Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബാബുവിനെ രക്ഷിക്കാൻ ഉമ്മൻ ചാണ്ടിക്കും കഴിഞ്ഞെന്ന് വരില്ല; വിജിലൻസ് കോടതി ഇടപെടൽ മൂലം കേസ് എടുക്കേണ്ടി വരും; തിരിമറികൾ നടത്തിയാൽ പണിയാകുമോ എന്ന് ഭയന്ന് വിജിലൻസ് ഉദ്യോഗസ്ഥർ; ശങ്കർ റെഡ്ഡി ഉറച്ച നിലപാടിൽ

ബാബുവിനെ രക്ഷിക്കാൻ ഉമ്മൻ ചാണ്ടിക്കും കഴിഞ്ഞെന്ന് വരില്ല; വിജിലൻസ് കോടതി ഇടപെടൽ മൂലം കേസ് എടുക്കേണ്ടി വരും; തിരിമറികൾ നടത്തിയാൽ പണിയാകുമോ എന്ന് ഭയന്ന് വിജിലൻസ് ഉദ്യോഗസ്ഥർ; ശങ്കർ റെഡ്ഡി ഉറച്ച നിലപാടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിജിലൻസ് കോടതിയുടെ ഇടപെടലോടെ ബാർ കോഴക്കേസിൽ എക്‌സൈസ് മന്ത്രി കെ ബാബുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പാളുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേരിട്ടുള്ള ഇടപെടലും നടക്കില്ല. കെ എം മാണിയെ അനുകൂലിച്ച് വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൺ എം പോൾ പുലിവാലു പടിച്ചിരുന്നു. ഈ സാഹചര്യത്തിൽ കള്ളക്കളിക്ക് ഇല്ലെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥരുടെ നിലപാട്. ഡയറക്ടറുടെ ചുമതലയിലെത്തിയ എഡിജിപി ശങ്കർ റെഡ്ഡിയും പേരു ദോഷം കേൾക്കാൻ തയ്യാറല്ല. ഇതോടെയാണ് ബാബു കുടുങ്ങുന്നത്. കേസിൽ കൂട്ടു പ്രതിയായ ബിജു രമേശ് കുറ്റം സമ്മതിച്ചാൽ ബാബുവിനെതിരേയും എഫ്‌ഐആർ ഇടേണ്ടി വരും. കുറ്റം സമ്മതിക്കുന്നതിനാൽ ബിജു രമേശ് മാപ്പ് സാക്ഷിയാകാനും ശ്രമിക്കും. ഇങ്ങനെ വലിയൊരു നിയമക്കുരിക്കിലേക്കാണ് കാര്യങ്ങൾ എത്തുകയെന്നാണ് സൂചന.

കോടതി ഉത്തരവുപ്രകാരം നടക്കുന്ന അന്വേഷണമായതിനാൽ വിജിലൻസിന് പഴയതുപോലെ തെളിവില്ലെന്ന പറഞ്ഞ് കേസ് എഴുതിത്ത്തള്ളാനാകില്ല. വിശദമായ അന്വ്വേഷണ റിപ്പോർട്ട് രേഖകൾ സഹിതം കോടതിയിൽ സമർപ്പിക്കേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ബിജു രമേശിന്റെ 164 പ്രകാരമുള്ള മൊഴി, ബാറുടമകളുടെ ശബ്ദരേഖ, പ്രീ ബജറ്ററി മീറ്റിങ് എന്ന പേരിൽ വിജിലൻസിന് നേരത്തെ മന്ത്രി നൽകിയ വ്യാജമൊഴി, പിന്നീട് നിയമസഭയിൽ തിരുത്തിപ്പറഞ്ഞ പ്രീ അബ്കാരി മീറ്റിങ് രേഖ തുടങ്ങിയവ അന്വേഷണസംഘത്തിന് വീണ്ടും പരിശോധിക്കേണ്ടിവരും. ബിജു രമേശിന്റെ മൊഴിയാകൂം കൂടുതൽ നിർണ്ണായകം. അതുകൊണ്ട് തന്നെ ബാബുവിനേയും ബിജുവിനേയും പ്രതിയാക്കി കേസ് എടുക്കേണ്ടി വരും. അങ്ങനെ വന്നാൽ ബാബുവിന് എക്‌സൈസ് മന്ത്രിസ്ഥാനം പോലും രാജിവയ്‌ക്കേണ്ടി വരുമെന്നാണ് സൂചന.

വിജിലൻസിന് മുമ്പെത്തെപ്പോലെ ഏകപക്ഷിയമായി ബാബുവിനെ രക്ഷിക്കാനാകില്ലെന്ന് സാരം. അന്വേഷണ റിപ്പോർട്ട് കോടതിക്കാണ് സമർപ്പിക്കേണ്ടത്. റിപ്പോർട്ടിന്റെ ഉള്ളടക്കം പരിശോധിച്ച് കോടതിക്ക് നടപടി സ്വീകരിക്കാം. പുതിയ അന്വേഷണം കോടതിയുടെ നിർദേശപ്രകാരമായതിനാൽ വിജിലൻസിന് മുമ്പത്തെപ്പോലെ സ്വന്തമായി തീർപ്പുകൽപ്പിക്കാനാകില്ല. വിജിലൻസിന്റെ നിഗമനങ്ങൾ തൃപ്തികരമല്ലെങ്കിൽ കൂടുതൽ അന്വേഷണത്തിന് കോടതിക്ക് ഉത്തരവിടാം. നേരത്തെ നടത്തിയ അന്വേഷണത്തിൽ ബിജു രമേശ് സാക്ഷിയായിരുന്നെങ്കിൽ ഇപ്പോൾ അദ്ദേഹത്തിനെതിരെയും അന്വേഷണം നടക്കുകയാണ്. കോടതിയുടെ നിരീക്ഷണത്തിലാകും ബാബുവിനെതിരായ ത്വരിതാന്വേഷണം. ബിജു രമേശ് മജിസ്‌ട്രേട്ടിന് നൽകിയ മൊഴിയായതിനാൽ അതിൽ പറയുന്ന കാര്യങ്ങൾ വിജിലൻസിന് പ്രാധാന്യം കുറച്ചുകാണാനാകില്ലെന്ന വാദവും ശക്തമാണ്. ഈ നിയമോപദേശങ്ങൾ വിജിലൻസിനും കിട്ടിയിട്ടുണ്ട്.

വിഷയത്തിൽ ഇടപെടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി കഴിഞ്ഞു. പൊലീസുകാർക്കിടയിൽ വിജിലൻസ് ഡയറക്ടർ നിയമനവുമായി ബ്ന്ധപ്പെട്ട് തർക്കമുണ്ട്. കേസ് അട്ടിമറിക്കാനാണ് ശങ്കർ റെഡ്ഡിയെ തൽസ്ഥാനത്ത് എത്തിച്ചതെന്നാണ് വിമർശനം. എന്നാൽ പേരു ദോഷമുണ്ടാക്കാത്ത ഉദ്യോഗസ്ഥനാണ് സർവ്വീസിൽ ഉടനീളം ശങ്കർ റെഡ്ഡി. അത് തുടരണമെന്ന ആഗ്രഹവും ഉണ്ട്. വിവാദങ്ങൾ കൂടി ഉണ്ടായ സാഹചര്യത്തിൽ ബാബുവിന് അനുകൂലമായി കാര്യങ്ങളെത്തിയാൽ അത് ശങ്കർ റെഡ്ഡിക്ക് മേൽ വിമർശനമായി മാറും. ഇതിനാണ് വിജിലൻസിന്റെ തലപ്പത്ത് എത്തിച്ചതെന്നും പറയും. ഈ സാഹചര്യത്തിൽ സത്യസന്ധമായി കാര്യങ്ങൾ നീക്കനാണ് തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുരുക്ക് മുറുകമെന്ന് ബാബുവും തിരിച്ചറിയുന്നു

ബാർ കോഴക്കേസിൽ മന്ത്രി കെ.ബാബുവിനും ബിജു രമേശിനുമെതിരെ ദ്രുതപരിശോധന വേണമെന്ന് തൃശൂർ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. ജനുവരി 23നകം ദ്രുതപരിശോധനയുടെ റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടർക്ക് കോടതിയുടെ നിർദ്ദേശം. പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളം നൽകിയ സ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്. ബിജു രമേശ് ഇതിന് സമാനമായ മൊഴി തിരുവനന്തപുരത്തെ കോടതിയിൽ നൽകിയിരുന്നു. എന്നാൽ ദ്രുതപരിശോധന നടത്താതെ പ്രാഥമിക അന്വേഷണം നടത്തി കേസ് തള്ളുകയാണ് ചെയ്തത്. ഇത് ബാബുവിനെ രക്ഷിക്കാനാണെന്ന വിമർശനം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ തൃശൂർ വിജിലൻസ് കോടതിയിൽ ഹർജി എത്തിയത്. മന്ത്രി ബാബുവിനെ ഒന്നാം പ്രതിയും ബിജു രമേശിനെ രണ്ടാം പ്രതിയുമാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. മന്ത്രി ബാബു പണം വാങ്ങിയെന്ന് ബിജു രമേശ് ടെലിവിഷൻ ചാനലുകളിൽ ആരോപിച്ചെന്നും ഇതു പരിശോധിക്കണമെന്നും കാണിച്ചാണ് സ്വകാര്യ ഹർജി നൽകിയത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തിയതാണെന്ന് വിജിലൻസ് കോടിയെ അറിയിച്ചു.

എന്നാൽ ഉത്തരവ് മുഖേന അന്വേഷണം നടക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ദ്രുതപരിശോധനയ്ക്ക് കളമൊരുങ്ങിയത്. കെ ബാബുവിന് 50 ലക്ഷം കൈമാറിയെന്ന് ബിജു രമേശ് ചാനലുകളിൽ പറയുന്നതിന്റെ സിഡിയാണ് ഹർജിക്കാരനായ ജോർജ് വട്ടക്കുളം തെളിവായി ഹാജരാക്കിയത്.മുക്കാൽ മണിക്കൂർ വാദം കേട്ട കോടതി ക്വിക് വേരിഫിക്കേഷൻ നടത്താൻ വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകുകയായിരുന്നു. കേസിൽ നേരത്തെ അന്വേഷണം നടന്നതാണെന്നും ഇനിയൊരു അന്വേഷണത്തിന്റെ പ്രസക്തിയില്ലെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി ഉത്തരവോടെയുള്ള അന്വേഷണം വേണമെന്ന ഹർജിക്കാരന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

അഴിമിതിക്കായി കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണ്. ഇവിടെ ബാബുവിന് പണം നൽകിയെന്ന് ബിജു രമേശ് പറയുന്നു. അതുകൊണ്ട് തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കേണ്ട സാഹചര്യമുണ്ട്. ഇതാണ് വിജിലൻസ് ചെയ്യാൻ മടിച്ചത്. ഇപ്പോഴും തന്റെ നിലപാടുകളിൽ ബിജു രമേശ് ഉറച്ചു നിൽക്കുകയാണ്. വിജിലൻസിന് ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തേണ്ടി വരും. ബാബുവിനേയും ചോദ്യം ചെയ്യണം. അതിന് ശേഷം നിഗമനങ്ങൾ കോടതിയെ അറിയിക്കുകയും വേണം. ഇത് ബാബുവിന് അനുകൂലമായാൽ അതിനെ ഹർജിക്കാർക്ക് കോടതിയിൽ ചോദ്യം ചെയ്യാം. അതുകൊണ്ട് തന്നെ ഈ ഹർജി ബാർകോഴയിൽ നിർണ്ണായകമാകും. ബാർ കോഴയിൽ ആരോപണം ഉയർന്നപ്പോൾ കെഎം മാണിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്തു. തുടർന്ന് തെളിവുകളുണ്ടെന്ന് എസ്‌പി സുകേശൻ കണ്ടെത്തുകയും അതിനെ വിജിലൻസ് ഡയറക്ടർ വിൻസൺ എം പോൾ എതിർക്കുകയും ചെയ്തു. കേസ് എഴുതി തള്ളനായിരുന്നു നിർദ്ദേശം.

എന്നാൽ തിരുവനന്തപുരം വിജിലൻസ് കോടതി അത് തള്ളുകയും ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. ഇതോടെ മാണി മന്ത്രിസ്ഥാനം രാജിവച്ചു. മാണിയോടും ബാബുവിനോടും വിജിലൻസ് രണ്ട് നീതികാട്ടിയെന്ന ആക്ഷേപം ശക്തമാണ്. അതിനിടെയാണ് ദ്രുതപരിശോധന നടക്കുന്നത്. അതുകൊണ്ട് തന്നെ ബാബുവിനും സർക്കാരിനും ഏറെ നിർണ്ണായകമാണ്. ഈ കേസിലെ വിജിലൻസ് കോടതിയുടെ നിരീക്ഷണങ്ങൾ ബാബുവിന്റെ രാഷ്ട്രീയ ഭാവിക്കും നിർണ്ണായകമാണ്. ബാർ ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് കുറയ്ക്കുന്നതിന് മന്ത്രി ബാബു ബിജുവിൽ നിന്ന് കോഴ വാങ്ങിയെന്നാണ് ഹർജിയിലെ ആരോപണം. ഇത്തരം പരാതികൾ വിജിലൻസിന് മുന്നിൽ കിട്ടിയാൽ ദ്രതുപരിശോധന അനിവാര്യമാണ്. എന്നാൽ ബാബുവിന്റെ കേസിൽ അത് നടത്താതെ തന്നെ കുറ്റവിമുക്തനാക്കി. രാഷ്രീയ ലക്ഷ്യത്തോടെ വ്യക്തിവൈരാഗ്യം തീർക്കാൻ ബിജു രമേശ് നടത്തിയ ആരോപണങ്ങളാണ് അതെന്നായിരുന്നു കണ്ടെത്തൽ.

വിജിലൻസിന്റെ തിരുവനന്തപുരം യൂണിറ്റിനെ കൊണ്ട് അന്വേഷിപ്പിക്കാതെ എറണാകുളം യൂണിറ്റിനെ കൊണ്ടാണ് പരിശോധിപ്പിച്ചത്. മാണിയുടേയും ബാബുവിന്റേയും സമാന സ്വഭാവമുള്ള കേസായിരുന്നിട്ടും രണ്ട് തരത്തിൽ അന്വേഷണം നടന്നു. ലളിതകുമാരി കേസ് അനുസരിച്ചുള്ള നടപടികളൊന്നും നടന്നുമില്ല. അതുകൊണ്ട് തന്നെ ബാബുവിനെതിരായ ദ്രുത പരിശോധനാ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളുന്ന സാഹചര്യമുണ്ടായാൽ അത് സർക്കാരിന് കനത്ത അടിയാകും. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന് ബാർ കോഴയിൽ മാണിയുടെ കേസിൽ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മാണിയുടെ രാജി. കോൺഗ്രസ് നേതാക്കളാണ് ഈ ആവശ്യവുമായി ആദ്യമെത്തിയത്. അതുകൊണ്ട് തന്നെ ബാർ കോഴയിൽ തൃശൂർ വിജിലൻസ് കോടതിയുടെ ഒരോ പരമാർശവും ഈ കേസിൽ ബാബുവിന് നിർണ്ണായകമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP