Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏനാത്ത് പാലം നിർമ്മാണത്തിൽ നടന്നത് പെരുംകൊള്ള; ഇത്രയും കാലം പാലം ആറ്റിൽ പോകാതിരുന്നത് ഭാഗ്യം കൊണ്ട്: അറ്റകുറ്റപ്പണിക്കിടെ തൂണ് ചരിഞ്ഞു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്: പുറത്തായത് നിർമ്മാണത്തിലെ അപാകത

ഏനാത്ത് പാലം നിർമ്മാണത്തിൽ നടന്നത് പെരുംകൊള്ള; ഇത്രയും കാലം പാലം ആറ്റിൽ പോകാതിരുന്നത് ഭാഗ്യം കൊണ്ട്: അറ്റകുറ്റപ്പണിക്കിടെ തൂണ് ചരിഞ്ഞു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്: പുറത്തായത് നിർമ്മാണത്തിലെ അപാകത

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: എം.സി റോഡിലെ ഏനാത്ത് പാലത്തിന് ബലക്ഷയം, ഗതാഗതം നിരോധിച്ചു-ഇങ്ങനെ ഒരു തലക്കെട്ടിൽ ഈ വാർത്ത ഒതുങ്ങിയത് ഭാഗ്യം. കുറേ നാൾ കൂടി കഴിഞ്ഞിരുന്നെങ്കിൽ ഈ തലക്കെട്ട് ഇങ്ങനെ മാറേണ്ടി വരുമായിരുന്നു. ഏനാത്ത് പാലം ആറ്റിൽ പതിച്ചു; നൂറുകണക്കിന് ആൾക്കാർ മരിച്ചു.

അതേ, അഴിമതിയുടെയും ക്രമക്കേടിന്റെയും ഏറ്റവും ഭീകരമായ രൂപമാണ് ഏനാത്ത് പാലം. നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് ഇവർ പാലംനിർമ്മിക്കുകയായിരുന്നില്ല, അസ്ഥിവാരം തോണ്ടുകയായിരുന്നു. അതാണ്ഇന്നലെ ഏനാത്ത് കണ്ടത്. ബലക്ഷയം സംഭവിച്ച തൂണ് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൻശബ്ദത്തോടെ ചരിഞ്ഞു. അടിയിൽ നിന്ന് ജോലി ചെയ്യുകയായിരുന്ന പണിക്കാർ രക്ഷപ്പെട്ടത് അവരുടെ വീട്ടുകാരുടെ ഭാഗ്യം കൊണ്ടും.

ഏനാത്ത് പാലത്തിന്റെ ബലക്ഷയം സംഭവിച്ച രണ്ടാമത്തെ തൂണാണ് ഇന്നലെ രാവിലെ വൻ ശബ്ദത്തോടെ കിഴക്കോട്ട് ചരിഞ്ഞത്. ഇതോടെ പാലത്തിലൂടെ കാൽനടയാത്രയും പറ്റില്ലെന്ന അവസ്ഥയായി. ബലക്ഷയം സംഭവിച്ച തൂണുകൾ ഇന്ന് പൊളിച്ച് നീക്കാനിരിക്കെയാണ് തെക്ക് നിന്നുള്ള രണ്ടാമത്തെ തൂൺ അടിത്തറ ഇളകി ഒരു വശത്തേക്ക് ചരിഞ്ഞത്. ഈ തൂണിൽ ഉറപ്പിച്ചിരുന്ന 'ഡക് സ്ലാബ്' ജാക്കി ഉപയോഗിച്ച് ഉയർത്തി നിർത്തിയിരിക്കുകയായിരുന്നു. കിണർ തൂണുകൾക്ക് മുകളിലെ ഡക്ക് സ്ലാബ് ഉയർത്തിയതോടെയാണ് തൂണ് ഒരു വശത്തേക്ക് ചരിഞ്ഞത്.

ഇതിന് ചുറ്റും നാല് കോൺക്രീറ്റ് തുണുകൾ നിർമ്മിക്കുന്നതിനുള്ള പൈലിങ് പണികൾ നടക്കുകയായിരുന്നു. മൂന്ന് തൂണുകൾ പൂർത്തീകരിക്കുകയും ചെയ്തു. ചരിഞ്ഞ തൂണിന് ചുറ്റും നിന്ന് കോൺക്രീറ്റ് മുറിക്കുന്നതിനുള്ള സൗകര്യത്തിനായി ഇരുമ്പ് പൈപ്പുകൾ പിടിപ്പിച്ചു വരികയായിരുന്നു. സ്ലാബുകൾ പൂർണമായും താൽക്കാലികമായി നിർമ്മിച്ച ഇരുമ്പ് തൂണുകളിൽ താങ്ങി നിർത്തിയിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. പൈലിങ് പൂർത്തിയാകുന്ന മുറയ്ക്കാണ് തെക്ക് നിന്നുള്ള രണ്ടാമത്തെ തൂൺ ആദ്യം പൊളിച്ചു നീക്കാൻ തീരുമാനിച്ചത്.

ബലക്ഷയം സംഭവിച്ച തൂണുകൾ പൊളിച്ചു നീക്കിയ ശേഷം പൈൽ ക്യാപ്പ് നിർമ്മിക്കും. കിണർ ഫൗണ്ടേഷന് ചുറ്റും ഒരു മീറ്റർ വ്യാസമുള്ള നാല് പൈൽ ഫൗണ്ടേഷനാണ് നിർമ്മിക്കുന്നത്. ജനുവരി പത്തിന് വൈകിട്ടാണ് പാലത്തിന് തകരാർ സംഭവിക്കുന്നത്. ഇതിനെ തുടർന്ന് അന്നു തന്നെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചിരുന്നു. ബലക്ഷയം സംഭവിച്ച തൂണ് ചരിഞ്ഞതറിഞ്ഞ് കെ.എസ്.ടി.പി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തെ തകരാറിലായിരുന്ന വെൽഫൗണ്ടേഷൻ കൂടുതലായി പൊട്ടി 25 സെന്റീമീറ്ററോളം താഴ്ന്നത് മൂലമാണ് തൂണ് ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.

കിണർ കൂടുതൽ താഴ്ന്നാൽ ചരിഞ്ഞിരിക്കുന്ന തൂൺ ,പാലത്തിന്റെ ഡക്ക് സ്ലാബ് ഉയർത്തി വച്ചിരിക്കുന്ന താല്ക്കാലിക ഇരുമ്പ് തൂണിന് മുകളിലേക്ക് മറിയുമോ എന്നാശങ്കയും ഉണ്ട്.അങ്ങനെ സംഭവിച്ചാൽ ഇരുമ്പ് തൂണിൽ താല്ക്കാലികമായി ഉറപ്പിച്ച സ്ലാബ് കൂടി നിലംപൊത്തി അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. തൂണിന്റെ ചരിഞ്ഞു നില്ക്കുന്ന വശത്തുള്ള കോൺക്രീറ്റ് ഭാഗം ഡയമണ്ട് കട്ടർ ഉപയോഗിച്ച് മുറിച്ച് നീക്കാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP