Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എരുമേലി വിമാനത്താവളം: സർക്കാർ യോഹന്നാന്റെ ദയകാത്ത് നിൽക്കേണ്ട ആവശ്യമില്ല; കോടതിയിൽ പണം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാൻ തടസ്സമൊന്നും ഇല്ല; ഉന്നതബന്ധം വച്ച് പങ്കാളിത്തം ഉറപ്പാക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നു

എരുമേലി വിമാനത്താവളം: സർക്കാർ യോഹന്നാന്റെ ദയകാത്ത് നിൽക്കേണ്ട ആവശ്യമില്ല; കോടതിയിൽ പണം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാൻ തടസ്സമൊന്നും ഇല്ല; ഉന്നതബന്ധം വച്ച് പങ്കാളിത്തം ഉറപ്പാക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എരുമേലിയിൽ വിമാനത്താവളം സ്ഥാപിക്കാൻ ബിലീവേഴ്‌സ് ചർച്ച് ബിഷപ്പ് കെ പി യോഹന്നാന്റെ കൈവശമുള്ള ചെറുവള്ളി എസ്‌റ്റേറ്റ് സർക്കാരിന് നിയമപ്രകാരം തന്നെ ഏറ്റെടുക്കാനാകുമെന്ന് വ്യക്തമാക്കി നിയമവിദഗ്ദ്ധർ. ഹാരിസണിന്റെ കൈവശമായിരുന്ന ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളം നിർമ്മിക്കാനായി കേരള സർക്കാർ പരിഗണിക്കുന്നതെന്ന വാർത്തകൾ സജീവമായതോടെ ഇത് ഇപ്പോൾ എസ്‌റ്റേറ്റ് കൈവശം വച്ചിരിക്കുന്ന കെപി യോഹന്നാനെ സഹായിക്കാനുള്ള സർക്കാരിന്റെ ഗൂഢതന്ത്രമാണെന്ന് ആരോപണം ഉയർന്നിരുന്നു. യോഹന്നാന്റെ അനുമതിയില്ലാതെ ഭൂമി ഏറ്റെടുക്കാൻ ആകില്ലെന്ന മട്ടിലും വാദങ്ങളുയർന്നു. 

എന്നാൽ സർക്കാർ യോഹന്നാന്റെ ദയകാത്ത് നിൽക്കേണ്ടതില്ലെന്നും ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം കോടതിയുടെ അനുമതിയോടെ എസ്‌റ്റേറ്റ് സർക്കാരിന് എളുപ്പം ഏറ്റെടുക്കാനാകുമെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

എരുമേലിയിൽ വിമാനത്താവളം നിർമ്മിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചതോടെ ബിലീവേഴ്‌സ് ചർച്ച് ബിഷപ്പ് കെപി യോഹന്നാന്റെ കൈവശമുള്ള ഹാരിസൺ തോട്ടം ഏറ്റെടുത്ത് അവിടെ വിമാനത്താവളം നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വാർത്തകൾ സജീവമായി. അതേസമയം എരുമേലിയിൽ എവിടെയാണ് വിമാനത്താവളം വരുന്നതെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നില്ല. സർക്കാർ ഭൂമി അനധികൃതമായി സ്വന്തമാക്കി അത് സർക്കാരിന് തന്നെ വിൽപനനടത്തി നേട്ടംകൊയ്യാനാണ് യോഹന്നാന്റെ ശ്രമമെന്നും ഇതിന് പിണറായി സർക്കാർ കൂട്ടുനിൽക്കുകയാണെന്നും ബിജെപി നേതാവ് വി മുരളീധരനും ആരോപിച്ചതോടെ വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച് വാദപ്രതിവാദങ്ങളും സജീവമായി.

അതേസമയം, നിയമപ്രകാരം തന്നെ എസ്റ്റേറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാരിന് എറ്റെടുക്കാമെന്നിരിക്കെ എരുമേലി വിമാനത്താവളം വൈകുന്ന സാഹചര്യം ഒഴിവാക്കാൻ നിരവധി മാർഗങ്ങളുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എസ്റ്റേറ്റിലൂടെ വൈദ്യുതി ലൈൻ വലിക്കുന്നതിന് കെഎസ്ഇബി നേരത്തേ കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. അതേ മാതൃകയിൽ വിമാനത്താവളത്തിനും കോടതിയുടെ അനുമതിയോടെ പണം കെട്ടിവച്ച് സർക്കാരിന് അനുമതി തേടാമെന്നാണ് നിയമവിദഗ്ദ്ധർ സൂചിപ്പിക്കുന്നത്.

ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി ഏറ്റെടുക്കാനാകും. ഉടമസ്ഥാവകാശത്തെ ചൊല്ലി ബിലീവേഴ്‌സ് ചർച്ചും സർക്കാരും തമ്മിൽ കേസ് നടക്കുന്നുണ്ട്. അതിനാൽ ഒന്നുകിൽ കേസിൽ സർക്കാരിന് അനുകൂലമായ വിധി വരികയോ അല്ലെങ്കിൽ നിയമപ്രകാരം ഏറ്റെടുക്കുകയോ ചെയ്യേണ്ടിവരുമെന്ന സ്ഥിതിയാണുള്ളത്. രണ്ടിനും സമയമെടുക്കുമെന്നതിനാൽ വിമാനത്താവള നിർമ്മാണം അനന്തമായി വൈകുമെന്ന അഭിപ്രായങ്ങളും ഉയർന്നിരുന്നു.

നിലവിലെ കേസിൽ ഹൈക്കോടതി വിധി വന്നാലും അപ്പീൽ സാധ്യതയുണ്ട്. ഇതിനാൽ കേസ് തീർപ്പാവാൻ ഏറെ വൈകുമെന്നായിരുന്നു നേരത്തേയുള്ള വിലയിരുത്തൽ. പക്ഷേ, ഹൈക്കോടതിയുടെ അനുമതി വാങ്ങി വിമാനത്താവളം നിർമ്മിക്കാൻ സർക്കാരിന് കഴിയുമെന്ന സാഹചര്യമാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിനായി അനുമതി തേടി ഹൈക്കോടതിയിൽ പ്രത്യേക ഹർജി നൽകിയാൽ മതിയാകും. നേരത്തേ ചെറുവള്ളി എസ്റ്റേറ്റിലൂടെ വൈദ്യുതി ലൈൻ വലിക്കുന്നതിനും മരം മുറിക്കുന്നതിനും കെഎസ്ഇബി കോടതിയിൽ നിന്ന് പ്രത്യേക അനുമതി നേടിയിരുന്നു. അതേരീതിയിൽ ഭൂമിയുടെ വില കോടതിയിൽ കെട്ടിവച്ച് വിമാനത്താവള നിർമ്മാണത്തിനും സർക്കാരിന് അനുമതി വാങ്ങാവുന്നതാണെന്നാണ് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നത്.

സമാന രീതിയിലാണ് കെഎസ്ഇബിയും അനുമതി നേടിയത്. മുറിക്കുന്ന മരത്തിന്റെ വില പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കാനും കേസിൽ അന്തിമ വിധിയാകുമ്പോൾ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നവർക്ക് പണം കൈമാറാനുമായിരുന്നു കോടതി നിർദ്ദേശിച്ചത്. സമാന രീതിയിൽ ഭൂമിയുടെ വില പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കുകയും ഉടമസ്ഥാവകാശ കേസിൽ കോടതി വിധി പ്രകാരം അത് കൈമാറുകയും ചെയ്യാമെന്ന് വ്യക്തമാക്കി സർക്കാരിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം ഉടൻ നിർമ്മിച്ചു തുടങ്ങാമെന്നാണ് അഭിപ്രായം ഉയരുന്നത്. മാത്രമല്ല, ഇത്തരത്തിൽ ഭൂമി ഏറ്റെടുത്താൽ പദ്ധതിയിൽ ആർക്കും സൗജന്യമായി ഓഹരി അനുവദിക്കേണ്ടിയും വരില്ല.

ഹാരിസൺസ് മുതലാളിമാർ മുറിച്ചുവിറ്റ ഭൂമിയിലെ ഒരു ഭാഗമാണ് ഇപ്പോൾ ബിലീവേഴ്‌സ് ചർച്ച് ബിഷപ്പ് കെ പി യോഹന്നാന്റെ കൈവശമുള്ളത്. ഹാരിസൺസ് വിദേശ കമ്പനിയായതിനാൽ അവരുടെ ഭൂമി മുഴുവൻ കാലാവധി തീർന്ന് സർക്കാരിന്റെ കൈവശം വന്നുചേർന്നിരുന്നു. അവർ കൈവശംവച്ചിരുന്നതും മുറിച്ചുവിറ്റതുമായ എല്ലാ ഭൂമിയുടേയും അവകാശം സർക്കാരിൽ നിക്ഷിപ്തമാണെന്ന് വ്യക്തമാക്കി ഇത് ഏറ്റെടുത്ത് 2015 മെയ് 28ന് റവന്യൂ സ്‌പെഷ്യൽ ഓഫീസറായിരുന്ന എംജി രാജമാണിക്യം ഉത്തരവിറക്കിയിരുന്നു. ഇതോടെ ചെറുവള്ളി എസ്‌റ്റേറ്റ് മാത്രമല്ല, മേഖലയിൽ ഹാരിസൺ കൈവശംവച്ചിരുന്ന ഭൂമി മുഴുവൻ സർക്കാരിന്റെ ഉടമസ്ഥതയിൽ ആയിക്കഴിഞ്ഞു. എന്നാൽ ഇത് ചോദ്യം ചെയ്ത് യോഹന്നാനും ഹാരിസണും നൽകിയ കേസാണ് ഇപ്പോൾ കോടതിയിലുള്ളത്.

അതേസമയം, ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിക്കുന്നതിന് പകരം സ്ഥലത്തിന് പകരമായി വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം യോഹന്നാന് നൽകുന്നതിന് ചരടുവലികൾ സജീവമാണെന്ന് ആക്ഷേപം ഉണ്ട്. ബിജെപി നേതാവ് മുരളീധരനുൾപ്പെടെ ഉള്ളവർ ഇത്തരം ആശങ്കകളാണ് പങ്കുവച്ചത്. എന്നാൽ ഇത്തരത്തിൽ ഓഹരി നൽകാതെ തന്നെ സ്ഥലത്തിന്റെ വില കോടതിയിൽ കെട്ടിവച്ച് സർക്കാരിന് ഭൂമി ഏറ്റെടുക്കാനും  വിമാനത്താവളം നിർമ്മിക്കാനും സർക്കാരിന് സാധിക്കുമെന്നാണ് ഇപ്പോൾ നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇത്തരമൊരു സാധ്യത മറച്ചുവച്ച് യോഹന്നാന് വിമാനത്താവളത്തിൽ പങ്കാളിത്തം നൽകാനും അതിന്റെ ലാഭം നൽകാനും ചിലർ തകൃതിയായി നീക്കം നടത്തുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP