Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയജലം കൊച്ചിനഗരത്തിലേക്കും; നഗരത്തിൽ വെള്ളമെത്തിയത് പെരിയാർ ദിശ തെറ്റി ഒഴുകിയതോടെ; ഇടുക്കിയിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടാനുള്ള നീക്കം ഉപേക്ഷിച്ചു; വെള്ളപൊക്കം ബാധിക്കുക വടുതല ചിറ്റൂർ ഇടപ്പള്ളി എളമക്കര പേരണ്ടൂർ മേഖലകളെ; ആലുവ, പെരുമ്പാവൂർ, കാലടി, പരവൂർ മേഖലകളിലും ജാഗ്രത; ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു; ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു

പ്രളയജലം കൊച്ചിനഗരത്തിലേക്കും; നഗരത്തിൽ വെള്ളമെത്തിയത് പെരിയാർ ദിശ തെറ്റി ഒഴുകിയതോടെ; ഇടുക്കിയിൽ നിന്ന് കൂടുതൽ  വെള്ളം തുറന്നുവിടാനുള്ള നീക്കം ഉപേക്ഷിച്ചു; വെള്ളപൊക്കം ബാധിക്കുക വടുതല ചിറ്റൂർ ഇടപ്പള്ളി എളമക്കര പേരണ്ടൂർ മേഖലകളെ; ആലുവ, പെരുമ്പാവൂർ, കാലടി, പരവൂർ മേഖലകളിലും ജാഗ്രത; ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു; ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി നഗരത്തിലേക്ക് വെള്ളം കയറാൻ തുടങ്ങിയതോടെ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. പെരിയാർ ഏഴ് കിലോമീറ്റർ പരന്ന് ദിശ തെറ്റിയൊഴുകിയതോടെയാണ് നഗരത്തിൽ വെള്ളം കയറിയത്. രാത്രി 10 മണിയോടെ കൂടുതൽ വെള്ളം ഇടുക്കിയിൽ നിന്ന് പുറത്തുവിടാനുള്ള നീക്ക്ം ഇതോടെ ഉപേക്ഷിച്ചു. പെരിയാറിൽ അപകടകരമായ രീതിയിൽ വെള്ളം പൊങ്ങുകയാണ്. വടുതല, ചിറ്റൂർ, ഇടപ്പള്ളി, എളമക്കര, പേരണ്ടൂർ, എന്നീ മേഖലകളെ വെള്ളപൊക്കം ബാധിക്കും. ആലുവ, പെരുമ്പാവൂർ, കാലടി, പരവൂർ മേഖലകളിലും ജാഗ്രത പാലിക്കണം. പെരിഞ്ഞൽകുത്ത് ഡാം കവിഞ്ഞൊഴുകയാണ്. ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ്.

പെരിയാർ കരകവിഞ്ഞതോടെ എറണാകുളം ജില്ലയാകെ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ആളുകളെ ഒഴിപ്പിക്കുകയും ക്യാമ്പുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയുടെ ഭാഗങ്ങളിൽ വെള്ളം കയറിയതിനാൽ 200 ഓളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

ഈ സാഹചര്യത്തിൽനിന്നും പരമാവധി ആളുകളെ മാറ്റാൻ ശ്രമിക്കുകയാണ്. ഇടപ്പള്ളി തോട് നിറഞ്ഞ അവസ്ഥയിലാണ്. പ്രദേശത്തെ ആളുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.രാവിലെ ആലുവയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പറവൂർ, ചേന്ദമംഗലം, കാഞ്ഞൂർ, അത്താണി, പുത്തൻവേലിക്കര തുടങ്ങിയ മേഖലകളിൽ വെള്ളം കയറി. ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തിൽ ആലുവ താലൂക്ക് ഓഫീസിൽ പ്രവർത്തിച്ചിരുന്ന ക്യാംപ് പത്തടിപ്പാലം ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റവന്യൂ, പൊലീസ്, വകുപ്പുകളിലെ ഇരുനൂറോളം ജീവനക്കാരാണ് കൺട്രോൾ റൂമിലുള്ളത്. വിവിധ കേന്ദ്രങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ സഹായമഭ്യർഥിച്ചു കൊണ്ടുള്ള ഫോൺ വിളികളും സന്ദേശങ്ങളും കൺട്രോൾ റൂമിലെ വിവിധ നമ്പറുകളിലേക്ക് പ്രവഹിക്കുകയാണ്.

അറുനൂറിലധികം ഫോൺ വിളികളാണ് ലഭിച്ചത്. ഇതേ തുടർന്ന് കൂടുതൽ ഹെൽപ്പ് ലൈൻ നമ്പറുകളും പ്രവർത്തനമാരംഭിച്ചു. ഫോൺ കോളുകളും സന്ദേശങ്ങളുമടക്കം 3200 ലധികം സഹായഭ്യർഥനകളാണ് ലഭിച്ചത്. ഓരോ സഹായ അഭ്യർത്ഥനകളും രേഖപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു.

സഹായഭ്യർഥനകൾ കർമ്മപഥത്തിലെത്തിക്കാൻ കൃത്യമായ ഏകോപനമാണ് കൺട്രോൾ റൂമിൽ നടപ്പാക്കുന്നത്. പത്തോളം ബോട്ടുകളും സ്വകാര്യ മത്സൃ ബന്ധന ബോട്ടുകളും രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. ജില്ല കളക്ടറുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും നിരവധി സഹായഭ്യർഥനകൾ ലഭിക്കുന്നുണ്ട്. ഇവയ്ക്കും കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നു.

ദേശീയ ദുരന്ത നിവാരണ സേന, നേവി, ആർമി, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ എന്നീ സേനാ വിഭാഗങ്ങൾ ജില്ലയിലുടനീളം രക്ഷാപ്രവർത്തനം നടത്തി വരികയാണ്. മുവാറ്റുപുഴ പുഴക്കരക്കാവിന് സമീപമുള്ള 50 പേരെ നേവിയുടെ നേതൃത്വത്തിൽ സുരക്ഷിത സ്ഥലത്തെത്തിച്ചു. മുവാറ്റുപുഴ കടാതി ഭാഗത്ത് നിന്ന് 82 പേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപെടുത്തി. ജില്ലയിൽ ഇപ്പോൾ 269 ക്യാംപുകളിൽ 14333 കുടുംബങ്ങളിലെ 52604 പേരാണ് കഴിയുന്നത്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി I G വിജയ് സാക്കറെയും ക്യാംപിലെത്തിയിരുന്നു. റെസ്‌ക്യൂ കൺട്രോൾ റൂം നമ്പർ- 8592933330, 9207703393

അതേസമയം, നെടുമ്പാശ്ശേരി വിമാനത്താവളം ഈ മാസം 26 വരെ അടച്ചിടുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. കനത്ത മഴയിൽ വിമാനത്താവളം മുഴുവൻ വെള്ളം കയറിയതിനെ തുടർന്നാണിത്. 26 ന് ഉച്ചയ്ക്ക് രണ്ടു വരെ വിമാനത്താവളം അടച്ചിടുമെന്നാണ് സിയാൽ അറിയിച്ചിട്ടുള്ളത്. റൺവേയ്ക്ക് പുറമെ, ടാക്സിവേ, ഏപ്രൺ എന്നിവയിലും വെള്ളം കയറിയതിനെ തുടർന്നാണ് കൂടുതൽ ദിവസം അടച്ചിടാൻ തീരുമാനിച്ചിട്ടുള്ളത്.

ഇതിനിടെ, ദുരിതബാധിതർക്ക് യാത്രസൗകര്യം ഉറപ്പാക്കുന്നതിനായി കൊച്ചി മെട്രോ സൗജന്യ സർവീസ് ആരംഭിച്ചു. ആലുവയിലും സമീപ പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഇതിനു പുറമെ, ദുരിതബാധിതർക്ക് മെട്രോ സ്റ്റേഷനുകളിൽ അഭയം നൽകുമെന്നും കെഎംആർഎൽ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP