Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗമിനി ജെയിനിന്റെയും രവീന്ദ്രനാഥിന്റെയും പിന്നിലായി ഒരു തല കാണുന്നില്ലേ? മുൻനിര കഥാപാത്രങ്ങളെല്ലാം കാലാന്തരത്തിൽ വിസ്മൃതിയിലായാലും മെട്രോമാൻ ജനമനസ്സുകളിൽ സൂര്യതേജസ്സോടെ ഉണ്ടാകും; ഇടപ്പള്ളി മേൽപ്പാല ഉദ്ഘാടനത്തിലെ ഔചിത്യബോധമില്ലായ്മയിൽ ശ്രീധരനോട് മാപ്പ് പറഞ്ഞ് സോഷ്യൽ മീഡിയ

സൗമിനി ജെയിനിന്റെയും രവീന്ദ്രനാഥിന്റെയും പിന്നിലായി ഒരു തല കാണുന്നില്ലേ? മുൻനിര കഥാപാത്രങ്ങളെല്ലാം കാലാന്തരത്തിൽ വിസ്മൃതിയിലായാലും മെട്രോമാൻ ജനമനസ്സുകളിൽ സൂര്യതേജസ്സോടെ ഉണ്ടാകും; ഇടപ്പള്ളി മേൽപ്പാല ഉദ്ഘാടനത്തിലെ ഔചിത്യബോധമില്ലായ്മയിൽ ശ്രീധരനോട് മാപ്പ് പറഞ്ഞ് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മെട്രോമാൻ ശ്രീധരനോട് ചെയ്തത് ശരിയോ? ഫോട്ടോയിൽ പടം വരാനുള്ള തിക്കിലും തിരിക്കിലും പലരും ഒഴിവാക്കപ്പെടാറുണ്ട്. എന്നാൽ ശ്രീധരനെ പോലൊരു വ്യക്തിയോട് ഇത് കാട്ടിയത് ശരിയോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. കൊച്ചിയിലെ ഇടപ്പള്ളി ജങ്ഷനിലെ മേൽപ്പാത ഉദ്ഘാടനം നടന്ന മുൻനിരയിൽ പതിവ് പോലെ രാഷ്ട്രീയക്കാർ. പിൻ നിരയിലായിരുന്നു ഏവരും അംഗീകരിക്കേണ്ട മാതൃക തീർത്ത ശ്രീധരൻ. യഥാർത്ഥത്തിൽ ഈ മേൽപ്പാലത്തിന്റെ നാട മുറിക്കേണ്ടിയിരുന്നത് ശ്രീധരനായിരുന്നില്ലേ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ സജീവമാക്കുന്നത്. നാട മുറിക്കലിന്റെ പടം സഹിതമാണ് വിമർശനം സജീവമാക്കുന്നത്.

കൊച്ചിയിലെ ഇടപ്പള്ളി ജങ്ഷനിലെ മേൽപ്പാത ഉദ്ഘാടനം നടന്ന ഇന്നലെ മുൻനിരയിൽ നിരന്ന രാഷ്ട്രീയക്കാരുടെ പിന്നിൽ, നഗര മാതാവ് ശ്രീമതി സൗമിനി ജെയിനിന്റെയും മന്ത്രി ശ്രീ.രവീന്ദ്രനാഥിന്റെയും പിന്നിലായി ഒരു തല കാണുന്നില്ലേ? അതാണ് 100 കോടി രൂപ എസ്റ്റിമേറ്റുണ്ടായിരുന്നിട്ടും 78 കോടി രൂപയ്ക്ക് ഈ ഓവർബ്രിഡ്ജിന്റെ നിർമ്മാണം സാദ്ധ്യമാക്കിയ ശ്രീ.ശ്രീധരൻ. അദ്ദേഹത്തെ മുൻനിരയിലേക്ക് ക്ഷണിക്കാനുള്ള മര്യാദയും ഔചിത്യബോധവും ആരും കാണിച്ചില്ല. മാപ്പ്.-എന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം. രാഷ്ട്രീയ നേതൃത്വത്തിന് തെറ്റിയ പിഴവിന് ശ്രീധരനെ സ്‌നേഹിക്കുന്ന മലയാളികൾ മാപ്പുപറയുകയാണ്.

ഈ മുൻനിര കഥാപാത്രങ്ങളെല്ലാം കാലാന്തരത്തിൽ വിസ്മൃതിയിൽ ലയിച്ചാലും പാമ്പൻ പാലവും കൊങ്കൺ റെയിൽ പാതയും ഡൽഹി മെട്രോയും കൊൽക്കത്ത മെട്രോയും യാഥാർത്ഥ്യമാക്കിയ, കൊച്ചി നഗരത്തിൽ മെട്രോ ട്രെയിൻ ഓടിക്കാൻ പാളം ഒരുക്കുന്ന, പച്ചാളത്തെ മേൽപ്പാലത്തിന് അനുവദിച്ച 52 കോടി രൂപയിൽനിന്ന് നിർമ്മാണം കഴിഞ്ഞു ബാക്കിവന്ന 13 കോടി സർക്കാരിലേക്ക് തിരിച്ചുകൊടുത്ത, കൊച്ചി കപ്പൽ നിർമ്മാണശാലയെ ഉന്നതങ്ങളിലെത്തിച്ച അതിന്റെ മുൻ ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ, 'ഇന്ത്യയുടെ മെട്രോമാൻ'' പത്മവിഭൂഷൺ ഡോ.ഇ.ശ്രീധരൻ എന്നും ജനമനസ്സുകളിൽ സൂര്യതേജസ്സോടെ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയ വിശദീകരിക്കുന്നത്. അംഗീകരിക്കപ്പെടേണ്ടവരെ ഇത്തരത്തിൽ ഫോട്ടോയിൽ വരാനായി മാറ്റി നിർത്താമോ എന്ന ചോദ്യമാണ് സജീവമാകുന്നത്.

നാട മുറിക്കലിന് ശേഷം നടന്ന സമ്മേളനത്തിൽ ശ്രീധരനെ സ്വാഗത പ്രാസംഗികനായി മാറ്റുകയും ചെയ്തിരുന്നു. പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ച പ്രതിഭയെ ഇങ്ങനെ ചെറുതാക്കണമോ എന്ന ചോദ്യവും സജീവമാണ്. എങ്കിലും വേദിയിൽ ശ്രീധരന് പ്രസംഗിക്കാൻ അവസരം നൽകിയതിനെ ഓർത്ത് ആശ്വസിക്കുകയാണ് സോഷ്യൽ മീഡിയ. കൊച്ചി മെട്രോ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലെ പ്രധാന പ്രശ്‌നം ഇടപ്പള്ളി ജങ്ങ്ഷനിലെ മേൽപ്പാല നിർമ്മാണമായിരുന്നുവെന്ന് യോഗത്തിൽ ശ്രീധരൻ വിശദീകരിച്ചിരുന്നു. റയിൽമേൽപാലവും റോഡ് മേൽപ്പാലവും ഒരുമിച്ചുകൊണ്ടുപോകേണ്ടതുണ്ടായിരുന്നു. ഇവിടെ മറ്റ് മേൽപ്പാലത്തിന് സാധ്യതയുമില്ല. ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും ഇരു മേൽപ്പാലങ്ങളും യോജിപ്പിച്ച് നവീന സാങ്കേതിക വിദ്യയോടെയാണ് ഇപ്പോൾ പാലങ്ങൾ പൂർത്തിയാക്കിയതെന്നും ഇ ശ്രീധരൻ പറഞ്ഞു.

റോഡ് മേൽപ്പാലം വന്നാലും ഇടപ്പള്ളിയിലെ ഗതാഗതകുരുക്ക് പൂർണമായും മാറില്ല. കൊടുങ്ങല്ലൂരിലേക്ക് പോകനായി ബൈപ്പാസ് നിർമ്മിക്കണം. ആലുവയിലേക്കും വൈറ്റിലയിലേക്കും യാത്രക്കാർക്ക് പോകാൻ എലിവേറ്റഡ് ഫ്‌ലൈ ഓവർ നിർമ്മിക്കാനായി പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇടപ്പള്ളി തോട് നവീകരണം പൂർത്തിയാക്കി ബോട്ടുകൾക്ക് കടന്നുപോകാനും സൗകര്യമൊരുക്കിയതായും ഇ ശ്രീധരൻ വിശദീകരിച്ചു. അങ്ങനെ വികസനത്തിന് എന്താണ് വേണ്ടതെന്ന് അറിയാവുന്ന വ്യക്തിയാണ് ശ്രീധരൻ. ഇത്തരം പ്രതിഭകളെ അംഗീകരിച്ച് മുന്നിൽ നിർത്തേണ്ടതിന് പകരം വോട്ട് രാഷ്ട്രീയം ലക്ഷ്യമിട്ട് പിന്നിലേക്ക് അകറ്റി മാറ്റുന്നത് ശരിയോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ സജീവമാക്കുന്നത്.

എംഎൽഎമാരായ വി കെ ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡൻ, മേയർ സൗമിനി ജെയ്ൻ, കളമശേരി നഗരസഭ ചെയർപേഴ്‌സൺ ജെസി പീറ്റർ, കൗൺസിലർമാരായ ബിന്ദു മനോഹരൻ, മാർട്ടിൻ തായങ്കരി, വിജയകുമാർ, ഡിഎംആർസി പ്രൊജക്ട് ഡയറക്ടർ ഡാനി തോമസ് എന്നിവരും പൊതുമരാമത്ത് വകുപ്പ്, ഡിഎംആർസി, കെഎംആർഎൽ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഗതാഗതത്തിന് തുറന്നു കൊടുത്ത മേൽപ്പാലത്തിലൂടെ മന്ത്രി സി രവീന്ദ്രനാഥ്, ഇ ശ്രീധരൻ എന്നിവർ നടന്നു. ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിനാളുകളുമെത്തിയിരുന്നു. മേൽപ്പാലത്തിന്റെ നിർമ്മാണ ഉപകരാർ ഏറ്റെടുത്തത് എൽ ആൻഡ് ടി കമ്പനിയാണ്. 20 മാസം കൊണ്ടാണ് പാലം പൂർത്തിയാക്കിയത്. ഇടപള്ളി മേൽപ്പാലത്തിന്റെ വിജയകഥ ശ്രീധരന്റെ വികസന പ്രക്രിയയിലെ മറ്റൊരു പൊൻ തൂവലായാണ് വിലയിരുത്തുന്നത്.

ഇതിന് മുമ്പും കൊച്ചിയിൽ ശ്രീധരൻ മാജിക്ക് കണ്ടിരുന്നു. പച്ചാളം റെയിൽവേ പാലം നിർമ്മിക്കാൻ 59 കോടിയാണ് വകയിരുത്തിയത്. ഏവരും പ്രതീക്ഷിച്ചത് അത് പൂർത്തിയാകുമ്പോൾ ചെലവ് നൂറു കോടിയാകുമെന്നായിരുന്നു. എന്നാൽ എല്ലം കൂടി 39 കോടിക്ക് തീർത്ത് 20 കോടി ഖജനാവിന് തിരിച്ചു നിൽകി ഇ ശ്രീധരനെന്ന മെട്രോ മാൻ തന്റെ മികവ് ഒരിക്കൽ കൂടി വ്യക്തമാക്കി. കൊച്ചി മെട്രോ നിർമ്മാണത്തിനിടെ നടന്ന പച്ചാളം റെയിൽവേ മേൽപാലത്തിൽ സംഭവിച്ചത് അൽഭുതമല്ലെന്ന് തെളിയിക്കുകയാണ് ഇടപ്പള്ളിയിൽ ശ്രീധരൻ ഒരിക്കൽ കൂടി. ഇടപ്പള്ളി മേൽപ്പാല നിർമ്മാണത്തിലുമുണ്ട് ആർക്കും അവകാശപ്പെടാനാകാത്ത ഈ ശ്രീധരൻ ടച്ച്. ഇടപ്പള്ളി മേൽപാലത്തിനു 108 കോടി രൂപയുടെ ഭരണാനുമതിയാണു നൽകിയിരുന്നത്.എന്നാൽ 78 കോടി രൂപ മാത്രമാണു പദ്ധതിക്കു ചെലവായത്. അടിപ്പാത നിർമ്മിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആദ്യഘട്ടത്തിൽ സർക്കാർ ഉൾപ്പെടുത്തിയില്ല. ഇനിയിപ്പോൾ കാര്യങ്ങൾ എളുപ്പമായി. ശ്രീധരൻ ലാഭിച്ച് നൽകിയ 30 കോടിയിൽ അടിപാതയും ഒരുക്കാം.

ഡിഎംആർസിയുടെ കൊച്ചി മെട്രോ റെയിൽ പ്രോജക്റ്റും പച്ചാളം മേൽപാല നിർമ്മാണവും ഇടപ്പള്ളി പാലവും വിജയം കൈവരിക്കുന്നത് കേരളത്തിന് ശരിക്കും പാഠമാകേണ്ടതാണ്. ഇവരുടെ തൊഴിൽ സംസംക്കാരം കേരളത്തിലെ മറ്റു വകുപ്പുകൾ മാതൃകയാക്കുകയാണ് വേണ്ടത്. കൊച്ചി മെട്രോയുടെ മുന്നൊരുക്കം എന്ന നിലയിലാണ് പച്ചാളം മേൽപ്പാലത്തിന്റെ നിർമ്മാണം ഡിഎംആർസിയെ ഏൽപ്പിച്ചത്. അന്ന് പാച്ചാളം മേൽപ്പാലത്തിനായി സർക്കാൻ അനുവദിച്ച 52 കോടി 70 ലക്ഷം രൂപ ആയിരുന്നു. എന്നാൽ മേൽപ്പാലത്തിന്റെ പണികൾ പൂർണമായും പൂർത്തിയായപ്പോൾ എസ്റ്റിമേറ്റ് തുകയേക്കാൾ 13 കോടി ബാക്കി സർക്കാരിനു ലാഭം ഉണ്ടാക്കി കൊടുത്തു. പൊതുവേ പൊതുമരാമത്ത് വകുപ്പിനേക്കാൾ ഉയർന്ന എസ്റ്റിമേറ്റായിരുന്നെങ്കിലും ഡിഎംആർസി അവരുടെ ഭാഗം ഭംഗിയായി നിർവഹിച്ചു. അനുവദിച്ച തുകയേക്കാൾ കുറവിൽ പണിയാൻ സാധിച്ച ഡിഎംആർസിയുടെ കഴിവിൽ കേരളം അഭിമാനം കൊണ്ടു. ഇടപ്പള്ളിയിൽ ലുലു മാൾ എത്തിയതോടെ ഗതാഗതം താറുമാറായി. എല്ലാം തകിടം മറിഞ്ഞു. ഇതിന് പരിഹാരം എത്തിക്കാനായിരുന്നു മേൽപ്പാല നിർമ്മാണം പദ്ധതിയായെത്തിയത്. നഗരത്തെ വീർപ്പ്മുട്ടിച്ച ഗതാഗത കുരുക്കിന് ആശ്വാസം പകർന്ന് ഇടപ്പള്ളി മേൽപ്പാലം നാടിന് സമർപ്പിക്കുമ്പോൾ അത് ശ്രീധരനെന്ന വ്യക്തിയുടെ നാടിനുള്ള സമർപ്പണമായി മാറുന്നു.

ആലുവ-എറണാകുളം പാതയിൽ നിലവിലെ റോഡിന് മുകളിലും മെട്രോ റെയിൽ പാതയ്ക്ക് താഴെയുമായാണ് സമാന്തര പാലം വന്നത്.20 മാസം കൊണ്ടാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ ഉത്സാഹത്താൽ പാലം പൂർത്തിയായത്. 2013 മെയിൽ ഭരണാനുമതി ലഭിച്ചെങ്കിലും 2015 ജനവരിയിലാണ് നിർമ്മാണം തുടങ്ങിയത്. ഈ നിർമ്മാണത്തിന്റെ ഓരോ ഘട്ടവും ശ്രീധരൻ നേരിട്ട് വിലയിരുത്തിയിരുന്നു. ഡൽഹി ഭൂഗർഭത്തീവണ്ടിപ്പാത പുറമേ കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത , കൊങ്കൺ തീവണ്ടിപ്പാത , തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി. ഇവിടെയെല്ലാം രാജ്യം കണ്ടത് പറയുന്നത് കൃത്യ സമയത്ത് ചെയ്യുന്ന ശ്രീധരനെയാണ്. അതു തന്നെയാണ് കേരളത്തിലെ കർമ്മ പദ്ധതികളിലും ഈ പാലക്കാട്ടുകാരൻ യാഥാർത്ഥ്യമാക്കുന്നത്. അതിനുള്ള അംഗീകാരം ഇടപ്പള്ളിയിലെ ചടങ്ങിൽ ശ്രീധരന് കിട്ടിയില്ലെന്നാണ് വിമർശനം.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP