Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എമിറേറ്റ്സ് നൽകിയ അഞ്ചു ലക്ഷം കൊണ്ടു തൃപ്തിപ്പെടേണ്ട; ദുബായിൽ ക്രാഷ് ലാൻഡ് ചെയ്ത തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാർക്കു ലക്ഷങ്ങൾ നഷ്ട പരിഹാരം കിട്ടും; നിയമ പോരാട്ടം ആരംഭിച്ചു ജനീവിയയിലെ പ്രമുഖ അഭിഭാഷക സ്ഥാപനം

എമിറേറ്റ്സ് നൽകിയ അഞ്ചു ലക്ഷം കൊണ്ടു തൃപ്തിപ്പെടേണ്ട; ദുബായിൽ ക്രാഷ് ലാൻഡ് ചെയ്ത തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാർക്കു ലക്ഷങ്ങൾ നഷ്ട പരിഹാരം കിട്ടും; നിയമ പോരാട്ടം ആരംഭിച്ചു ജനീവിയയിലെ പ്രമുഖ അഭിഭാഷക സ്ഥാപനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തലനാരിഴയ്ക്ക് അനേകരുടെ ജീവൻ രക്ഷപ്പെട്ട ദുബായിലെ എമിറേറ്റസ് വിമാനത്തിലെ യാത്രക്കാരൻ ആയിരുന്നോ താങ്കൾ? അല്ലെങ്കിൽ അന്ന് യാത്ര ചെയ്ത ആരെയെങ്കിലും നിങ്ങൾ അറിയുമോ? എങ്കിൽ അവരോട് പറയുക, എത്രയും വേഗം ജനീവിയയിലെ ഈ അഭിഭാഷ സ്ഥാപനത്തെ ബന്ധപ്പെടാൻ. തൽക്കാലം അവരുടെ ഫേസ്‌ബുക്ക് പേജിൽ എത്തി താൽപ്പര്യം രേഖപ്പെടുത്തുക. അതിനു ശേഷം മതിയാകും തുടർ നടപടികൾ. ഒരു പക്ഷേ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ നഷ്ടപരിഹാരം ആയെന്ന് വരാം.

വിസ്‌നർ ലാ ഫേം എന്ന സ്ഥാപനമാണ് നിയമനടപടികൾക്ക് മുന്നിൽ വരുന്നത്. വ്യോമയാന മേഖലയിലെ പല കേസുകളും കൈകാര്യം ചെയ്ത് പ്രശ്തരായ സ്ഥാപനമാണ് ഇത്. വിമാന ദുരന്തത്തിൽപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം വാങ്ങി നൽകുന്ന കേസുകളാണ് ഈ സ്ഥാപനം കൈകാര്യം ചെയ്തിട്ടുള്ളത്. ഈ പരിചയസമ്പന്നതയുടെ അവകാശവാദവുമായാണ് എമിറേറ്റ്‌സ് ഫ്‌ലൈറ്റ് ഇകെ 521യുടെ അപകടക്കേസും ഏറ്റെടുക്കുന്നത്. വ്യാമയാന മേഖലയിലെ സമഗ്ര വിഷയങ്ങളിൽ ഇടപെടുന്ന പരിചയസമ്പന്നതയെ കുറിച്ച് വിസ്‌നർ ലാ ഫേമിന്റെ വെബ് സൈറ്റിൽ വിശദീകരിക്കുന്നുണ്ട്.

ദുബായ് വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ പ്രയാസപ്പെട്ട എല്ലാ യാത്രികർക്കും എമിറേറ്റ്‌സ് എയർലൈൻസ് ഏഴായിരം അമേരിക്കൻ ഡോളർ (ഏകദേശം 4.67 ലക്ഷം രൂപ)വീതം നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരുന്നു. യാത്രികരുടെ സാധനങ്ങൾ നഷ്ടപ്പെട്ടതിന് രണ്ടായിരം ഡോളറാണ് (ഏകദേശം 1.33 ലക്ഷം രൂപ) വിമാനക്കമ്ബനി കണക്കാക്കിയിരിക്കുന്നത്. അപകടത്തെത്തുടർന്നുണ്ടായ മാനസിക സംഘർഷത്തിനും സമയനഷ്ടത്തിനുമായി ഓരോ ആൾക്കും അയ്യായിരം ഡോളർ (ഏകദേശം 3.33 ലക്ഷംരൂപ) വീതവും നൽകും. ഇതുസംബന്ധിച്ച് അന്ന് വിമാനത്തിലുണ്ടായിരുന്ന ഓരോ യാത്രികനും എമിറേറ്റ്‌സ് സന്ദേശം അയച്ചുകഴിഞ്ഞു.

അന്ന് യാത്രചെയ്ത രേഖകളും പാസ്‌പോർട്ട് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളും സമർപ്പിക്കുന്ന മുറയ്ക്ക് പണം അയച്ചുകൊടുക്കുന്നതാണെന്നും എമിറേറ്റ്‌സ് അധികൃതർ അറിയിച്ചിരുന്നു. ഓഗസ്റ്റ് മൂന്നിനായിരുന്നു തിരുവനന്തപുരത്തുനിന്നു ദുബായിലേക്ക് 300 യാത്രക്കാരുമായി പോയ എമിറേറ്റ്‌സ് വിമാനം ക്രാഷ്‌ലാൻഡ് ചെയ്തു തീപിടിച്ചത്. തലനാരിഴയ്ക്കാണു വൻ ദുരന്തം ഒഴിവായത്. യാത്രക്കാരുടെ ബാഗേജുകൾ പൂർണമായി കത്തിനശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണു നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. എന്നാൽ ഈ തുക കുറവാണെന്ന വാദവുമായാണ് ജനീവയിലെ അഭിഭാഷക സ്ഥാപനം സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.

എമിറേറ്റ്‌സ് ഫ്‌ലൈറ്റ് ഇകെ 521 എന്ന പേരിലാണ് ഫേസ്‌ബുക്ക് പേജ് ഇവർ തുടങ്ങിയിരിക്കുന്നത്. ഈ പേജിലേക്ക് കടക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അതിനിടെ തിരുവനന്തപുരത്തു നിന്നു ദുബായിലെത്തിയ എമിറേറ്റ്‌സ് വിമാനം അപകടത്തിൽപ്പെട്ടത് കാറ്റിന്റെ പെട്ടെന്നുണ്ടായ തീവ്രതയും ഗതിമാറ്റവും കാരണമാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവരികയും ചെയ്തു. ലാൻഡിങ്ങിനിടെയാണു തിരുവനന്തപുരംദുബായ് എമിറേറ്റ്‌സ് വിമാനം വിമാനത്താവളത്തിൽ കത്തിയമർന്നത്. യുഎഇ ഫെഡറൽ വ്യോമയാന അഥോറിറ്റിയാണു പ്രാഥമിക അന്വേഷണ റിപ്പോർട്ടു പുറത്തുവിട്ടത്. പെട്ടെന്നു സംഭവിച്ച കാറ്റിന്റെ തീവ്രതയിലും ഗതിമാറ്റത്തിലും വിമാനം ആടിയുലഞ്ഞിരുന്നു. ഇതാണ് അപകടത്തിനു വഴിയൊരുക്കിയതെന്നാണു നിഗമനം. ലാൻഡിങ്ങിന്റെ ഭാഗമായി ചക്രങ്ങൾ റൺവേയിൽ തൊട്ടെങ്കിലും അപകടസാധ്യത മുന്നിൽക്കണ്ട് പൈലറ്റ് വിമാനം പെട്ടെന്ന് ഉയർത്താൻ ശ്രമിച്ചു. എന്നാൽ, ചക്രങ്ങൾ ഉള്ളിലേക്കു കയറിയെങ്കിലും വീണ്ടും ഉയരാനുള്ള ശ്രമം പരാജയപ്പെട്ടു വിമാനം ശക്തമായി നിലത്തിടിക്കുകയുമായിരുന്നുവെന്നാണു റിപ്പോർട്ടിൽ പറയുന്നത്.

ഏറ്റവുമൊടുവിൽ വിമാനത്തിൽ നിന്നിറങ്ങിയത് എയർക്രാഫ്റ്റ് കമാൻഡറും മുതിർന്ന ജീവനക്കാരുമാണ്. തീ പിടിച്ചയുടൻ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിനകത്തു കനത്ത പുക നിറഞ്ഞപ്പോൾ എമർജൻസി എക്‌സിറ്റ് കാണാനാകാതെ യാത്രക്കാർ പരിഭ്രാന്തരാകുകയും ചെയ്തു. ഉടൻ ജീവനക്കാർ എമർജൻസി എക്‌സിറ്റ് തുറക്കുകയും യാത്രക്കാർക്കു രക്ഷപ്പെടാൻ വഴിയൊരുക്കുകയും ചെയ്തു. ജീവനക്കാരിൽ ഒരാൾ കനത്ത പുക ശ്വസിച്ച് അവശനിലയിലായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ നൽകുകയും ചെയ്തു. തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ ജാസിം ഈസാ അൽ ബലൂഷി (27) മരിക്കുകയും ചെയ്തിരുന്നു. ജാസിമിന്റെ ധീരനടപടിയാണു യാത്രക്കാരുടെ ജീവൻ രക്ഷിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

കനത്ത പൊടിക്കാറ്റും അപകടസമയത്തു വീശിയിരുന്നു. ഇതുകാരണം നാലു കിലോമീറ്റർ മാത്രമായിരുന്നു ദൂരക്കാഴ്ച. ഇതുസംബന്ധമായി എയർ ട്രാഫിക് മാനേജർ കീഴുദ്യോഗസ്ഥർക്കു മുന്നറിയിപ്പു നൽകിയിരുന്നു. കൂടാതെ, കാറ്റിന്റെ ഗതിമാറ്റമുണ്ടാകുമെന്നു യുഎഇയിലെ വിവിധ വിമാനത്താവളങ്ങൾക്കും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അന്നു രാവിലെ മുന്നറിയിപ്പു നൽകിയതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്തുനിന്നുള്ള എമിറേറ്റ്‌സ് ഇകെ 521 വിമാനം ദുബായ് റൺവേയിൽ ഇടിച്ചിറങ്ങി തീ പിടിക്കുകയായിരുന്നു. 18 ജീവനക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന 300 പേരെയും 90 സെക്കൻഡിനുള്ളിൽ രക്ഷപ്പെടുത്തി. എന്നാൽ, രക്ഷാദൗത്യത്തിനിടെ എയർപോർട് സിവിൽ ഡിഫൻസിലെ ഉദ്യോഗസ്ഥനായ ജാസിം ഈസാ അൽ ബലൂഷി മരിച്ചു. 13 യാത്രക്കാർക്ക് നിസാര പരുക്കേറ്റിരുന്നു. യാത്രക്കാരുടെ ബഗേജുകളും വിലപിടിപ്പുള്ള രേഖകളും നഷ്ടപ്പെട്ടു. ഇവർക്കു പിന്നീട് അധികൃതർ നഷ്ടപരിഹാരം നൽകുകയും ചെയ്തു.

ദുബായിലെ വിമാന അപകടത്തിന് വഴി വച്ചത് സുരക്ഷാ പരിശോധന ഒഴിവാക്കിയതോ തുടങ്ങിയ സംശയങ്ങൾ ഉയർന്നിരുന്നു. തിരുവനന്തപുരത്ത് നിന്നുള്ള മടക്കത്തിൽ കൃത്യത വരുത്തനായി പരിശോന വിമാനക്കമ്പനി ഒഴിവാക്കിയിരുന്നു. ഇത് നടന്നിരുന്നുവെങ്കിൽ ഗിയറിലെ തകരാർ തിരിച്ചറിഞ്ഞ് തിരുത്തുമായിരുന്നു. ആകാശ യാത്രയിൽ പ്രോട്ടോകോളുകളുടെ ആവശ്യകതയാണ് ദുരന്തം ഓർമിപ്പിക്കുന്നത്. ചെറിയ നേട്ടത്തിന് വേണ്ടി വരുത്തുന്ന പിഴവുകൾ കൊണ്ടു പോവുക മനുഷ്യ ജീവനുകളെയാകുമെന്ന് ഓർമ്മപ്പെടുത്തുകയാണ് ദുരന്തമെന്നായിരുന്നു വിലയിരുത്തൽ. ഇതിനൊപ്പം പഴയ വിമാനമാണ് ഉപയോഗിച്ചതെന്ന വാദവും സജീവമായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ വിമാനക്കമ്പനിയുടെ പിഴവാണ് അപകടത്തിന് കാരണമെന്ന വിലയിരുത്തലിലാണ് നിയമ നടപടിക്ക് നീക്കമെന്നാണ് സൂചന.

ഈ അഭിഭാഷ സ്ഥാപനത്തെ കുറിച്ചു മറുനാടൻ മലയാളിക്ക് ഇതിൽ പ്രസിദ്ധീകരിച്ചതിലും കൂടുതൽ അറിവൊന്നുമില്ല. എന്തെങ്കിലും പ്രയോജനം ഏതെങ്കിലും വായനക്കാർക്ക് ലഭിക്കുന്നെങ്കിൽ ആവട്ടെ എന്നു കരുതി മാത്രമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്. ഇവർക്ക് ഫീസ് കൊടുക്കേണ്ടി വരുമോ, അതോ വിജയിച്ചാൽ കമ്മീഷൻ ആണോ കൊടുക്കേണ്ടത്, നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിലും ഫീസ് നൽകേണ്ടി വരുമോ തുടങ്ങിയ കാര്യങ്ങൾ രേഖാമൂലം വാങ്ങിയ ശേഷം മാത്രമേ ആരാണെങ്കിലും ഇതിനു ശ്രമിക്കാവൂ. എന്തെങ്കിലും നഷ്ടം ഈ സ്ഥാപനവുമായി ബന്ധപ്പെട്ടതിന്റെ പേരിൽ ഉണ്ടായാൽ മറുനാടൻ മലയാളി ഉത്തരവാദിയായിരിക്കുന്നതല്ല.

എമിറേറ്റ്‌സ് ഫ്‌ലൈറ്റ് ഇകെ 521 എന്ന പേരിലാണ് ഫേസ്‌ബുക്ക് പേജ് ഇവർ തുടങ്ങിയിരിക്കുന്നത്. ഈ പേജിലേക്ക് കടക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP