Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഗിയെ പരിശോധിക്കുന്നതിനിടെ സീലിങ്ങ് ഫാൻ ഊരി തലയിൽ വീണു; ഫാനിന്റെ ചെറിയൊരു ഭാഗം മാത്രം തലയിലിടിച്ചത് ഭാഗ്യമായി; പുതുവൈപ്പിൻ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

രോഗിയെ പരിശോധിക്കുന്നതിനിടെ സീലിങ്ങ് ഫാൻ ഊരി തലയിൽ വീണു; ഫാനിന്റെ ചെറിയൊരു ഭാഗം മാത്രം തലയിലിടിച്ചത് ഭാഗ്യമായി; പുതുവൈപ്പിൻ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ആർ.പീയൂഷ്

കൊച്ചി: രോഗിയെ ചികിത്സിക്കുന്നതിനിടയിൽ ഡോക്ടറുടെ തലയിൽ സീലിങ്ങ് ഫാൻ ഊരി വീണു. ഫാനിന്റെ ചെറിയൊരു ഭാഗം മാത്രം തട്ടിയതിനാൽ നിസാര പരിക്കോടെ ഡോക്ടർ രക്ഷപെട്ടു. പുതുവൈപ്പ് പ്രൈമറി ഹെൽത്ത് സെന്ററിൽ രോഗികളെ പരിശോധിക്കുകയായിരുന്ന ഡോ. എൻ.എസ്. കിഷോറിനാണു പരിക്കേറ്റത്. തകർച്ച നേരിടുന്ന കെട്ടിടത്തിൽ നിന്ന് സീലിങ് ഫാൻ വേർപെട്ട് അടർന്നു വീഴുകയായിരുന്നു. വീഴ്ചയ്ക്കിടയിൽ വൈദ്യുതി ബന്ധം വേർപെട്ടു ഫാൻ നിന്നതിനാൽ കൂടുതൽ ആപത്ത് ഒഴിവായി. ചികിൽസയ്‌ക്കെത്തിയ ഒട്ടേറെ രോഗികൾ കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം.

വിവരമറിഞ്ഞെത്തിയ എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്റെയും സഹപ്രവർത്തകരുടെയും നിർബന്ധത്തിനു വഴങ്ങിയ ഡോക്ടറെ ജനറൽ ആശുപത്രിയിൽ എത്തിച്ചു ചികിൽസ നൽകി. സി.ടി സ്‌കാൻ ചെയ്ത് കുഴപ്പമൊന്നുമില്ല എന്ന് സ്ഥിരീകരിച്ചു. വർഷകാലത്തു വെള്ളക്കെട്ടിലാകുന്ന കെട്ടിടം തകർച്ചയിലാണ്. പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് ദീർഘകാലമായി ആവശ്യമുണ്ടെങ്കിലും അധികൃതർ ഇനിയും പരിഗണിച്ചിട്ടില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ദുരവസ്ഥയെക്കുറിച്ച് അധികൃതർക്ക് ജനങ്ങളും പലതവണ പരാതി നൽകിയിരുന്നു.

മറ്റൊരു മുറിയിൽ ഇതിനുമുൻപ് ഫാൻ താഴെ വീണെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല. അപകട ഭീഷണി മൂലം മറ്റ് ഫാനുകൾ പ്രവർത്തിപ്പിക്കാറില്ല. മഴക്കാലമായാൽ ചികിത്സാ കേന്ദ്രത്തിലേക്ക് ചെല്ലണമെങ്കിൽ നീന്തിക്കടക്കണം. പദ്ധതി പ്രദേശങ്ങളോട് ചേർന്ന് ലൈറ്റ് ഹൗസിന് സമീപത്താണ് ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. പരാതികളെ തുടർന്ന് എസ്.ശർമ എംഎ‍ൽഎ. കേന്ദ്രം സന്ദർശിച്ചിരുന്നു.

കൂടുതൽ സൗകര്യങ്ങളോടെ ആരോഗ്യകേന്ദ്രം പുതുക്കിപ്പണിയാൻ രണ്ടു കോടി രൂപ എൽ.എൻ.ജി.യിൽനിന്ന് ലഭ്യമാകുമെന്ന ഉറപ്പാണ് ലഭിച്ചത്. എന്നാൽ കിടത്തിച്ചികിത്സയില്ലാത്ത, ഒരു ഡോക്ടർ ഉച്ചവരെ മാത്രം സേവനം ചെയ്യുന്ന ഒരു ആരോഗ്യ കേന്ദ്രത്തിനായി ഇത്രയും തുക മാറ്റി വയ്ക്കാനാകില്ലെന്ന കാരണത്താൽ പിൻവാങ്ങുകയായിരുന്നു. പിന്നീട് ഇക്കാര്യത്തിൽ തുടർനടപടിയുണ്ടായില്ല.

എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് പുതുവൈപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം. പഞ്ചായത്തിന്റെ തീരപ്രദേശത്തെ സാധാരണക്കാരായവരുടെ ഏക ആശ്രയമാണ് ഈ ആരോഗ്യ കേന്ദ്രം. കേന്ദ്രത്തിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിൽ പഞ്ചായത്ത് അങ്ങേയറ്റത്തെ അനാസ്ഥയാണ് കാണിക്കുന്നതെന്ന പരാതിയാണ് നാട്ടുകാർക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP