Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലക്കാർഡും ശവപെട്ടിയും കുരിശുമേന്തി മുദ്രാവാക്യം വിളികളുമായി എത്തിയത് ആയിരങ്ങൾ; കടലിൽ കാണാതായ ഉറ്റവരുടെ ചിത്രങ്ങളുമേന്തി കരച്ചിലടക്കി സ്ത്രീകളും; നഗരത്തിലേക്ക് ആളുകളെ എത്തിച്ചത് സഭയ്ക്ക് കീഴിലുള്ള വിദ്യാലയങ്ങൾക്ക് അവധി നൽകി സ്‌കൂൾ വാഹനങ്ങളിൽ; മത്സ്യ തൊഴിലാളികളുടെ രാജ്ഭവൻ മാർച്ചിൽ ഒഴുകിയെത്തിയത് ഒരു സമരമുഖത്ത് അടുത്ത കാലത്തുണ്ടായതിൽ വെച്ച് ഏറ്റവും വലിയ ജനസഞ്ചയം; ഓഖി മുന്നറിയിപ്പു നൽകുന്നതിൽ അനാസ്ഥയുണ്ടായെന്ന് സൂസൈപാക്യം

പ്ലക്കാർഡും ശവപെട്ടിയും കുരിശുമേന്തി മുദ്രാവാക്യം വിളികളുമായി എത്തിയത് ആയിരങ്ങൾ; കടലിൽ കാണാതായ ഉറ്റവരുടെ ചിത്രങ്ങളുമേന്തി കരച്ചിലടക്കി സ്ത്രീകളും; നഗരത്തിലേക്ക് ആളുകളെ എത്തിച്ചത് സഭയ്ക്ക് കീഴിലുള്ള വിദ്യാലയങ്ങൾക്ക് അവധി നൽകി സ്‌കൂൾ വാഹനങ്ങളിൽ; മത്സ്യ തൊഴിലാളികളുടെ രാജ്ഭവൻ മാർച്ചിൽ ഒഴുകിയെത്തിയത് ഒരു സമരമുഖത്ത് അടുത്ത കാലത്തുണ്ടായതിൽ വെച്ച് ഏറ്റവും വലിയ ജനസഞ്ചയം; ഓഖി മുന്നറിയിപ്പു നൽകുന്നതിൽ അനാസ്ഥയുണ്ടായെന്ന് സൂസൈപാക്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ ആശങ്കയിലായ തീരദേശം സംസ്ഥാന-കേന്ദ്ര സർക്കാറുകൾക്കെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയപ്പോൾ തിരുവനന്തപുരം നഗരം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. നഗരത്തെ നിശ്ചലമാക്കിയ പ്രതിഷേധ പ്രകടനമാണ് ഉണ്ടായത്. ലത്തീൽ സഭയുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ നഗരത്തിലേക്ക് ഒഴുകിയെത്തിയത്. കേന്ദ്രസർക്കാറിനെതിരായ പ്രതിഷേധം എന്ന നിലയിലായിരുന്നു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. പ്ലക്കാർഡും ശവപ്പെട്ടിയും കുരിശുമേന്തിയാണ് തൊഴിലാളികൾ മാർച്ചിനെത്തിയത്. സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയ ഇവർ കടലിൽ കാണായാവരുടെ ചിത്രങ്ങളും ഉയർത്തിക്കാട്ടി.

ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ തികഞ്ഞ അനാസ്ഥയുണ്ടായതായി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. എം സൂസൈപാക്യം പറഞ്ഞു. ഓഖിയെ തുടർന്ന് കടലിൽ കാണാതായ മുഴുവൻ ആളുകളെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. ലത്തീൻ അതിരൂപതയുടെ ആഹ്വാനപ്രകാരമാണ് മാർച്ച്. അടിയന്തരമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഇത്രയും ജീവഹാനിയുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പു നൽകുന്നതിൽ വീഴ്ച വരുത്തിയത് ആരാണെങ്കിലും അവർ തികഞ്ഞ അനാസ്ഥയാണ് കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കണം, പ്രധാനമന്ത്രി നേരിട്ടെത്തി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കണം, ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. ഉച്ചയ്ക്ക് പന്ത്രണ്ടിന് സെന്റ് ജോസഫ് കത്തീഡ്രലിനു മുന്നിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് മാർച്ചിൽ പങ്കെടുക്കുന്നത്. പാളയം സെന്റ് ജോസഫ് ദേവാലയത്തിൽ നിന്നും തുടങ്ങിയിരിക്കുന്ന മാർച്ചിൽ തീരദേശങ്ങളിൽ നിന്നുള്ള അനേകരാണ് പങ്കെടുക്കുന്നത്. സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് വൻ ജനത്തിരക്ക് അനുഭവപ്പെട്ടു. സഹായ മെത്രാൻ ഡോ. ആർ.ക്രിസ്തുദാസ്, വികാരി ജനറാൾ മോൺ. യൂജിൻ എച്ച്.പെരേര എന്നിവർ പ്രസംഗിച്ചു.

സഭയ്ക്കു കീഴിലെ സ്‌കൂളുകൾക്ക് അവധി നൽകി. ആ സ്‌കൂൾ വാഹനങ്ങളിലാണ് മത്സ്യത്തൊഴിലാളികളെ നഗരത്തിലേക്ക് എത്തിച്ചത്. സഭയൂടെ നിയന്ത്രണത്തിൽ വളരെ ആസൂത്രിതമായി തന്നെയാണ് സമരപരിപാടികൾ സംഘടിപ്പിച്ചത്. സമരത്തെ തുടർന്ന് നഗരത്തിലെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.

കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ഇനിയും രക്ഷിക്കാൻ കഴിയാത്ത വിധം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രക്ഷാപ്രവർത്തന സംവിധാനമാകെ സ്തംഭിച്ചു നിൽക്കുന്നതിലുള്ള പ്രതിഷേധമാണ് സമരത്തിലൂടെ പ്രകടിപ്പിക്കുന്നത്. തുടർന്നും സർക്കാർ ക്രിയാത്മകമായി ഇടപെടുന്നില്ലെങ്കിൽ കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളിലും സെക്രട്ടേറിയറ്റിനു മുന്നിലും രാപ്പകൽ സമരം ഉൾപ്പെടെ നടത്താനും കഴിഞ്ഞ ദിവസം അതിരൂപതാ ആസ്ഥാനത്തു വിളിച്ചു ചേർത്ത വൈദികരുടെയും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും യോഗത്തിൽ തീരുമാനിച്ചിരുന്നു. മത്സ്യത്തൊഴിലാളികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച പ്രാർത്ഥനാ ദിനമായി ആചരിച്ചിരുന്നു.

ഓഖി മുന്നറിയിപ്പ് നൽകുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വൻ വീഴ്ച വരുത്തിയതായും ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നുമാണ് ലത്തീൻ കത്തോലിക്കാസഭയുടെ ആവശ്യം. അടിയന്തരമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഇത്രയും ജീവഹാനി ഉണ്ടാകുമായിരുന്നില്ലെന്നും സഭയെകൂടി വിശ്വാസത്തിലെടുത്ത് ദുരിതാശ്വാസം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. ചുഴലിക്കാറ്റ സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാർ വൻ വീഴ്ച വരുത്തിയതായും സൂസെപാക്യം പറഞ്ഞു. ചുഴലിക്കാറ്റ് നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും 150 ലധികം മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സാധിക്കാത്തതാണ് സഭയെ ഇത്തരം പ്രതിഷേധത്തിലേക്ക് നയിച്ചത്.

അവസാന ആളെ വരെ രക്ഷിക്കുന്നത് വരെ തെരച്ചിൽ തുടർന്നില്ലെങ്കിൽ അടുത്ത ദിവസം രാപകൽ സമരം നടത്തുമെന്നാണ് ലത്തീൻ അതിരൂപതയുടെ ഭീഷണി. ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിച്ചില്ലെങ്കിൽ മൃതദേഹവുമായി സെക്രട്ടറിയേറ്റ് വളയുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ പത്തു ദിവസം കൂടി തെരച്ചിൽ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇനി കണ്ടെത്താനുള്ളത് 95 പേരെന്നാണ് സർക്കാരിന്റെ കണക്ക്. എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത 34 കേസുകൾ കൂടിയുണ്ട്.

അതേസമയം, മൽസ്യത്തൊഴിലാളികൾക്കു വേണ്ടി നാവികസേനയും തീരസേനയും പത്തുദിവസം കൂടി കടലിൽ തിരച്ചിൽ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. തിരച്ചിലിന് ഒമാൻ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിശദവിവരങ്ങളടങ്ങിയ പട്ടിക റവന്യൂവകുപ്പ് പുറത്തിറക്കി. സർക്കാരിന്റെ കണക്കനുസരിച്ച് മരിച്ചത് 38 പേരാണ്. ഇതിൽ 14 പേരെ തിരിച്ചറിയാനുണ്ട്. മുൻപട്ടികകൾ പരിശോധിച്ച് പേരുകളിലുള്ള ആവർത്തനം ഒഴിവാക്കിയാണ് പുതിയ കണക്ക്. അതേസമയം, കൊച്ചിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. കോസ്റ്റ് ഗാർഡിന്റെ അഭിനവ് എന്ന കപ്പലാണ് കണ്ടെത്തിയത്. കാണാതായ 94 ബോട്ടുകളുടേയും ചെറുവള്ളങ്ങളുടേയും പട്ടിക പുറത്തുവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP