Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുലക്ഷത്തിലധികം മൂല്യമുള്ള മുദ്രപത്രത്തിന് ഇ-സ്റ്റാമ്പിങ് നിലവിൽവന്നു; പുതിയ സംവിധാനം ഏർപ്പെടുത്തിയത് 28 സബ് രജിസ്ട്രാർ ഓഫിസുകളിൽ; ഇ-സ്റ്റാമ്പിങിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഒരുലക്ഷത്തിലധികം മൂല്യമുള്ള മുദ്രപത്രത്തിന് ഇ-സ്റ്റാമ്പിങ് നിലവിൽവന്നു; പുതിയ സംവിധാനം ഏർപ്പെടുത്തിയത് 28 സബ് രജിസ്ട്രാർ ഓഫിസുകളിൽ; ഇ-സ്റ്റാമ്പിങിനെ കുറിച്ച് അറിയേണ്ടതെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്ത് വസ്തുകൈമാറ്റ രജിസ്‌ട്രേഷന് ഒരുലക്ഷത്തിലധികം മൂല്യമുള്ള മുദ്രപത്രത്തിന് ഇ-സ്റ്റാമ്പിങ് നിലവിൽവന്നു. സംസ്ഥാനത്തെ 28 സബ് രജിസ്ട്രാർ ഓഫിസുകളിലാണ് വ്യാഴാഴ്ച മുതൽ ഇ-സ്റ്റാമ്പിങ് നിലവിൽവന്നത്. ജൂൺ മുതൽ സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫിസുകളിലും ഇ-സ്റ്റാമ്പിങ് നടപ്പാക്കും.

ഒരുലക്ഷം രൂപയിൽ താഴെയുള്ള മുദ്രപത്രങ്ങൾ ഇപ്പോഴുള്ളതുപോലെ സ്റ്റാമ്പ് വെണ്ടർമാരിൽനിന്ന് വാങ്ങി ആധാരങ്ങളുടെ രജിസ്‌ട്രേഷന് ഉപയോഗിക്കാം. നിലവിൽ 25000 രൂപയുടെ മുദ്രപത്രമാണ് ഉയർന്ന മൂല്യത്തിൽ ലഭിക്കുന്നത്. അഞ്ച്‌ലക്ഷം രൂപയുടെ മുദ്രപത്രം ആവശ്യമായി വരുന്ന ആധാരത്തിന് 25000 രൂപയുടെ 20 മുദ്രപത്രം ചേർത്ത് ആധാരം തയാറാക്കിയാണ് രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ ഇനി എത്ര ഉയർന്ന മൂല്യമുള്ള മുദ്രപത്രവും ഒറ്റപേപ്പറിൽ മതിയെന്ന പ്രത്യേകതയുമുണ്ട്.

സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫിസുകളിലും ഇ-സ്റ്റാമ്പിങ് ആരംഭിക്കുന്നതോടെ ട്രഷറിയിലും സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽനിന്ന് അപേക്ഷനൽകി മുദ്രപത്രം വാങ്ങുന്നരീതി ഇല്ലാതാകും. നിലവിൽ സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് എംപോസിങ് മുദ്രപത്രം ലഭിക്കുന്നത്. ഒരുലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങൾ സ്റ്റാമ്പ് വെണ്ടർമാരിൽനിന്നും അതിനു മുകളിലോട്ടുള്ള തുകക്ക് ട്രഷറിയിൽ പണം അടച്ച് ഭൂ ഉടമകൾ നേരിട്ടുമാണ് മുദ്രപത്രം വാങ്ങുന്നത്.

ആധാരങ്ങളുടെ രജിസ്‌ട്രേഷൻ ഫീസായി അടച്ച ലക്ഷക്കണക്കിന് രൂപ ഖജനാവിലേക്ക് എത്താതായതിനെ തുടർന്ന് ഇ-സ്റ്റാമ്പിങ് കരുതലോടെയാണ് വകുപ്പ് നടത്തുന്നത്. ഇ-സ്റ്റാമ്പിങ് പ്രകാരമുള്ള തുകകൾ സർക്കാർ ഖജനാവിലേക്ക് വന്നിട്ടുള്ളതായി രജിസ്റ്ററിങ് ഉദ്യോഗസ്ഥൻ പരിശോധിച്ച് ബോധ്യപ്പെടുകയും കോപ്പി എടുത്ത് സൂക്ഷിച്ചശേഷവും മാത്രമേ രജിസ്‌ട്രേഷൻ നടത്താവൂ എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്

മുദ്രപ്പത്രത്തിന്റെ ക്ഷാമം ഒഴിവാകുന്നതിനു പുറമെ വ്യാജമുദ്രപ്പത്രങ്ങളുടെ വിൽപനയും ഇതോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷ. പരീക്ഷണ ഘട്ടത്തിൽ അപാകത കണ്ടെത്തിയാൽ അതുകൂടി പരിഹരിച്ച് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുന്നതിനെക്കുറിചാചാണ് സർക്കാർ ആലോചിക്കുന്നത്.

കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ (എൻ.ഐ.സി) സഹായത്തോടെയാണ് ഇതിനാവശ്യമായ സോഫ്ട് വെയർ രൂപം നൽകിയിട്ടുള്ളത്. രാജ്യത്ത് 13 സംസ്ഥാനങ്ങളിൽ നേരത്തെ ഇ-സ്റ്റാമ്പിങ് നടപ്പാക്കിയിരുന്നു.

സംസ്ഥാനത്തെ ഏതുജില്ലയിലുള്ള വസ്തുവിന്റെയും രജിസ്‌ട്രേഷൻ ഏതു സബ് രജിസ്ട്രാർ ഓഫീസിലും നടത്താൻ കഴിയുന്ന സോഫ്ട്‌വെയർ രജിസ്‌ട്രേഷൻ' സംവിധാനവും താമസിയാതെ നടപ്പാവും. നാസിക്കിലെ സെക്യൂരിറ്റി പ്രസിൽ അച്ചടിക്കുന്ന മുദ്രപ്പത്രങ്ങൾ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ എത്തിക്കുന്നതിന് പ്രതിവർഷം ഒരു കോടിയോളം രൂപയാണ് വേണ്ടിവരുന്നത്. ഈ ചെലവ് ഇ-സ്റ്റാമ്പിങ് ഒഴിവാകും.

ഇ-സ്റ്റാമ്പിംഗിന്റെ സവിശേഷതകൾ

വ്യാജമുദ്രപ്പത്രങ്ങൾ തടയാൻ കഴിയും
തുക ഒടുക്കിയ വിവരം ഓൺലൈനായി പരിശോധിക്കാം
തിരിമറികൾക്കുള്ള സാദ്ധ്യത ഇല്ലാതാവും
ഇന്റർനെറ്റ് ബാങ്കിംഗിലൂടെ എത്രരൂപയുടെ സ്റ്റാമ്പും വാങ്ങാം


എങ്ങനെ ഇ-സ്റ്റാമ്പിങ് ചെയ്യാം

തയാറാക്കുന്ന ആധാരത്തെ അടിസ്ഥാനമാക്കി രജിസ്റ്റർ ചെയ്യാനുള്ള വിവരങ്ങൾ www.keralaregistration.gov.in എന്ന വെബ്‌സൈറ്റുവഴി രേഖപ്പെടുത്തി ടോക്കൺ എടുക്കുക. ആധാരം രജിസ്റ്റർ ചെയ്യേണ്ട ദിവസവും സമയവും ഈ സമയത്ത് നിശ്ചയിക്കാം. പരമാവധി 30 ദിവസത്തിനുള്ളിലായിരിക്കണമെന്ന് മാത്രം.

ആധാരവിലയുടെ അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ ഫീസും മുദ്രവിലയും നെറ്റ് ബാങ്കിങ് മുഖേന ഇ-ട്രഷറി സംവിധാനം വഴി ഒടുക്കാം. ഇതിന്റെ ചെലാൻ പ്രിന്റ് എടുക്കുക.
ചെലാനും ആധാരത്തിന്റെ ആദ്യവാചകങ്ങളുമുൾപ്പെടുത്തി ഫയലിങ് ഷീറ്റ് തയ്യാറാക്കുക.
ആധാരവും ഫയലിങ് ഷീറ്റും സബ് രജിസ്ട്രാർ ഓഫീസിൽ നൽകുമ്പോൾ കമ്പ്യൂട്ടറിൽ പരിശോധിച്ച് രജിസ്‌ട്രേഷൻ നടത്തി ആധാരം തിരികെ തരും.

ഇ- സ്റ്റാമ്പിങിലെ സുരക്ഷാസംവിധാനങ്ങൾ

1. മൈക്രോ പ്രിന്റിങ് - ഇ സ്റ്റാമ്പ് സർട്ടിഫിക്കറ്റിലെ ഒരു നേർത്ത വരിയിൽ സർട്ടിഫിക്കറ്റ് നമ്പറടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും. ഇത് നഗ്‌ന നേത്രങ്ങൾ കൊണ്ട് വായിക്കാൻ സാധിക്കില്ല.

2. വാട്ടർമാർക്ക്

3. ദ്വിമാന ബാർകോഡ്

4. യൂണിക് നമ്പർ: ഈ പ്രത്യേക തിരിച്ചറിയൽ നമ്പറിൽ ഒരു സർട്ടിഫിക്കറ്റ് മാത്രമേ കാണൂ. അതിന്റെ എൻക്വയറി മൊഡ്യൂൾ തുറന്ന് പരിശോധിച്ചാൽ എന്താവശ്യത്തിന് നൽകിയ സ്റ്റാമ്പ് സർട്ടിഫിക്കറ്റാണ്, അതിന്റെ ക്രയവിക്രയം സംബന്ധിച്ച വിവരങ്ങൾ
എന്നിവയെല്ലാം ലഭിക്കും.

സ്റ്റാമ്പ് സർട്ടിഫിക്കറ്റിലെ തിരിച്ചറിയൽ നമ്പർ പരിശോധിച്ച് ബോധ്യപ്പെട്ട് ആധാര രജിസ്ട്രേഷൻ നടത്തി അതത് രജിസ്ട്രാർമാർക്ക് തിരിച്ചറിയൽ നമ്പർ ലോക്ക് ചെയ്യാനും സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP