Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്എൻഡിപി ശാഖാംഗങ്ങൾ വെള്ളാപ്പള്ളിയെ ഭയന്നിരുന്ന കാലം പോയി; ഊരുവിലക്കിയ കുടുംബത്തിന്റെ വിവാഹത്തിൽ പങ്കെടുത്തു സമുദായാംഗങ്ങൾ; പിഴ ഈടാക്കുമെന്നു ശാഖാ കമ്മറ്റി; തരാൻ മനസില്ലെന്നു വിമതർ

എസ്എൻഡിപി ശാഖാംഗങ്ങൾ വെള്ളാപ്പള്ളിയെ ഭയന്നിരുന്ന കാലം പോയി; ഊരുവിലക്കിയ കുടുംബത്തിന്റെ വിവാഹത്തിൽ പങ്കെടുത്തു സമുദായാംഗങ്ങൾ; പിഴ ഈടാക്കുമെന്നു ശാഖാ കമ്മറ്റി; തരാൻ മനസില്ലെന്നു വിമതർ

ശ്രീലാൽ വാസുദേവൻ

എരുമേലി: എസ്എൻഡിപിയെന്നു പറഞ്ഞാൽ വെള്ളാപ്പള്ളി എന്നു വിവക്ഷിച്ചിരുന്ന കാലം പോയി മറയുന്നു. ബിഡിജെഎസ് രൂപീകരിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയ വെള്ളാപ്പള്ളിക്ക് എതിർപ്പ് മറ്റു രാഷ്ട്രീയ കക്ഷികളിൽ നിന്ന് മാത്രമല്ല സ്വന്തം സമുദായത്തിൽനിന്നു തന്നെ ഉയരുന്നു. മുമ്പൊക്കെ വെള്ളാപ്പള്ളിയുടെ ഉത്തരവുകളെ പഞ്ചപുച്ഛമടക്കി അനുസരിച്ചിരുന്ന സമുദായാംഗങ്ങൾ പരസ്യമായി വെല്ലുവിളിച്ചു തുടങ്ങി. ഇത്തരത്തിലുള്ള ആദ്യ വെല്ലുവിളി ഉയർന്നിരിക്കുന്നത് എരുമേലി എസ്.എൻ.ഡി.പി യൂണിയനിലെ വെൺകുറിഞ്ഞി ശാഖയിൽ നിന്നുമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥിക്കെതിരായ നിലപാട് സ്വീകരിച്ചതിന് ഈഴവ കുടുംബത്തിന് ശാഖായോഗം ഏർപ്പെടുത്തിയ ഊരുവിലക്ക് മറികടന്നിരിക്കുകയാണ് ഭൂരിപക്ഷം വരുന്ന അംഗങ്ങൾ. വെൺകുറിഞ്ഞി എസ്.എൻ.ഡി.പി ശാഖാംഗം നരിയാനി പൊയ്കയിൽ ശശിയുടെ കുടുംബത്തിനാണ് വിലക്ക് നേരിടേണ്ടി വന്നത്.

ഞായറാഴ്ചയായിരുന്നു ശശിയുടെ മകളുടെ വിവാഹം. ഊരുവിലക്ക് മറികടന്ന്, ശാഖയിൽ നിന്നുള്ള പകുതിയിലേറെ കുടുംബാംഗങ്ങളും വിവാഹത്തിൽ പങ്കെടുത്തു. വിലക്ക് ലംഘിച്ച് വിവാഹത്തിൽ പങ്കെടുക്കുന്നവരിൽ നിന്ന് പിഴയായി 1000 രൂപ വീതം ഈടാക്കുമെന്ന് ശാഖാ കമ്മറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. 137 കുടുംബങ്ങളാണ് ശാഖയിലുള്ളത്. ഇതിൽ അറുപതോളം കുടുംബങ്ങൾ ഞായറാഴ്ച നടന്ന വിവാഹത്തിൽ പങ്കെടുത്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ വെൺകുറിഞ്ഞി ഉൾപ്പെടുന്ന റാന്നി നിയോജക മണ്ഡലത്തിൽ പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ആയിരുന്നു ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി. പത്മകുമാറിന്റെ പ്രചാരണാർഥം ശശിയുടെ വീട്ടിലെത്തിയ ശാഖായോഗം ഭാരവാഹികൾ രാജു ഏബ്രഹാം എംഎൽഎയെ കുറിച്ച് വിമർശിച്ച് സംസാരിച്ചു. പരമ്പരാഗതമായി കമ്യൂണിസ്റ്റുകാരനായ ശശി ഇതിനെ എതിർത്തതാണ് ശാഖാ നേതൃത്വത്തെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ ശാഖാ കമ്മറ്റി യോഗം ചേർന്ന് ശശിയുടെ കുടുംബത്തെ പുറത്താക്കി. പുറത്താക്കിയതിന്റെ രേഖ നൽകാൻ ശശി ആവശ്യപ്പെട്ടെങ്കിലും കമ്മറ്റിക്കാർ തയാറായില്ല.

ഇതിനിടെയാണ് ശശിയുടെ മകളുടെ വിവാഹം വന്നത്. ശാഖയിൽ നിന്ന് പുറത്താക്കപ്പെട്ടയാളിന്റെ മകൾക്ക് വിവാഹപത്രിക നൽകില്ലെന്ന് യൂണിയൻ അറിയിച്ചു. വിവാഹ നിശ്ചയ ചടങ്ങിന് ശശി ശാഖയിലെ മറ്റ് അംഗങ്ങളെയും ക്ഷണിച്ചിരുന്നു. വിവാഹ ചടങ്ങിൽ വിലക്ക് മറികടക്കാൻ അംഗങ്ങൾ തീരുമാനിക്കുകയായിരുന്നു. യൂണിയന്റെ കീഴിലുള്ള വെൺകുറിഞ്ഞി എസ്എൻഡിപി സ്‌കൂളിൽ വിവാഹം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. സ്‌കൂൾ വിട്ടു നൽകാൻ യൂണിയൻ നേതൃത്വം തയാറായില്ല. തുടർന്ന് വിവാഹം എരുമേലി ശാസ്താക്ഷേത്രത്തിലേക്ക് മാറ്റി.

പത്രിക ഇല്ലാതെ വിവാഹം കഴിക്കാൻ വരന്റെ വീട്ടുകാരും തയാറായി. വിവാഹ ചടങ്ങിൽ ആന്റോ ആന്റണി എംപി അടക്കമുള്ള ജനപ്രതിനിധികളും സിപിഐ(എം), ബിജെപി, കോൺഗ്രസ് നേതാക്കളും പങ്കെടുത്തു. ഊരുവിലക്ക് മറികടന്നതിന്റെ പേരിൽ പിഴ അടയ്ക്കാൻ തങ്ങൾ തയാറല്ലെന്ന് വിവാഹത്തിൽ പങ്കെടുത്ത ശാഖാംഗങ്ങൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP