Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിന്നും കുടിച്ചും മദിച്ചും തളരുമ്പോൾ ആവികുളിയിൽ പേശികളെ അയച്ചുവിടാം; ജിമ്മിൽ പോയി മസിൽ പെരുപ്പിക്കുകയോ ബില്യാഡ്‌സ് ടേബിളിൽ ഉന്നംപിടിക്കുകയോ ഗോൾഫിൽ കണ്ണുവയ്ക്കുകയോ ആവാം; കോർപറേറ്റുകളും വ്യവസായികളും തിമിർക്കുന്ന റിസോർട്ടിൽ പൂട്ടിയിട്ടാലും കോൺഗ്രസ് എംഎൽഎമാർക്ക് പരമസുഖം; കർണാടകയിൽ ചാക്കുപിടുത്തം പേടിച്ച് 74 എംഎൽഎമാർ മൈസുരു ഹൈവേയിലെ ഈഗിൾടൺ റിസോർട്ടിൽ ഒളിവാസത്തിനെത്തുമ്പോൾ ചാണക്യനായ ഡി.കെ.ശിവകുമാർ കൂൾ കൂൾ

തിന്നും കുടിച്ചും മദിച്ചും തളരുമ്പോൾ ആവികുളിയിൽ പേശികളെ അയച്ചുവിടാം; ജിമ്മിൽ പോയി മസിൽ പെരുപ്പിക്കുകയോ ബില്യാഡ്‌സ് ടേബിളിൽ ഉന്നംപിടിക്കുകയോ ഗോൾഫിൽ കണ്ണുവയ്ക്കുകയോ ആവാം; കോർപറേറ്റുകളും വ്യവസായികളും തിമിർക്കുന്ന റിസോർട്ടിൽ പൂട്ടിയിട്ടാലും കോൺഗ്രസ് എംഎൽഎമാർക്ക് പരമസുഖം; കർണാടകയിൽ ചാക്കുപിടുത്തം പേടിച്ച് 74 എംഎൽഎമാർ മൈസുരു ഹൈവേയിലെ ഈഗിൾടൺ റിസോർട്ടിൽ ഒളിവാസത്തിനെത്തുമ്പോൾ ചാണക്യനായ ഡി.കെ.ശിവകുമാർ കൂൾ കൂൾ

മറുനാടൻ ഡെസ്‌ക്‌

ബെംഗളുരു:തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ വസതിയിൽ വൻതിരക്കായിരുന്നു. മാലയിട്ട് ആദരിക്കാൻ വെമ്പുന്ന വെട്ടുകിളികളെ പോലെയുള്ള ആരാധകർ. തങ്ങളുടെ നേതാവ് ഉപമുഖ്യമന്ത്രിയാകുമോ ..അതാണ് അവർക്ക് അറിയേണ്ടത്. ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിച്ചാൽ കോൺഗ്രസും കളിക്കും ഇതാണ് ഡി.കെ.ശിവകുമാറിന്റെ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി.ജെഡിഎസുമായി മുന്നണി രൂപീകരിക്കാനുള്ള പാർട്ടി തീരുമാനത്തിൽ തനിക്ക് അതൃപ്തിയുണ്ടെന്ന അഭ്യൂഹങ്ങളൊക്കെ അദ്ദേഹം തള്ളിക്കളയുന്നു. ബിജെപിയെ അധികാരത്തിൽ നിന്നകറ്റി നിർത്തുക ഇതാണ് ലക്ഷ്യം.

ഡി.കെ.ശിവകുമാർ

ബിഡഗിയിലെ ഈഗിൾടൺ റിസോർട്ടിലേക്ക് 74 കോൺഗ്രസ് എംഎൽഎമാരെ മാറ്റിയത് മറ്റാരാണ്? ഡി.കെ.ശിവകുമാർ തന്നെ. എംഎൽഎമാർ കൈവിട്ടുപോകാതിരിക്കാൻ കോൺഗ്രസും ജെഡിഎസും നെട്ടോട്ടമോടുമ്പോൾ ഡി.കെ. കൂളാണ്. 120 മുറികളാണ് ഈഗിൾടണിൽ ബുക്ക് ചെയ്തിരിക്കുന്നത്.കഴിഞ്ഞ വർഷം ഗുജറാത്തിൽ നിന്നുമുള്ള രാജ്യസഭാ തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ കോൺഗ്രസ് എംഎൽഎമാരെ ബിജെപി ചാക്കിട്ട് പിടിക്കാതിരിക്കാൻ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നതും ബെംഗളൂരുവിലെ ഈഗിൾടൺ റിസോർട്ടിലായിരുന്നു. ഇത്തവണ ഡി.കെ.ശിവകുമാർ മുന്നിൽ നിന്നുള്ള കളിയല്ല.

. പിന്നിൽ നിന്നുള്ള കളിയാണ് കളിക്കുന്നത്. സഹോദരൻ ഡി.കെ.സുരേഷിനെയാണ് ഇത്തവണ എംഎൽഎമാരുടെ സംരക്ഷണത്തിനായി ഏൽപിച്ചിരിക്കുന്നത്.ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ 44 എംഎൽഎ മാരെ സംരക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്ത ഡി.കെ.ശിവകുമാർ ബിജെപിയുടെ കണ്ണിലെ കരടാണ്.അതിശക്തമായ ആദായ നികുതി റെയ്ഡുകളാണ് ശിവകുമാറിനെ കാത്തിരുന്നത്. അതുഭയന്നാവണം ഇത്തവണ സഹോദരൻ ഡി.കെ.സുരേഷിനെ ഇത്തവണ ചുമതല ഏൽപ്പിച്ചതെന്ന് വേണം കരുതാൻ.

ബിഡദിയിലെ ഈഗിൾടൺ റിസോർട്ടിന് സർക്കാർസ്ഥലം അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ വർഷമാണ് 982 കോടി രൂപ പിഴ ചുമത്തിയത്.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പിഴ അടയ്ക്കുന്നില്ലെങ്കിൽ റിസോർട്ടിനായി ലഭിച്ച സ്ഥലം സർക്കാറിന് തിരിച്ചുനൽകാനും നിർദ്ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗുജറാത്തിൽനിന്നുള്ള പാർട്ടി എംഎ‍ൽഎ.മാരെ പാർപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ഇതേ റിസോർട്ട് തിരഞ്ഞെടുത്തത്.

കഴിഞ്ഞ ബിജെപി. സർക്കാരിൽനിന്നു വ്യത്യസ്തമായ നിലപാടാണ് കോൺഗ്രസ് ഇക്കാര്യത്തിൽ സ്വീകരിച്ചിരുന്നത്. ബിജെപി.ഭരണകാലത്ത് 82.69 കോടി രൂപ ഫീസായി സ്വീകരിച്ച് റിസോർട്ടിനായി 77 ഏക്കർ സ്ഥലം വിട്ടുനൽകുകയായിരുന്നു.എന്നാൽ, ഇതു വിപണിവിലയെക്കാൾ കുറവാണെന്നുകാണിച്ചാണ് കോൺഗ്രസ് സർക്കാർ 982 കോടി പിഴ ചുമത്തിയത്. ഈ റിസോർട്ടുമായി എല്ലാ രാഷ്ട്രീയപ്പാർട്ടിനേതാക്കൾക്കും ബന്ധമുണ്ടെന്നാണ് സൂചന. കോൺഗ്രസ്- ജനതാദൾ- എസ് സഖ്യസർക്കാറിനെ ചില എംഎ‍ൽഎ.മാർ എതിർത്തതിനെത്തുടർന്ന് 2006- '07 കാലയളവിൽ എച്ച്.ഡി. കുമാരസ്വാമി എംഎ‍ൽഎ.മാരെ പാർപ്പിച്ചത് ഇതേ റിസോർട്ടിലായിരുന്നു. ലോകനിലവാരത്തിലുള്ള ഗോൾഫ് റിസോർട്ടാണ് ഈഗിൾടൺ റിസോർട്ട്. ആന്ധ്രാ സ്വദേശിയായ ബിസിനസുകാരന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് രാഷ്ട്രീയനേതാക്കളുടെയും സമ്പന്നരുടെയും കേന്ദ്രമാണ്.

ഈഗിൾടൺ റിസോർട്ട്

എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലിൽ പൂട്ടിയിട്ട് കുതിരക്കച്ചവടവും ചാക്കിട്ടുപിടുത്തവും നടത്തുന്ന പതിവ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പേരും പ്രശസ്തിയുമായതോടെ ബിഡദിയിലെ ഈഗിൾടൺ റിസോർട്ടിൽ ഇപ്പോൾ ആളൊഴിയാത്ത നേരമാണ്.കർണാടക ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള റിസോർട്ട് കളിക്കും കുടിക്കും തീനിനും എല്ലാം ഒത്ത ഒന്നാണ്. എംഎൽഎമാർക്ക് സമ്മർദ്ദമില്ലാതെ കളിചിരികളുമായി തലയെണ്ണുന്നത് വരെ സുഖവാസം.ഫെയർവേയ്‌സ, ലെജൻ്ഡ്‌സ് ഓഫ് ഗോൾഫ, ഗോൾഫ് വ്യൂ,കിങ്ഫിഷർ സ്വിങ് ആൻഡ് ലോഞ്ച ബാർ,24 മണിക്കൂർ കോഫിഷോപ്പ്, ടെറസ് ഗ്രിൽ എന്നിങ്ങനെ മൾട്ടികുസീൻ റെസ്റ്റോറണ്ടുകൾ. 132 റൂമുകളും സ്യൂട്ടുകളും, സ്വിമിങ് പൂളോ, ഗോൾഫ് കോഴ്‌സോ രാവിലെ കണ്ടുണരാനുള്ള സൗകര്യം, ബാൽകണി. ബാത്ത്ടബ്. മിനിബാർ, കോഫിമേക്കർ, വൈഫൈ കണ്കഷൻ എന്നിങ്ങനെ ആധുനിക സൗകര്യങ്ങളെല്ലാം.

എംഎൽഎമാർക്ക് ജിമ്മിൽ പോകുകയോ, സോനാബാത്ത് എടുക്കുകയോ, സ്പായിൽ പോകുകയോ, ബില്യാഡ്‌സ് കളിക്കുകയോ, സ്വിമ്മിങ് പൂളിൽ നീന്തി തുടിക്കാം, പാർട്ടി കൂടാം.168 ഏക്കറിൽ പരന്നു കിടക്കുന്ന ഗോൾഫ് കോഴ്‌സിൽ ഡി.കെ.സമ്മതിച്ചാൽ ഗോൾഫ് കളിക്കാം.ബെംഗളൂരിവിൽ നിന്ന് 30 മിനിറ്റ് യാത്ര മാത്രമേുള്ളു റിലോർട്ടിലേക്ക്. ബെഗംളൂരു-മൈസൂരു ദേശീയ പാതയിലായതിനാൽ യാത്രയും എളുപ്പം.

ഡികെയോടുള്ള പ്രതികാരം

ഗുജറാത്ത് എംഎ‍ൽഎമാരെ സംരക്ഷിച്ചതിന് ശിവകുമാറിന്റെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയായിരുന്നു ബിജെപി ക്യാമ്പ് ശിവകുമാറിനോട് പ്രതികാരം ചെയ്തത്. വീണ്ടും സമാന സാഹചര്യം സ്വന്തം സംസ്ഥാനത്ത് ഉരിതിരിഞ്ഞ സാഹചര്യത്തിൽ ബിജെപിയോട് നേർക്കുന്നേർ യുദ്ധം പ്രഖ്യാപിക്കുമ്പോൾ അടുത്ത തിരിച്ചടി എന്താകുമെന്ന് കണ്ട് തന്നെ അറിയാം.

കോൺഗ്രസ്, ജെ.ഡി.എസ് എംഎൽഎമാർക്കായി ബിജെപി ക്യാമ്പും റെഡ്ഡി സഹോദരന്മാരും ചൂണ്ടയെറിയുന്നതിനിടെ ബിജെപിയിൽ നിന്ന് എംഎൽഎമാരെ അടർത്തിയെടുക്കാൻ കോൺഗ്രസും നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ട്. ഡി.കെ ശിവകുമാർ തന്നെയാണ് ഈ നീക്കത്തിന് പിന്നിൽ. ആറ് ബിജെപി എംഎ‍ൽഎമാരുമായി ഡികെ ശിവകുമാർ ആശയവിനിമയം നടത്തിയതായി റിപ്പോർട്ടുണ്ട്.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറെക്കാലമായി ആഗ്രഹിക്കുന്ന ശിവകുമാർ അത് കിട്ടാത്തതിൽ നിരാശയിലാണെങ്കിലും ജെ.ഡി.എസ്-കോൺഗ്രസ് സർക്കാർ വന്നാൽ ഉപമുഖ്യമന്ത്രി പദത്തിലെത്താം എന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്.

റിസോർട്ട് രാഷ്ട്രീയം പുതുമയല്ല

1984ൽ അന്നത്തെ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന എൻ ടി രാമറാവുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ തന്റെ എംഎൽഎമാരെ രാമ റാവു ബെംഗളൂരുവിനടുത്തുള്ള ദേവനഹള്ളിയിലെ ഒരു റിസോർട്ടിൽ കൊണ്ടു പോയി താമസിപ്പിച്ചിരുന്നു. അന്നത്തെ കർണ്ണാടക മുഖ്യമന്ത്രിയും രാമറാവുവിന്റെ സുഹൃത്തുമായ രാമകൃഷ്ണ ഹെഡ്‌ഗേയാണു അന്ന് ഈ റിസോർട്ടിൽ അവരെ താമസിപ്പിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തത്.

2002-ൽ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്മുഖ് സഭയിൽ വിശ്വാസവോട്ട് തേടിയ അവസരത്തിൽ തന്റെ പാർട്ടിയുടെ എംഎൽഎമാരെ ബെംഗളൂരുവിലെ റിസോർട്ടിൽ കൊണ്ടുവന്നു താമസിപ്പിച്ചിരുന്നു.2004-ൽ കർണ്ണാടകയിൽ തെരെഞ്ഞെടുപ്പിനു ശേഷം ബിജെപിക്ക് 90 സീറ്റും കോൺഗ്രസിനു 65 സീറ്റും ജെഡിഎസിനു 58 സീറ്റും ലഭിക്കുകയും ആർക്കും സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമില്ലാതെ വരികയും ചെയ്തു. അന്ന് കോൺഗ്രസും ജെഡിഎസും ചേർന്ന് സർക്കാർ രൂപീകരിക്കാൻ തീരുമാനിക്കുകയും തങ്ങളുടെ എംഎൽഎമാരെ ബെംഗളൂരുവിനു പുറത്തുള്ള ഒരു റിസോർട്ടിൽ താമസിപ്പിക്കുകയും ചെയ്തു.

2006-ൽ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജെഡിഎസ് ബിജെപിയുമായി സഖ്യത്തിലാകുകയും സിദ്ദരാമയ്യ ജെഡിഎസിൽ നിന്നും പുറത്തുപോകുകയും ചെയ്തു. ഈ സഖ്യം രൂപീകൃതമാകുന്നതുവരെ ജെഡിഎസ് എംഎൽഎമാർ ഗോവയിലെ ഒരു റിസോർട്ടിലാണു താമസിച്ചത്.

2008-ൽ ബിജെപി യെദിയൂരപ്പയെ മുന്നിൽ നിർത്തി തെരെഞ്ഞെടുപ്പ് നേരിട്ടപ്പോൾ അവർക്ക് 110 സീറ്റും കോൺഗ്രസിനു 80 സീറ്റുമാണു ലഭിച്ചത്. കേവലഭൂരിപക്ഷത്തിനു മൂന്നു എം എൽ എമാരുടെ പിന്തുണ ബിജെപിക്ക് ആവശ്യമായിരുന്നു. അന്ന് സ്വതന്ത്ര എംഎൽഎമാരെയും കോൺഗ്രസ് എംഎൽഎമാരെയും ചാക്കിട്ട് പിടിച്ച ശേഷം വിവിധ റിസോർട്ടുകളിൽ താമസിപ്പിച്ചിരുന്നു.വർഷങ്ങൾക്കു ശേഷം കർണ്ണാടകയിൽ റിസോർട്ട് രാഷ്ട്രീയം വീണ്ടും സജീവമായിരിക്കുകയാണു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP