Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചട്ടങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് എൻട്രൻസ് കോച്ചിങ് സെന്ററുകൾ കൊഴുക്കുന്നു; വേനൽ അവധിയിലെ കൊടും ചൂടിലും കോച്ചിംഗിന്റെ തീവ്രത; മണിക്കൂറിന് 2000 രൂപ വരെ വാങ്ങി അദ്ധ്യാപകരും; തുരു തുരാ പരീക്ഷകളും രക്ഷിതാക്കളുമായി അഭിമുഖവും; എൻട്രൻസ് പരിശീലനകേന്ദ്രങ്ങളിൽ കോച്ചിംഗും കാശിനായുള്ള കുത്തിപ്പിഴിയലും തകൃതി

ചട്ടങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് എൻട്രൻസ് കോച്ചിങ് സെന്ററുകൾ കൊഴുക്കുന്നു; വേനൽ അവധിയിലെ കൊടും ചൂടിലും കോച്ചിംഗിന്റെ തീവ്രത; മണിക്കൂറിന് 2000 രൂപ വരെ വാങ്ങി അദ്ധ്യാപകരും; തുരു തുരാ പരീക്ഷകളും രക്ഷിതാക്കളുമായി അഭിമുഖവും; എൻട്രൻസ് പരിശീലനകേന്ദ്രങ്ങളിൽ കോച്ചിംഗും കാശിനായുള്ള കുത്തിപ്പിഴിയലും തകൃതി

കോട്ടയം: സ്വകാര്യമേഖലയിൽ തഴച്ചുവളരുന്ന എൻട്രൻസ് പരീശീലനകേന്ദ്രങ്ങൾ സിബിഎസ്ഇയുടെയും സംസ്ഥാന സർക്കാരിന്റെയും ചട്ടങ്ങൾക്കു പുല്ലുവിലയാണു കൽപിക്കുന്നത്. പണക്കൊഴുപ്പും ഉന്നത സ്വാധീനവും മൂലം നിയമങ്ങൾ ഇവിടെ കണ്ണടയ്ക്കുകയാണ് പതിവ്. സിബിഎസ്ഇയുടെ ഫലം വരുന്നതിന് മുമ്പേ തന്നെ പ്രവേശനം നൽകി അടുത്ത വർഷത്തേക്കുള്ള സ്‌കൂൾ സെന്ററുകളിലെ ക്ലാസുകൾ മിക്കയിടത്തും ആരംഭിച്ചുകഴിഞ്ഞു. പത്താംക്ളാസ് ബോർഡ് പരീക്ഷയ്ക്കു മുമ്പു തന്നെ പരിശീലന കേന്ദ്രം സ്‌കൂൾ സെന്ററുകളിൽ ഒരു മോക്ക് ടെസ്റ്റ് നടത്തും.

ഇതിൽ യോഗ്യരാകുന്ന ഏതാണ്ട് എല്ലാവരെയും തന്നെ പതിനൊന്നാം ക്ളാസ് മുതലുള്ള തീവ്ര എൻട്രൻസ് പരീശിലനത്തിന് തെരഞ്ഞെടുക്കും. പത്താംക്ളാസ് പാസാകുന്നവർക്ക് രണ്ടുവർഷത്തെ പരിശീലനമാണ് നൽകുക. എൻട്രൻസ് പരീശിലന കേന്ദ്രത്തിലെ അധികൃതർ സ്‌കൂളുകളിലെത്തിയാണ് ക്ളാസ് എടുക്കുന്നത്. പത്താംക്ളാസ് റിസൽട്ട് വരാതെ എങ്ങനെ പതിനൊന്നിന്റെ എൻട്രൻസ് പരീശീലനം തുടങ്ങുമെന്നാണെങ്കിൽ എല്ലാം ഒരു അഡ്ജസ്റ്റ്മെന്റല്ലേ എന്നാവും മറുപടി. കോട്ടയത്തും, മാന്നാനത്തും, ചങ്ങനാശേരിയിലും, കാഞ്ഞിരപ്പള്ളിയിലും, തിരുവനന്തപുരത്തും, തൃശൂരും എല്ലാം ക്ളാസ് തിരുതകൃതിയാണ്.

വേനലവധിക്ക് ക്ളാസ് പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശമുണ്ട്. ഇതിന് സിബിഎസ്ഇ പാഠ്യക്രമം പിന്തുടരുന്ന സ്‌കൂളുകളെ ഒഴിച്ചു നിർത്തിയിട്ടില്ല. കാരണം കൊടുംചൂടിൽ അധ്യയനം വേണ്ടെന്ന തീരുമാനത്തിന്റെ ഭാഗമാണ് ഈ സർക്കുലർ. എന്നാൽ നമ്മുടെ എൻട്രൻസ് പരീശിലന സ്‌കൂൾ സെന്ററുകൾക്ക് ഇതൊന്നും ബാധകമല്ല. ഇവിടെ രാവിലെ എട്ടര മുതൽ വൈകുന്നരം വരെ ക്ളാസുണ്ട്. ഇക്കാര്യം എല്ലാവർക്കും അറിയുകയും ചെയ്യാം. പക്ഷേ പരിശോധനയില്ല. റെയ്ഡില്ല. കാരണം തൊട്ടാൽ പൊള്ളും.

പ്രധാന എൻട്രൻസ് പരീശീലന കേന്ദ്രത്തിൽ നിന്നുള്ള ബസിലാണ് അദ്ധ്യാപകർ എത്തുന്നത്. ഇവർക്ക് ഒരു മണിക്കൂറിന് 600 മുതൽ രണ്ടായിരം വരെയാണ് അദ്ധ്യാപകർക്ക് എൻട്രൻസ് കേന്ദ്രങ്ങളിലെ നിരക്ക്. കോളജ് അദ്ധ്യാപകർക്ക് ഒരു നിരക്കും. ഇതര സിബിഎസ്ഇ സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് മറ്റൊരു പാക്കേജുമാണ്. സർക്കാർ സർവീസിലുള്ള പലരും ലീവെടുത്ത് ഇത്തരം എൻട്രൻസ് കേന്ദ്രങ്ങളിൽ സ്ഥിരം ഫാക്കൽറ്റിയാണ്. പാലായിലുള്ള ഒരു പ്രമുഖ കേന്ദ്രം അദ്ധ്യാപകരെ തെരഞ്ഞെടുക്കുന്നത് തന്നെ ചില പ്രത്യേക മാനദണ്ഡങ്ങൾ നോക്കിയാണ്. തങ്ങളുടെ താൽപര്യങ്ങൾക്ക് യോജിക്കാത്തവർ എത്ര കേമന്മാരാണെങ്കിലും കുത്തിനോവിച്ച് പുറത്താക്കും.

തൃശൂരിലെ എൻട്രൻസ് പരീശീലന സ്ഥാപനത്തിലെ കടുകട്ടിയായ പരീശിലനം മലയാളത്തിലെ ഒരു ചലച്ചിത്രത്തിൽ തന്നെ കടന്നുവരികയുണ്ടായി. ഓംശാന്തി ഓശാന എന്ന ചിത്രത്തിൽ നസ്രിയ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയാണ് ഈ രംഗത്തെ കുട്ടികൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം പുറം ലോകം ഇതാദ്യമായി അറിഞ്ഞത്. എങ്കിലും മുഖ്യധാരാ മാധ്യമങ്ങളിലൊന്നും കടുത്ത മനുഷ്യാവകാശ ലംഘനം വാർത്തയായില്ല. റബറിന്റെ നാട്ടിലെ പരീശിലീന കേന്ദ്രത്തിൽ ക്ളാസിൽ ഇരിക്കുക എന്ന ധർമം മാത്രമേ കുട്ടികൾ അനുഷ്ഠിക്കേണ്ടതുള്ളൂ. അവരെ അസ്വസ്ഥരാക്കാൻ പോകാറില്ല.

അൻപതോളം കുട്ടികൾ ഉള്ളതിനാൽ അദ്ധ്യാപകർക്ക് വ്യക്തിപരമായി ശ്രദ്ധിക്കാനും കഴിയില്ല. കൂടാതെ ഓരോരുത്തർക്കും കൃത്യമായ പാഠഭാഗവും അത് എടുത്തു തീർക്കേണ്ട സമയവും നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കുട്ടികളെ വിലയിരുത്താൻ അവർ മെനക്കെടാറുമില്ല. ആകെ പിന്നെയുള്ളത് ഇടയ്ക്കിടെയുള്ള പരീക്ഷയാണ്. ഏറെ കുട്ടികളെ പരീശിലിപ്പിക്കുന്നതിനാൽ റിസൽട്ട് ഇവർക്ക് പ്രശ്നമില്ല. കുറച്ചുപേർക്ക് സെലക്ഷൻ ഉറപ്പാണ്. അവരുടെ വർണചിത്രം പത്രത്താളിൽ നിറച്ച് അടുത്ത വർഷത്തേക്കുള്ള വിദ്യാർത്ഥികളെ ആകർഷി്ക്കാം.

സ്‌കോളർഷിപ്പാണ് എൻട്രൻസ് പരീശിലനസ്ഥാപനങ്ങളുടെ ഒരു പ്രധാന ചൂണ്ട. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കോർത്തെടുക്കാനുള്ള മാസ്മരികത ഈ ചൂണ്ടയ്ക്കുണ്ട്. എൻട്രൻസ് പരീശീലനത്തിന് തെരഞ്ഞെടുക്കുന്നതിനുള്ള സ്‌ക്രീനിങ് ടെസ്റ്റ് എഴുതി ഒരു ദിവസത്തിനുള്ളിൽ തന്നെ എല്ലാവർക്കും എസ്എംഎസ് ലഭിക്കും. നിങ്ങളുടെ കുട്ടി സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നുവെന്നും നിശ്ചിത തീയതിയിൽ ഫീസടയ്ക്കണമെന്നുമാണ് എസ്എംഎസ്. ഈ എസ്എംഎസിൽ കുട്ടിക്ക് പരീക്ഷയിലെ മികവ് അനുസരിച്ച് ഇത്ര ശതമാനം കിഴിവ് ലഭിക്കുമെന്ന് പ്രത്യേകം പരാമർശിക്കും. ഫീസ് കുത്തനെ ഉയർത്തിയ ശേഷമാണ് ഈ സ്‌കോളർഷിപ്പ് ഡിസ്‌കൗണ്ട് സെയിൽ നടത്തുന്നത്. പരീക്ഷ എഴുതിയ ഏകദേശം എല്ലാവരെയും തന്നെ പല തലത്തിലുള്ള ഡിസ്‌കൗണ്ട് ഓഫർ നൽകി വലയിലാക്കും. ഇത് ബിസിനസ് സീക്രട്ടാണ്.

ദേശീയ മത്സര പരീക്ഷകൾക്കായി പ്രത്യേക കോച്ചിംഗിന് ഒരു കേന്ദ്രം നാലുവർഷം മുമ്പ് ശ്രമം തുടങ്ങിയതാണ്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ മെഡിക്കൽ സയൻസസ് (എയിംസ്) ബാച്ച് ആരംഭിക്കുകയും ചെയ്തു. പക്ഷേ പരീക്ഷ കഴിഞ്ഞപ്പോഴാണ് കാര്യം പിടികിട്ടിയത്. ഇവിടുത്തെ പരീശിലന പരിപ്പ് വേവില്ല. കുട്ടികളിൽ ആർക്കും തന്നെ യോഗ്യത നേടാനായില്ല. രക്ഷിതാക്കളുമായുള്ള കൂടിക്കാഴ്‌ച്ചയാണ് മറ്റൊരു ഹോബി. രക്ഷിതാക്കളെ അവസാന നിമിഷം വരെയും പ്രതീക്ഷയുടെ തണലിൽ തന്നെ നിർത്തും. ആദ്യ ടേമിൽ കിട്ടിയില്ലെങ്കിൽ റിപ്പീറ്റ് ചെയ്യാം. അവിടെയും പോയാൽ പിന്നെയും. എന്തായാലും പരീശീലന സ്ഥാപനത്തിന് നഷ്ടമില്ലല്ലോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP