Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

17,000 ജനങ്ങളിൽ 12,000 പേർക്കും പനി ബാധിച്ച കൂരാച്ചുണ്ട് ഭീതി ഉയർത്തുന്നു; പനി പേടിച്ച് കുടിയേറ്റ ഗ്രാമം ഉപേക്ഷിച്ച് അനേകർ; തിരക്ക് മൂലം അനേകം ആശുപത്രികളിൽ രോഗികൾക്ക് പ്രവേശനമില്ല; മരണപ്പനി പടർന്ന് പടിക്കുമ്പോഴും കൂസൽ ഇല്ലാതെ സർക്കാർ

17,000 ജനങ്ങളിൽ 12,000 പേർക്കും പനി ബാധിച്ച കൂരാച്ചുണ്ട് ഭീതി ഉയർത്തുന്നു; പനി പേടിച്ച് കുടിയേറ്റ ഗ്രാമം ഉപേക്ഷിച്ച് അനേകർ; തിരക്ക് മൂലം അനേകം ആശുപത്രികളിൽ രോഗികൾക്ക് പ്രവേശനമില്ല; മരണപ്പനി പടർന്ന് പടിക്കുമ്പോഴും കൂസൽ ഇല്ലാതെ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പനിപ്പേടിയിലാണ് കേരളം മുഴുവൻ. ഡെങ്കിയും എലിപ്പനിയും ആരോഗ്യ കേരളത്തെ വിഷമിപ്പിക്കുകായണ്. ഇതിൽ ഏറ്റവും ഭീതിജനകമായ അന്തരീക്ഷമുള്ളത് കോഴിക്കോട് ജില്ലയിലെ കൂരാച്ചൂണ്ട് പഞ്ചായത്തിലാണ്. ഇവിടെ ആകെ ജനസംഖ്യ: 17,751. ഇതിൽ പനി ബാധിച്ചവർ 12,000ഉം. എഴുന്നേറിലേറെ പേർ ഈ കുടിയേറ്റ ഗ്രാമം വിട്ട് ജീവനും കൊണ്ടോടി. എട്ട് മരണമാണ് ഉണ്ടായത്. പനി പിടിക്കാതെ ഇവിടെയുള്ളത് വെറും അയ്യായിരം പേരാണ്. ഈ മേഖലയിൽ ആശുപത്രികളെല്ലാം ഹൗസ് ഫുൾ. അതുകൊണ്ട് തന്നെ രോഗികളെ ഇപ്പോൾ ആശുപത്രികളും അടുപ്പിക്കുന്നില്ല. അത്രയും തിരിക്കാണ് ഇത്തവണ.

കേരളത്തിൽ ആറു വർഷത്തിനിടെ പനിമരണം ആരോഗ്യവകുപ്പിന്റെ കണക്കിൽ 762ആണ്. ഈ വർഷം പകുതിയായപ്പോൾ മരണസംഖ്യ 113 ആയി. അതായത് സംസ്ഥാനത്തുടനീളം ഭീതിയിലാണ്. ഇതിൽ സംസ്ഥാനത്ത് ഏറ്റവും അധികം പനിയും ഡെങ്കിയും റിപ്പോർട്ട് ചെയ്ത പഞ്ചായത്താണ് കൂരാച്ചുണ്ട്്. ജില്ലയിൽ ജൂൺമാസമുണ്ടായ 16 ഡെങ്കിപ്പനി മരണങ്ങളിൽ എട്ടും ഇവിടെനിന്നു തന്നെ. കൂരാച്ചുണ്ടിനെ ഏതാണ്ട് പൂർണമായി കിടക്കയിലിട്ട പനി സമീപ പഞ്ചായത്തുകളായ ചക്കിട്ടപാറ, പേരാമ്പ്ര, ചെറുവണ്ണൂർ, ചങ്ങരോത്ത്, കായണ്ണ, നൊച്ചാട് തുടങ്ങിയ ഇടങ്ങളിലേക്കും പടരുകയാണ്. കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചവരുടെ എണ്ണം അരലക്ഷമായിരുന്നുവെങ്കിൽ ഇക്കുറി അത് 75,000 കടന്നുകഴിഞ്ഞു. സംസ്ഥാനത്ത് ആകെ 14.5 ലക്ഷത്തിലേറെപ്പേരെ പനി ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

മലയോര മേഖല റബർ കൃഷിയെ ആശ്രയിച്ചാണു ജീവിക്കുന്നത്. കൂലിപ്പണിക്കാരും ഏറെ. പനി ബാധിച്ചതോടെ പലർക്കും ജോലിക്കു പോകാൻ കഴിയുന്നില്ല. രോഗം മാറിയവരെ തളർച്ചയും സന്ധിവേദനയും അലട്ടുന്നതിനാൽ അവരും കിടക്കയിൽ തന്നെ. അങ്ങനെ തീരാ ദുരിതത്തിലാണ് ഗ്രാമം. പലരും നാട് വിട്ട് പോകുന്നു. രോഗബാധിതർക്ക് ഏക ആശ്രയമായ കൂരാച്ചുണ്ട് പ്രൈമറി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സക്കുള്ള സൗകര്യം പരിമിതമാണ്. ആകെയുള്ള 3 ഡോക്ടർമാരിൽ ഒരാളെങ്കിലും ആശുപത്രിയിൽ എത്തിയാൽ ഭാഗ്യമെന്നാണ് നാട്ടുകാർ പറയുന്നത്. ഈ ഡോക്ടറെ കാത്തു നിൽക്കുന്നതാകട്ടെ രോഗികളുടെ വൻനിരയും. മഴക്കാലമായതോടെ വെള്ളക്കെട്ടുകളും ഒലിച്ചിറങ്ങുന്ന കൊച്ചരുവികളും റബ്ബർ തോട്ടങ്ങളിലെ റബ്ബർ പാലെടുക്കുന്ന ചിരട്ടകളും കൊതുകുകളുടെ വംശവർദ്ധനയ്ക്ക് വേഗത കൂട്ടുന്നു. ഇത് മുന്നിൽ കണ്ട് ആരോഗ്യ ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്തതാണ് പ്രശ്‌നത്തിന് കാരണം.

ഡെങ്കിപ്പനി ബാധ പരിശോധനയ്ക്കാവശ്യമായ ലാബ് സൗകര്യം പ്രൈമറി ഹെൽത്ത് സെന്ററിൽ ഇല്ല. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ കൂരാച്ചുണ്ട് പി.എച്ച്.സി കൂടാതെ കക്കയത്തും പ്രാഥമാകാരോഗ്യകേന്ദ്രം ഉണ്ടെങ്കിലും രണ്ടിടങ്ങളിലും വിദഗ്ധ ചികിത്സക്കുള്ള യാതൊരു സൗകര്യവുമില്ല. രോഗം മൂർച്ഛിച്ചാൽ റഫർ ചെയ്യേണ്ട ബാലുശ്ശേരിതാലൂക്ക് ആശുപത്രിൽ അവസ്ഥ ഇതിലും ദയനീയമാണ്. ദിവസം തോറും ഇവിടെയെത്തുന്ന നൂറുകണക്കിന് രോഗികൾക്ക് ഇരിക്കാനോ കിടക്കാനോ സ്ഥലമില്ലാതെ വട്ടം കറങ്ങുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. അങ്ങനെ കൂരാച്ചുണ്ടിലെ പനിച്ചു വിറയലിന് എവിടേയും മരുന്നില്ലാത്ത അവസ്ഥ. കൊതുക് ഭീഷണി മാറാത്തതു കൊണ്ട് ഏവരും നാടുവിട്ടു പോകുന്നു.

മറ്റ് ജില്ലകളിലും ഇതിന് സമാനമായ അവസ്ഥയാണുള്ളത്. തൃശൂർ ജില്ലയിലെ പുത്തൂർ പഞ്ചായത്തിലെ മരത്താക്കരയിലെ 20ാം വാർഡിൽ ആകെയുള്ളത് 600 വീടുകൾ. എല്ലാ വീട്ടിലും ഒരംഗമെങ്കിലും പനി ബാധിതർ. തൃശൂർ ജില്ലയിലും സർക്കാർ, സ്വകാര്യ ആശുപത്രികളിലൊന്നും ഇനി പകർച്ചവ്യാധി രോഗികളെ പ്രവേശിപ്പിക്കാൻ കട്ടിൽ ഒഴിവില്ല. അൽപം ഭേദമാകുന്നവരെ ഉടൻ ഡിസ്ചാർജ് കൊടുത്തയച്ച് അടുത്ത രോഗികളെ പ്രവേശിപ്പിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ പനി ബാധിതരുടെ എണ്ണം അര ലക്ഷം കടന്നു. മുൻവർഷങ്ങളേക്കാൾ അഞ്ചിരട്ടി. പകർച്ചപ്പനിക്കു പുറമേ ഡെങ്കിപ്പനിയും എലിപ്പനിയും എച്ച് 1 എൻ 1 പനിയും പടർന്നു പിടിക്കുന്നു. ആലപ്പുഴ ജില്ലയിൽ ഏഴിടങ്ങളിലും മലപ്പുറത്ത് ഒൻപതിടങ്ങളും പനി ഹോട്‌സ്‌പോട്ടുകളായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു.

കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലകളിൽ പനി ശക്തം. എച്ച്1എൻ1 മരണം 14. ഡെങ്കിപ്പനിയിലെ നാലു സിറോടൈപ്പ് വൈറസുകളുടെ സാന്നിധ്യം കൊല്ലത്തും കോട്ടയത്തും സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിൽ 38,632 പേർക്കു പനി ബാധിച്ചതിൽ ആറു പേർ മരിച്ചു. രണ്ടു പേർ മഞ്ഞപ്പിത്തവും ഒരാൾ എലിപ്പനിയും ബാധിച്ചു മരിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഈ വർഷം ഇതുവരെ െഡങ്കിപ്പനി മരണം ഇല്ല. ഈ വർഷം 47 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിൽ 32 കേസുകളും ഈ മാസമാണുണ്ടായത്. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചത്തെ പനിബാധിതരുടെ എണ്ണം 4396.

പാലക്കാട് ജില്ലയിൽ പകർച്ചപ്പനി, ഡെങ്കിപ്പനി രോഗങ്ങൾക്കൊപ്പം അഞ്ചാം പനിയിലും വർധന. ഈയിടെ കുമരനല്ലൂർ പറക്കുളത്തു വിദ്യാർത്ഥിക്കു ഡിഫ്തീരിയയും റിപ്പോർട്ട് ചെയ്തു. ജനുവരി മുതൽ ഇതുവരെ പനിചികിൽസ തേടിയത് 1.20 ലക്ഷം പേർ. കണ്ണൂർ ജില്ലയിൽ ഈ വർഷം പനി ബാധിച്ചു ചികിൽസ തേടിയവരുടെ എണ്ണം 1.08 ലക്ഷം കവിഞ്ഞു. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 190. ജില്ലയിൽ മലേറിയ ബാധിച്ചവരുടെ എണ്ണം 33 ആയി. കാസർകോട് പകർച്ചപ്പനി ഇത്തവണ കുറവ്. 101 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 29 പേർക്ക് എച്ച്്വൺ എൻവണും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP