Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എങ്ങനെ ഒരു ഫെമിനിസ്റ്റ് ഉണ്ടാവുന്നു; ഒരു മീൻ വറുത്തത് കിട്ടാത്തതു കൊണ്ട് ഫെമിനിസ്റ്റ് ആയിപ്പോയ വ്യക്തിയല്ല റീമ കല്ലിങ്കൽ; സ്ത്രീകളോട് കാണിക്കുന്ന തരംതിരിവ് ആണ് ഒരു ഫെമിനിസ്റ്റിനെ ഉണ്ടാക്കുന്നത്; ചിലരുടെ അഭിപ്രായങ്ങൾ കേൾക്കാം...

എങ്ങനെ ഒരു ഫെമിനിസ്റ്റ് ഉണ്ടാവുന്നു; ഒരു മീൻ വറുത്തത് കിട്ടാത്തതു കൊണ്ട് ഫെമിനിസ്റ്റ് ആയിപ്പോയ വ്യക്തിയല്ല റീമ കല്ലിങ്കൽ; സ്ത്രീകളോട് കാണിക്കുന്ന തരംതിരിവ് ആണ് ഒരു ഫെമിനിസ്റ്റിനെ ഉണ്ടാക്കുന്നത്; ചിലരുടെ അഭിപ്രായങ്ങൾ കേൾക്കാം...

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റീമ കല്ലിങ്കൽ എങ്ങനെ ഫെമിനിസ്റ്റായി എന്ന പേരിൽ നടക്കുന്ന ട്രോളുകളാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. പൊരിച്ച മീൻ പങ്ക് വെക്കുന്നതിൽ തുടങ്ങുന്ന സത്രീ പുരുഷ വേർതിരിവ് എല്ലായിടത്തും തുടരുന്നു എന്നത് വാസ്തവം ആണെന്ന് റീമയ്ക്ക് പിന്തുണയുമായി പലരും പറഞ്ഞു. ഓരോ വീടുകളിലും വിവാഹത്തിന് മുമ്പും പിമ്പും സ്ത്രീകൾ നേരിടേണ്ടി വരുന്ന വേർതിരിവുകളും ഗാർഹിക പീഡനങ്ങളുമാണ് ശബ്ദമുയർത്തി സംസാരിക്കാൻ സ്ത്രീകളെ പ്രപ്തരാക്കുന്നത്.

ഇറ്റലിയിൽ താമസിക്കുന്ന മലയാളിയും എഴുത്തുകാരിയുമായ അമ്മു ആൻഡ്രൂസ് പറയുന്നത് ഇങ്ങനെയാണ്. ഒരു കൂരയ്ക്കുള്ളിൽ ഒരുമിച്ചു താമസിക്കുന്നവരുടെ ഇടയിലുള്ള 'ഗാർഹിക പീഡനം' എന്ന അത്രമേൽ പ്രസക്തമായ ഒരുവിഷയം നമ്മുടെ നിയമപരിധിയിൽ വന്നിട്ട് അധികകാലം ആയിട്ടില്ല.

ഗാർഹിക പീഡനം എന്നതിന്റെ പരിധിയിൽ എന്തൊക്കെ വരുന്നു എന്ന അജ്ഞതയാണ് നമ്മൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. സ്വന്തം വ്യക്തിത്വത്തെ മാനിക്കുന്ന ഏതൊരു വ്യക്തിയും നിയമം ഉറപ്പ് തരുന്ന സംരക്ഷത്തെക്കുറിച്ച് ബോധാവന്മാരായിരിക്കണം. അതേപോലെ തന്നെ ഗാർഹിക പീഡനം നേരിടുന്ന നമ്മുടെ സഹോദരിമാർക്ക് ബോധവത്കരണവും പിന്തുണയും നൽകേണ്ടത് അത്യാവശ്യമാണ്. ഗാർഹിക പീഡനം എന്നത് നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. കുടുംബമാണ് സമൂഹത്തിന്റെ അടിത്തറ അതുകൊണ്ട് തന്നെ സമത്വം വീടിനുള്ളിൽ തന്നെ ആരംഭിക്കട്ടെ.

സമത്വം സ്വന്തം വീട്ടിൽ നിന്ന് ഉയരേണ്ടതാണ് എന്നും സ്വന്തം വീട്ടിൽ നിന്നും നീതിക്കായി മുറവിളിക്കുന്ന സ്ത്രീകൾ ആധുനിക സമൂഹത്തിനൊരു കളങ്കം തന്നെയാണെന്നുമാണ് അമ്മു ആൻഡ്രൂസ് പറയുന്നത്.

അഭിഭാഷകയും എഴുത്തുകാരിയുമായ ദീപ പ്രവീണിന്റെ അഭിപ്രായത്തിൽ ഗാർഹിക പീഡനം എന്നതിനെക്കുറിച്ചു നമ്മുടെ സ്ത്രീകൾക്കു ശരിയായ ബോധ്യം പോലും ഇല്ലാത്തതാണ് പ്രശ്‌നങ്ങളുടെ കാരണം എന്നാണ്. ശാരീരികവും മാനസികവുമായി സ്ത്രീകളാലും പുരുഷമാരാലും പീഡിപ്പിക്കപ്പെടുമ്പൊഴും അത് ഒരു സുഭദ്രമായ കുടുംബവ്യവസ്ഥയുടെ ഭാഗമായി കണ്ടു അതിനോട് പൊരുത്തപ്പെടാൻ അനുവദിക്കുന്ന സമൂഹമാണ് തെറ്റുകാരൻ എന്നും ദീപ പറയുന്നു.

നിയമപരമായും സാമൂഹികമായും ക്രിമിനൽ കുറ്റകൃത്യങ്ങളുടെ പരിധിയിൽ പോലും വരാവുന്ന പെരുമാറ്റങ്ങൾ നേരിട്ടാൽ പോലും പലരും അത് നിശബ്ദമായി സഹിക്കുന്നത് ഇതൊക്കെ ഒരു പെണ്ണാവുമ്പോൾ നേരിടേണ്ടി വരും എന്ന സമൂഹത്തിന്റെ മിഥ്യാ കാഴ്പ്പാട് കൊണ്ടാണ് എന്നും ദീപ പറയുന്നു. ഇതിന് മാറ്റം വരുത്താൻ കുടുംബശ്രീ പ്രവർത്തകരുടേയും ഗ്രാമസേവകരെപ്പോലെയുള്ളവരുടെയും സഹായത്തോടെ സ്ത്രീകളിൽ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ്.കുട്ടികളിൽ ഇത് സ്‌കൂൾ തലം മുതൽ നടത്തുന്നതിനൊപ്പം കുടുംബാന്തരീക്ഷത്തിലേക്ക് ഈ സന്ദേശം എത്തിക്കാൻ സാധിക്കണം പലപ്പോഴും പരാതിക്കാരെ പരാതിയിൽ നിന്നും പിന്തിരിപ്പിക്കുന്ന ഒരു കാരണം പരാതിക്ക് ശേഷം ഇവർക്ക് പ്രതികൾക്കൊപ്പം ഒരേ കൂരയ്ക്കു കീഴിൽ കഴിയേണ്ടി വരുന്നു എന്നതാണ്. അതിനെ മറികടക്കാൻ ഫലവത്തായ ഒരു സപ്പോർട്ട് മെക്കാനിസം വേണമെന്നും ദീപ പറയുന്നു.

എഴുത്തുകാരിയായ ഫൗസിയ കളപ്പാട്ടിന്റെ വാക്കുകളിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും വിവേചനം കാട്ടുന്നത് അതുണ്ടാക്കി വിളമ്പുന്ന അമ്മമാർ തന്നെയാണ്. ചെറുപ്പത്തിൽ ഒരു കളിപ്പാട്ടത്തിന് വേണ്ടി വാശിപിടിച്ചാൽ അവനൊരാണല്ലേ നീ അത് അവന് കൊടുക്കൂ എന്ന് പറഞ്ഞു കൊടുത്ത് ഒരാൺകുട്ടിയുടെ മനസ്സിൽ പെണ്ണെപ്പോഴും വിധേയപ്പെടേണ്ടവളാണ് എന്ന ഒരു സൂചന വളർന്ന് വരും എന്നും ഫൗസിയ പറയുന്നു.

ഇത് മാറാൻ വിവാഹത്തിന് മുൻപ് തന്നെ സ്വന്തം കാലിൽ നിൽക്കാനുള്ള ആർജ്ജവം ഓരോ സ്ത്രീയും നേടണം എന്നും അത് പോലെ തങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവർത്തികൾ സ്വന്തം വീട്ടിൽ നിന്നോ ഭർത്താവിൽ നിന്നോ ഉണ്ടായാൽ പ്രതികരിക്കാനുള്ള ശേഷി ഉണ്ടാവണം ഒരോ പെണ്ണിനും എന്നും ഫൗസിയ പറയുന്നു.

പെണ്ണായതുകൊണ്ടു നീ മിണ്ടിപ്പോവരുത് എന്നു പറഞ്ഞു കൊണ്ട് തല്ലാൻ കയ്യോങ്ങുന്നവനെ തിരിച്ചൊന്ന് കൊടുക്കാൻ മടിവേണ്ടെന്നും അല്ലാതെ ഇന്നലെ അതിയാന്റെ കൈകൊണ്ടൊന്നു കിട്ടിയെങ്കിലും രാത്രിയായപ്പോഴേക്കും സ്‌നേഹായി എന്നു പറഞ്ഞ് എന്നോട് കൊഞ്ചുന്ന സ്ത്രീകളോട് എനിക്ക് പുച്ഛം തോന്നാറുണ്ടെന്നും ആത്മാഭിമാനം എന്നുള്ളത് ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ടാകേണ്ടതാണെന്നും അതിന് ആൺപെൺ ഭേദമില്ലെന്നും ഫൗസിയ പറയുന്നു.

ഭർത്താവിന്റെ കരണത്തടി ആഗ്രഹിക്കുന്ന സ്ത്രീ സ്വയം തരം താഴ്‌ത്തപ്പെടുകയാണ്. പെണ്ണിന് മാത്രമല്ല വീടുകളിൽ പീഡനമുള്ളത് എന്ന സത്യത്തെ കാണാതെ പോകുന്നില്ല. നിയമ പരിരക്ഷയുടെ പേരു പറഞ്ഞു പുരുഷന്മാരെ പീഡിപ്പിക്കുന്ന സ്ത്രീകളുമുണ്ട്. അതും ഗാർഹികപീഡനം തന്നെയെന്നും ഫൗസിയ സൂചിപ്പിക്കുന്നു.

ചലച്ചിത്ര താരമായിരുന്ന സന്തോഷ് ജോഗിയുടെ ഭാര്യയും എഴുത്തുകാരിയും ഗായികയുമായ ജിജി ജോഗിയുടെ നിലപാടുകൾ ഇങ്ങനെയാണ്. 'ഹോ... അങ്ങേരെന്നെ നാലു തല്ലു തല്ലിയാലും കുഴപ്പമില്ല, ഈ തോന്ന്യവാസവും വൃത്തികേടും പറയുന്നത് നിർത്തിയാ മതിയായിരുന്നു ' എന്നു പറയുന്നവരും 'ദുഷ്ടൻ... പറയാനുള്ളതൊക്കെ പറഞ്ഞാപ്പോരേ... മനുഷ്യനെ ഇങ്ങനെയിട്ട് തല്ലുകയും കൂടി ചെയ്യുന്നതെങ്കിലും ഒന്നു നിർത്തിയെങ്കിൽ.. ' എന്നു പറയുന്നവരും ' എന്നെ തല്ലാനും തലോടാനും ഉള്ള അവകാശം അതിയാനുണ്ട്... ' എന്ന് പറയുന്നവരും 'എന്റെ ദേഹത്ത് കൈ വച്ചാലോ തോന്നിയത് പറഞ്ഞാലോ പിന്നൊരു നിമിഷം അയാൾടെ കൂടെ നിൽക്കാൻ എനിക്കു പറ്റില്ല ' എന്ന് പറയുന്നവരുമൊക്കെയായി ഒരു വലിയ സ്ത്രീ സമൂഹത്തിനുള്ളിൽ നിന്നു കൊണ്ട് ഗാർഹിക പീഡനത്തെക്കുറിച്ച് പറയുക എളുപ്പമല്ല... എന്ത്, എവിടം മുതൽ,ഏതറ്റം വരെ ഒരുവളെ സംബന്ധിച്ച് പീഡനമാകുന്നുവെന്നതാണ് ഇവിടെ വിഷയമെന്നാണ് ജിജി പറയുന്നത്.

താൻ പീഡിപ്പിക്കപ്പെടുന്നവളാണെന്നും ഏതുവിധേനയും അതിൽ നിന്ന് മുക്തി നേടണമെന്നും ഉള്ളുരുകുന്ന ഒരുവളെ നിയമപരമായി സഹായിക്കാൻ വേണ്ടത് ചെയ്യുക എന്നത് മാത്രമാണ് സമൂഹത്തിന് ചെയ്യാനുള്ളതെന്നാണ് ജിജിയുടെ അഭിപ്രായം


ഇതിൽ നിന്ന് രക്ഷപ്പെടാൻ വഴിയായി എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ കെ.എ ബീന പറയുന്നത് സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്നതാണ്, വിവാഹം എന്നത് കൂട്ടുത്തരവാദിത്തത്തിൽ മാത്രം മനോഹരമാകുന്ന മഹത്തായ ഒരു സാമൂഹിക സ്ഥാപനമാണ്. അതുകൊണ്ട് തുല്യതയും ബഹുമാനവും ഔദാര്യമല്ല. അവകാശമാണെന്ന് ഇനിയെങ്കിലും സ്ത്രീകൾ മനസ്സിലാക്കണമെന്നുമാണ്.

ജീവനും ജീവിതത്തിനും ഭീഷണിയാകുന്ന ബന്ധങ്ങളിൽ നിന്ന് ഇറങ്ങിപ്പോരാനുള്ള ആർജ്ജവം സ്ത്രീകൾ കാണിക്കണം,കുഞ്ഞുങ്ങളുടെ സുരക്ഷിതത്വവും ഉത്തരവാദിത്തവും കരുതിയാണ് ഭൂരിപക്ഷം സ്ത്രീകളും ഗാർഹിക പീഡനങ്ങളിൽ നിശ്ശബ്ദരാകുന്നത്. അച്ഛൻ അമ്മയെ ഉപദ്രവിക്കുന്നതും ചൂഷണം ചെയ്യുന്നതും കണ്ടുകൊണ്ടാണ് കുട്ടികൾ വളരുന്നത്, അവർക്ക് അത് തെറ്റായ സോഷ്യലൈസേഷൻ ആണ് നൽകുന്നത്. അതുകൊണ്ടു പീഡനത്തിനിരയായി തുടരുന്നതിനേക്കാൾ സമാധാനപൂർണമായ അന്തരീക്ഷത്തിൽ കുട്ടികളെ നയിക്കാനുള്ള പ്രാപ്തി സ്ത്രീകൾക്കുണ്ടാവണമെന്ന് അഭിപ്രായമാണ് ബീനക്ക് ഉള്ളത്.

എഴുത്തുകാരിയും അദ്ധ്യാപികയുമായ സൂര്യ ഗോപിയുടെ അഭിപ്രായത്തിൽ ഗാർഹിക പീഡനത്തെ സ്ത്രീകൾ പിന്തുണയ്ക്കുന്നു എന്നത് പരിഗണിക്കേണ്ട വിഷയമാണ്. സാക്ഷരനേട്ടവും മറ്റു സാമൂഹിക മുന്നേറ്റവും അനുഭവിച്ച കേരളത്തിൽ കാര്യങ്ങൾ പന്തിയല്ല എന്ന് പലവട്ടം തോന്നിയിട്ടുണ്ടെന്നും ഈ സൂചികകൾക്ക് ഒട്ടും ഇണങ്ങാത്ത ഒരു പിന്നോക്കാവസ്ഥ സ്ത്രീകളിൽ കൂടുതൽ കൂടുതൽ പ്രകടമാകുന്നുണ്ടെന്നും പറയുന്നു.

അഭിപ്രായമുള്ള സ്ത്രീയാവുക എന്നത് വളരെ മോശമായ പ്രതിച്ഛായ ആണ് എന്ന നിലയിലാണ് സമൂഹം ഇപ്പോഴും കാണുന്നത്. അത് രാഷ്ട്രീയമത അധികാര കേന്ദ്രങ്ങളിൽപ്പോലും പ്രകടമാണിന്ന്. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീകളെ സംശയത്തോടെ നോക്കുന്ന ഒരു സാമൂഹിക രോഗം ഇവിടെ പ്രബലമാണ് എന്ന് സൂര്യ അഭിപ്രായപ്പെടുന്നു.

സമൂഹമാധ്യമങ്ങളിൽ ആക്റ്റിവിസ്റ്റായ ഷംന പറയുന്നത് വല്യൂമ്മയുടെ പഴയ ഒരു അനുഭവമാണ്. 'വല്യുമ്മ മീനിന്റെ മുള്ളടക്കം തിന്നുന്നൊരാളാണ്. നമ്മളിൽ പലരും അങ്ങനെ ചെയ്യാറുണ്ട്. നമുക്കത് ഇഷ്ടവുമാണ്. പക്ഷേ, പല്ലില്ലാത്ത 75 വയസ്സിലും വല്യുമ്മ മീന്മുള്ള് കഷ്ടപ്പെട്ട് തിന്നുമ്പോൾ നല്ല കഷ്ണം ഉണ്ടായിട്ടും പിന്നെയുമെന്തിനാ മുള്ള് തിന്നുന്നത് എന്ന് ചോദിച്ചാൽ പറയും കളയാൻ തോന്നുന്നില്ല, പണ്ട് ഈ മുള്ള് മാത്രമായിരുന്നു ഞങ്ങൾക്ക് മീനെന്ന്. ആകെയുണ്ടായിരുന്ന ഇത്തിരി അരിയിട്ട് വീട്ടിലെ പെണ്ണുങ്ങളെല്ലാം കഞ്ഞിവെള്ളം മുക്കിക്കുടിച്ച് വറ്റുള്ള ഭാഗം വീട്ടിലെ ആണുങ്ങൾക്കായി മാറ്റി വയ്ക്കുമായിരുന്നു. ഒരിക്കൽ വെറും കഞ്ഞി വെള്ളം മുക്കി കുടിക്കെ ഒരു സത്രീ ആഹ്ലാദത്തോടെ വിളിച്ചുകൂവി ''ഹാ ഹാ ദാ എന്റെ കഞ്ഞിവെള്ളത്തിലൊരു വറ്റ്..' ഇതും വല്യുമ്മ പറഞ്ഞു കേട്ട കഥയാണ്.ഇതു പോലെ വറ്റുള്ള കഞ്ഞി, വട്ടമൊത്ത പത്തിരി, എല്ലുകൂടാത്ത ഇറച്ചി ഇതൊക്കെയായിരുന്നു വീട്ടിലെ ആണുങ്ങൾക്കായി പ്രധാനമായും നീക്കിവെച്ചിരുന്നത് പോലും.

സ്ത്രീ പുരുഷ വിവേചനത്തിന് കാരണമാവുന്നത് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ഭക്ഷണകാര്യത്തിൽ പോലും പണ്ടു മുതലേ വേർതിരിവ് കാണിച്ചത് മുതൽ ആണ് എന്നാണ് നല്ല ഭാഗം വീട്ടിലെ ആണുങ്ങൾക്കും മിച്ചം വരുന്നത് സ്ത്രീകൾ കഴിച്ചാൽ മതിയെന്നും കാലം നാമറിയാണ്ട് നമ്മളെ പഠിപ്പിച്ചു.

എല്ലാർക്കും വിളമ്പി എല്ലാവരെയും ഊട്ടി ഏറ്റവുമൊടുവിൽ അടുപ്പിന്റടുത്തിരുന്ന് ചട്ടിയിൽ കഴിക്കുന്ന ഉമ്മമാരെ കണ്ടിട്ടുണ്ട്. ഇനി ഒരുമിച്ചിരുന്ന് തിന്നുവാണേലും എനിക്ക് ചാറിലെ മീൻ മതിയെന്നും പറഞ്ഞ് പൊരിച്ച മീൻ മറ്റു പലരുടെയും മുന്നിലേക്ക് നീക്കി വെക്കുന്ന ഉമ്മമാരെയും കണ്ടിട്ടുണ്ട്. ചിലർക്കെങ്കിലും ഇത് സ്‌നേഹം കൊണ്ടൊന്നുമല്ല, ആണിനെ തൃപ്തിപ്പെടുത്തേണ്ടവളാണെന്ന കണ്ടു ശീലിച്ചു പോന്ന ദുശീലം.

ഓരോ കാര്യത്തിലുമുള്ള തരംതിരിവിനെക്കുറിച്ച് ഷംന തുറന്നടിക്കുകയാണ്.മീൻ കഷ്ണത്തിൽ തുടങ്ങി പിന്നാലെ വരുന്ന ഒരേ നൂലിൽ കോർത്ത ഒരു പാട് കാര്യങ്ങളുണ്ട് കേട്ടോ. കുടുംബത്തിൽ പെണ്ണനുഭവിക്കുന്ന സ്വാതന്ത്ര്യം എന്തെന്നും എത്ര കലഹിച്ചാണത് ചിലരെങ്കിലും സ്വന്തമാക്കിയതെന്നും ആലോചിച്ചു നോക്കൂ. സ്വന്തം വിവാഹത്തിന്റെ കാര്യത്തിൽ പോലും തീരുമാനമെടുക്കാൻ അനുവാദമില്ലാത്ത എത്ര പെൺട്ടികൾ. സ്‌നേഹ ബന്ധങ്ങളുടെ കാര്യത്തിലോ,ആണുങ്ങൾ ചങ്കൂറ്റത്തോടെ പെണ്ണിനെ ഇറക്കിക്കൊണ്ടുവരലും പെണ്ണുങ്ങൾ വീട്ടുകാരെ നാണം കെടുത്തി ഒളിച്ചോടിയെന്നുമാണ് നമ്മൾ പറയാറ്.

പെണ്ണിന്റെ സഞ്ചാരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ച ചെയ്ത് ചെയ്ത് ക്ഷീണിച്ചവരാണ് നമ്മൾ. വല്ല മാറ്റവുമുണ്ടോ, എവിടെ.? എങ്ങനൊക്കെ പിടിച്ചു നിന്നാലും തരംതാഴ്‌ത്തലെന്ന് നിങ്ങൾക്ക് തോന്നാവുന്ന എന്നാൽ കേൾക്കും തോറും വാശി കൂടുന്ന 'നീ വെറും പെണ്ണാണെന്ന '' ഒറ്റവാക്കേ ശകാരിക്കുന്നവർക്ക് പറയാനുണ്ടാവൂ. അവന്റെ വസ്ത്രം ഇസ്തിരിയിടുന്നു.

പറയുന്നതിനു മുൻപേ ഇഷ്ടഭക്ഷണം മുന്നിലെത്തുന്നു ഇഷ്ടങ്ങളൊക്കെ നടത്തിക്കൊടുക്കുന്നു എതിർത്ത് സംസാരം ഉണ്ടാവാതെ വളരെ സന്തോഷത്തോടെ അവനെ കൊണ്ടു പോവുന്നു. ഒരാൺകുട്ടിയെ സംബന്ധിച്ചിടത്തോളം എന്ത് സുന്ദരമായ സംഗതിയാണിതൊക്കെ. പക്ഷേ ഇതിനൊരു മറുവശമുണ്ട്. അല്ലലൊന്നും അറിയിക്കാതെ തലയിൽ വെച്ച് വളർത്തി കൊണ്ട് വന്ന ഇത്തരം ആൺകുട്ടികൾ തന്റെ ഭാര്യയിലും കാമുകിയിലുമൊക്കെ തേടുന്നതും കാണാനാഗ്രഹിക്കുന്നതും ഇത്തരം പെണ്ണുങ്ങളെയാവും. ഇല്ലെങ്കിലെന്താവും.. ചിന്തിച്ചു നോക്കൂ.

ഇവിടെ ഞങ്ങളുടെ നാട്ടിൽ സൽക്കാരങ്ങളോ ആഘോഷങ്ങളോ വീടുകളിൽ സംഘടിപ്പിച്ചാൽ ആദ്യം ഭക്ഷണ സാധനങ്ങൾ ചൂടോടെ വിളമ്പി ആദ്യത്തെ റൗണ്ടിൽ ഇരുത്തുന്നത് ആണുങ്ങളെയാണ്. കാരണം, 'ഓല് തിന്നിട്ടേ നമ്മള് തിന്നാൻ പാടുള്ളൂ'. എല്ലാം കഴിഞ്ഞ് തണുത്ത ഭക്ഷണം അടുക്കളയിലിരുന്ന് തിന്ന് പാത്രം കമിഴ്‌ത്തി വെക്കേണ്ടവരാണ് പെണ്ണുങ്ങൾ.

ആഘോഷവേളകളിലെ ഓട്ടപ്പാച്ചിലുകൾ ശ്രദ്ധിച്ചിട്ടില്ലേ, പുതുവസ്ത്രത്തിൽ കാലും നീട്ടി നാട്ടുവർത്തമാനം പറഞ്ഞിരിക്കുന പുരുഷപ്രജകളും അടുക്കളയിൽ ചെമ്പിനു ചുറ്റും കിടന്നോടുന്ന ഉമ്മമാരും.

ഒന്നിരിക്കാനോ വന്നവരോടൊന്ന് സംസാരിക്കാനോ പലർക്കും പറ്റാറില്ല. അടുത്ത തവണയാവാം എന്നു പരിഭവിച്ചാണ് കുടുംബത്തിലെ പലസ്ത്രീകളും യാത്ര പറഞ്ഞു പോവാറ്. പക്ഷേ വർഷങ്ങളായിട്ടും ഒന്നിച്ചിരിക്കാനവർക്ക് പറ്റിയിട്ടില്ല എന്നതാണ് സത്യം. പെണ്ണ് സഹനത്തിന്റെ ആൾരൂപമാണ് കൂട്ടരേ... ത്യാഗമാവണം അവളുടെ മുഖമുദ്ര. കല്യാണ വീടു പിന്നാമ്പുറം വഴി കയറാനും മിച്ചം വരുന്ന ആഹാരസാധനങ്ങൾ അടുക്കളയിലിരുന്ന് തിന്നാനും മീനില്ലേലും ചോറുണ്ണാമെന്നും പരിശീലിക്കപ്പെട്ടവർ.

റെഡി ടു വെയിറ്റ് ജന്മങ്ങൾ.ഇതിനൊക്കെ വളം വെച്ച് കൊടുത്ത തരുണികളെ എത്ര ശകാരിച്ചാലും മതിയാവൂല. ഇന്നും അതിനൊന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല കേട്ടോ. അതു കൊണ്ടാണ് ഗാർഹിക പീഡനം പോലും പിന്തുണക്കുന്ന ആ 69 % കുലംകുത്തി സ്ത്രീകളെ നമ്മളിന്നലെ കണ്ടത്.

അതോണ്ട് കൂട്ടരേ, മീൻ കഷ്ണത്തിന്റെ കാര്യം വെറും പുച്ഛം കൊണ്ട് പറഞ്ഞു തള്ളുന്നവരേ, ആൺകോയ്മയുടെ ഉച്ചിയിൽ നിൽക്കുന്ന നിങ്ങളിൽ പല ഏമാന്മാരും ഇങ്ങനെ മീനിന്റെ നടുക്കണ്ടം തിന്ന് ശീലിച്ചവരാണ്. മീനില്ലേലും ഞങ്ങളിന്നസ്സലായി ചോറുണ്ണും..,അന്ന് വീട്ടിൽ മീൻ വാങ്ങിയിട്ടുണ്ടാവില്ലായിരിക്കണം..'

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP