Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയെയും മകളെയും ബന്ധുക്കൾ ഒറ്റപ്പെടുത്തിയത് സ്വത്തിന്റെ പേരിൽ; ഐസിയുവിലുള്ള ശ്രുതി ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറല്ല; എടപ്പാളിൽ ഭക്ഷണം കിട്ടാതെ മരിച്ച ശോഭനയുടേത് കുടുംബക്കാരുടെ അനാസ്ഥയുടെ ബാക്കി പത്രം

അമ്മയെയും മകളെയും ബന്ധുക്കൾ ഒറ്റപ്പെടുത്തിയത് സ്വത്തിന്റെ പേരിൽ; ഐസിയുവിലുള്ള ശ്രുതി ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറല്ല; എടപ്പാളിൽ ഭക്ഷണം കിട്ടാതെ മരിച്ച ശോഭനയുടേത് കുടുംബക്കാരുടെ അനാസ്ഥയുടെ ബാക്കി പത്രം

എം പി റാഫി

മലപ്പുറം: എടപ്പാളിൽ ഭക്ഷണം കിട്ടാതെ മരിച്ച മതിലകത്ത് കുന്നത്താട്ടിൽ ശോഭന(55)യുടെ ദാരുണ മരണത്തിന് കാരണം സ്വത്ത് മോഹത്തെ തുടർന്നുള്ള തർക്കങ്ങൾ. അമ്മ മരിച്ചതറിയാതെ മകൾ ശ്രുതി (25) എടപ്പാളിലെ ഗോപിനാഥൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യനില മോശമായതിനെ തുടർന്ന് ശ്രുതിയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. വട്ടംകുളം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ റാബിയ വിശേഷമറിയാൻ എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.

ഉറുമ്പ് അരിച്ച നിലയിലും മുഖത്ത് ഇഴജന്തുക്കളുടെ കടിയേറ്റ നിലയിലുമായിരുന്നു മൃതദേഹം. കൂടാതെ മരിച്ചിട്ടു ദിവസങ്ങൾ പിന്നിട്ടതിനാൽ മൃതദേഹത്തിൽ നിന്നും ദുർഗന്ധം വമിച്ചിരുന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവം ഇത്രമേൽ അപകടത്തിലെത്തിച്ചത് ബന്ധുക്കളുടെ അനാസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു. ശോഭനക്ക് രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ടെങ്കിലും ഇവരാരും തിരിഞ്ഞു നോക്കിയിരുന്നില്ലത്രെ. വീടിനു സമീപത്ത് സഹോദരങ്ങളുടെയും ബന്ധുക്കളുടെയും വീടുകളുണ്ട്. എന്നാൽ ഇവരാരും ചികിത്സിക്കാനോ വിശേഷങ്ങൾ തിരക്കാനോ തയ്യാറായിരുന്നില്ല.

ധനലക്ഷ്മി ബാങ്ക് റിട്ടയേഡ് മാനേജർ ശങ്കരനുണ്ണി, റിട്ടയേഡ് മെഡിമിക്‌സ് ജീവനക്കാരൻ ശ്രീകുമാർ , സാവിത്രി ( ബറോഡ ), ലത (കോഴിക്കോട്) എന്നിവരാണ് സഹോദരങ്ങൾ. ഭർത്താവ് നേരത്തെ ഉപേക്ഷിച്ച ശോഭനയ്ക്ക് ബന്ധുക്കളുടെ പരിചരണം ലഭിച്ചിരുന്നില്ല. വലിയ തറവാട്ടുകാരും സ്വത്തിന് ഉടമകളുമായിരുന്നു മരണപ്പെട്ട ശോഭനയും കുടുംബവും. സ്വത്തു സംബന്ധമായ പ്രശ്‌നത്തിന്റെ പേരിലായിരുന്നു ബന്ധുക്കൾ ഇവരുമായി അകന്നതെന്ന് നാട്ടുകാർ പറയുന്നു. ഇവരുടെ സ്വത്തുക്കൾ പലതും തട്ടിയെടുത്തതായും ശോഭന പലരോടും പറഞ്ഞിരുന്നു. ഇതു കാരണം ബന്ധുക്കളെ കാണാൻ പോലും കൂട്ടാക്കിയിരുന്നില്ല.

മകൾ ശ്രുത്രിയെ ഏറ്റെടുക്കാൻ ഇപ്പോഴും ശോഭനയുടെ സഹോദരങ്ങൾ തയ്യാറാവുന്നില്ലെന്ന് പഞ്ചായത്ത് മെമ്പർ റാബിയ പറയുന്നു. മാത്രമല്ല, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രുതിക്ക് കൂട്ടിരിക്കാൻ പോലും ബന്ധുക്കൾക്ക് മനസുണ്ടായില്ല. ബറോഡയിലുള്ള സഹോദരി കൂടി എത്താൻ കാത്തിരിക്കുകയാണിപ്പോൾ. ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ തവനൂരിലെ മഹിളാ മന്ദിരത്തിലോ മലപ്പുറത്തെ ആശാകേന്ദ്രത്തിലോ താമസിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

ഡിഗ്രി വരെ പഠിച്ച ശ്രുതിയെ മാനസികാസ്വാസ്ഥ്യങ്ങളിലേക്ക് തള്ളിയിട്ടത് ജീവിതസാഹചര്യങ്ങളായിരുന്നു. നല്ല ചികിത്സ നൽകിയാൽ ഭേദമാകുന്ന മാനസിക, ശാരീരിക പ്രശ്‌നങ്ങൾ മാത്രമാണ് ശ്രുതിക്കുള്ളത്. എന്നാൽ ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറല്ല. റാബിയയുടെ ക്യത്യമായ ഇടപെടലായിരുന്നു ശ്രുതിയുടെ ജീവൻ രക്ഷിക്കാൻ ഇടയാക്കിയത്

സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരിൽനിന്നുമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഇന്ന് സന്ദർശിക്കുമെന്നും ഈ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് ആവശ്യമായ ഇടപെടൽ നടത്തുമെന്നും ജില്ലാ കളക്ടർ എ ഷൈന മോൾ മറുനാടൻ മലയാളിയോട് പറഞ്ഞു. മകളുടെ ചികിത്സക്കു വേണ്ട നടപടികൾക്കായി ഹെൽത്ത് ഇൻസ്‌പെക്ടർക്ക് നിർദ്ദേശം നൽകിയതായി ഡി.എം.ഒ ഉമറുൽ ഫാറൂഖ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP