Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുഷാർ വെള്ളാപ്പള്ളിയെ എസ്എൻഡിപി ജനറൽ സെക്രട്ടറിയാക്കാനുള്ള നീക്കത്തിന് തടയിടാൻ കൂടുതൽ കരുക്കൾ നീക്കി ഗോകുലം ഗോപാലനും ബിജു രമേശും; ശിവഗിരി മഠത്തെ ഉപയോഗിച്ച് കൂടുതൽ വെള്ളാപ്പള്ളി പക്ഷക്കാരെ അടർത്തിയെടുക്കാനും ശ്രമം

തുഷാർ വെള്ളാപ്പള്ളിയെ എസ്എൻഡിപി ജനറൽ സെക്രട്ടറിയാക്കാനുള്ള നീക്കത്തിന് തടയിടാൻ കൂടുതൽ കരുക്കൾ നീക്കി ഗോകുലം ഗോപാലനും ബിജു രമേശും; ശിവഗിരി മഠത്തെ ഉപയോഗിച്ച് കൂടുതൽ വെള്ളാപ്പള്ളി പക്ഷക്കാരെ അടർത്തിയെടുക്കാനും ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എൻഡിപി യോഗത്തെ വെള്ളാപ്പള്ളി നടേശൻ കുടുംബ സ്വത്താക്കി മാറ്റുന്നുവെന്ന ആരോപണം ഏറെ കാലമായി കേൾക്കുന്നതാണ്. ഒരു കാലത്ത് വെള്ളാപ്പള്ളിക്കൊപ്പം നിന്നവർ തന്നെ ഇടക്കാലം കൊണ്ട് പുറത്തിറങ്ങിയപ്പോൾ ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എൻഎൻ ട്രസ്റ്റിന്റെയും എസ്എൻഡിപിയുടെയും ജനറൽ സെക്രട്ടറി സ്ഥാനത്ത് വെള്ളപ്പള്ളിയും മകൻ തുഷാർ വെള്ളാപ്പള്ളിയെ യുവജന സംഘടനയുടെ തലപ്പത്തുമാണ്. തനിക്ക് ശേഷം മകനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ വെള്ളാപ്പള്ളി ശ്രമിക്കുന്നു എന്ന ആക്ഷേപം എസ്എൻഡിപിയിൽ തന്നെ എതിർപ്പുകൾക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാൽ തന്റെ പിൻഗാമി തുഷാർ ആകുമെന്ന്് പരസ്യമായി പറയാതെ മൗനം പാലിക്കുകയാണ് വെള്ളാപ്പള്ളി. ഇതിനിടെ ശ്രീനാരായണ ധർമ്മവേദിയുമായി ഗോകുലം ഗോപാൻ വെള്ളാപ്പള്ളിക്കെതിരെ മത്സരിക്കാൻ രംഗത്തെത്തിയത്. കഴിഞ്ഞതവണ വെള്ളാപ്പള്ളിയോടെ പരാജയപ്പെട്ട ഗോകുലം ഗോപാലൻ വീണ്ടും തെരഞ്ഞെടുപ്പ് ആസന്നമാകുമ്പോൾ ശക്തമായി തന്നെ രംഗത്തിറങ്ങാൻ കരുക്കൽ നീക്കി തുടങ്ങി.

ഗോകുലം ഗോപാലൻ ഉൾപ്പെടുന്ന ശ്രീനാരായണ ധർമ്മവേദിയുമായി ചേർന്ന് പ്രവർത്തിക്കുന്നവരുടെ കൂട്ടത്തിൽ പ്രമുഖ മദ്യവ്യവസായി ബിജു രമേശുമുണ്ട്. വെള്ളാപ്പള്ളിക്ക് പകരമായി തുഷാറിനെ എസ്എൻഡിപിയുടെ തലപ്പത്തുകൊണ്ടുവരാൻ ശ്രമിച്ചാൽ ഈ നീക്കത്തെ എതിർക്കാനാണ് ഇവരുടെ നീക്കം. ഇതിനായി ശിവഗിരി മഠത്തെ പോലും ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തോളമായി ശിവഗിരി തീർത്ഥാടനത്തിൽ എല്ലാവിധ സഹായവും ഒരുക്കി നൽകുന്നത് ഗോകുലം ഗോപാലനാണ്. കഴിഞ്ഞ തവണ ഡോ. ബിജു രമേശായിരുന്നു ശിവഗിരിയിലെ മുഖ്യസംഘടകന്റെ റോളിലും എത്തിയത്. മഠത്തോട് അടുപ്പം പുലർത്തുന്ന നിരവധി എസ്എൻഡിപി നേതാക്കളുണ്ട്. ഇവർ വെള്ളാപ്പള്ളിയോട് ആഭിമുഖ്യവും പുലർത്തി വരുന്നു. ഇങ്ങനെയുള്ളവരെ അടർത്തിയെടുത്ത് തെരഞ്ഞെടുപ്പ് വേളയിൽ ഒപ്പം നിർത്താനാണ് ഗോകുലം ഗോപാലന്റെയും കൂട്ടരുടെയും നീക്കം.

വെള്ളാപ്പള്ളിക്ക് പകരക്കാരനായി തുഷാറിനെ കൊണ്ടുവരാൻ നീക്കം നടത്തിയാൽ സംഘടനയുടെ പല ശാഖകൾക്കും എതിർപ്പുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. വെള്ളാപ്പള്ളിയേക്കാൾ മുമ്പ് തന്നെ സംഘടനാ പ്രവർത്തന രംഗത്തെ സജീവമായ നേതാക്കൾ എസ്എൻഡിപിയിലുണ്ട്. ഇവർ ഇപ്പോൾ സംഘടനയുടെ തലപ്പത്തുണ്ടെങ്കിലും വെള്ളാപ്പള്ളിയുടെ നിർദ്ദേശങ്ങളെ മറികടന്ന് പ്രവർത്തിക്കാൻ അനുവദിക്കാറില്ല. ഇതിൽ അമർഷമുള്ള വിഭാഗം തുഷാറിനെ ജനറൽ സെക്രട്ടറിയാക്കാൻ നീക്കം നടന്നാൽ മറുകണ്ടം ചാടാനും സാധ്യതയുണ്ട്. ഈ സാധ്യത കൂടി മുന്നിൽ കണ്ടാണ് ഗോകുലം ഗോപാലന്റെ കരുനീക്കങ്ങൾ.

ഈഴവ - തീയ്യ സമുദായത്തിന്റെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശിവഗിരിയിൽ തീർത്ഥാടനത്തോട് എസ്എൻഡിപി നിസ്സഹകരണം ഇത്തവണയും തുടരുകയാണ്. തീർത്ഥാടനത്തിന് സൗകര്യം ഒരുക്കാൻ എസ്എൻ കോളേജുകളെ വിട്ടു നൽകണമെന്ന് മഠം ആവശ്യപ്പെട്ടെങ്കിലും അതിന് വെള്ളാപ്പള്ളി തയ്യാറാകാത്തത് മഠത്തിനൊപ്പം ഗോകുലം ഗോപാലനും ബിജു രമേശും ഉള്ളതുകൊണ്ടാണ്്. മദ്യനയത്തിന്റെ പേരിൽ വെള്ളാപ്പള്ളിയും ശിവഗിരി മഠവും പരസ്യമായി ഉടക്കിയിരുന്നു. മദ്യനയത്തിൽ വെള്ളാപ്പള്ളിയുടെ നിലപാട് ശ്രീനാരയണീയർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്നാണ് ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ അഭിപ്രായപ്പെട്ടിരുന്നു. സമ്പൂർണ്ണ മദ്യനിരോധനം വേണമെന്നാണ് മഠത്തിന്റെ നിലപാടെന്നും ഋതംബരാനന്ദ വ്യക്തമാക്കിയിരുന്നു.

മദ്യനയത്തിന്റെ പേരിലുണ്ടായ ഭിന്നിപ്പിന്റെ തുടർച്ച തന്നെയാണ് ഇപ്പോഴത്ത സംഭവ വികാസങ്ങളും. ശിവഗിരി മഠത്തിലെ സ്വാമിമാർ സ്വാമിമാർ അല്ലെന്നും വിവരമില്ലെന്നും പറഞ്ഞ് ഋതംബരാനന്ദക്കെതിരെ തുഷാർ വെള്ളാപ്പള്ളി രംഗത്തെത്തുകയുണ്ടായി. മഠം ഋതംബരാന്ദയുടെ കുടുംബ സ്വത്തല്ലെന്നും തുഷാർ വിമർശിച്ചത് തനിക്കെതിരെ മഠത്തിന്റെ ഭാഗത്തു നിന്നും നീക്കമുണ്ടാകുമെന്ന നിലപാടിലാണ്. അതേസമയം മഠത്തിനെതിരെ തുഷാർ രംഗത്തെത്തിയ കാര്യം സമുദായംഗങ്ങൾക്കിടയിൽ കൂടുതൽ ചർച്ചകൾക്ക് വിധേയമാക്കാനാണ് ഗോകുലം ഗോപാലന്റെയും കൂട്ടരുടെയും ശ്രമം.

എസ്എൻഡിപിയെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടിയാണ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉപയോഗിക്കുന്നതെന്ന് ശ്രീനാരായണധർമ്മ വേദി ചെയർമാൻ ഗോകുലം ഗോപാലൻ നേരത്തെ ആരോപിച്ചിരുന്നു. തെറ്റായ കണക്കുകൾ നിരത്തി എസ്എൻ ട്രസ്റ്റിന്റെയും എസ്എൻഡിപിയുടെയും പണം വെള്ളാപ്പള്ളി കൊള്ളയടിക്കുകയാണെന്നും ഗോകുലം ഗോപാലൻ ആരോപിക്കുകയുണ്ടായി. സമുദായത്തിന്റെ സ്വത്തുകളെ കുടുംബ സ്വത്താക്കുന്ന വെള്ളാപ്പള്ളിക്കെതിരെ കൂടുതൽ പ്രചരണം നടത്താനും ഗോകുലം ഗോപാലനും കൂട്ടർക്കും ശ്രമിക്കുന്നുണ്ട്.

മലബാർ മേഖലിയിലെ എസ്എൻഡിപി യൂണിയനുകൾക്ക് കൂടുതൽ ആഭിമുഖ്യം ഗോകുലം ഗോപാലനോടാണ്. തിരുവിതാംകൂർ മേഖലയാണ് വെള്ളാപ്പള്ളിയുടെ ശക്തികേന്ദ്രം. ഇവിടങ്ങളിൽ മൈക്രോഫിനാൻസിങ് അടക്കമുള്ള കാര്യങ്ങളുമായി വെള്ളാപ്പള്ളി എല്ലാ അർത്ഥത്തിലും ശക്തനായി നിലകൊള്ളുകയാണ്. ഇതിനിടെ യൂണിയന്റെ ശക്തികേന്ദ്രമായ തിരുവനന്തപുരത്തു നിന്നും കിളിമാനൂർ ചന്ദ്രബാബുവിലെ വെള്ളാപ്പള്ളി പുറത്താക്കുകയുണ്ടായി. ചന്ദ്രബാബുവും ഇപ്പോൾ ബിജു രമേശിനും ഗോകുലം ഗോപാലനോടും അടുത്തു നിൽക്കുകയാണ്. തിരുവനന്തപുരം മേഖലയെ കൈപ്പിടിയിലാക്കിയാൽ വെള്ളാപ്പള്ളിയുടെ കണക്കൂകൂട്ടലുകൾ തെറ്റിക്കാൻ സാധിക്കുമെന്നാണ് മറുപക്ഷത്തിന്റെ വിലയിരുത്തൽ. തുഷാർ വെള്ളാപ്പള്ളിയെ മുന്നിൽ നിർത്തി സംഘടന പിടിക്കാനാണ് ശ്രമമെങ്കിൽ അതിന് തടയിടാൻ തങ്ങളുടെ കൂട്ടായ ശ്രമത്തിലൂടെ സാധിക്കുമെന്ന് ഗോകുലം ഗോപാലനും കൂട്ടരും വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP