Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രൈസ്തവർ എത്തില്ലെന്ന് ഉറപ്പു വരുത്താൻ കൃഷ്ണഭക്തനായി ഉത്തരേന്ത്യയിലെ ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിൽ അലഞ്ഞ് തിരിഞ്ഞു; സഹോദരന്റേയും സഹോദര പുത്രന്റേയും അറസ്റ്റ് വിവരം അറിഞ്ഞപ്പോൾ കീഴടങ്ങി; കുമ്പസരിക്കാൻ എത്തിയ 14കാരിയെ പീഡിപ്പിച്ച വൈദികൻ കീഴടങ്ങിയത് നിയമത്തെ വെട്ടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ശേഷം

ക്രൈസ്തവർ എത്തില്ലെന്ന് ഉറപ്പു വരുത്താൻ കൃഷ്ണഭക്തനായി ഉത്തരേന്ത്യയിലെ ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിൽ അലഞ്ഞ് തിരിഞ്ഞു; സഹോദരന്റേയും സഹോദര പുത്രന്റേയും അറസ്റ്റ് വിവരം അറിഞ്ഞപ്പോൾ കീഴടങ്ങി; കുമ്പസരിക്കാൻ എത്തിയ 14കാരിയെ പീഡിപ്പിച്ച വൈദികൻ കീഴടങ്ങിയത് നിയമത്തെ വെട്ടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: പള്ളിമേടയിൽ 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച പുത്തൻവേലിക്കര ലൂർദ്ദ് മാത പള്ളിയിലെ മുൻ വികാരി ഫാ. എഡ് വിൻ ഫിഗരിസ് ഒളിവിൽ കഴിഞ്ഞത് ഹൈന്ദവ ആരാധനാ കേന്ദ്രങ്ങളിൽ. ഉത്തരേന്ത്യയിലെ ഹൈന്ദവ ആശ്രമങ്ങളിലാണ് ഒളിവിൽ കഴിഞ്ഞതെന്ന് ഫഗരിസ് ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. ക്രൈസ്തവരെത്തില്ലെന്ന് ഉറപ്പുള്ള സ്ഥലങ്ങൾ ഒളിവു കേന്ദ്രമാക്കാനായിരുന്നു ഇത്. മീശ വച്ച് വേഷം മാറിയായിരുന്നു ഒളിവ് ജീവിതം. പക്ഷേ പൊലീസിന്റെ സമർത്ഥമായ നീക്കം എല്ലാം അവതാളത്തിലാക്കി. വികാരിയുടെ സഹോദരനേയും സഹോദര പുത്രനേയും അറസ്റ്റിലാക്കിയായിരുന്നു കരുനീക്കം. ഇതോടെ ബന്ധുക്കളെ വെറുപ്പിക്കാതിരിക്കാൻ എഡ് വിൻ കീഴടങ്ങുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി ഇന്ന് വിധിച്ചത്. വൈദികനെ നാടുവിടാൻ സഹായിച്ച സഹോദരൻ സിൽവസ്റ്റർ ഫിഗാരിസിന് ഒരു വർഷം തടവും കോടതി വിധിച്ചു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസിലെ ചട്ടങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇരട്ടജീവപര്യന്തം ശിക്ഷ എഡ്വൻ ഫിഗാരസിന് വിധിച്ചത്. കേരളത്തിൽ ഒരു കത്തോലിക്കാ വൈദികന് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷകളിൽ ഒന്നാണ് ഇന്നത്തെ കോടതി വിധി. ഏറെ വിവാദമായ ഈ പീഡന കേസ് ഒതുക്കാൻ പല കോണുകളിൽ നിന്നും ശ്രമങ്ങൾ ഉണ്ടായിരുന്നു. ഇതാണ് പൊലീസ് സമർത്ഥമായി പൊളിച്ചത്.

ഫാ. എഡ്വിൻ ഫിഗരസിന് ഒളിവ് ജീവതത്തിൽ ഉന്നതരുടെ സഹായം കിട്ടിയിരുന്നതായും സൂചനയുണ്ടായിരുന്നു മീശ വച്ചായിരുന്നു നടപ്പ്. അതുകൊണ്ട് തന്നെ ഒറ്റനോട്ടത്തിൽ ആരും തിരിച്ചറിഞ്ഞില്ല. ഒളിവിലായ ശേഷവും ധ്യാനഗുരു കൂടിയായിരുന്നു ഫാ. എഡ്വിൻ ഫിഗറസ്. ധ്യാനത്തിനായി ഇടയ്ക്കിടെ വിദേശസന്ദർശനവും നടത്തിയിരുന്നു. ഒളിവ് ജീവതത്തിലെ ആറുമാസത്തിനിടെ ബിഹാർ, തിരുപ്പതി, വേളാങ്കണ്ണി, മധുര, കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കറങ്ങുകയായിരുന്നു. അവസാനം പിടിവീഴാതിരിക്കാൻ ഹൈന്ദവ ധ്യാന കേന്ദ്രങ്ങളും തെരഞ്ഞെടുത്തു.

കോടതിയിൽ നിന്ന് ജാമ്യം നേടി അറസ്റ്റ് ഒഴിവാക്കാനായിരുന്നു ശ്രമം. ഇത് നടക്കാതെ വന്നതോടെ നാടു വിട്ടു. തെളിവുകളെല്ലാം എതിരായതിനാൽ വിചാരണയിൽ ശിക്ഷപ്പെട്ടുമെന്ന ബോധ്യത്തോടെയായിരുന്നു ഇത്. ഇത് തന്നെയാണ് ഇന്നത്തെ ഇരട്ട ജീവപര്യന്തം ശിക്ഷാ വിധിയും വ്യക്തമാക്കുന്നത്. പരാതി കിട്ടിയപ്പോൾ തന്നെ കളികാര്യമാണെന്ന് ഫാദർ തിരിച്ചറിഞ്ഞു. ഉന്നത ബന്ധങ്ങളിലൂടെ പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചു. എന്നാൽ അവർ വഴങ്ങിയില്ല. ഇതോടെ കേസ് കാര്യമായി. കോടതി ജാമ്യം അനുവദിക്കാതെ വന്നതോടെ നാടു വിട്ടു.

അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവിന്റെ കാലാവധി അവസാനിച്ച 2015 മെയ് അഞ്ചിനാണ് എറണാകുളത്ത് നിന്നും ട്രെയിനിൽ സേലത്തേക്ക് മുങ്ങിയത്. 80,000 രൂപ കൈവശമുണ്ടായിരുന്നു. അടുത്ത ദിവസം ട്രെയിനിൽ ബീഹാറിലെ മധുബനി ഗ്രാമത്തിലെത്തി. അവിടെ ഒരു ഷെഡിൽ മൂന്ന് ദിവസം കഴിഞ്ഞു. ശൈത്യം കലശലായപ്പോൾ അത് സഹിക്കാനാകാതെ തിരുപ്പതിയിലേക്ക് പോന്നു. ഇവിടെ മൂന്നാഴ്‌ച്ച തീർത്ഥാടക വേഷത്തിൽ തങ്ങി. പിന്നീട് വേളാങ്കണ്ണിയിലും ഒരാഴ്‌ച്ച തങ്ങി. വീണ്ടും ഉത്തരേന്ത്യയിലേക്ക്.

ആഗ്രക്ക് സമീപം മാത്തുര ആശ്രമത്തിൽ കൃഷ്ണഭക്തനായി ജൂലായ് പകുതി വരെ തങ്ങി. പിന്നീട് മണാലിയിലും ഹരിദ്വാർ ആശ്രമത്തിലും ഒരു മാസത്തോളം. ഇൻഡോർ, സെക്കന്തരാബാദ് എന്നിവിടങ്ങളിലും കറങ്ങിയ ശേഷം സെപ്റ്റംബറിൽ തിരുവനന്തപുരം വഴി ട്രെയിൻ മാർഗം കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു. വീണ്ടും തിരികെ ഹൈദ്രാബാദ്, ഹരിദ്വാർ, മാത്തുര ആശ്രമങ്ങളിൽ കഴിഞ്ഞു. മാദ്ധ്യമ വിചാരണ ഒഴിവാക്കണമെന്ന ഹർജിയിൽ ഒപ്പിടാൻ ഇതിനിടെ കൊച്ചിയിൽ അഡ്വ. ശിവശങ്കരന്റെ ഓഫീസിലെത്തി. പിന്നീട് കോയമ്പത്തൂർക്ക് മടങ്ങി.

സെപ്റ്റംബറിലും ഒക്ടോബറിലും കൊച്ചിയിൽ അഭിഭാഷകനെ സന്ദർശിക്കാനെത്തി. അതിന് ശേഷം എത്തിയപ്പോഴായിരുന്നു കീഴടങ്ങൽ. പുലർച്ചെ നാലാരക്ക് എറണാകുളത്തെത്തിയ ശേഷം അഭിഭാഷകനെ കണ്ടു. തുടർന്നാണ് കീഴടങ്ങാൻ തീരുമാനിച്ചത്. മഥുരയിലെ ആശ്രമത്തിൽ കഴിയുന്നതിനിടെയാണു കേസിന്റെ വിവരങ്ങളറിയാൻ അഭിഭാഷകനുമായി ബന്ധപ്പെട്ടത്. അപ്പോഴാണ് സഹോദരന്റെയും സഹോദരപുത്രന്റെയും അറസ്റ്റ് വിവരം അറിഞ്ഞത്. തുടർന്ന് അഭിഭാഷകനുമായി ആലോചിച്ച് ആലുവ ഡിവൈഎസ്‌പി ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നെു.

പുത്തൻവേലിക്കര പറങ്കിനാട്ടിയ കുരിശിങ്കൽ പള്ളിയിൽ വികാരിയായിരുന്ന എഡ്വിൻ ഫിഗരസ് ഇടവക കുടുംബാംഗമായ ഒമ്പതാം കൽസുകാരിയെ 2015 കഴിഞ്ഞ ജനുവരി മുതൽ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. ബലാത്സംഗക്കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. മാർച്ചിൽ കുട്ടിയുടെ അമ്മ പുത്തൻവേലിക്കര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് തൊട്ടടുത്ത ദിവസം ബംഗളൂരു വഴി ദുബായിലേക്ക് കടന്നു. ഷാർജയിൽ മുൻനിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. ഇതിനിടെ, തങ്ങളെ പീഡിപ്പിക്കുന്നതായി കാട്ടി എഡ്വിൻ ഫിഗരസിന്റെ മാതാപിതാക്കൾ കോടതിയിൽ ഹർജി നൽകിയിരുന്നു. മെയ് അഞ്ചുവരെ എഡ്വിൻ ഫിഗരസിനെ പൊലീസ് അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

ഈ ഉത്തരവ് വന്നതിന് പിന്നാലെ ഫാ. ഫിഗരസ് ഷാർജയിൽനിന്ന് തിരിച്ചത്തെുകയും വടക്കേക്കര സി.ഐ മുമ്പാകെ ഹാജരാവുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനുശേഷം പാസ്‌പോർട്ട് പിടിച്ചുവച്ചാണ് പൊലീസ് ഇയാളെ വിട്ടയച്ചത്. ഒരാഴ്ചക്കുള്ളിൽ ഹൈക്കോടതി ഇയാളുടെ മാതാപിതാക്കളുടെ ഹർജി തള്ളിയെങ്കിലും പൊലീസിന് പിന്നീട് ഫാ. ഫിഗരസിനെ കണ്ടത്തൊനായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരായി തിരിച്ചുപോയ ഇയാളെ പിന്തുടരുന്നതിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലുമെത്തി. പിന്നീട് പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ലുക്കൗട്ട് ഇറക്കിയതിനാൽ ഇയാൾ ഇനി വിദേശത്തേക്ക് കടക്കാനുമായില്ല. ഇതോടെയാണ് ജാമ്യഹർജികളുമായി കോടതിയിലെത്തിയത്. അതും തള്ളിയതോടെ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

ധ്യാനഗുരുവും സംഗീതജ്ഞനുമായ ഇയാൾ തന്റെ ഒൻപതാം കൽസുകാരി മകളെ പീഡിപ്പിച്ചതായി അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. മാർച്ച് 29 നാണ് പീഡനവിവരം പുറത്തറിഞ്ഞത്. 30 ന് ഫാദർ എഡ്വിൻ മുങ്ങി. ഏപ്രിൽ ഒന്നിന് പെൺകുട്ടിയുടെ മാതാവ് പുത്തൻവേലിക്കര പൊലീസിൽ പരാതി നൽകി. അന്നു തന്നെ കേസ്സെടുക്കകയും പെൺകുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രൂപത നടത്തിയ പ്രാഥമിക അന്വേഷണത്തിലെ നിഗമനം ഫാ.എഡ്‌വിന് എതിരായിരുന്നു. സഭയുടെ എല്ലാ ചുമതലകളിൽ നിന്നും ഇയാളെ നീക്കം ചെയ്തു. പൗരോഹിത്യം റദ്ദാക്കുന്നതിന് നടപടികളും രൂപത തുടങ്ങിക്കഴിഞ്ഞു.

ജനുവരി മാസം മുതൽ പല തവണ പീഡനം നടന്നതായി പരാതിയിൽ പറയുന്നു. പീഡനവിവരം പെൺകുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത്. പിന്നീട് നാട്ടിലെ പൊതുപ്രവർത്തകരുടേയും പള്ളിയിലെ ഒരു വിഭാഗത്തിന്റേയും നേതൃത്വത്തിൽ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് വിവരം. അപ്പോൾ മുതൽ കേസ് ഇല്ലാതാക്കാൻ ശ്രമം തുടങ്ങി. പരാതിക്കാരെ പിൻവലിക്കാനും നീക്കമുണ്ടായി. എന്നാൽ അവരതിന് വഴങ്ങാതിരുന്നതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളിലേക്കും കാര്യങ്ങളെത്തി. ഓശാന ഞായറിന് തലേന്ന് കുമ്ബസാരം കഴിഞ്ഞ് പെൺകുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് അമ്മ പള്ളിയിൽ ചെന്നപ്പോൾ കുട്ടി പള്ളിമേടയിലായിരുന്നു. പലപ്പോഴും പെൺകുട്ടിയെ അച്ചൻ മേടയിലേക്ക് വിളിച്ചുകൊണ്ടുപോകാറുമുണ്ടത്രെ. ഇതിനെ ചോദ്യം ചെയ്ത് അമ്മയും വികാരിയുമായി വാക്കുതർക്കമുണ്ടായപ്പോഴാണ് ഇടവകക്കാർ വിവരം അറിഞ്ഞത്.

പരാതി നൽകുന്നതിന് മുമ്പേ ഇടവകയിലെ പ്രമുഖ വ്യവസായിയുടെ സഹായത്തോടെ മുങ്ങുകയായിരുന്നു. അതിനിടെ വികാരിയുടെ പീഡനത്തിനെതിരെ ഫേസ് ബുക്കിൽ പ്രതികരിച്ച പള്ളിയിലെ ഗായകസംഘത്തിൽപ്പെട്ട യുവാവിനും കുടുംബത്തിനും ഇടവകയിലെ പ്രമുഖന്റെ നേതൃത്വത്തിൽ പള്ളിയിൽ വിലക്കേർപ്പെടുത്തിയിരുന്നു. ദുഃഖവെള്ളിയാഴ്ച ഇവർക്ക് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കാനായിരുന്നില്ല. ഇതോടെ പ്രതിഷേധം ശക്തമായി. ലത്തീൻ സഭയുടെ കീഴിലാണ് കുരിശ് ലൂർദ് മാതാ പള്ളി. ജനുവരി മാസത്തിൽ ഒരുതവണ പീഡിപ്പിച്ച ശേഷം പിന്നീട് പള്ളിയിൽ വിളിച്ചുവരുത്തിയായിരുന്നുവത്രെ ഉപദ്രവം. ധ്യാന ഗുരുരു കൂടിയാണു വികാരി. രണ്ടു മാസക്കാലം ഇതേ തരത്തിൽ വികാരി പെരുമാറിയിരുന്നതായും പറയപ്പെടുന്നു.

പരാതി രേഖാമൂലം പൊലീസിൽ എത്തുന്നതിനു മുൻപുതന്നെ ഈ വിവരം പള്ളി അധികൃതർ അറിഞ്ഞിരുന്നതായും വികാരിയെ രഹസ്യമായി പള്ളിയിൽനിന്ന് സ്ഥലം മാറ്റിയതായും ആരോപണമുണ്ട്. സംഗീതജ്ഞനും ഗായകനും മികച്ച പ്രഭാഷകനുമായ ഫാ. എഡ്‌വിൻ സിഗ്രേസ് സഭയിലെ പുരോഹിതർക്കുൾപ്പെടെ ധ്യാനങ്ങൾ സംഘടിപ്പിക്കുന്നയാളാണ്. നിരവധി ക്രിസ്തീയഭക്തിഗാന ആൽബങ്ങൾ ഇദ്ദേഹം ഇറക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP