Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ജു വാര്യർക്കും വിമൺസ് കളക്ടീവിനും എതിരെ സിനിമ ലോകത്തെ പ്രമാണികൾ നടത്തിയ നീക്കം വിജയിച്ചു; ഉദാഹരണം സുജാതക്ക് ആകെ കിട്ടിയത് വിരലിൽ എണ്ണാവുന്നത്ര തീയറ്ററുകൾ; രണ്ടോ മൂന്നോ ദിവസത്തിനകം പിൻവലിപ്പിക്കാനും സമ്മർദം സജീവം

മഞ്ജു വാര്യർക്കും വിമൺസ് കളക്ടീവിനും എതിരെ സിനിമ ലോകത്തെ പ്രമാണികൾ നടത്തിയ നീക്കം വിജയിച്ചു; ഉദാഹരണം സുജാതക്ക് ആകെ കിട്ടിയത് വിരലിൽ എണ്ണാവുന്നത്ര തീയറ്ററുകൾ; രണ്ടോ മൂന്നോ ദിവസത്തിനകം പിൻവലിപ്പിക്കാനും സമ്മർദം സജീവം

മറുനാടൻ മലയാളി ഡെസ്‌ക്

അവൾക്കൊപ്പവും അവനൊപ്പവും സൗകര്യം പോലെ നിൽക്കുന്ന സിനിമക്കാർ ശ്രദ്ധിക്കുന്നുണ്ടോ ? മഞ്ജു വാര്യരുടെ സിനിമ തകർക്കാനുള്ള മലയാള സിനിമയിലെ പ്രമുഖരുടെ നീക്കങ്ങൾ വിജയിച്ചതായാണ് പുറത്ത് വരുന്ന കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. പാലഭിഷേകം പോലെയുള്ള വൻ സ്വീകരണങ്ങൾ ഒരുക്കി രാമലീല പുറത്ത് വന്നപ്പോൾ ലേഡി സൂപ്പർ സ്റ്റാറിന്റെ ചിത്രങ്ങൾ വലിയ പരസ്യമില്ലാതെ പുറത്തിറങ്ങി.

ചിത്രങ്ങളുടെ വിജയം ദിലീപ് കേസിന്റെ ജനവിധിയായിരിക്കുമെന്ന് സിനിമക്കാർ തന്നെ പറഞ്ഞ് നടന്നിരുന്നു. അതിനാൽ ദിലീപ് അനുകൂലികളെ സംബന്ധിച്ച് രാമലീല വിജയിക്കുകയും ഉദാഹരണം സുജാത പരാജയപ്പെടേണ്ടതും അത്യാവശ്യമായിരുന്നു. ഇതിനായി ചെയ്യാൻ കഴിയുന്നതെല്ലാം സിനിമ പ്രവർത്തകർ ചെയ്യുന്നുമുണ്ടായിരുന്നു. സിനിമക്കാരെ സംബന്ധിച്ചിടത്തോളം മഞ്ജു വാര്യരെ പിന്തുണച്ചിട്ട് സിനിമ ഇൻഡസ്ട്രിക്ക് കാര്യമായി ഗുണം ഉണ്ടാകില്ല എന്നതാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെയാണ് ദിലീപിനെ പിന്തുണക്കാൻ ഇവർ കൂട്ടമായി തീരുമാനിച്ചതും.

മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ മഞ്ജു വാര്യരുടെ ഉദാഹരണം സുജാതക്ക് ആകെ കിട്ടിയത് വിരലിലെണ്ണാവുന്ന തിയറ്ററുകൾ മാത്രമാണ്. എടുത്തു പറയാൻ ഒരുപാട് ചിത്രങ്ങളില്ലെന്നിരിക്കെ എന്തുകൊണ്ട് മഞ്ജു വാര്യർ ചിത്രത്തിന് അധികം തിയറ്ററുകൾ കിട്ടിയില്ലെന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്. മാത്രമല്ല ഈ ചിത്രം കാണണമെന്ന ആവശ്യവുമായി ഒരു സിനിമക്കാരെയും എവിടെയും കണ്ടതുമില്ല. എന്നാൽ ദിലീപ് ചിത്രം രാമലീല കാണണമെന്നും അതൊരു സംവിധായകന്റെ സ്വപ്‌നമാണെന്നുമുള്ള വാദവുമായി നിരവധി സിനിമ പ്രവർത്തകർ രംഗത്തിറങ്ങിയിരുന്നു. ചാനൽ ചർച്ചകളിലും മറ്റും ഈ ആവശ്യവുമായി വാതോരാതെ ഇവർ സംസാരിക്കുകയും ചെയ്തിരുന്നു.

ചിത്രം ദിവസങ്ങൾക്കുള്ളിൽ തന്നെ തീയറ്ററുകളിൽ നിന്ന് പിൻവലിച്ച് ഉദാഹരണം സുജാത ഒരു പരാജയമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്ന് ചലച്ചിത്ര രംഗത്തെ ചിലർ രഹസ്യമായെങ്കിലും സമ്മതിക്കുന്നു. ഇതിനുള്ള ശ്രമങ്ങൾ സിനിമ രംഗത്തെ പ്രമാണിമാർ തന്നെ മുൻകൈ എടുത്താണ് നടത്തുന്നതെന്നതാണ് അണിയറ സംസാരം. ഈ നീക്കങ്ങൾ വിജയിക്കുന്നുവെന്നതാണ് ചിത്രം പുറത്തിറങ്ങിയതിന് ശേഷമുള്ള വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. കുറച്ച് ദിവസത്തിനുള്ളിൽ ചിത്രം തിയറ്ററുകളിൽ നിന്ന് പിൻവലിക്കാനുള്ള നീക്കങ്ങളും ഇൻഡസ്ട്രിയിലെ ദിലീപ് അനുകൂലികൾ സജീവമായി നടത്തുന്നുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി ദിലീപിന്റെ രാമലീലയെ വാഴ്‌ത്തുകയും സുജാതയെ താഴ്‌ത്തി കെട്ടുകയും ചെയ്യുന്ന തരത്തിലുള്ള പ്രചരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. ഇതെത്തുടർന്നാണ് ഭാഗ്യലക്ഷ്മി മഞ്ജുവിന്റെ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയത്. റിലീസായി ഒരു ദിവസത്തിനുള്ളിൽ ഒരു സിനിമയുടെ വിധയെഴുതാൻ ആകുമോയെന്ന് ഭാഗ്യലക്ഷ്മി ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. കഴിഞ്ഞ ദിവസം വരെ നടന്റെ മാത്രം സിനിമയല്ല രാമലീല എന്ന് പറഞ്ഞവർ ഇന്ന് അത് മാറ്റിപ്പറഞ്ഞ് അവസരവാദികൾ ആയിരിക്കുകയാണെന്നും ഭാഗ്യലക്ഷ്മി പോസ്റ്റിൽ കുറിച്ചു.

കേവലം രണ്ട് സിനിമകൾ തമ്മിലുള്ള പോരാട്ടം മാത്രമായല്ല കേരളത്തിലെ ജനം ഇതിനെ നോക്കി കാണുന്നത്. മറിച്ച് ഭാര്യയെ ഉപേക്ഷിച്ച് കാമുകിയെ താലികെട്ടി സ്വന്തമാക്കിയ ഭർത്താവിന്റെയും എല്ലാം ഉപേക്ഷിച്ച് ജീവിതം ഒന്നിൽ നിന്നും കെട്ടിപൊക്കാൻ ഉറച്ച് ഇറങ്ങിയ മുൻ ഭാര്യയും തമ്മിലുള്ള ഒരു പോരാട്ടമായാണ് ഇതിനെ കേരള ജനത മുഴുവൻ കാണുന്നത്. ആരാധകർ ഏത് സിനിമയ്ക്ക് ഒപ്പം നിൽക്കുന്നു എന്നത് ഒരു വലിയ സാമൂഹിക പ്രശ്്‌നത്തിൽ കേരള ജനത ആർക്കൊപ്പം നിൽക്കുന്നു എന്നുള്ള പൊതു സമൂഹത്തിന്റെ വിധി എഴുത്തു കൂടിയായാണ് സിനിമ ലോകം പറഞ്ഞ്പരത്തിയത്.

ആക്രമത്തിനിരയായ തങ്ങളുടെ സഹപ്രവർത്തകയെ തള്ളി പറഞ്ഞും നടിയെ ആക്രമിച്ച കേസിൽ അഴിക്കുള്ളിലായ ദിലീപിനെ അനുകൂലിച്ച് നടിമാരടക്കം സിനിമയിൽ നിന്ന് തന്നെ നിരവധി പേരാണ് ദിലീപിന് വേണ്ടി പരസ്യമായി രംഗത്ത് എത്തിയത്. മലയാള സിനിമയിലെ പ്രമുഖ നടന്മാരും സംവിധായകരും അടക്കം നിരവധി പേർ ദിലീപിന് പിന്തുണയുമായി എത്തുമ്പോൾ ഒരു ഒറ്റയാൾ പോരാട്ടമാണ് മഞ്ജുവിന്റേത്.

തന്റെ സിനിമ ദിലീപിന്റെ സിനിമയുമായി പോരാടുകയാണെങ്കിലും രാമലീല എല്ലാവരും കാണണമെന്ന് പറഞ്ഞാണ് മഞ്ജു വീണ്ടും വാർത്തകളിൽ ഇടം നേടിയത്. സിനിമയ്ക്കുള്ളിൽ താൻ ഉൾപ്പെടുന്ന വനിതാ സംഘടന പോലും രാമലീലയ്ക്ക് എതിരെ രംഗത്ത് എത്തിയപ്പോൾ ഈ സിനമയ്ക്ക് പിന്തുണയുമായി മഞ്ജു എത്തുകയും ചെയ്തു. മഞ്ജുവിന്റെ ഈ നിലപാടിനെതിരെ പലരും എതിർപ്പുമായി രംഗത്ത് എത്തിയെങ്കിലും അതൊന്നും താരത്തെ തെല്ലും ഏശിയിട്ടില്ല. തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് മഞ്ജുവിന്റെ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പുകളും.

ജൂലൈയിൽ റിലീസിനൊരുങ്ങിയിരുന്ന ചിത്രമാണ് രാമലീല. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതോടെ റിലീസ് വൈകി. നടന് ജാമ്യം കിട്ടിയ ശേഷം റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും മൂന്നു തവണ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇനിയും റിലീസ് വൈകിക്കേണ്ടയെന്ന് തീരുമാനിക്കുകയായിരുന്നു. ആദ്യം റിലീസ് തീയതി പ്രഖ്യാപിച്ചത് രാമലീലയുടെ അണിയറ പ്രവർത്തകരാണ് അതിന് പിന്നാലെയാണ് ഉദാഹരണം സുജാതയുടെ തീയതി പ്രഖ്യാപിച്ചത്.

ദിലീപിന്റെയും മഞ്ജു വാര്യരുടെയും സിനിമകൾ ഒന്നിച്ച് തിയറ്ററുകളിൽ എത്തുന്നത് ഇത് ആദ്യത്തെ സംഭവമല്ല. മുമ്പ് ദിലീപിന്റെ 2 കൺട്രീസ് റിലീസ് ചെയ്ത ദിവസങ്ങളിലായിട്ടാണ് മഞ്ജുവിന്റെ ജോ ആൻഡ് ദ ബോയി റിലീസ് ചെയ്തിരുന്നത്. 2015 ൽ ക്രിസ്മസിനോട് അനുബന്ധിച്ചായിരുന്നു ഇരു സിനിമകളും റിലീസ് ചെയ്തിരുന്നത്. എന്നാൽ 2 കൺട്രീസ് ഹിറ്റായപ്പോൾ മഞ്ജുവിന്റെ സിനിമ ബോക്സ് ഓഫീസിൽ തകർന്നു.

രാമലീല കാണണോ വേണ്ടയോ എന്ന് ദിലീപ് അനുകൂലികളും വിമർശകരും തമ്മിൽ നാളുകൾക്ക് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ വാക്പോപോരാട്ടം ആരംഭിച്ചിരുന്നു. ഇതിനിടെ് ദിലീപ് ചിത്രം രാമലീല വിജയിപ്പിക്കാനായി പിആർ ഏജൻസി രംഗത്തിറങ്ങിയിരിക്കുന്നു എന്ന വാർത്തയും പടരുന്നു. വാർത്ത സത്യമാണെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചിത്രത്തിനായി നടക്കുന്ന കാമ്പയിനുകളും. ആദ്യ ഷോ കഴിയും മുൻപ് ഫേസ്‌ബുക്കിലും യൂട്യൂബിലും മുഴുവൻ രാമലീല ചിത്രത്തിന്റെ അനുകൂല റിവ്യുകളുടെ പെരുമഴയാണ് നടന്നത്.

നടിയെ അക്രമിച്ച കേസിൽ പ്രതിയാക്കപ്പെട്ടപ്പോൾ സഹതാപതരംഗം ഉണ്ടാക്കാൻ പിആർ ഏജൻസികളെ പണം കൊടുത്ത് സോഷ്യൽ മീഡിയകളിൽ പ്രവർത്തിപ്പിക്കുന്നു എന്ന വാർത്ത വിവാദമായിരുന്നു. ഈ ഏജൻസി തന്നെയാണ് രാമലീലയുടെ വിജയത്തിനായി പണിയെടുക്കുന്നതെന്നാണ് പുതിയ വിവരം. ഇന്നലെ മുതൽ തന്നെ ചിത്രം പുറത്തിറങ്ങുമ്പോൾ ഉടൻ പോസ്റ്റ് ചെയ്യാനുള്ള റിവ്യുകളുമായി തയ്യാറായി കഴിഞ്ഞിരുന്നു.

ഇങ്ങനെ പുറത്തിറങ്ങിയ റിവ്യുകളിൽ പലതും ചിത്രത്തിന്റെ ആദ്യ ഷോ കഴിയുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ഇതാണ് എല്ലാവർക്കും സംശയം തോന്നാൻ കാരണമായത്. ചിത്രത്തിന്റെ പേര് യൂട്യൂബിലോ ഗൂഗിളിലോ സെർച്ച് ചെയ്താൽ രാമലീലയെയും ദിലീപിനെയും അഭിനന്ദിച്ച് കൊണ്ടുള്ള അനുകൂല പോസ്റ്റുകൾ മാത്രമാണ്. ഇവർ തന്നെയാണ് മഞ്ജു വാര്യർ ചിത്രം പരാജയപ്പെടുത്താൻ ശ്രമിക്കുന്നതെന്നതാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ സംശയം.

സാഹചര്യങ്ങൾ കൊണ്ട് പല സിനിമകളും ഒന്നിച്ച് റിലീസ് ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ ഇത്തവണ സിനിമയ്ക്കു പുറത്തുള്ള കാരണങ്ങളും ചിത്രങ്ങളുടെ ജയപരാജയത്തെ നിർണയിക്കുന്ന അവസ്ഥയായിരുന്നു. കുറ്റാരോപിതനായ ദിലീപിന് ഈ ചിത്രം ജീവിതത്തിലെ ഒരു സുപ്രധാന അഗ്നിപരീക്ഷയാണ്. മാധ്യമങ്ങളുടയും മറ്റു കൂട്ടായ്മകളുടേയും ബഹളങ്ങൾക്കുപരി സാധാരണ ജനങ്ങൾ പിന്തുണ നല്കുമോ എന്ന സംശയത്തിലുമാണ് ചിത്രം പുറത്തിറക്കിയത്.

നവാഗതനായ പ്രവീൺ സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദാഹരണം സുജാത. സുജാത എന്ന കേന്ദ്ര കഥാപാത്രമായാണ് മഞ്ജു അഭിനയിക്കുന്നത്. കോളനിയിൽ ജീവിക്കുന്ന മഞ്ജു വാര്യർ തികച്ചും വ്യത്യസ്തവും വിശ്വസനീയവുമായ രൂപ മാറ്റമാണ് സുജാതയ്ക്കായി നടത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP