Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎമ്മിന്റെ രണ്ടു ജില്ലാ കമ്മറ്റിയംഗങ്ങൾ നേതൃത്വം നൽകുന്ന സഹകരണ ബാങ്കിൽ നിന്ന് ജീവനക്കാരൻ തട്ടിയത് അഞ്ചു കോടി; കൈമലർത്തി ജില്ലാ കമ്മറ്റിയംഗങ്ങൾ; അസി. രജിസ്ട്രാർ ഓഫീസ് ജീവനക്കാരെ സിപിഎം ഏരിയ കമ്മറ്റി യോഗത്തിൽ വിളിച്ചു വരുത്തി വിശദീകരണം തേടി; നേതാക്കൾ അറിയാതെ ഇത്രയും വലിയകൊള്ള നടക്കില്ലെന്ന് സഹകാരികൾ: പണം തിരിച്ച് അടപ്പിച്ച് തലയൂരാൻ സിപിഎം നേതൃത്വം

സിപിഎമ്മിന്റെ രണ്ടു ജില്ലാ കമ്മറ്റിയംഗങ്ങൾ നേതൃത്വം നൽകുന്ന സഹകരണ ബാങ്കിൽ നിന്ന് ജീവനക്കാരൻ തട്ടിയത് അഞ്ചു കോടി; കൈമലർത്തി ജില്ലാ കമ്മറ്റിയംഗങ്ങൾ; അസി. രജിസ്ട്രാർ ഓഫീസ് ജീവനക്കാരെ സിപിഎം ഏരിയ കമ്മറ്റി യോഗത്തിൽ വിളിച്ചു വരുത്തി വിശദീകരണം തേടി; നേതാക്കൾ അറിയാതെ ഇത്രയും വലിയകൊള്ള നടക്കില്ലെന്ന് സഹകാരികൾ: പണം തിരിച്ച് അടപ്പിച്ച് തലയൂരാൻ സിപിഎം നേതൃത്വം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സിപിഎമ്മിന്റെ രണ്ടു ജില്ലാ കമ്മറ്റിയംഗങ്ങൾ ഭരണനേതൃത്വം നൽകുന്ന സഹകരണബാങ്കിന്റെ ചെറിയൊരു ശാഖയിൽ നിന്ന് മാത്രം ജീവനക്കാരൻ തട്ടിയെടുത്തത് അഞ്ചു കോടി. ഓഡിറ്റിങ്ങിൽ തട്ടിപ്പു പുറത്തായപ്പോൾ ഭരണനേതൃത്വം കൈമലർത്തി. ഇത്രയും നാൾ ഒതുക്കി വച്ചിരുന്ന തട്ടിപ്പു കഥ പുറത്തായതോടെ പണം തിരികെ അടപ്പിച്ച് തലയൂരാനും സിപിഎം ശ്രമം. ബാങ്കിന്റെ പ്രസിഡന്റും സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ മത്തായി ചാക്കോയും ഭരണസമിതിയംഗവും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ കോമളം അനിരുദ്ധൻ അടക്കം കുടുങ്ങുമെന്നാണ് സൂചന. ഇരുവരും ഒളിവിൽപ്പോയെന്നും കിംവദന്തികൾ പരക്കുകയാണ്.

കുമ്പളാംപൊയ്ക സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള തലച്ചിറ ശാഖയിലാണ് വെട്ടിപ്പ് നടന്നത്. വളരെ ചെറിയ ഗ്രാമമാണ് തലച്ചിറ. ബാങ്ക് ശാഖയ്ക്കും വലിപ്പം അധികമില്ല. നാളുകളായി ബാങ്കിൽ നടന്നുവന്ന സാമ്പത്തിക തട്ടിപ്പ് കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന ഓഡിറ്റിങ്ങിലാണ് സഹകരണ വിഭാഗം ഉദ്യോഗസ്ഥർ പോലും അറിയുന്നത്.ഗ്രാമപ്രദേശമായ തലച്ചിറ ശാഖയിലെ തട്ടിപ്പ് ഹെഡ് ഓഫീസ് ആയ കുമ്പളാംപൊയ്ക സഹകരണ ബാങ്കിന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും കമ്പ്യൂട്ടർവത്കരണം നടപ്പിലാക്കി കോർ ബാങ്കിങ് വന്നതോടെയാണ് പതിറ്റാണ്ടായി ബാങ്ക് പ്രസിഡന്റായി തുടരുന്ന മത്തായി ചാക്കോ അറിഞ്ഞത്. എന്നാൽ, സഹകാരികൾ ഇത് വിശ്വസിക്കുന്നില്ല. സിപിഎം നേതൃത്വം കൂടി ആസൂത്രണം ചെയ്താണ് തട്ടിപ്പെന്ന് ഇവർ ആരോപിക്കുന്നു.

ബാങ്കിൽ നിന്നുമെടുത്ത വായ്പ ഇരട്ടിപ്പിച്ചു കാണിച്ചും മടക്കി നൽകിയ തുക ബാങ്കിലടയ്ക്കാതെയും സിപിഎം പ്രാദേശിക നേതാവു കൂടിയായ ബാങ്കിലെ ജൂനിയർ ക്ലാർക്ക് പ്രവീൺ പ്രഭാകരൻ മുക്കിയാതായാണ് ആരോപണം. പ്രവീൺ കഴിഞ്ഞ ടേമിൽ വടശേരിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ഇതു കൂടാതെ ബാങ്ക് ലോക്കറിൽ നിന്നും വൻതുക അപ്രത്യക്ഷമായിട്ടുമുണ്ട്. ബാങ്കിലെ ജൂനിയർ ക്ലാർക്കിന് ബാങ്കിന്റെയോ ലോക്കറിന്റെയോ ചാവി വയ്ക്കുവാൻ നിയമപരമായി അവകാശമില്ലെന്നിരിക്കെ കോടികളുടെ തിരിമറി ബാങ്ക് ഭരണസമിതി അറിഞ്ഞില്ലെന്ന് പറയുന്നതിലും ദുരൂഹത ആരോപിക്കപ്പെടുന്നു.

എ ഗ്രേഡുണ്ടായിരുന്ന തലച്ചിറ ശാഖ ഡി ക്ലാസിലേക്ക് തരംതാണിട്ടും നാളിതുവരെയായി ഭരണസമിതി അംഗങ്ങൾ കണക്കുകൾ പരിശോധിക്കാത്തതിലും ദുരൂഹതയുണ്ട്. എന്നാൽ, ഈ വിഷയം ഉന്നയിച്ച വടശേരിക്കരയിലെ പാർട്ടി പ്രവർത്തകരോട് നാളുകൾക്ക് മുൻപ് വിരമിച്ച മറ്റൊരു ജീവനക്കാരൻ നടത്തിയ സാമ്പത്തിക തട്ടിപ്പാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന വിശദീകരണമാണ് നൽകിയത്. അഞ്ചു കോടി രൂപയുടെ തിരിമറി ശ്രദ്ധയിൽ പെട്ട സിപിഎം പ്രാദേശിക നേതൃത്വം പ്രവീണിന് പണം തിരികെ അടയ്ക്കാനുള്ള സാവകാശം നൽകിയെന്നും എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ആകാത്തതിനെ തുടർന്ന് പാർട്ടി പ്രാദേശിക നേതൃത്വം ജില്ലാ കമ്മിറ്റിക്കും സഹകരണ വകുപ്പിനും പരാതി നൽകിയെന്നും പറയപ്പെടുന്നു. 60 ലക്ഷം രൂപ ഇയാൾ ഇതുവരെ തിരിച്ചടച്ചുവെന്നും പറയുന്നു.

രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങൾ വർഷങ്ങളായി നേരിട്ട് ഭരിക്കുന്ന സഹകരണ ബാങ്കിലെ കോടികളുടെ അഴിമതി ഒതുക്കി തീർക്കുവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായാണ് അറിവ്. കഴിഞ്ഞ ദിവസം കൂടിയ ബോർഡ് യോഗത്തിൽ ജൂനിയർ ക്ലാർക്കിനെതിരെ ക്രിമിനൽ കേസെടുക്കാൻ തീരുമാനമായതായും പറയപ്പെടുന്നു. എന്നാൽ, മാർച്ച് അവസാനം കണ്ടെത്തിയ സാമ്പത്തിക തട്ടിപ്പിൽ നടപടികൾ ഇപ്പോഴും നീണ്ടുപോവുകയാണ്. ബാങ്കിന്റെ തലച്ചിറ ശാഖയുടെ പ്രസിഡന്റ് നിയമ നടപടി ആവശ്യപ്പെട്ട് സഹകരണ വകുപ്പിന് നൽകിയ പരാതിയും ഒത്തുതീർപ്പു സാദ്ധ്യതകൾ പ്രതീക്ഷിച്ച് തടഞ്ഞു വച്ചിരിക്കുകയാണ്. ഞായറാഴ്ച ചേർന്ന സിപിഎം ഏരിയാ കമ്മറ്റി യോഗത്തിൽ ഇതു സംബന്ധിച്ച് പൊട്ടിത്തെറിയുണ്ടായി. തുടർന്ന് അസി. രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരെ യോഗത്തിലേക്ക് വിളിച്ചു വരുത്തി വിശദീകരണം തേടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP