Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എഴുത്തച്ഛനെ നായരാക്കി നോവൽ എഴുതിയ സി രാധാകൃഷ്ണന്റെ എഴുത്തച്ഛൻ പുരസ്‌കാരം തട്ടിത്തെറുപ്പിച്ച് സമുദായ നേതാക്കൾ; അവാർഡ് നിർണ്ണയത്തിലും ജാതി നോക്കി സംസ്ഥാന സർക്കാർ

എഴുത്തച്ഛനെ നായരാക്കി നോവൽ എഴുതിയ സി രാധാകൃഷ്ണന്റെ എഴുത്തച്ഛൻ പുരസ്‌കാരം തട്ടിത്തെറുപ്പിച്ച് സമുദായ നേതാക്കൾ; അവാർഡ് നിർണ്ണയത്തിലും ജാതി നോക്കി സംസ്ഥാന സർക്കാർ

തിരൂർ: മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌ക്കാരമായ എഴുത്തച്ഛൻ പുരസ്‌ക്കാര നിർണ്ണയത്തിൽ ഇടപെടൽ നടന്നുവെന്ന് സൂചന. തൃശ്ശൂർ കേന്ദ്രമായ എഴുത്തച്ഛൻ സമാജം സാംസ്കാരിക മന്ത്രി തലത്തിലും പുരസ്‌ക്കാര നിർണ്ണയ സമിതിയിലും നടത്തിയേയും സ്വാധീനിച്ചെന്നാണ് സൂചന. ഇതാണ് ഇത്തവണ പുരസ്‌ക്കാര ജേതാവിനെ നിശ്ചയിക്കുന്നതിൽ നിർണ്ണായകമായത്.

അവാർഡിന് സി രാധാകൃഷ്ണനെ പരിഗണിക്കുന്നെന്ന വിവരം ലഭിച്ചതോടെയാണ് എഴുത്തച്ഛൻ സമാജം മന്ത്രിതല ഇടപെടൽ നടത്തിയത്. സി രാധാകൃഷ്ണന്റെ എഴുത്തച്ഛനെക്കുറിച്ചുള്ള ജീവചരിത്ര നോവലായ 'തീക്കടൽ കടഞ്ഞ് തിരുമധുരം' എന്ന നോവലിനെതിരെയുള്ള പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് സമാജം അവാർഡ് നിർണ്ണയത്തിലും ഇടപെട്ടത്. സി രാധാകൃഷ്ണൻ അവാർഡ് നൽകിയാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിരുദ്ധ നിലപാടെടുക്കുമെന്ന് സമാജം ഭാരവാഹികൾ സാംസ്കാരിക മന്ത്രി കെസി ജോസഫിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇത്. സംസ്ഥാനത്താകെ 18 ലക്ഷം അംഗങ്ങൾ തങ്ങൾക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമ്മർദ്ദം.

വോട്ട് ബാങ്ക് രാഷ്ട്രീയം ഒടുവിൽ കാര്യങ്ങൾ നിശ്ചയിച്ചു. പത്ത് മണ്ഡലങ്ങളിൽ തങ്ങൾ നിർണ്ണായക വോട്ട് ബാങ്കാെണന്നും ഇവർ മന്ത്രിയെ ധരിപ്പിച്ചു. മന്ത്രിക്കു പുറമേ അവാർഡ് നിർണ്ണയ സമിതിയിലുള്ള ചിലരേയും കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നതായി സമാജം ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഡ്വ. പി ആർ സുരേഷ് പറഞ്ഞു. അവാർഡിന് സി രാധാകൃഷ്ണനെ പരിഗണിക്കുന്നെന്ന സൂചന ലഭിച്ചതോടെയാണ് സമ്മർദ്ദം ചെലുത്തിയതെന്നും സി രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്‌ക്കാരം നൽകിയാൽ അത് തെറ്റായ ചരിത്രത്തെ അംഗീകരിക്കലാകുമെന്നതിനാലാണ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തച്ഛന്റെ ആത്മകഥാ അംശമുള്ള നോവലാണ് 'തീക്കടൽ കടഞ്ഞ് തിരുമധുരം' എന്നാണ് സി രാധാകൃഷ്ണൻ പറയുന്ന്. എഴുത്തച്ഛന്റെ കുടംബത്തിലെ അംഗമാണ് താനെന്നും രാധാകൃഷ്ണൻ പറയുന്നു. തന്റെ മുത്തശ്ശിമാരെ അധികരിച്ചാണ് ഈ നോവൽ എഴുതിയതെന്നാണ് അവകാശവാദം. ഇതോടെ എഴുത്തച്ഛൻ നായർ സമുദായ അംഗമാണെന്ന ധാരണ വന്നു. ഇത് രാധാകൃഷ്ണൻ ശരിവയ്ക്കുകയും ചെയ്തു. തുഞ്ചത്ത് എഴുത്തച്ഛൻ, നായർ സമുദായക്കാരനാണെന്ന പരാമർശത്തിനെതിരെയാണ് നോവൽ പുറത്തിറങ്ങിയതു മുതൽ എഴുത്തച്ഛൻ സമാജം സി രാധാകൃഷ്ണനെതിരെ രംഗത്തുള്ളത്. ഇത് തന്നെയാണ് ഇപ്പോൾ പുരസ്‌കാരം നൽകാതിരിക്കാനുള്ള സ്വാധീനത്തിനും കാരണം.

ഈ വിഷയത്തിൽ തൃശ്ശൂരിൽ കൊച്ചിൻ ദേവസ്വം ബോർഡ് സി രാധാകൃഷ്ണനെ ആദരിക്കുന്ന വേദിക്കു പുറത്ത് സമാജത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സാംസ്കാരിക വകുപ്പിന് കീഴിലെ സമിതിയാണ് എഴുത്തച്ഛൻ പുരസ്‌ക്കാരം നിശ്ചയിക്കുന്നത്. കഴിഞ്ഞവർഷം വിഷ്ണു നാരായണൻ നമ്പൂതിരിക്കായിരുന്നു പുരസ്‌ക്കാരം. അവാർഡ് ഏറ്റുവാങ്ങുന്ന വേദിയിൽ അദ്ദേഹം തന്നേക്കാൾ ഇതിനർഹൻ സി രാധാകൃഷ്ണനാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ രാധാകൃഷ്ണനിലേക്ക് കാര്യങ്ങൾ തിരിഞ്ഞത്. ഇതാണ് അട്ടിമറിക്കപ്പെട്ടത്.

തനിക്കെതിരെ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയെന്ന് എഴുത്തച്ഛൻ സമാജം തുറന്ന് സമ്മതിച്ചതോടെ ജാതീയതയുടെ അസഹിഷ്ണുതയാണ് വെളിവാകുന്നതെന്നും അത്തരം സമ്മർദ്ദങ്ങൾക്ക് സർക്കാർ വഴങ്ങിയെങ്കിൽ തെറ്റാണെന്നും സി രാധാകൃഷ്ണൻ പ്രതികരിച്ചു. ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നും ജാതീയ സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങി അംഗീകാരങ്ങൾ നിശ്ചയിക്കുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഈ വർഷത്തെ പുരസ്‌ക്കാരം പുതുശ്ശേരി രാമചന്ദ്രന് നൽകിയതിൽ തനിക്ക് പരാതിയില്ലെന്നും അദ്ദേഹം എന്തുകൊണ്ടും അർഹനാണെന്നും സി രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP