Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആനകളുടെ പരക്കം പാച്ചിലിലും ചിന്നംവിളിയിലും ഭയന്നു വിറച്ചു കുട്ടികൾ ഉറങ്ങിയിട്ടു മാസങ്ങളായി; കാടിനു നടുവിലുള്ള ട്രൈബൽ ഹോസ്റ്റലിലുള്ളത് 52 കൂട്ടികൾ; ഇടമലയാറിൽ ദുരന്തം കൈയെത്തും ദൂരത്തെന്ന് ഓർമിപ്പിച്ചു സ്പെഷ്യൽ ബ്രാഞ്ച്; കണ്ണ് തുറക്കാതെ അധികാരികളും

ആനകളുടെ പരക്കം പാച്ചിലിലും ചിന്നംവിളിയിലും ഭയന്നു വിറച്ചു കുട്ടികൾ ഉറങ്ങിയിട്ടു മാസങ്ങളായി; കാടിനു നടുവിലുള്ള ട്രൈബൽ ഹോസ്റ്റലിലുള്ളത് 52 കൂട്ടികൾ; ഇടമലയാറിൽ ദുരന്തം കൈയെത്തും ദൂരത്തെന്ന് ഓർമിപ്പിച്ചു സ്പെഷ്യൽ ബ്രാഞ്ച്; കണ്ണ് തുറക്കാതെ അധികാരികളും

പ്രകാശ് ചന്ദ്രശേഖർ

ഇടമലയാർ: ആദിവാസി കുരുന്നുകളുടെ ജീവൻ തുലാസിലെന്ന് പൊലീസ് റിപ്പോർട്ട്. ഇടമലയാർ ട്രൈബൽ ഹോസ്റ്റലിലെ അന്തേവാസികളായ 52 വിദ്യാർത്ഥികൾ കാട്ടാനകളുടെ ആക്രമണ ഭീഷണി നേരിടുന്നുണ്ടെന്നും ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്നുമാണ് പൊലീസ് സ്‌പെഷൽ ബ്രാഞ്ച് വിഭാഗം ഉന്നതർക്കു നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്.

അടുത്തിടെ ജനവാസമേഖലകളിൽ കാട്ടാനക്കൂട്ടമെത്തുന്നത് പതിവായ സാഹചര്യത്തിൽ ഹോസ്റ്റലിലെത്തി സുരക്ഷാസംവിധാനങ്ങൾ വിലയിരുത്തിയ ശേഷമാണ് പൊലീസ് ഇതു സംബന്ധിച്ച റിപ്പോർട്ട് ഉന്നതാധികൃതർക്ക് കൈമാറിയിട്ടുള്ളത്. പന്ത്രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികളെയാണ് ഇവിടെ പാർപ്പിച്ചിട്ടുള്ളത്. കുട്ടംപുഴ പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളിൽ നിന്നുള്ളവരാണ് ഇവരിലേറെപ്പേരും.

ഹോസ്റ്റലിന് അടുത്തുതന്നെ കെ എസ് ഇ ബി വക കെട്ടിടത്തിൽ ഇവർക്കായി സ്‌കൂളും പ്രവർത്തിക്കുന്നുണ്ട്. അടുത്തിടെ ഈ സ്‌കൂളിന്റെ ഓഫീസ് റൂം കാട്ടാനക്കൂട്ടം നശിപ്പിച്ചു. രാത്രികാലങ്ങളിൽ ഹോസ്റ്റലിന് സമീപം പതിവായി ആനക്കൂട്ടമെത്തുന്നുണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. രാത്രികളിൽ ആനകളുടെ തുടർച്ചയായ ചിന്നം വിളിയും പരക്കം പാച്ചിലും മൂലം കുട്ടികളിൽ ഒട്ടുമിക്കവരും ഏറെ ഭയപ്പാടിലാണെന്നും ഇതുമൂലം ഇവരിൽ ചിലർ ഉറങ്ങാറില്ലെന്നുമാണ് പൊലീസന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

നിലവിലെ സ്ഥിതിഗതികൾ കുട്ടികൾക്ക് ഏറെ മാനസിക സംഘർഷമുണ്ടാക്കുന്നുണ്ടെന്നും ഇത് ഇവരുടെ ഭാവിജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളതായും അറിയുന്നു. ഹോസ്റ്റലിലെ അപര്യാപ്തകളും റിപ്പോർട്ടിൽ പരാമർശവിഷയമായിട്ടുണ്ട്. പാചകത്തിനും സുരക്ഷാചുമതലക്കും ജീവനക്കാരുണ്ടെങ്കിലും ഇവിടുത്തെ അസൗകര്യങ്ങൾ വിദ്യാർത്ഥികളെ ഏറെ വിഷമിപ്പിക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. പൊട്ടിപ്പൊളിഞ്ഞ വാതിലുകളും ജനലുകളുമെല്ലാം ഹോസ്റ്റൽ കെട്ടിടത്തിന്റെ ദു:സ്ഥിതി വ്യക്തമാക്കുന്നതാണെന്നും ഇതിലും പരിതാപകരമാണ് മുറിയിലെ താമസസൗകര്യങ്ങളെന്നുമാണ് പുറത്തായ വിവരം.

കാടിനു പുറത്ത് സൗകര്യപ്രദമായ സ്ഥലത്തേക്ക് ഹോസ്റ്റൽ മാറ്റി സ്ഥാപിച്ച് വിദ്യാർത്ഥികളുടെ ജീവൻ സുരക്ഷിതമാക്കണമെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടത് ട്രൈബൽ വകുപ്പാണെന്നും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നുമാണ് പരക്കെ ഉയരുന്ന ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP