Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

59 കോടി നൽകിയപ്പോൾ 39 കോടിയിൽ തീർത്ത പച്ചാളം മോഡൽ അവസാനിക്കുന്നില്ല; 108 കോടി അനുവദിച്ച ഇടപ്പള്ളി പാലം ശ്രീധരൻ തീർത്തത് 78 കോടിക്ക്; വാരികയ്ക്കുള്ളിൽ വച്ച് കോട്ടയത്തെ അച്ചായൻ നൽകിയ പണം തിരസ്‌കരിച്ചും വിവാഹ സമ്മാനം മടക്കി നൽകിയും തുടങ്ങിയ മെട്രോമാന്റെ ജൈത്രയാത്ര കൊച്ചിയെ ആവേശഭരിതമാക്കിയത് ഇങ്ങനെ

59 കോടി നൽകിയപ്പോൾ 39 കോടിയിൽ തീർത്ത പച്ചാളം മോഡൽ അവസാനിക്കുന്നില്ല; 108 കോടി അനുവദിച്ച ഇടപ്പള്ളി പാലം ശ്രീധരൻ തീർത്തത് 78 കോടിക്ക്; വാരികയ്ക്കുള്ളിൽ വച്ച് കോട്ടയത്തെ അച്ചായൻ നൽകിയ പണം തിരസ്‌കരിച്ചും വിവാഹ സമ്മാനം മടക്കി നൽകിയും തുടങ്ങിയ മെട്രോമാന്റെ ജൈത്രയാത്ര കൊച്ചിയെ ആവേശഭരിതമാക്കിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : കമ്മീഷൻ വ്യവസ്ഥയെ അംഗീകരിക്കാതെ അതിന് വഴങ്ങാതെ മുന്നേറുന്നതാണ് മെട്രോമാനെന്ന് ലോകം അംഗീകരിച്ച ഇ ശ്രീധരനെന്ന എഞ്ചിനിറയറുടെ കരുത്ത്. കൈക്കൂലി വേണ്ടെന്ന് വച്ചാൽ തന്നെ പാതി പ്രശ്‌നങ്ങൾ തീർന്നെന്ന് ശ്രീധരൻ പറഞ്ഞത് കേരളം ഈയിടെ കേട്ടതാണ്. വിവാഹ സമ്മാനമായി 15 പവൻ സ്വർണം എത്തിച്ചതും അതു മുഴുവൻ തിരികെ നൽകിയതും വ്യക്തമാക്കിയ ശ്രീധരൻ, കോട്ടയംകാരനായ കരാറുകാരൻ വാരികയ്ക്കുള്ളിൽ വച്ചു കൈക്കൂലി നൽകാൻ ശ്രമിച്ച സംഭവവും കേരളത്തിലെ സർക്കാർ എഞ്ചിനിയർമാർക്ക് വിശദീകരിച്ച് നൽകിയിരുന്നു. അച്ചടക്കം, ജോലിയോടുള്ള സ്‌നേഹം, ആത്മാർഥത, സമയക്ലിപ്തത, പ്രഫഷനൽ മികവ് എന്നിവയാണ് എൻജിനീയർമാർക്ക് അടിസ്ഥാനമായി വേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. വാക്കുകളിൽ മാത്രമല്ല പ്രവർത്തിയിലും ഇതെല്ലാം ഇപ്പോഴും നിലനിർത്തുകയാണ് എൺപതിന്റെ നിറവിലും മലയാളിയുടെ സ്വന്തം ശ്രീധരൻ. ഇടപള്ളി മേൽപ്പാലത്തിന്റെ വിജയകഥ ശ്രീധരന്റെ വികസന പ്രക്രിയയിലെ മറ്റൊരു പൊൻ തൂവലാണ്.

പച്ചാളം റെയിൽവേ പാലം നിർമ്മിക്കാൻ 59 കോടിയാണ് വകയിരുത്തിയത്. ഏവരും പ്രതീക്ഷിച്ചത് അത് പൂർത്തിയാകുമ്പോൾ ചെലവ് നൂറു കോടിയാകുമെന്നായിരുന്നു. എന്നാൽ എല്ലം കൂടി 39 കോടിക്ക് തീർത്ത് 20 കോടി ഖജനാവിന് തിരിച്ചു നിൽകി ഇ ശ്രീധരനെന്ന മെട്രോ മാൻ തന്റെ മികവ് ഒരിക്കൽ കൂടി വ്യക്തമാക്കി. കൊച്ചി മെട്രോ നിർമ്മാണത്തിനിടെ നടന്ന പച്ചാളം റെയിൽവേ മേൽപാലത്തിൽ സംഭവിച്ചത് അൽഭുതമല്ലെന്ന് തെളിയിക്കുകയാണ് ശ്രീധരൻ ഒരിക്കൽ കൂടി. ഇടപ്പള്ളി മേൽപ്പാല നിർമ്മാണത്തിലുമുണ്ട് ആർക്കും അവകാശപ്പെടാനാകാത്ത ഈ ശ്രീധരൻ ടച്ച്. ഇടപ്പള്ളി മേൽപാലത്തിനു 108 കോടി രൂപയുടെ ഭരണാനുമതിയാണു നൽകിയിരുന്നത്.എന്നാൽ 78 കോടി രൂപ മാത്രമാണു പദ്ധതിക്കു ചെലവായത്. അടിപ്പാത നിർമ്മിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആദ്യഘട്ടത്തിൽ സർക്കാർ ഉൾപ്പെടുത്തിയില്ല. ഇനിയിപ്പോൾ കാര്യങ്ങൾ എളുപ്പമായി. ശ്രീധരൻ ലാഭിച്ച് നൽകിയ 30 കോടിയിൽ അടിപാതയും ഒരുക്കാം.

പദ്ധതി തുകയുടെ ഇരട്ടി വാങ്ങി പാലങ്ങളും റോഡുകളും നിർമ്മിക്കുന്ന കരാറുകാരാണ് കേരളത്തിനുള്ളത്. പണി നീട്ടിക്കൊണ്ട് പോയും മറ്റും ഖജനാവ് കൊള്ളയടിക്കുന്നവർ. ഇവിടെ തടസ്സപ്പെടുന്നത് വികസനമാണ്. നാടിന്റെ മുതലാണ് കൊള്ളയടിക്കുന്നത്. ആർക്കും കമ്മീഷൻ നൽകാതെ വ്യക്തമായ പദ്ധതികളുമായി ശ്രീധരൻ നിർമ്മാണ മേൽനോട്ടം ഏറ്റെടുക്കുമ്പോൾ എല്ലാം മാറി മറിയും. അവിടെ പണികൾ കൃത്യമായി നടക്കും. പാഴ് ചെലവ് വരികയുമില്ല. അതുകൊണ്ട് തന്നെ പ്രതീക്ഷിക്കുന്നതിനേക്കാൾ കുറവിൽ പണി തീരും. അങ്ങനെ ഖജനാവിന് നേട്ടവുമാകും ജനങ്ങൾക്ക് വേഗത്തിൽ പദ്ധതി പൂർത്തിയാകുന്നതിന്റെ ആശ്വാസവുമാകും. ഇടപ്പള്ളി പാലത്തിന്റെ നിർമ്മാണ ചെലവിൽ മാത്രം 11 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞതു ഡിസൈന്റെ മികവാണെന്നു ഡിഎംആർസിയുടെ മുഖ്യ ഉപദേഷ്ടാവ് കൂടിയായ ഇ.ശ്രീധരൻ പറഞ്ഞു. മേൽപാലത്തിനൊപ്പം അടിപ്പാതയും ടോൾ ജംക്ഷനിൽ നിന്നു ദേശീയപാത ബൈപാസിലേക്ക് ഉയര പാതയും നിർമ്മിക്കാനുള്ള സൗകര്യം ഉൾക്കൊള്ളിച്ചാണു മേൽപാലത്തിന്റെ രൂപരേഖ. മേൽപ്പാലത്തിന്റെ നിർമ്മാണ ഉപകരാർ ഏറ്റെടുത്തത് എൽ ആൻഡ് ടി കമ്പനിയാണ്. 20 മാസം കൊണ്ടാണ് പാലം പൂർത്തിയാക്കിയത്

ഡിഎംആർസിയുടെ കൊച്ചി മെട്രോ റെയിൽ പ്രോജക്റ്റും പച്ചാളം മേൽപാല നിർമ്മാണവും ഇടപ്പള്ളി പാലവും വിജയം കൈവരിക്കുന്നത് കേരളത്തിന് ശരിക്കും പാഠമാകേണ്ടതാണ്. ഇവരുടെ തൊഴിൽ സംസംക്കാരം കേരളത്തിലെ മറ്റു വകുപ്പുകൾ മാതൃകയാക്കുകയാണ് വേണ്ടത്. കൊച്ചി മെട്രോയുടെ മുന്നൊരുക്കം എന്ന നിലയിലാണ് പച്ചാളം മേൽപ്പാലത്തിന്റെ നിർമ്മാണം ഡിഎംആർസിയെ ഏൽപ്പിച്ചത്. അന്ന് പാച്ചാളം മേൽപ്പാലത്തിനായി സർക്കാൻ അനുവദിച്ച 52 കോടി 70 ലക്ഷം രൂപ ആയിരുന്നു. എന്നാൽ മേൽപ്പാലത്തിന്റെ പണികൾ പൂർണമായും പൂർത്തിയായപ്പോൾ എസ്റ്റിമേറ്റ് തുകയേക്കാൾ 13 കോടി ബാക്കി സർക്കാരിനു ലാഭം ഉണ്ടാക്കി കൊടുത്തു. പൊതുവേ പൊതുമരാമത്ത് വകുപ്പിനേക്കാൾ ഉയർന്ന എസ്റ്റിമേറ്റായിരുന്നെങ്കിലും ഡിഎംആർസി അവരുടെ ഭാഗം ഭംഗിയായി നിർവഹിച്ചു. അനുവദിച്ച തുകയേക്കാൾ കുറവിൽ പണിയാൻ സാധിച്ച ഡിഎംആർസിയുടെ കഴിവിൽ കേരളം അഭിമാനം കൊണ്ടു. ഇടപ്പള്ളിയിൽ ലുലു മാൾ എത്തിയതോടെ ഗതാഗതം താറുമാറായി. എല്ലാം തകിടം മറിഞ്ഞു. ഇതിന് പരിഹാരം എത്തിക്കാനായിരുന്നു മേൽപ്പാല നിർമ്മാണം പദ്ധതിയായെത്തിയത്. നഗരത്തെ വീർപ്പ്മുട്ടിച്ച ഗതാഗത കുരുക്കിന് ആശ്വാസം പകർന്ന് ഇടപ്പള്ളി മേൽപ്പാലം നാടിന് സമർപ്പിക്കുമ്പോൾ അത് ശ്രീധരനെന്ന വ്യക്തിയുടെ നാടിനുള്ള സമർപ്പണമായി മാറുന്നു.

മെട്രോ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലെ പ്രധാന പ്രശ്‌നം ഇടപ്പള്ളി ജങ്ങ്ഷനിലെ മേൽപ്പാല നിർമ്മാണമായിരുന്നു. റയിൽമേൽപാലവും റോഡ് മേൽപ്പാലവും ഒരുമിച്ചുകൊണ്ടുപോകേണ്ടതുണ്ടായിരുന്നു. ഇവിടെ മറ്റ് മേൽപ്പാലത്തിന് സാധ്യതയുമില്ല. ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും ഇരു മേൽപ്പാലങ്ങളും യോജിപ്പിച്ച് നവീന സാങ്കേതിക വിദ്യയോടെയാണ് ഇപ്പോൾ പാലങ്ങൾ പൂർത്തിയാക്കിയതെന്നും ഇ ശ്രീധരൻ പറയുന്നു. റോഡ് മേൽപ്പാലം വന്നാലും ഇടപ്പള്ളിയിലെ ഗതാഗതകുരുക്ക് പൂർണമായും മാറില്ല. കൊടുങ്ങല്ലൂരിലേക്ക് പോകനായി ബൈപ്പാസ് നിർമ്മിക്കണം. ആലുവയിലേക്കും വൈറ്റിലയിലേക്കും യാത്രക്കാർക്ക് പോകാൻ എലിവേറ്റഡ് ഫ്‌ലൈ ഓവർ നിർമ്മിക്കാനായി പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇടപ്പള്ളി തോട് നവീകരണം പൂർത്തിയാക്കി ബോട്ടുകൾക്ക് കടന്നുപോകാനും സൗകര്യമൊരുക്കിയതായും ഇ ശ്രീധരൻ പറഞ്ഞു. ഇതൊക്കെ കേരളത്തിന്റെ വികസന ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഇടപ്പള്ളി മേൽപ്പാല നിർമ്മാണത്തിന്റെ ക്രെഡിറ്റ് മുഴുവൻ മെട്രോ മാനിലേക്ക് മാത്രമായി ചുരുങ്ങുന്നത്.

ആലുവഎറണാകുളം പാതയിൽ നിലവിലെ റോഡിന് മുകളിലും മെട്രോ റെയിൽ പാതയ്ക്ക് താഴെയുമായാണ് സമാന്തര പാലം വന്നത്.20 മാസം കൊണ്ടാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ ഉത്സാഹത്താൽ പാലം പൂർത്തിയായത്. 2013 മെയിൽ ഭരണാനുമതി ലഭിച്ചെങ്കിലും 2015 ജനവരിയിലാണ് നിർമ്മാണം തുടങ്ങിയത്. ഈ നിർമ്മാണത്തിന്റെ ഓരോ ഘട്ടവും ശ്രീധരൻ നേരിട്ട് വിലയിരുത്തിയിരുന്നു. ഡൽഹി ഭൂഗർഭത്തീവണ്ടിപ്പാത പുറമേ കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത , കൊങ്കൺ തീവണ്ടിപ്പാത , തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി. ഇവിടെയെല്ലാം രാജ്യം കണ്ടത് പറയുന്നത് കൃത്യ സമയത്ത് ചെയ്യുന്ന ശ്രീധരനെയാണ്. അതു തന്നെയാണ് കേരളത്തിലെ കർമ്മ പദ്ധതികളിലും ഈ പാലക്കാട്ടുകാരൻ യാഥാർത്ഥ്യമാക്കുന്നത്.

പാലക്കാട് ബി.ഇ.എം ഹൈ സ്‌കൂളിൽ പഠിക്കുമ്പോൾ ഇന്ത്യയുടെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എൻ. ശേഷൻ ഇദ്ദേഹത്തിന്റെ സഹപാഠി ആയിരുന്നു.സ്‌കൂൾ പഠനത്തിനു ശേഷം പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ നിന്നും ബിരുദവും, ഇന്നത്തെ ജെ.എൻ.ടി.യു ആയ ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജ്, കകിനാദയിൽ നിന്നും എഞ്ചിനീയറിങ്ങ് ബിരുദവും നേടി. കോഴിക്കോട് പോളിടെക്‌നികിലെ ഒരു ചെറിയ കാലത്തെ അദ്ധ്യാപക വൃത്തിക്കു ശേഷം, ബോംബെ പോർട്ട് ട്രസ്റ്റിൽ അപ്രന്റീസ് ആയി ജോലി ചെയ്തു. അതിനു ശേഷം ഇന്ത്യൻ റെയിൽവേസിൽ ഒരു സർവ്വീസ് എഞ്ചിനീയറായി ജോലി ആരംഭിച്ചു. ആദ്യത്തെ ജോലി 1954ൽ സതേൺ റെയിൽവേസിൽ പ്രൊബേഷണൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയിരുന്നു. പിന്നീട് ഏറ്റെടുത്ത ഉത്തരവാദിത്തമെല്ലാം ഭംഗിയായ നിർവ്വഹിച്ച് ഇന്ത്യയുടെ മെട്രോ മാനായി ശ്രീധരൻ വളർന്നു.

അടുത്ത വർഷം കൊച്ചി മെട്രോ പൂർത്തിയാകും. പിന്നാലെ തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും ലൈറ്റ് മെട്രോ പദ്ധതികളും. എൺപതിന്റെ നിറവിലും തിരക്കിൽ തന്നെയാണ് ശ്രീധരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP