Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതീക്ഷകൾ തെറ്റിച്ച് തൃശൂരിലും മഴക്കെടുതി രൂക്ഷം; ജില്ലയിൽ മരണം പന്ത്രണ്ടായി; കുറാഞ്ചേരിയിൽ മണ്ണിടിഞ്ഞ് ഒൻപത് പേർ മരിച്ചു; പീച്ചി അണക്കെട്ട് തുറന്നതോടെ നഗരപ്രാന്തങ്ങളൊക്കെ വെള്ളക്കെട്ടിൽ; മണ്ണിടിച്ചിലിനെ തുടർന്ന് കുതിരാനിൽ ഗതാഗത നിരോധനവും

പ്രതീക്ഷകൾ തെറ്റിച്ച് തൃശൂരിലും മഴക്കെടുതി രൂക്ഷം; ജില്ലയിൽ മരണം പന്ത്രണ്ടായി; കുറാഞ്ചേരിയിൽ മണ്ണിടിഞ്ഞ് ഒൻപത് പേർ മരിച്ചു; പീച്ചി അണക്കെട്ട് തുറന്നതോടെ നഗരപ്രാന്തങ്ങളൊക്കെ വെള്ളക്കെട്ടിൽ; മണ്ണിടിച്ചിലിനെ തുടർന്ന് കുതിരാനിൽ ഗതാഗത നിരോധനവും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂരിൽ മഴക്കെടുതി മരണം പന്ത്രണ്ടായി. കുറാഞ്ചേരിയിൽ മണ്ണിടിഞ്ഞാണ് ഒമ്പത് മരണം സംഭവിച്ചത്. പൂമലയിൽ രണ്ടു മരണവും കുട്ടൂരിൽ ഒരു മരണവും റിപ്പോർട്ട് ചെയ്യുന്നു. തൃശൂർ നഗര പ്രാന്തങ്ങളൊക്കെ തന്നെ ഇപ്പോൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പെരിങ്ങാവ്, പൂങ്കുന്നം, ചെമ്പുക്കാവ് പ്രദേശങ്ങളും വെള്ളക്കെട്ട് ഭീഷണിയിലാണ്. പലയിടത്തും ഗതാഗതം സ്തംഭിച്ചു. നഗരങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസമായി ജനങ്ങളില്ല. ബസ്സുകളിൽ യാത്രക്കാരില്ല. കട-കമ്പോളങ്ങളിൽ കച്ചവടം നിലച്ചു. ഇന്ന് വൈകുന്നേരത്തോടെ ജില്ലയിലെ പല പ്രദേശങ്ങളിലും വൈദ്യുതിയും നിലച്ച അവസ്ഥയിലാണ്.

ജില്ലയിലെ പീച്ചി അണക്കെട്ട് പൂർണ്ണമായും തുറന്നു. മാത്രമല്ല ഡാമിന്റെ മുകളിലൂടെ വെള്ളമൊഴുകാൻ തയ്യാറെടുക്കുകയാണ്. ജില്ലയിലെ മറ്റു റിസർവോയറുകളും തുറന്നുവിട്ടിരിക്കുകയാണ്. ഡാമുകളിലേയും റിസർവോയറുകളിലേയും വെള്ളം ജില്ലയിലൂടെ ഒഴുകുന്ന എല്ലാ നദികളെയും കര കവിഞ്ഞൊഴുക്കിയിരിക്കുകയാണ്. കുറുമാലി പുഴയും ചാലക്കുടി പുഴയും കരുവന്നൂർ പുഴയും പലേടത്തും ഭീകരമായി കര കവിഞ്ഞൊഴുകുകയാണ്. നദിതീരങ്ങളിലെ മിക്കവാറും ജനവാസ ഗ്രാമങ്ങളെല്ലാം തന്നെ വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു. ഇതിന്നിടെ കുതിരാനിൽ അതിഭീകരമായ മണ്ണിടിച്ചൽ ഉണ്ടായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

പീച്ചി അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളായ പട്ടിക്കാട്, വടക്കാഞ്ചേരി, മണ്ണുത്തി, കൊഴുക്കുള്ളി, നെല്ലങ്കര തുടങ്ങിയ പ്രദേശങ്ങളെല്ലാം തന്നെ ഇപ്പോൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മണലി, കുറുമാലി പുഴയൊഴുകുന്ന പ്രദേശങ്ങളായ കല്ലൂർ, ആമ്പല്ലൂർ, പുതുക്കാട്, കൊടകര, പോട്ട, മുരിങ്ങൂർ എന്നിവടങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ രോഗികളടക്കമുള്ള ഭക്തർ കുടുങ്ങിക്കിടക്കുകയാണ്. മണലി-കുറുമാലി പ്രദേശങ്ങളിലെ ഏകദേശം 500 കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇവരെ തലോർ ദീപ്തി സ്‌കൂളിലേക്ക് മാറ്റിപാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

തൃശൂർ പൊലീസ് അക്കാദമിയിലെ ബേബി ഡാമും വെള്ളം നിറഞ്ഞൊഴുകുകയാണ്. ഈ പ്രദേശത്തെ താമസക്കാരെയും അധികൃതർ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ബേബി ഡാമിന്റെ മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുകയാണ്. പാല്യേക്കര ടോൾ മുതൽ മണ്ണുത്തി വരെയുള്ള ആറുവരിപ്പാതയുടെ ഇരുവശങ്ങളും വെള്ളക്കെട്ടിൽ മുങ്ങിക്കഴിഞ്ഞു. ഇവിടങ്ങളിലുള്ള സർവ്വീസ് റോഡുകളെല്ലാം തന്നെ വെള്ളത്തിന്നടിയിലാണ്. അശാസ്ത്രീയമായ ആറുവരിപ്പാത നിർമ്മാണമാണ് ഇവിടെ വെള്ളക്കെട്ട് തീർത്തതെന്ന ആരോപണവും ആക്ഷേപവും നിലനിൽക്കുന്നു. ഇവിടെ പണികഴിപ്പിച്ചിട്ടുള്ള മേൽപാലങ്ങളിൽ നിന്നുള്ള വെള്ളം നേരെ താഴെ സർവ്വീസ് റോഡിലേക്കാണ് ഒഴുക്കിവിടുന്നത്. ആറുവരിപ്പാത നിർമ്മാണം പൂർത്തീകരിക്കാത്തതും സ്ഥിതിഗതികൾ വഷളാക്കുന്നുണ്ട്.

കരുവന്നൂർ പുഴയൊഴുകുന്ന കരുവന്നൂർ, കാട്ടൂർ, കരാഞ്ചിറ, ഇരിങ്ങാലക്കുടയിലെ ചില പ്രദേശങ്ങളും ഇപ്പോൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇവിടുത്തെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ചാലക്കുടി പുഴയൊഴുകുന്ന പ്രദേശങ്ങളിലും ഭീകരമായ വെള്ളപ്പൊക്ക ഭീഷണിയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ വായുസേനയുടെ സേവനം ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP