Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടുക്കി, ഇടമലയാർ, ശബരിഗിരി ഡാമുകൾ അതിവേഗത്തിൽ വരളുന്നു: പതിവു വേനൽക്കാലം രണ്ടുമാസം അകലെ നിൽക്കേ ഗ്രാമങ്ങളിലും കിണറുകൾ വറ്റിത്തുടങ്ങി; നദികളിൽ പമ്പിങ്ങിനുള്ള വെള്ളമില്ല; കേരളം അനുഭവിക്കാൻ പോകുന്നത് ചരിത്രത്തിലെ വലിയ പ്രതിസന്ധി

ഇടുക്കി, ഇടമലയാർ, ശബരിഗിരി ഡാമുകൾ അതിവേഗത്തിൽ വരളുന്നു: പതിവു വേനൽക്കാലം രണ്ടുമാസം അകലെ നിൽക്കേ ഗ്രാമങ്ങളിലും കിണറുകൾ വറ്റിത്തുടങ്ങി; നദികളിൽ പമ്പിങ്ങിനുള്ള വെള്ളമില്ല; കേരളം അനുഭവിക്കാൻ പോകുന്നത് ചരിത്രത്തിലെ വലിയ പ്രതിസന്ധി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഇന്ത്യയുടെ കാലാവസ്ഥാ കലണ്ടർ അനുസരിച്ച് കേരളത്തിൽ വേനൽക്കാലം എന്നു പറയുന്നത് ഏപ്രിൽ, മെയ്‌ മാസങ്ങളാണ്. എന്നാൽ പ്രകൃതി തന്നെ 'പുതുക്കിയ' കലണ്ടർ പ്രകാരം കൊടുംവേനൽ കഴിഞ്ഞ മാസം തുടങ്ങി. ഇനിയുള്ള അഞ്ചുമാസം കൊണ്ട് ഇതു പരകോടിയിലെത്തും.

രാജസ്ഥാൻ മരുഭൂമി പോലെ കേരളവും തരിശായി മാറുമോ എന്ന ആശങ്കയ്ക്ക് ഇടനൽകി ജലസ്രോതസുകൾ അതിവേഗം വറ്റി വരളുകയാണ്. ശുദ്ധജലം സുലഭമായ ഗ്രാമങ്ങളിൽ പോലും കിണറുകൾ വറ്റിത്തുടങ്ങി. സംസ്ഥാനത്തിന്റെ വൈദ്യുതി ഉൽപാദനത്തിലും ജലസേചനത്തിലും നിർണായക പങ്കു വഹിക്കുന്ന ഡാമുകളിലെല്ലാം അതിവേഗം ജലനിരപ്പ് താഴുന്നു. വൈദ്യുതി ഉൽപാദിപ്പിക്കാനുള്ളതു പോയിട്ട് കുടിക്കാൻ പോലും വെള്ളംകിട്ടാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എൽനിനോ പ്രതിഭാസമാണ് കൊടുംവരൾച്ചയ്ക്ക് കാരണമെന്ന് ശാസ്ത്രജ്ഞന്മാർ പറയുമ്പോൾ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്.

ഡാമുകളുടെ സംഭരണ ശേഷിയും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അളവിലാണ്. ആകെയുള്ളത് 44 ശതമാനം വെള്ളം മാത്രം. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അളവാണിത്.1900 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ജലം അണക്കെട്ടുകളിൽ ബാക്കിയുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസം ഉണ്ടായിരുന്ന വെള്ളം 2741 ദശലക്ഷം യൂണിറ്റിനു തികയുമായിരുന്നു. ഇടുക്കി പദ്ധതിയിൽ 36 ശതമാനം മാത്രമാണ് ഇപ്പോൾ ബാക്കി. ഇതുപയോഗിച്ച് 842 ദശലക്ഷം യൂണിറ്റ് ഉല്പാദിപ്പിക്കാം. ഇടമലയാർ അണക്കെട്ടിൽ പതിനാലു ശതമാനവും കുണ്ടളയിൽ പന്ത്രണ്ടും മാട്ടുപ്പെട്ടിയിൽ 22 ശതമാനവുമാണ് ജലനിരപ്പ്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയായ ശബരിഗിരിയുടെ സംഭരണികളിൽ ജലനിരപ്പ് ആശങ്കാജനകമാണ്. നീരൊഴുക്കുകൾ നിലച്ചു തുടങ്ങി.

കക്കി-ആനത്തോട് അണക്കെട്ടിൽ ജലനിരപ്പ് 966.74 മീറ്ററാണ്. പമ്പാ അണക്കെട്ടിൽ 966.75. ശേഷിയുടെ 51 ശതമാനമാണിത്. ഇത് 465 ദശലക്ഷം യൂണിറ്റിനു തികയും. മൂഴിയാറിലെ ശബരിഗിരി പവർഹൗസ് ഇപ്പോൾ തന്നെ പൂർണശേഷിയിൽ പ്രവർത്തിപ്പിക്കുന്നില്ല. വാർഷിക അറ്റകുറ്റപണികൾക്കായി ആറാം നമ്പർ ജനറേറ്റർ ഷട്ട്ഡൗൺ ചെയ്തിരിക്കുകയാണ്. ശബരിഗിരി പദ്ധതിയിൽ ഉൽപാദനം കുറയുന്നത് ഇതിൽനിന്നു പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ചു പ്രവർത്തിക്കുന്ന കക്കാട് (50 മെഗാവാട്ട്), അള്ളുങ്കൽ ഇ.ഡി.സി.എൽ (ഏഴ് മെഗാവാട്ട്), കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക് (15 മെഗാവാട്ട്), മണിയാർ കാർബോറാണ്ടം (12 മെഗാവാട്ട്), പെരുനാട് (ആറ് മെഗാവാട്ട്) എന്നീ ജലവൈദ്യുതി നിലയങ്ങളെ ബാധിക്കും.

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ മഴമേഖലയിൽ ശക്തമായ മഴ ലഭിച്ചത് ജൂൺ 11 നാണ്. പമ്പയിൽ 22 മില്ലി മീറ്ററും കക്കിയിൽ 20 മില്ലി മീറ്റർ മഴയും അന്നു ലഭിച്ചു. 7.30 ദശലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തി. പിന്നെ മഴ കുറയുകയും തുലാവർഷം ചതിക്കുകയും ചെയ്തു. ഏപ്രിൽ, മെയ്‌ മാസങ്ങളിലെ കടുത്ത വേനലിനെ ഏറെ കഷ്ടപ്പെട്ടാണ് വൈദ്യുതി ബോർഡ് അതിജീവിച്ചത്. ആദ്യവാരത്തോടെ സാധാരണയിൽ കൂടുതൽ കാലവർഷം ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളുടെ പ്രവചനങ്ങൾ മുഖവിലയ്‌ക്കെടുത്ത കെ.എസ്.ഇ.ബി കരുതൽ ജലസംഭരണത്തിൽ വരെ കൈവച്ചിരുന്നു. എന്നാൽ കാലവർഷം പ്രവചനങ്ങളുടെ അടുത്തുപോലും എത്തിയില്ല. ജൂൺ മാസത്തിൽ പല ദിവസങ്ങളിലും താഴ്‌വരകളിൽ കനത്ത മഴ ലഭിച്ചിരുന്നെങ്കിലും പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ദുർബലമായിരുന്നു. ഏറ്റവും വലിയ സംഭരണിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ 25 അടി കുറവായിരുന്നു ജൂലൈ ആദ്യം. ജൂണിൽ 62.8 മി.മീറ്റർ മഴ മാത്രമാണ്.

ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് പെയ്തത്. നാലു ദിവസം മാത്രമാണ് അഞ്ച് മി.മീറ്ററിന് മുകളിൽ മഴ ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് ലഭിച്ചത്. 2324.18 അടിയായിരുന്നു ജൂലൈ മൂന്നിന് ഇടുക്കിയിലെ ജലനിരപ്പ്. അത് സംഭരണശേഷിയുടെ 26 ശതമാനമായിരുന്നു. മുൻ വർഷങ്ങളിൽ ജൂലൈയിൽ ഇടുക്കി അണക്കെട്ടു പകുതി നിറയുമായിരുന്നു. തുലാമഴ കൂടുതൽ പെയ്തിരുന്നെങ്കിൽ കാലവർഷത്തിന്റെ കുറവ് അതിൽ പരിഹരിക്കുമായിരുന്നു. ഒകേ്ടാബർ ഒന്നു മുതൽ നവംബർ 23 വരെ കേരളത്തിൽ 62 ശതമാനം മഴയാണ് കുറഞ്ഞത്. കിട്ടിയത് 162 മി.മി. ശരാശരി 427.9 മി.മി ലഭിക്കേണ്ട സ്ഥാനത്താണിത്. 3158 ദശലക്ഷം യുണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള വെള്ളമാണ് ഈ വർഷം അണക്കെട്ടുകളിൽ ആകെ ഒഴുകി എത്തിയത്.

സംസ്ഥാനത്ത് മറ്റ് ഊർജമേഖലകളേക്കാൾ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് ജലവൈദ്യുതിയാണ്. ഉയർന്ന ഉൽപ്പാദന ചെലവായതിനാൽ 1.09 ദശലക്ഷം യൂണിറ്റു മാത്രമേ താപവൈദ്യുത നിലയങ്ങളിൽ ഇപ്പോൾ ഓരോ ദിവസവും ഉൽപ്പാദിപ്പിക്കുന്നുള്ളൂ. സൗരോർജത്തിൽ നിന്നും 0.0596 ദശലക്ഷം മാത്രമാണ് ലഭിക്കുന്നത്. കാറ്റിൽ നിന്ന് 0.0021 ദശലക്ഷമാണ് ഉൽപ്പാദനം. ബാക്കി ഓരോ ദിവസവും ആവശ്യമായ വൈദ്യുതി കേരളത്തിന് പുറത്തുള്ള വ്യാപാരികളിൽ നിന്നും വാങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP