Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനുവരി ഒന്നു മുതൽ എക്‌സൈസ് വകുപ്പിന്റെ എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ; പണം വാങ്ങി കേസ് ഒതുക്കുന്നത് തടയാൻ സിങ്കത്തിന്റെ സർജിക്കൽ അറ്റാക്ക്; കേസുകൾ ഇനി ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം: സ്ഥിരമായി പടി വാങ്ങി ശീലിച്ച ഉദ്യോഗസ്ഥർക്ക് മേൽ പിടിവീഴും

ജനുവരി ഒന്നു മുതൽ എക്‌സൈസ് വകുപ്പിന്റെ എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ; പണം വാങ്ങി കേസ് ഒതുക്കുന്നത് തടയാൻ സിങ്കത്തിന്റെ സർജിക്കൽ അറ്റാക്ക്; കേസുകൾ ഇനി ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം: സ്ഥിരമായി പടി വാങ്ങി ശീലിച്ച ഉദ്യോഗസ്ഥർക്ക് മേൽ പിടിവീഴും

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിനെ ശുദ്ധീകരിക്കാനുള്ള നീക്കവുമായി അനുദിനം മുന്നോട്ടുപോകുന്ന എക്‌സൈസ് കമീഷണർ ഋഷിരാജ് സിംഗിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽകൂടി. വകുപ്പിനെ കൂടുതൽ സ്മാർട്ടാക്കി മുഴുവൻ വിവരങ്ങളും വിരൽത്തുമ്പിലെത്തിക്കാനുള്ള സിംഗിന്റെ നീക്കങ്ങൾക്ക് സർക്കാരിന്റെ പച്ചക്കൊടി ലഭിച്ചു.

കേസ് രജിസട്രേഷൻ മുതൽ അന്വേഷണവും അറസ്റ്റും സ്ഥിതിവിവരക്കണക്കുകളും ഇനി ഓൺലൈനാകും. ഇതോടെ പണംവാങ്ങി കേസുകൾ ഒത്തുതീർക്കുന്ന എക്‌സൈസിലെ വിരുതന്മാർക്ക് തിരിച്ചടിയാകും. 2012ൽ ആണ് എക്‌സൈസ് വകുപ്പ് ക്രൈം റെക്കോർഡ് ബ്യൂറോ ആരംഭിച്ചത്. എന്നാൽ എല്ലാ വിവരങ്ങളും ഇന്നും സൂക്ഷിക്കുന്നത് ഫയലുകളായാണ്. എക്‌സൈസ് റേഞ്ച് ഓഫീസ് മുതൽ എക്‌സൈസ്ഭവൻവരെ കോർത്തിണക്കുന്ന ഓൺലൈൻ സംവിധാനമാണ് ഋഷിരാജ് സിങ് വിഭാവനം ചെയ്യുന്നത്.

ഒട്ടേറെ കേസുകൾ എക്‌സൈസിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇത്തരം കേസുകളെ കുറിച്ച് കൃത്യമായ പരിശോധന നടക്കുന്നില്ല. ക്രൈം സ്റ്റാറ്റിക്‌സ് ഓൺലൈനാകുന്നതോടെ കേസുകളുടെ മുഴുവൻ വിവരവും ഞൊടിയിടയിൽ എക്‌സൈസ് കമ്മീഷണർക്കടക്കം പരിശോധിച്ച് നടപടി സ്വീകരിക്കാൻ കഴിയും. മാത്രമല്ല, പുതിയ സംവിധാനം വരുന്നതോടെ കേസുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. തീയ്യതിയും സമയവും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിനാൽ കേസുകൾ രജിസ്റ്റർ ചെയ്ത ശേഷം പണം വാങ്ങിയോ സ്വാധീനത്തിനു വഴങ്ങിയോ ഒഴിവാക്കാനാകില്ല.

നാഷണൽ ഇൻഫർമാറ്റിക് മിഷനെയാണ് (എൻഐസി)സോഫ്റ്റ് വെയർ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത്. ഇതു സംബന്ധിച്ച് എൻഐസി ഡയറക്ടറുമായി എക്‌സൈസ് കമ്മീഷണർ ഋഷിരാജ്‌സിങ് ചർച്ച നടത്തി. ജനുവരി ഒന്നുമുതൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. എക്‌സൈസ് ക്രൈം റെക്കോർഡ് ബ്യൂറോക്ക് പുതിയ സോഫ്റ്റ് വെയർ തയ്യാറാക്കുന്നതിനുൾപ്പെടെ 30 ലക്ഷം രൂപയാണ് എക്‌സൈസ് വകുപ്പ് ആദ്യഘട്ടം വകയിരുത്തിയിട്ടുള്ളത്.

വകുപ്പിനെ സ്മാർട്ട് ആക്കാനുള്ള സിംഗിന്റെ പ്രവർത്തനങ്ങൾ പലതും കൈയടി നേടിയിരുന്നു. ബിയർ-വൈൻ പാർലർ ലൈസൻസ് പുതുക്കലുകൾപ്പെടെയുള്ള സേവനങ്ങൾ എക്‌സൈസ് വകുപ്പ് ഓൺലൈനാക്കിയത് അദ്ദേഹം ചുമതലയേറ്റതിനുശേഷമാണ്. അതുപോലെ സംസ്ഥാനത്ത് ആദ്യമായി തൊഴിൽസുരക്ഷയ്ക്ക് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് തോക്ക് നൽകാനും അദ്ദേഹത്തിന്റെ ഇടപെടലിലൂടെ കഴിഞ്ഞു. എല്ലാ റേഞ്ച് ഓഫീസുകൾക്കുമായി 200 തോക്കുകളാണ് വിതരണം ചെയ്തത്.

അതേസമയം, പൊലീസിന്റെ സഹായമില്ലാതെ മൊബൈൽ ട്രാക്കിംഗിനുള്ള സംവിധാനമൊരുക്കണം, എക്‌സൈസ് സ്റ്റേഷനുകളിൽ സെല്ലുകൾ വേണം, പൊലീസിനേപ്പോലെ വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കാനുള്ള അധികാരം എക്‌സൈസിന് നൽകണം തുടങ്ങിയ ആവശ്യങ്ങളോട് സർക്കാർ ഇതുവരെ അനുകൂലനിലപാട് സ്വീകരിച്ചിട്ടില്ല. പൊലീസ്- എക്‌സൈസ് വകുപ്പുകൾ തമ്മിൽ ആഭ്യന്തരപ്രശ്‌നങ്ങൾ ഉടലെടുക്കുമെന്നതിനാലാണ് സർക്കാർ ഈ നിർദ്ദേശങ്ങൾക്ക് അനുമതി നൽകാത്തതെന്നാണ് സൂചന. പുതിയ തലമുറയിലെ ഉദ്യോഗസ്ഥരെ ഊർജ്ജസ്വലരാക്കി കേരളത്തെ ലഹരി നിയന്ത്രിത സംസ്ഥാനമാക്കി മാറ്റിയെടുക്കാനുള്ള തീവ്രപരിശീലനത്തിലാണ് സിങ്കം ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP