Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെഞ്ചുവേദന അനുഭവപ്പെട്ട് ചെന്ന വീട്ടമ്മയുടെ ഇസിജി എടുത്തെന്നു പറഞ്ഞ് ഫീസ് വാങ്ങി; നൽകിയത് മറ്റൊരാളുടെ ഇസിജി റിസൾട്ടിൽ പേരു തിരുത്തി; പത്മശ്രീ കെ എം ചെറിയാന്റെ പേരിലുള്ള പരുമല കാർഡിയോളജി സെന്ററിനെതിരേ ഉപഭോക്തൃകോടതി വിധി; അനുകൂല വിധി സമ്പാദിച്ചതു പരാതിക്കാരൻ സ്വന്തമായി വാദിച്ച്

നെഞ്ചുവേദന അനുഭവപ്പെട്ട് ചെന്ന വീട്ടമ്മയുടെ ഇസിജി എടുത്തെന്നു പറഞ്ഞ് ഫീസ് വാങ്ങി; നൽകിയത് മറ്റൊരാളുടെ ഇസിജി റിസൾട്ടിൽ പേരു തിരുത്തി; പത്മശ്രീ കെ എം ചെറിയാന്റെ പേരിലുള്ള പരുമല കാർഡിയോളജി സെന്ററിനെതിരേ ഉപഭോക്തൃകോടതി വിധി; അനുകൂല വിധി സമ്പാദിച്ചതു പരാതിക്കാരൻ സ്വന്തമായി വാദിച്ച്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പത്മശ്രീ ഡോ. കെ.എം. ചെറിയാന്റെ പേരിൽ അറിയപ്പെടുന്ന പരുമല സെന്റ് ഗ്രിഗോറിയോസ് കാർഡിയോ വാസ്്കുലർ സെന്ററിന് ഉപഭോക്തൃ കോടതി പിഴശിക്ഷ വിധിച്ചു. ചികിൽസയ്ക്ക് എത്തിയ വീട്ടമ്മയുടെ ഇസിജി എടുക്കാതെ, മറ്റൊരാളുടെ റിസൾട്ട് ഷീറ്റിൽ ഇവരുടെ പേര് എഴുതി ചേർത്ത ശേഷം പണം ഈടാക്കിയെന്ന പരാതിയിന്മേലാണ് പത്തനംതിട്ട ഉപഭോക്തൃതർക്ക പരിഹാരഫോറം പ്രസിഡന്റ് പി. സതീഷ് ചന്ദ്രൻ നായർ, അംഗങ്ങളായ കെ.പി. പത്മശ്രീ, ഷീല ജേക്കബ് എന്നിവർ വിധി പുറപ്പെടുവിച്ചത്.

ഇലന്തൂർ നെല്ലിക്കാല തോളൂർ വീട്ടിൽ ജാനമ്മ ബേബിച്ചൻ, ഭർത്താവ് സ്‌കറിയ ഉമ്മൻ എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്. സ്‌കറിയ ഉമ്മൻ സ്വയം കേസ് വാദിച്ചാണ് അനുകൂലവിധി നേടിയത്.

കഴിഞ്ഞ വർഷം മെയ്‌ 21 നാണ് കേസിനാസ്പദമായ സംഭവം. നെഞ്ചുവേദനയും മറ്റ് അസ്വസ്ഥതകളും കലശലായതിനെ തുടർന്ന് 21 ന് പുലർച്ചെ ഒന്നിനാണ് ജാനമ്മയെ ആശുപത്രിയിൽ എത്തിച്ചത്. ഈ സമയം ഒരു ഡോക്ടറും രണ്ടു മൂന്ന് നഴ്‌സുമാരുമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ജാനമ്മയ്ക്ക് ഹൃദ്രോഗചികിസയ്ക്കായി അഡ്‌മിറ്റ് ചെയ്യണമെന്ന് ഡ്യൂട്ടി ഡോക്ടർ, ഭർത്താവ് സ്‌കറിയയോട് ആവശ്യപ്പെട്ടു. ഇസിജി എടുക്കുകയോ മറ്റു പരിശോധനകൾ നടത്തുകയോ ചെയ്യാതെ, രോഗിയെ അഡ്‌മിറ്റ് ചെയ്യാൻ അവിടെയുണ്ടായിരുന്ന നഴ്‌സും നിർബന്ധം പിടിച്ചു. എന്നാൽ, കാർഡിയോളജി ഡോക്ടർ പരിശോധിക്കാതെ ഒന്നും ചെയ്യണ്ടായെന്ന് സ്‌കറിയ നിർബന്ധം പിടിച്ചു. അതു നടക്കില്ലെന്ന് ഡോക്ടർ അറിയിച്ചതോടെ അദ്ദേഹം നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങി ഭാര്യയുമായി തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലേക്ക് പോന്നു. അവിടെ എത്തി ഇസിജി എടുത്തപ്പോൾ ഹൃദ്‌രോഗത്തിന്റെ ലക്ഷണങ്ങൾ ഒന്നും കാണാത്തതിനാൽ ചികിൽസ ആവശ്യമില്ലെന്ന് പറഞ്ഞ് ഇവരെ മടക്കി അയച്ചു.

പരുമല ആശുപത്രിയിൽനിന്നും വിടുതൽ വാങ്ങി പോന്നപ്പോൾ അത്രയും നേരം പരിശോധിച്ചതിന്റെയും ചില ടെസ്റ്റുകൾ നടത്തിയതിന്റെയും ബിൽ അടയ്‌ക്കേണ്ടി വന്നിരുന്നു. ബിൽ അടച്ചു കഴിഞ്ഞപ്പോൾ ചികിൽസാചുരുക്കം എഴുതിയ ഷീറ്റും അതിനൊപ്പം ജാനമ്മയുടേതെന്നു പറഞ്ഞ് ഒരു ഇസിജി റിസൾട്ടും ഇവർക്ക് കൈമാറിയിരുന്നു. എന്നാൽ, ജാനമ്മയുടെ ഇസിജി അവിടെ എടുത്തിരുന്നില്ല. ഇവർക്ക് നൽകിയ റിസൾട്ട് ഷീറ്റാകട്ടെ അപൂർണവും അവ്യക്തവും കീറിപ്പറിഞ്ഞതുമായിരുന്നു. അതിൽ ഇസിജി എടുത്ത ദിവസം, സമയം, രോഗിയുടെ പേര് എന്നിവ വെട്ടിത്തിരുത്തി എഴുതിയിരിക്കുകയായിരുന്നു. മുൻപേ എടുത്ത ഏതോ രോഗിയുടെ റിസൾട്ട് ഷീറ്റിലെ പേരും തീയതിയും മാറ്റി ജാനമ്മയുടെ പേര് കൈ കൊണ്ട് എഴുതിച്ചേർത്തിരിക്കുകയായിരുന്നു.

ജാനമ്മയുടെ ഇസിജി എടുക്കാതെ റിസൾട്ട് എങ്ങനെ കിട്ടി എന്ന ചോദ്യത്തിന് ആശുപത്രി മാനേജ്‌മെന്റിന് മറുപടിയില്ലായിരുന്നു. ഇക്കാര്യമാണ് ഹർജിയിൽ ജാനമ്മയും ഭർത്താവ് സ്‌കറിയയും സൂചിപ്പിച്ചിരുന്നത്.

ഈ വാദം ആശുപത്രി അധികൃതർ എതിർത്തു. ആശുപത്രിയിലെ കാഷ്വാലിറ്റി കെയർ യൂണിറ്റിൽ ജാനമ്മയുടെ രക്തസമ്മർദം പരിശോധിക്കുകയും ഇസിജി എടുക്കുകയും ചെയ്തിരുന്നു. ഇസിജി റിസൾട്ട് അനുസരിച്ച് ജാനമ്മയ്ക്ക് ഹൃദ്രോഗമുണ്ടെന്ന് മനസിലായി. എന്നിരിക്കിലും ഇസിജി റിസൾട്ട് കൊണ്ട് രോഗത്തിന്റെ പൂർണചിത്രം കിട്ടില്ലാത്തതിനാൽ രോഗിയുടെ കൂടെ വന്ന ഭർത്താവിനോട് എക്കോ എൻസൈം ടെസ്റ്റ്, രക്തപരിശോധന എന്നിവ നടത്താൻ നിർദേശിച്ചു. ഇതെല്ലാം ചെയ്തു കഴിഞ്ഞപ്പോൾ ഇവർക്ക് ഹൃദ്രോഗമുണ്ടെന്ന് സ്ഥിരീകരിച്ചു. അതിന് ശേഷമാണ് അഡ്‌മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടത്.

എന്നാൽ, രോഗിയുടെ ഭർത്താവ് അതിന് തയാറായില്ലെന്ന് മാത്രമല്ല, തങ്ങൾക്ക് ഡിസ്ചാർജ് വേണമെന്ന് വാശിപിടിക്കുകയും ചെയ്തു. അങ്ങനെ ഡോക്ടർ ഡിസ്ചാർജ് എഴുതാൻ നിർബന്ധിതനായി എന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. ഇസിജി റിസൾട്ടിൽ വന്ന തിരുത്തലുകളെ കുറിച്ച് ആശുപത്രി അധികൃതർ നിരത്തിയ വാദം വിചിത്രമായിരുന്നു. ഇസിജി കമ്പ്യൂട്ടർ റിപ്പോർട്ടിൽ രോഗിയുടെ പേരുണ്ടാകില്ല. അത് കൈ കൊണ്ട് എഴുതിച്ചേർക്കുകയാണുള്ളത്. അതു പോലെ തീയതി തിരുത്തിയതിന് ഇവർ നൽകിയ വിശദീകരണം ഇസിജി മെഷിൻ ഒരിക്കൽ ദീർഘനേരം ഓഫ് ചെയ്തിട്ടിട്ട് ഓണാക്കുമ്പോൾ കുറേ സമയത്തേക്ക് വരുന്ന പ്രിന്റൗട്ടിൽ മെഷിന്റെ മേക് ഡേറ്റ് (മെഷിൻ നിർമ്മിച്ച തീയതി) മാത്രമേ കാണുവെന്നായിരുന്നു. മൂന്നുകാര്യങ്ങളാണ് ഫോറം പരിശോധിച്ചത്. ഈ കേസ് ഫോറത്തിൽ നിലനിൽക്കുമോ? പരാതിക്കാർക്ക് നൽകിയ സേവനത്തിൽ എതിർകക്ഷികൾ വീഴ്ച വരുത്തിയോ? രോഗശാന്തിയും ചികിൽസാ ചെലവും? എന്നിവയായിരുന്നു അത്.

ഈ കേസ് ഉപഭോക്തൃ ഫോറത്തിന്റെ പരിധയിൽ വരില്ല എന്ന വാദമുഖമാണ് ആദ്യം ആശുപത്രി അധികൃതർ നിരത്തിയത്. അത് ഫോറം തള്ളി. ഇസിജി റിപ്പോർട്ട് വ്യാജമാണെന്ന് ഫോറം സ്ഥിരീകരിക്കുകയും ചെയ്തു. 8-06-2005 ൽ എടുത്ത ഇസിജിയുടെ റിപ്പോർട്ടാണ് 21-5-2015 ആക്കി തിരുത്തിയതെന്ന് ഫോറം കണ്ടെത്തി. മാത്രവുമല്ല, തന്റെ ഇസിജി എടുത്തിട്ടില്ലെന്ന ജാനമ്മയുടെ വാദം ശരിയാണെന്നും ഫോറം നിരീക്ഷിച്ചു. ഇസിജി മെഷീൻ സ്വയം കാലിബറേഷൻ ചെയ്യുന്നതാണ്. അതു കൊണ്ട് തന്നെ ഓട്ടോമാറ്റിക്കായി തീയതിയും സമയവും റിസൾട്ടിൽ പ്രിന്റ് ചെയ്തു വരും. രോഗിയെ പരിശോധിച്ച ഡോക്ടർ പറഞ്ഞത് ഇസിജി റിസൾട്ടിൽ പേര് എഴുതിച്ചേർക്കാറുണ്ട്; അത് പ്രിന്റൗട്ടിൽ വന്നില്ലെങ്കിൽ മാത്രം എന്നായിരുന്നു. അതുകൊണ്ടു തന്നെ രോഗിക്ക് നൽകിയത് വ്യാജ റിപ്പോർട്ടാണെന്ന് ഫോറം സ്ഥിരീകരിച്ചു.

പരാതിക്കാരിക്ക് ഇസിജി എടുത്തതിന് ഇടാക്കിയ 250 രൂപ മടക്കി നൽകുക, 10,000 രൂപ നഷ്ടപരിഹാരമായി നൽകുക, പരാതിക്കാരിയുടെ ഭർത്താവിന് 2500 രൂപ നഷ്ടപരിഹാരം നൽകുക എന്നീ നിർദേശങ്ങളാണ് ഫോറം നൽകിയത്. ഈ തുകയ്‌ക്കെല്ലാം വിധി ദിവസം മുതൽ 10 ശതമാനം പലിശയും നൽകേണ്ടതുണ്ട്. ഇനി മേലിൽ കൃത്യവും വ്യക്തമായ ബിൽ രോഗികൾക്ക് നൽകണമെന്നും ആശുപത്രി മാനേജ്‌മെന്റിനോട് കോടതി നിർദേശിച്ചു. മധ്യ തിരുവിതാംകൂറിൽ ഹൃദ്രോഗ ചികിൽസയ്ക്ക് ഏറ്റവും പ്രശസ്തമായ ആശുപത്രിയാണ് പരുമല കാർഡിയോളജി സെന്റർ. വിദേശത്തുനിന്നു പോലും രോഗികൾ ഇവിടെ ചികിൽസ തേടിയെത്തുന്നുണ്ട്. പത്മശ്രീ ഡോ. കെ.എം. ചെറിയാൻ എന്ന ഹൃദ്രോഗ വിദഗ്ധന്റെ പേരു കൊണ്ടു മാത്രമാണ് ഈ ആശുപത്രി പ്രശസ്തമായതും. അവിടെ നടന്ന ഈ തട്ടിപ്പ് മുഖ്യധാരാ മാദ്ധ്യമങ്ങൾ തമസ്‌കരിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP