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തൽ. ഇതോടെ കേരളത്തിലെ പദ്ധതികളിൽ നിന്ന് ശ്രീധരൻ പിന്മാറുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ഡൽഹി മെട്രോയുടെ നിർമ്മാണത്തിന് മെട്രോമാൻ ഇ ശ്രീധരന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും രംഗത്ത് വന്നിരുന്നു. രാജ്യത്തിന് മെട്രോ റെയിൽ സംവിധാനം സംഭാവന ചെയ്തതിനാനാണ് ശ്രീധരനും ഡൽഹി മെട്രോ കോർപ്പറേഷനും പ്രധാനമന്ത്രി നന്ദിപറഞ്ഞത്. ഡൽഹി വിമാനത്താവള മെട്രോ പാതയിൽ ദൗളക് വാ മുതൽ ദ്വാരക വരെ യാത്ര ചെയ്ത ശേഷം ട്വിറ്ററിലാണ് മോദി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്തു. അങ്ങനെ രാജ്യം മാനിക്കുന്ന വ്യക്തിയെയാണ് കേരളം തള്ളിക്കളയുന്നത്.

മെട്രോയ്ക്കും ലൈറ്റ് മെട്രോയ്ക്കുമെല്ലാം ശ്രീധരനെ ആശ്രയിക്കുന്നതിനെ വിമർശിച്ച് സിപിഐ(എം) എംഎൽഎ വി ശിവൻകുട്ടി രംഗത്ത് വന്നിരുന്നു. ഇതോടെ മനസ്സ് മടുത്ത് ഇനിയൊന്നിനുമില്ലെന്ന് ശ്രീധരൻ അറിയിക്കുകയും ചെയ്തു. ഇതോടെ പൊതു വികാരം ഉണർന്നു. മോഹൻലാലിനെ പോലുള്ളവർ ബ്ലോഗിലൂടെ കേരളത്തിന്റെ വികസനത്തിന് മുന്നിൽ നിൽക്കണമെന്ന് ശ്രീധരനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഖേദ പ്രകടനവും നടത്തി. അതിനിടെയാണ് ശ്രീധരന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് ധനവകുപ്പ് എത്തുന്നത്. ഇതോടെ ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ശ്രീധരൻ പിന്മാറും. കൊച്ചി മെട്രോയ്ക്ക് ശേഷം ഒരു പദ്ധതിയിലും കേരളവുമായി സഹകരിക്കില്ല. ശ്രീധരനെ പണി ഏൽപ്പിക്കുമ്പോൾ കമ്മീഷൻ വാങ്ങാൻ കഴയില്ല. അത് തന്നെയാണ് രാജ്യത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീധരനെതിരെ കേരളത്തിലെ ഉദ്യോഗസ്ഥ ലോബി രംഗത്ത് വരാൻ കാരണം.

ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട ശ്രീധരന്റെ നിഗമനങ്ങളെല്ലാം ധനവകുപ്പ് തള്ളിക്കളയുന്നു. സ്വകാര്യപങ്കാളിത്തത്തിന് കൂടുതൽ പ്രാമുഖ്യം നൽകിക്കൊണ്ടുള്ള (ഹൈബ്രിഡ് പി.പി.പി.) നിർമ്മാണമാണ് വേണ്ടത്. ഇതനുസരിച്ച് സ്റ്റേഷൻ നിർമ്മാണം ഒഴികെയുള്ള സിവിൽജോലികൾ സർക്കാർ നടത്തണമെന്നും ധനവകുപ്പ് നിർദ്ദേശിക്കുന്നു. കേരളത്തിൽ സബർബൻ ട്രെയിനുകൾ വരാൻപോകുന്ന പശ്ചാത്തലത്തിൽ മെട്രോ പദ്ധതികൾ വേണമോ എന്ന് പരിശോധിക്കാൻ പോലും ധനവകുപ്പ് ആവശ്യപ്പെടുന്നുണ്ട്. ഈ മാസം 28ന് ശ്രീധരനെ സർക്കാർ വിളിച്ചുവരുത്തുന്നത് ഇക്കാര്യം അറിയിക്കാനാണെന്നും സൂചനയുണ്ട്. ഇതോടെ മെട്രോയും ലൈറ്റ് മെട്രോയും നടക്കില്ലെന്നാണ് സൂചന കിട്ടുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് ധനവകുപ്പ് ഈ നിർദ്ദേശങ്ങൾ നൽകിയത്.

ഇ.ശ്രീധരനെയും ഡി.എം.ആർ.സി.യെയും ഒഴിവാക്കുന്നതിന് ദീർഘനാളായി സ്വകാര്യഉദ്യോഗസ്ഥ ലോബികൾ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നാണ് സൂചന. ലൈറ്റ് മെട്രോയല്ല കൊച്ചിയുടെ മാതൃകയിലുള്ള മെട്രോയുടെ സാധ്യതയെക്കുറിച്ച് പഠിക്കാനാണ് നിർദ്ദേശം. വിശദപഠന റിപ്പോർട്ടിലുള്ള ലൈറ്റ്‌മെട്രോ റൂട്ടിൽ ഒട്ടേറെ വളവുകളും തിരിവുകളുമുണ്ട്. മേജർ മെട്രോപദ്ധതി നടപ്പാക്കുമ്പോൾ ഈ വളവുകളും തിരിവുകളും ഒഴിവാകും. ഇതിന്റെ സാധ്യത ആരായാൻ 'നാറ്റ്പാക്കി'നെക്കൊണ്ട് പഠനം നടത്തിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പദ്ധതിയുടെ കൺസൾട്ടന്റായി ഏകപക്ഷീയമായി ഡി.എം.ആർ.സി.യെ നിയോഗിക്കരുതെന്നും വ്യക്തമാക്കുന്നു. പകരം രാജ്യാന്തരതലത്തിൽ മത്സരാധിഷ്ഠിത ടെൻഡർ വിളിക്കണമെന്നാണ് ആവശ്യം. ഡി.എം.ആർ.സി.യെ ഒഴിവാക്കി കൊച്ചി മെട്രോറെയിൽ ലിമിറ്റഡിനെ പദ്ധതിയുടെ ചുമതല ഏൽപ്പിക്കണം. മെട്രോ പദ്ധതികളുടെ വരുമാനസ്രോതസ്സായി കണക്കാക്കുന്ന പ്രോപ്പർട്ടി ഡെവലപ്‌മെന്റിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ശ്രീധരന്റെ ആവശ്യം അംഗീകരിച്ച് സംസ്ഥാനത്തെ രണ്ടു നഗരങ്ങളിൽ ലൈറ്റ് മെട്രൊ പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബുധനാഴ്ച അറിയിച്ചുിരുന്നു തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലായിരിക്കും ലൈറ്റ് മെട്രൊ നിർമ്മിക്കുന്നത്. വിവാദങ്ങൾ ഇ. ശ്രീധരനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രൊ, സ്മാർട്‌സിറ്റി തുടങ്ങി ഏതെല്ലാം പദ്ധതികൾക്കെതിരേ എന്തെല്ലാം പ്രശ്‌നങ്ങൾ ഇവിടെയുണ്ടായി. എന്നിട്ടും ആ പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ പിന്നോട്ടു പോയിട്ടില്ല. ഇ. ശ്രീധരനിൽ സർക്കാരിനു പൂർണ വിശ്വാസമാണ്. അദ്ദേഹത്തിന്റെ സേവനങ്ങൾ വിലപ്പെട്ടതാണ്. കൊച്ചി മെട്രൊയുടെ നേട്ടത്തിനു പിന്നിൽ ശ്രീധരന്റെ നേതൃത്വം ഏറെയുണ്ട്. വികസന പദ്ധതികൾ നടത്തുമ്പോൾ പലതരത്തിലുള്ള ചർച്ചകൾ വേണ്ടിവരും. അത്തരം ചർച്ചകളിൽ ഉണ്ടായിട്ടുള്ള പരാമർശങ്ങൾ ഇ. ശ്രീധരനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ തനിക്കു പ്രയാസമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് വിരുദ്ധമാണ് ധനവകുപ്പ് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

റോഡുകൾ വീതികൂട്ടിയാൽ മാത്രമേ ലൈറ്റ് മെട്രൊ പദ്ധതിയുടെ നിർമ്മാണം തുടങ്ങാനാകൂ. ഈ സാഹചര്യത്തിൽ ആദ്യഘട്ടമായി കഴക്കൂട്ടംകേശവദാസപുരം റോഡ് 500 കോടി രൂപ ചെലവിൽ എട്ടു കിലോമീറ്ററായി വീതികൂട്ടും. രണ്ടാംഘട്ടത്തിൽ മാനാഞ്ചിറമീഞ്ചന്ത റോഡ് ആറു കിലോമീറ്ററും വീതികൂട്ടുന്നുണ്ട്. ഇതിനായി 350 കോടി രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്. ഈ തുക വേഗത്തിൽ അനുവദിക്കും.
കൊച്ചി മെട്രൊ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിനു മുൻപുതന്നെ പല നിർമ്മാണങ്ങളും തുടങ്ങിക്കഴിഞ്ഞിരുന്നു. എറണാകുളം നോർത്ത് ഓവർ ബ്രിഡ്ജിന്റെ വീതി ഒരു വർഷം മുൻപേ കൂട്ടിയത് അങ്ങനെയാണ്. റോഡിന്റെ വീതി കൂട്ടിയാൽ മാത്രമേ പദ്ധതി നടക്കൂ എന്നതിനാലാണ് ഇപ്പോൾതന്നെ തീരുമാനം എടുത്തത്. ഏത് മോഡലിലായിരിക്കണം ലൈറ്റ് മെട്രൊ പദ്ധതി നടപ്പാക്കേണ്ടതെന്ന കാര്യത്തിൽ ശ്രീധരനുമായി ചർച്ച നടത്തി ധാരണയിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാൽ പുതിയ ധനവകുപ്പിന്റെ നിഗമനങ്ങൾ ശ്രീധരനെ അപമാനിക്കുന്നതാണ്. അതുകൊണ്ട് തന്നെ ലൈറ്റ് മെട്രോയിൽ മെട്രോ മാൻ തൊടില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ശിവൻകുട്ടിയുടെ വിമർശനത്തോടെ തന്നെ ശ്രീധരൻ ചില തീരുമാനം എടുത്തിരുന്നു. എന്നാൽ കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് ശ്രീധരൻ വേണമെന്ന മോഹൻലാലിന്റെ ബ്ലോഗും പൊതുവികാരവുമെല്ലാം ശ്രീധരനെ വീണ്ടും പുനരാലോചനയ്ക്ക് തയ്യാറാക്കി. ഇതിനിടെയാണ് ധനവകുപ്പിന്റെ പുതിയ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP