Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ലിപ്പെഴുത്തിൽ തുടങ്ങി നഴ്‌സും ഓപ്പറേഷൻ അസിസ്റ്റന്റും ഡോക്ടറുമൊക്കെയായി വിലസി; വ്യാജരേഖകളും തട്ടിപ്പും വെട്ടിപ്പും എല്ലാമുണ്ടായിട്ടും ഒടുവിൽ പൊലീസിന്റെ കെണിയിൽ വീണു; പ്ലസ്ടുക്കാരന്‍ യുവാവ് കുറഞ്ഞകാലം കൊണ്ട് തട്ടിപ്പിൽ പിഎച്ച്ഡി നേടിയ കഥയിങ്ങനെ

സ്ലിപ്പെഴുത്തിൽ തുടങ്ങി നഴ്‌സും ഓപ്പറേഷൻ  അസിസ്റ്റന്റും ഡോക്ടറുമൊക്കെയായി വിലസി; വ്യാജരേഖകളും തട്ടിപ്പും വെട്ടിപ്പും എല്ലാമുണ്ടായിട്ടും ഒടുവിൽ പൊലീസിന്റെ കെണിയിൽ വീണു; പ്ലസ്ടുക്കാരന്‍ യുവാവ് കുറഞ്ഞകാലം കൊണ്ട് തട്ടിപ്പിൽ പിഎച്ച്ഡി നേടിയ കഥയിങ്ങനെ

എം പി റാഫി

മലപ്പുറം: ഡോക്ടർമാരുടെ സ്ലിപ്പ് എഴുതുന്ന ജോലി ചെയ്്തിരുന്ന +2 യോഗ്യത മാത്രമുള്ള യുവാവ് കൃത്രിമമായി ഉണ്ടാക്കിയ സർട്ടിഫിക്കറ്റുകളുമായി വർഷങ്ങൾക്കുള്ളിൽ നേഴ്‌സും ഡോക്ടറും ഓപ്പറേഷൻ അസിസ്റ്റന്റുമൊക്കെയായി വിലസിയ കഥയാണിത്. 

തട്ടിപ്പിന്റെ ഞെട്ടിക്കുന്ന മുഖമായിരുന്നു താനൂർ സ്വദേശിയായ യുവാവ് പൊലീസ് പിടിയിലായതോടെ പുറത്തായത്. പൊലീസിനെയും കബളിപ്പിച്ച് നാലുദിവസം മുമ്പ് താനൂർ സ്‌റ്റേഷനിൽ പരാതിയുമായി എത്തിയതോടെയാണ് വിവിധ തട്ടിപ്പുകളും വ്യാജരേഖകളും ചമച്ച് ജീവിച്ചിരുന്ന യുവാവ് താനൂർ പൊലീസിന്റെ വലയിലായത്. താനൂർ അഞ്ചുടി മമ്മിക്കാന്റെ പുരക്കൽ റിയാസ്(29)നെയാണ് തട്ടിപ്പു കേസിൽ താനൂർ എസ്.ഐ സുമേഷ് സുധാകരൻ ഇന്നലെ അറസ്റ്റ് ചെയ്തത്.

വിവിധ തട്ടിപ്പുകൾക്കൊടുവിൽ സ്വന്തം വീടിന്റെ ആധാരം പണയം വെയ്ക്കുന്നതിനായി തട്ടിയെടുക്കാനുള്ള പരിശ്രമത്തിനിടെയായിരുന്നു റിയാസിനു മേൽ പൊലീസിന്റെ പിടിവീണത്. താൻ എം.ബി.ബി.എസിനു പഠിക്കുകയാണെന്നും ഫീസ് അടക്കാൻ പണമില്ലാത്തതിനാൽ കോളേജിൽ നിന്നും ഇറക്കി വിട്ടിരിക്കുന്നുവെന്നും ഫീസ് അടക്കുന്നതിന് വിദ്യാഭ്യാസ ലോൺ എടുക്കാൻ വീടിന്റെ ആധാരം സഹോദരങ്ങൾ നൽകുന്നില്ലെന്നും കാണിച്ചായിരുന്നു റിയാസ് പരാതിയുമായി ആദ്യം പൊലീസിനെ സമീപിക്കുന്നത്. വീടിന്റെ ആധാരം സഹോദരങ്ങളുമായി സംസാരിച്ച് തനിക്ക് വാങ്ങിത്തരണമെന്നും അല്ലെങ്കിൽ ഭാവിയില്ലാതാകുമെന്നുമായിരുന്നു യുവാവ് പൊലീസിനെ ധരിപ്പിച്ചിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ തട്ടിപ്പുകളെ കുറിച്ച് അറിയുന്നത്. തട്ടിപ്പുകൾക്ക് പിന്നിൽ ഒരു സ്ത്രീയുടെ സഹായവും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് എം.ബി.ബി.എസ് പഠിക്കാനെന്നു പറഞ്ഞ് പണം തട്ടിയെന്നു കാണിച്ച് ഡോക്ടർ സെയ്തലവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റിയാസിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച റിയാസ് +2 പഠന ശേഷം തിരൂരിലെ സഹകരണ ആശുപത്രിയിൽ ഡോക്ടർമാരുടെ സ്ലിപ്പ് എഴുതുകയും പേര് വായിക്കുകയും ചെയ്തിരുന്ന ജോലിയിൽ പ്രവേശിച്ചു. ഇവിടെ നിന്നും മരുന്നുകളുടെ പേരു വിവരങ്ങളും ഇൻജക്ഷൻ എടുക്കുന്നത് എങ്ങനെയെന്നും മനസിലാക്കി. തുടർന്ന് ബാംഗ്ലൂർ ജോഷി നേഴ്‌സിങ് സ്‌കൂളിലുള്ള മറ്റാരുടെയോ സർട്ടിഫിക്കറ്റിന്റെ കോപ്പിയിൽ പേരു മാറ്റി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു. ഈ സർട്ടിഫിക്കറ്റ് വച്ച് താനൂർ ദയാ ആശുപത്രിയിൽ നേഴ്‌സിങ് അസിസ്റ്റന്റായി ജോലിയിൽ കയറുകയും ചെയ്തു. ഇവിടെ നിന്നും പിടിക്കപ്പെടുമെന്നായപ്പോൾ പാലക്കാടുള്ള പാലാന ഹോസ്പിറ്റലിൽ നേഴ്‌സായി ജോലിയിൽ പ്രവേശിച്ചു. ഈ സമയത്തായിരുന്നു പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലെ ഡോക്ടർ സെയ്തലവിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് സെയ്തലവിയോടൊപ്പം 2 വർഷം അസിസ്റ്റന്റായി ജോലി ചെയ്തു. ഈ സമയത്ത്, ഡോക്ടറാകണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും എംബിബിഎസ് പഠിക്കാൻ ആഗ്രഹമുണ്ടെന്നും ഡോക്ടറെ ധരിപ്പിച്ചു. ആരെയും സംസാരിച്ചു വീഴ്‌ത്താൻ കഴിവുണ്ടായിരുന്ന റിയാസ് ഡോക്ടറുടെ ഇഷ്ട സ്റ്റാഫായി മാറിയിരുന്നു.

എം.ബി.ബി.എസ് പഠനശേഷം ആശുപത്രിയിൽ ജോലിചെയ്തു വീട്ടാമെന്ന ഉടമ്പടിയോടെ മംഗലാപുരം ശ്രീനിവാസ മെഡിക്കൽ കോളേജിൽ ക്യാപിറ്റേഷൻ നൽകുന്നതിന് നഹാസിനു 55 ലക്ഷം രൂപ ഡോ.സെയ്തലവി നൽകുകയും ചെയ്തു. ഇതനുസരിച്ച് എം.ബി.ബി.എസിന് അഡ്‌മിഷൻ എടുത്തു. എന്നാൽ 54 ശതമാനം +2വിന് മാർക്കുള്ള റിയാസിന് പഠനം മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ല. ക്ലാസ് തുടങ്ങിയപ്പോഴേ ലുക്കിമിയ ബാധിച്ചതിനാൽ വെല്ലൂർ ആശുപത്രിയിൽ പോകണമെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും അവധിയിൽ പോകുകയും ചെയ്തു. പിന്നീട് ഇതേ കാലയളവിൽ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ഓപ്പറേഷൻ അസിസ്റ്റന്റായിട്ടായിരുന്നു ജോലിയിൽ പ്രവേശിച്ചത്. ഈ സമയത്ത് പല സന്നദ്ധ സംഘടനകൾക്കും വ്യാജമായി പണം തട്ടുന്നതിന് റിയാസ് ശ്രമിച്ചതായി പൊലീസിനു വിവരം ലഭിച്ചു.

ബേബി മെമോറിയൽ ആശുപത്രിയിൽ നിന്നും പിടിക്കുമെന്നായപ്പോൾ, ശരീരത്തിൽ നിന്നും രക്തം പൊടിയുന്ന അസുഖമാണെന്ന വ്യാജ രേഖകൾ സംഘടിപ്പിച്ച് അഞ്ചുടിയിലെ സ്വന്തം വീട്ടിലെത്തി. ഈ സമയം കാപിറ്റേഷൻ ഫീസ് തിരികെ വാങ്ങാനുള്ള ശ്രമവും നടത്തിയിരുന്നു. ചികിത്സക്ക് പണം വേണമെന്ന പേരിൽ പലരിൽ നിന്നും പണം തട്ടുകയുണ്ടായി. മാത്രമല്ല ഡോ.സെയ്തലവിയെ ബന്ധപ്പെട്ട് ചികിത്സാ പണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതറിഞ്ഞ സെയ്തലവി ഒരു ഡോക്ടർ എന്ന നിലയിൽ അന്വേഷിക്കുകയും സംശയം തോന്നുകയും ചെയ്തു. ഈ സമയത്തായിരുന്നു സ്വന്തം വീടിന്റെ ആധാരം കൈക്കലാക്കി ലോണെടുത്ത് മുങ്ങാനുള്ള ശ്രമം പ്രതി നടത്തിയത്. ഈ ആവശ്യത്തിന് സഹോദരങ്ങൾ എതിർത്തതോടെ താനൂർ പൊലീസിനെ സമീപിച്ച് കാര്യം നേടിയെടുക്കാനായിരുന്നു പദ്ധതി.

പൊലീസിൽ റിയാസ് പരാതി നൽകിയതിനു പിന്നാലെ കോൺവെന്റിൽ നിന്നും സിസ്റ്റർ റീനയെന്ന പേരിൽ ഒരു സ്ത്രീ താനൂർ എസ്.ഐയെ വിളിച്ചിരുന്നു. റിയാസിന് എം.ബി.ബി.എസ് എൻട്രൻസിൽ സെക്കന്റ് റാങ്ക് ഉണ്ടെന്നും പഠിക്കാൻ പണമില്ലെന്നും വിദ്യാഭ്യാസ ലോണെടുക്കാൻ സഹായിക്കണമെന്നും ആ സത്രീ പറഞ്ഞതായി എസ്.ഐ പറഞ്ഞു. റിയാസിന്റെ പരാതി പൊലീസിൽ ലഭിച്ചതിനെ തുടർന്ന് വീട്ടുകാരെ വിളിച്ചു വരുത്തി അന്വേഷിച്ചപ്പോഴാണ് മറുവശം പൊലീസ് അറിയുന്നത്. ഇത് സത്യമാണോയെന്നറിയാൻ പൊലീസ് പരാതി തീർപ്പാക്കൽ അടുത്ത ദിവസത്തേക്ക് മാറ്റി. ഇതിനിടെ തന്നെ വഞ്ചിച്ചതായും പണം തട്ടിയതായും കാണിച്ച് ഡോ. സെയ്തലവി പരാതിയുമായെത്തി. പിന്നീട് പൊലീസ് നടത്തിയ അന്വഷണത്തിൽ പ്രതി വ്യാജ രേഖകൾ ചമച്ചതായും തട്ടിപ്പുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

പൊലീസിനെ വിളിച്ച് കബളിപ്പിക്കാൻ ശ്രമിച്ച സ്ത്രീയും റിയാസിനു പിന്നിൽ തട്ടിപ്പുകൾക്ക് ഉണ്ടായതായാണ് പൊലീസ് നിഗമനം. പ്രതിയിൽ നിന്നും ഈ സ്ത്രീയുടെ യഥാർത്ഥ പേരുവിവരം ലഭിച്ചിട്ടുണ്ട്. താനൂർ സി.ഐ അലവിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തട്ടിപ്പിൽ സ്ത്രീയുടെ പങ്ക് വ്യക്തമായാൽ പ്രതിചേർക്കുമെന്ന് പൊലീസ് അറിയിച്ചു. അവസരത്തിന് അനുയോജ്യമായി വിവിധ മതസ്ഥരുടെ പേരായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. റിയാസിനെതിരെ വേറെയും പരാതികളുണ്ടെന്നാണ് വിവരം. കഴിഞ്ഞ വർഷം ഒരു സ്ത്രീയെ വീട്ടിൽ കയറി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ റിയാസിനെതിരെ ക്രൈം നമ്പർ 616/15 പ്രകാരം കേസുണ്ട്.

കൂടാതെ ഉണ്ണ്യാൽ സ്വദേശിയും ക്യാൻസർ ബാധിതയുമായ ഒരാളിൽ നിന്നും അസുഖം മാറ്റാമെന്നു ധരിപ്പിച്ച് ഒന്നര ലക്ഷം രൂപ കൈക്കലാക്കിയിരുന്നു. പിന്നീട് പ്രശ്‌നമായപ്പോൾ മധ്യസ്ഥന്മാർ മുഖേന വീട്ടുകാർ തിരിച്ചു കൊടുക്കുകയായിരുന്നു. പ്രതിയും കൂട്ടാളിയും വലിയ തട്ടിപ്പുകളിൽ പങ്കാളികളായതായാണ് പൊലീസ് നിഗമനം. വലിയ തട്ടിപ്പുകൾക്ക് വഴിയൊരുക്കും മുമ്പായിരുന്നു പൊലീസിന്റെ മുന്നിൽ ചെന്നുപെട്ടത്. ഇപ്പോഴും പൊലീസിൽ പിടി നൽകിയില്ലായിരുന്നെങ്കിൽ സംസ്ഥാനത്തിന്റെ പലകോണുകളിലും പ്രതി വ്യാജ ഡോക്ടറായി വിലസിയേനെ. തിരൂർ ഡിവൈഎസ്‌പിയുടെ നിർദ്ദേശപ്രകാരം ഒരു സ്‌ക്വാഡ് രൂപീകരിച്ച് സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP