Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൂക്കം കുറച്ചെന്ന് പറയുന്നത് പച്ചക്കള്ളം; ഇമാന് എണീറ്റിരിക്കാനോ സംസാരിക്കാനോ കഴിയില്ല; ആശുപത്രിക്ക് പ്രചാരണം കിട്ടിയപ്പോൾ ഡിസ്ചാർജ് ചെയ്യാൻ നീക്കം; ആശുപത്രി മാനേജ്മെന്റിനെതിരേ ആരോപണവുമായി ഈജിപ്തിൽ നിന്നും പ്രതീക്ഷ തേടി ഇന്ത്യയിൽ എത്തിയ ലോകത്തെ ഏറ്റവും തടി കൂടിയ യുവതിയുടെ സഹോദരി രംഗത്ത്

തൂക്കം കുറച്ചെന്ന് പറയുന്നത് പച്ചക്കള്ളം; ഇമാന് എണീറ്റിരിക്കാനോ സംസാരിക്കാനോ കഴിയില്ല; ആശുപത്രിക്ക് പ്രചാരണം കിട്ടിയപ്പോൾ ഡിസ്ചാർജ് ചെയ്യാൻ നീക്കം; ആശുപത്രി മാനേജ്മെന്റിനെതിരേ ആരോപണവുമായി ഈജിപ്തിൽ നിന്നും പ്രതീക്ഷ തേടി ഇന്ത്യയിൽ എത്തിയ ലോകത്തെ ഏറ്റവും തടി കൂടിയ യുവതിയുടെ സഹോദരി രംഗത്ത്

ലോകത്തെ ഏറ്റവും തടികൂടിയ സ്ത്രീയായ 500കിലോഗ്രാമിലധികം ഭാരമുള്ള ഇമാൻ അഹമ്മദ് ഇന്ത്യയിൽ ചികിത്സ തേടിയെത്തുകയും മുംബൈയിലെ സെയ്ഫീ ആശുപത്രിയിലെ ചികിത്സയെ തുടർന്ന് അവരുടെ തടി രണ്ട് മാസങ്ങൾക്കകം പകുതിയായി കുറഞ്ഞുവെന്നുമുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നുവല്ലോ..? ഇതിനെ തുടർന്ന് ആശുപത്രിക്ക് ആഗോളതലത്തിലുള്ള റേറ്റംഗ് കുത്തനെ ഉയരുകയും ചെയ്തിരുന്നു.

എന്നാൽ ഇത്തരത്തിൽ ഇമാന്റെ തൂക്കം അത്ഭുതകരമായി ദിവസങ്ങൾക്കകം കുറച്ചുവെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന ആരോപണവുമായി ആശുപത്രി മാനേജ്മെന്റിനെതിരെ ഇമാന്റെ സഹോദരി ഷെയ്മ സെലിം രംഗത്തെത്തി. ഇമാന് ഇപ്പോഴും എഴുന്നേറ്റിരിക്കാനോ സംസാരിക്കാനോ സാധിക്കുന്നില്ലെന്നും ആശുപത്രിക്ക് ഇമാന്റെ പേരിൽ വൻ പേരും കൂടുതൽ അന്വേഷണങ്ങളും ലഭിച്ചതോടെ ഇമാനെ നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്യാൻ നീക്കം നടക്കുന്നുണ്ടെന്നുമാണ് ഷെയ്മ ആരോപിക്കുന്നത്.

അമിതവണ്ണത്തെ നേരിടാനായി ഈജിപ്തിൽ വച്ച് ഒട്ടേറെ ചികിത്സകൾ നടത്തിയെങ്കിലും അതൊന്നും ഫലപ്രദമാകാതെ കിടന്ന കിടപ്പിലായതിനെ തുടർന്നായിരുന്നു ഇമാനെ ഈ വർഷം ഫെബ്രുവരി 11ന് ചികിത്സക്കായി സെയ്ഫീ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നത്. തുടർന്ന് രണ്ട് മാസത്തിനകം ഇവരുടെ തൂക്കം 250 കിലോയായി കുറഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പ ുറത്ത് വന്നിരുന്നു. ഇത് സത്യവിരുദ്ധമാണെന്നും ആശുപത്രി അധികൃതർ പേരിന് വേണ്ടി ഈ അസത്യം പറഞ്ഞ് പരത്തുകയായിരുന്നുവെന്നുമാണ് ഷെയ്മ ആരോപിക്കുന്നത്. നിലവിൽ ഇമാന്റ തൂക്കം 171 കിലോയായി കുറഞ്ഞിട്ടുണ്ടെന്നും ആശുപത്രി അവകാശപ്പെടുന്നുണ്ട്. പക്ഷേ ഇതും കള്ളമാണെന്നാണ് ഷെയ് ആരോപിക്കുന്നത്.

എന്ത് ന്യൂറോളജിക്കൽ അവസ്ഥ മൂലമാണ് ഇവരുടെ തടി വർധിക്കുന്നതെന്ന് മനസിലാക്കാൻ ഇവരെ ഇന്ന് സിടി സ്‌കാനിന് വിധേയയാക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇമാന്റെ തടി കുറഞ്ഞുവെന്ന് ആശുപത്രി അധികൃതരും ഡോക്ടർമാരും അവകാശപ്പെടുന്നുണ്ടെങ്കിലും തന്റെ സഹോദരിക്ക് ഇപ്പോഴും സംസാരിക്കാനോ ചലിക്കാനോ സാധിക്കുന്നില്ലെന്നാണ് ഒരു പോർട്ടലിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെ ഷെയ്മ വെളിപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ മാർച്ച് 13ന് ഇമാനെ ഈജിപ്തിലേക്ക് തിരിച്ച് കൊണ്ടു പോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.

ഫിസിയോ തെറാപ്പിക്കും മറ്റും ഇനിയും ആശുപത്രിയിൽ തങ്ങേണ്ട ആവശ്യമില്ലെന്നാണ് ഇവിടുത്തെ ഡോക്ടർമാർ തങ്ങളോട് നിർദ്ദേശിച്ചിരുന്നതെന്നാണ് ഷെയ്മ വെളിപ്പെടുത്തുന്നത്. എന്നാൽ തന്റെ സഹോദരിയുടേത് വേറിട്ട കേസാണെന്നും ഈജിപ്തിൽ എത്തിയതിന് ശേഷംപ പെട്ടെന്ന് എന്തെങ്കിലും അസ്വാഭാവികതകളുണ്ടായാൽ താൻ എങ്ങിനെ അവരെ നോക്കുമെന്നുമാണ് ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവേ ഷെയ്മ ആശങ്കയോടെ ചോദിക്കുന്നത്. ഇമാന്റെ ഭാവി ചികിത്സയെ ചൊല്ലി ഡോക്ടർമാരും ഇമാന്റെ കുടുംബ്കാരും കഴിഞ്ഞ 14 ദിവസങ്ങളായി കടുത്ത തർക്കത്തിലാണുള്ളത്.

അമിത വണ്ണം കാരണം ഇമാൻ മരിക്കുകയില്ലെന്നും അത് തടയുന്ന വിധത്തിലാണ് തങ്ങൾ ചികിത്സിച്ചിരിക്കുന്നതെന്നും ഈ ഹോസ്പിറ്റലിലെ ബാരിയാട്രിക്ക് സർജനായ മുഫാസൽ ലക്ഡാവാല വെളിപ്പെടുത്തുന്നു. ഇനി അവർക്ക് ന്യൂറോളജിക്കൽ റീഹാബിലിറ്റേഷനാണ് വേണ്ടതെന്നും അത് ഈജിപ്തിൽ വച്ചും ചെയ്യാമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. ഇമാനെ ഈജിപ്തിൽ വച്ച് ചികിത്സിക്കാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാലാണ് അവരുടെ സഹോദരി അവരെ അങ്ങോട്ട് തിരിച്ച് കൊണ്ടു പോകാൻ മടിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇവരുടെ സഹോദരി ഇതിന്റെ പേരിൽ ഹോസ്പിറ്റൽ അധികൃതരുമായി തർക്കത്തിലായതിൽ തനിക്ക് നിരാശയുണ്ടെന്നും ഈ ഡോക്ടർ പറയുന്നു.

ഇമാൻ ഇവിടെയെത്തിയതിന് ശേഷം തടിവച്ചില്ലെന്ന കാര്യം ഷെയ്മ സമ്മതിക്കുന്നു. എന്നാൽ ഇപ്പോഴും അവരുടെ നില സാധാരണ നിലയിലല്ലെന്നും എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയില്ലെന്നും അവർ പറയുന്നു. ഇപ്പോഴും ട്യൂബുകളിലൂടെയാണ് ആഹാരവും വെള്ളവും ഇമാന് നൽകുന്നതെന്നും ചലിക്കാനോ സംസാരിക്കാനോ സാധിക്കുന്നില്ലെന്നും ഷെയ്മ ചൂണ്ടിക്കാട്ടുന്നു. ഇമാൻ ഇടക്കിടെ വേദനമൂലം കരയാറുണ്ടെന്നും ഇടത്തെ കാലിനല്ല വേദനയുള്ളതിനാൽ കടുത്ത മരുന്നുകൾ കഴിക്കുന്നുവെന്നും ഷെയ്മ പറയുന്നു. ഈജ്പ്തിലെ അലക്സാണ്ട്രിയയിലുള്ള വീട്ടിൽ നിന്നും ഇവിടേക്ക് വരുമ്പോൾ പൂർണമായ ചികിത്സ ഇവിടെ നിന്നു നൽകാമെന്നായിരുന്നു ഡോക്ടർ വാഗ്ദാനം നൽകിയതെന്നും എന്നാൽ ഇപ്പോൾ പെട്ടെന്ന് ഡിസ്ചാർജ് ചെയ്യാൻ സമമർദം ചെലുത്തുകയാണെന്നും ഷെയ്മ ആരോപിക്കുന്നു.

ഇമാനെ ചികിത്സിക്കാൻ മറ്റ് രാജ്യങ്ങളിൽ നിന്നും ഓഫറുകൾ ലഭിച്ചിരുന്നുവെന്നും എന്നാൽ ഈ ഹോസ്പിറ്റലിനെ വിശ്വസിച്ച് ഇവിടേക്ക് വരുകയായിരുന്നുവെന്നും ഷെയ്മ ദുഃഖത്തോടെ പറയുന്നു. മാർച്ചിലായിരുന്നു ഇമാനെ ആദ്യത്തെ ബാരിയാട്രിക് സർജറിക്ക് വിധേയയാക്കിയിരുന്നത്. ഇതിലൂടെ ഡോക്ടർമാർ അവരുട വയറിന്റെ വലുപ്പം മൂന്നിൽ രണ്ടായി കുറച്ചിരുന്നു. ഇവർക്ക് അപൂർവ മായ എൽഇപിആർ ജെനെ മ്യൂട്ടേഷനാണെന്ന് ജനറ്റിക് ടെസ്റ്റുകളിലൂടെ സ്ഥിരീകരിച്ചിരുന്നു. ഇത് സർജറിയിലൂടെ പൂർണമായും ഭേദമാക്കാനാവില്ലെന്നും വ്യക്തമായിരുന്നു.

തങ്ങൾ പൊണ്ണത്തടിക്കുള്ള ചികിത്സയാണ് നൽകുന്നതെന്നും ഇമാന് അത് സാധ്യമായേടുത്തോളം നൽകിയെന്നും എന്നാൽ ഇമാന് ന്യൂറോളജിക്കൽ അവസ്ഥമൂലമാണ് തടി ക്രമാതീതമായി വർധിക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അത് തന്റെ അനുഭവസമ്പത്തിന് പുറത്തുള്ള കാര്യമാണെന്നും ഡോ. ലക്ടാവാല പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP