Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കയ്യേറ്റത്തിന് പുതുസങ്കേതം തേടി ഇടുക്കിയിലെ ഭൂമാഫിയക്കാർ; സംരക്ഷിത കേന്ദ്രമായ നീലക്കുറിഞ്ഞി സങ്കേതത്തിലെ കുറിഞ്ഞിച്ചെടികൾ കത്തിച്ചും പുതുനിലങ്ങൾ തേടുന്നു; തീ പടർന്നതുകൊട്ടക്കമ്പൂരിലെ വിവാദ ഭൂമിയിൽ നിന്നും; മനുഷ്യനിർമ്മിത കാട്ടുതീ കുറിഞ്ഞി ഉദ്യാന വിജ്ഞാപനം അട്ടിമറിക്കാനും കൂടുതൽ കൈയേറ്റവും ലക്ഷ്യമിട്ട്

കയ്യേറ്റത്തിന് പുതുസങ്കേതം തേടി ഇടുക്കിയിലെ ഭൂമാഫിയക്കാർ; സംരക്ഷിത കേന്ദ്രമായ നീലക്കുറിഞ്ഞി സങ്കേതത്തിലെ കുറിഞ്ഞിച്ചെടികൾ കത്തിച്ചും പുതുനിലങ്ങൾ തേടുന്നു; തീ പടർന്നതുകൊട്ടക്കമ്പൂരിലെ വിവാദ ഭൂമിയിൽ നിന്നും; മനുഷ്യനിർമ്മിത കാട്ടുതീ കുറിഞ്ഞി ഉദ്യാന വിജ്ഞാപനം അട്ടിമറിക്കാനും കൂടുതൽ കൈയേറ്റവും ലക്ഷ്യമിട്ട്

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഇടുക്കിയിലെ കൈയേറ്റക്കർ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നു. ഇതിന്റെ ഭാഗമായി സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി തൈകൾ കത്തിച്ചും കൊണ്ടും മറ്റുമാണ് ഇവർ രംഗത്തെത്തുന്നത്. കുറിഞ്ഞി ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനം വരാനിരിക്കെ ഉദ്യാനത്തിനുള്ളിലെ നൂറുകണക്കിന് കുറിഞ്ഞി ചെടികൾ കത്തിച്ചു. കൊട്ടാക്കമ്പൂർ ഗ്രാമത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ ജണ്ടപ്പാറയ്ക്കു സമീപമാണ് ചെടികൾ വ്യാപകമായി കത്തിച്ച സംഭവം പുറത്തുവന്നിരുന്നു. ഈ നീക്കത്തിന് പിന്നിൽ കുറിഞ്ഞി ഉദ്യാനം അട്ടിമറിക്കാൻ വേണ്ടിയാണെന്നത് വ്യക്തമാണ്.

മൂന്നാറിൽ നിന്ന് നാൽപ്പത് കിലോമീറ്റർ അകലെയാണ് വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ ഗ്രാമം. കുറിഞ്ഞിച്ചെടികൾ നശിപ്പിച്ചതായി കണ്ടെത്തിയ ജണ്ടപ്പാറയ്ക്ക് സമീപം കോടമഞ്ഞേറ്റ് നീലക്കുറിഞ്ഞി തഴച്ച് വളർന്നിരുന്നു. കത്തിക്കരിഞ്ഞ നിരവധി ചെടികളുടെ കുറ്റികൾ ഇവിടെയുണ്ട്. ചില ചെടികൾ മഴയേറ്റ് കിളിർത്ത് വരുന്നുമുണ്ട്. പ്രദേശത്ത് ഗ്രാന്റീസ് മരങ്ങളും കത്തി നശിച്ചിട്ടുണ്ട്. കുറിഞ്ഞിച്ചെടികൾ നശിപ്പിക്കാൻ ഗ്രാന്റീസ് മരങ്ങൾക്ക് തീയിടുകയായിരുന്നു.

ഷോല നാഷണൽ പാർക്ക് മുതൽ ജണ്ടപ്പാറ വരെയുള്ള ഭാഗത്ത് ധാരളം ഗ്രാന്റീസ് മരങ്ങളുണ്ട്. സർക്കാർ ഭൂമി കൈയേറി ഭൂമാഫിയ സംഘമാണ് ഗ്രാന്റീസ് നട്ടത്. ഗ്രാന്റീസ് വളർന്നതോടെ ഇവിടെയുണ്ടായിരുന്ന കുറിഞ്ഞികളുടെ സർവ്വനാശം തുടങ്ങി. ഇതിനിടെയാണ് നീലക്കുറിഞ്ഞികൾ കത്തിച്ചത്. വനംവകുപ്പ് അധികൃതർ ഈ പ്രദേശത്തേക്ക് വരാറില്ല. ഇതിനാൽതന്നെ സംരക്ഷിത സസ്യത്തെ ഉദ്യാനത്തിൽ നിന്ന് ഇല്ലായ്മ ചെയ്യാനുള്ള ശ്രമം പുറംലോകം അറിഞ്ഞിട്ടില്ല.

കൊട്ടാക്കമ്പൂർ ഗ്രാമത്തിൽ നിന്നു കാൽനടയായി രണ്ട് മണിക്കൂറോളം സഞ്ചരിച്ചാലേ ജണ്ടപ്പാറയിലെത്താനാകു. കൈയേറ്റക്കാർ സർക്കാർ ഭൂമി കൈയേറി നട്ട ഗ്രാന്റീസ് മരങ്ങൾ വെട്ടാൻ ഈ ദുർഘടപാതയിലൂടെ മുൻപ് ജീപ്പ് എത്തിച്ചിരുന്നു. വഴിവക്കിലുണ്ടായിരുന്ന ചെടികളും ജീപ്പ് കയറി നശിച്ചു. അന്നും വനംവകുപ്പ് നടപടി കൈക്കൊണ്ടില്ല.

അടുത്ത വർഷം നീലക്കുറിഞ്ഞി പൂക്കും. കുറിഞ്ഞി ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനം ഇറക്കാത്ത സംഭവത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനം നീട്ടിക്കൊണ്ടു പോകാനാകില്ല. നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശങ്ങൾ കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമാകും. കുറിഞ്ഞികൾ നശിപ്പിച്ചാൽ ഈ പ്രദേശത്തെ ഭൂമി കൈവശം വയ്ക്കാമെന്ന തന്ത്രമാണ് കൈയേറ്റക്കാരുടേതെന്നു വേണം കരുതാൻ. ഈ ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ നീക്കം.

ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേ കുറിഞ്ഞി ഉദ്യാനത്തിലെ കുറിഞ്ഞിച്ചെടികൾ നശിക്കാൻ കാരണമായ തീ പടർന്നതുകൊട്ടക്കാമ്പൂരിലെ വിവാദ ഭൂമിയുടെ അതിർത്തിയിൽ നിന്നാണെന്നും വ്യക്തമായിരുന്നു. ഇടുക്കിയിലെ പ്രമുഖ ജനപ്രതിനിധിയും ബന്ധുക്കളും ചില കോൺഗ്രസ് നേതാക്കളും കൈവശം വച്ചിരിക്കുന്ന വിവാദ ഭൂമിയാണിത്. കൊട്ടാക്കമ്പൂർ തട്ടാമ്പാറയ്ക്ക് മുകൾഭാഗത്താണ് ഈ ഭൂമി. ഇതുസംബന്ധിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ മൂന്നാർ ഡിവൈഎസ്‌പി അന്വേഷണം നടത്തുന്നുണ്ട്. രേഖയുണ്ടാക്കി ഭൂമി കൈവശപ്പെടുത്തിയെന്നതാണ് കേസ്. ഇത്തരത്തിൽ പൊലീസ് അന്വേഷണം നടക്കുമ്പോൾ വിവാദ ഭൂമിയിൽ ഉണ്ടായ തീപ്പിടിത്തത്തെക്കുറിച്ച് പൊലീസും രഹസ്യാന്വേഷണ വിഭാഗവും ഒരു വിവരങ്ങളും ശേഖരിക്കാത്തത് ദുരൂഹമാണ്.

കുറിഞ്ഞി ഉദ്യാനത്തിലെ കുറിഞ്ഞിച്ചെടികൾ കത്തിച്ചതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. കൊട്ടാക്കമ്പൂർ ഗ്രാമത്തിന്റെ ഭാഗമായുള്ള തട്ടാമ്പാറയ്ക്ക് താഴ്ഭാഗത്ത് നാല് മാസം മുൻപ് അജ്ഞാതർ തീയിട്ടിയിരുന്നു. ഏക്കറുകണക്കിന് ഉദ്യാനം കത്തി നശിച്ചപ്പോൾ കാട്ടുതീയുണ്ടായെന്ന് എഫ്ഐആർ തയ്യാറാക്കുകമാത്രമാണ് വനംവകുപ്പ് ചെയ്തത്. തട്ടാമ്പാറയുടെ താഴ്ഭാഗത്ത് തീയിട്ടതാരാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്താൻ വനംവകുപ്പ് തയ്യാറായിട്ടില്ല.

സംഭവം ഹൈക്കോടതിയെ അറിയിക്കാത്തത് നിയമലംഘനമാണ്. വസ്തുവിന്റെ ചുമതലക്കാരായ വനംവകുപ്പ് കാട്ടുതീ ഉണ്ടായി എന്നു കാണിച്ച് അപൂർണമായ എഫ്ഐആർ തയ്യാറാക്കി നടപടി ഒഴിവാക്കുകയാണുണ്ടായത്. കത്തിയമർന്ന ഉദ്യാനത്തിന്റെ പരിധിയിൽ കാട്ടുപോത്ത്, മ്ലാവ്, മയിൽ ഉൾപ്പെടെയുള്ള ജീവികൾ വസിക്കുന്നുണ്ട്.

കൂടാതെ വിവിധയിനം അപൂർവ്വ സസ്യങ്ങളുമുണ്ട്. കൊട്ടക്കാമ്പൂരിലെ വിവാദ ഭൂമിയിൽ നിന്ന് ആരംഭിച്ച തീ ജണ്ടപ്പാറ വരെയുള്ള മുന്നൂറോളം ഏക്കർ പ്രദേശത്ത് എത്തി. തീപടർന്ന ഭാഗത്ത് ഗ്രാന്റീസ് മരങ്ങളുടെ താഴ്ഭാഗവും കുറിഞ്ഞി ചെടികളും നശിച്ചു. പാറപ്പുറത്ത് നിന്ന ചെടികൾ മാത്രമാണ് തീ പടർന്ന ഭാഗത്ത് അവശേഷിക്കുന്നത്. ഈ ചെടികൾ പൂത്ത് തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP