Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവാർഡ് നേടിയവരെ അമ്മ ആദരിച്ചപ്പോൾ നിഷ സാരംഗിന്റെ പേര് വിട്ടുപോയതും സംവിധായകന്റെ നീക്കത്തിന്റെ ഭാഗമെന്ന് ചിലർ; മഞ്ജു പിള്ള ചോദിച്ചപ്പോൾ മെക്കിട്ടു കയറി ഇടവേള ബാബു; അന്നു പൊട്ടിക്കരഞ്ഞ നടി ഒടുവിൽ രംഗത്തു വന്നത് ഉപ്പും മുളകിൽ നിന്നും പുറത്താക്കുമെന്ന സ്ഥിതിയായപ്പോൾ; സംവിധായകനെ പുറത്താക്കുമെന്ന് ശ്രീകണ്ഠൻ നായർ പറയുമ്പോഴും ജനപ്രിയ പരിപാടി കൈവിടാൻ മടിച്ചു ഫ്‌ളവേഴ്‌സ്

അവാർഡ് നേടിയവരെ അമ്മ ആദരിച്ചപ്പോൾ നിഷ സാരംഗിന്റെ പേര് വിട്ടുപോയതും സംവിധായകന്റെ നീക്കത്തിന്റെ ഭാഗമെന്ന് ചിലർ; മഞ്ജു പിള്ള ചോദിച്ചപ്പോൾ മെക്കിട്ടു കയറി ഇടവേള ബാബു; അന്നു പൊട്ടിക്കരഞ്ഞ നടി ഒടുവിൽ രംഗത്തു വന്നത് ഉപ്പും മുളകിൽ നിന്നും പുറത്താക്കുമെന്ന സ്ഥിതിയായപ്പോൾ; സംവിധായകനെ പുറത്താക്കുമെന്ന് ശ്രീകണ്ഠൻ നായർ പറയുമ്പോഴും ജനപ്രിയ പരിപാടി കൈവിടാൻ മടിച്ചു ഫ്‌ളവേഴ്‌സ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംവിധായകൻ ഇഷ്ടങ്ങൾക്ക് വഴങ്ങാത്തതിന്റെ പ്രതികാരമായി നിഷ സാരംഗ് എന്ന സീരിയൽ നടിയെ ജനപ്രിയ സീരിയലായ ഫളവേഴ്‌സിലെ ഉപ്പും മുളകിൽ നിന്നും മാറ്റാനുള്ള നീക്കം നടി തുറന്നടിച്ചു രംഗത്തെത്തിയതോടെ പൊളിഞ്ഞിരുന്നു. സംവിധായകനെ മാറ്റാതെ ഇനി സീരിയിലിൽ അഭിനയിക്കില്ലെന്ന നിഷയുടെ നിലപാടിൽ ഫ്‌ളവേഴ്‌സ് അധികൃതരും വട്ടം കറങ്ങുകയാണ്. ചാനലിലെ ഏറ്റവും ജനപ്രിയ സീരിയലിന്റെ ഭാവിയാണ് ശ്രീകണ്ഠൻ നായരെ വെട്ടിലാക്കുന്നത്. സീരിയലിന്റെ ബലം എന്നു പറയുന്നത് സംവിധായകൻ ഉണ്ണികൃഷ്ണനും അതിനെ അഭിനേതാക്കളുടെയും മികവാണ്. എന്നാൽ, അതുകൊണ്ട് തന്നെ സംവിധായകനെ മാറ്റിയാൽ സീരിയലിന്റെ ജനപ്രീതിയും ഇടിയുമെന്ന ഭയത്തിലാണ് ചാനൽ മേധാവികൾ. ഈ സാഹചര്യത്തിൽ ഏതുവിധേനെയും ഒത്തു തീർപ്പിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

അതേസമയം തൊഴിൽ സ്ഥലത്തെ പീഡനത്തിന്റെ പരാതിയിൽ വരുന്ന വിഷയമാണ് ഇത്. വിഷയത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സംവിധായകനെ സംരക്ഷിക്കുന്നത് എങ്ങനെയെന്ന ചോദ്യവും ശ്രീകണ്ഠൻ നായരെ കുഴയ്ക്കുന്നുണ്ട്. പിതവില്ലാതെ വിഷയ മൂപ്പിക്കാൻ കാത്തിരിക്കയാണ് മഴവിൽ മനോരമ അടക്കമുള്ളവർ. ഉണ്ണിക്കൃഷ്ണൻ പുറത്തുപോയാൽ അത് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് മറ്റു ചാനലുകൾ കരുതുന്നത്. ഉപ്പും മുളകും ടീമിനെ തന്ന റാഞ്ചാനുള്ള ശ്രമങ്ങൾ ഇതിനിടെ നടന്നിരുന്നു. ഈ ശ്രമങ്ങൾ വിജയിക്കാതെ പോയപ്പോഴാണ് നിഷയുടെ പരാതി വന്നത്. 

മറിമായം അടക്കമുള്ള മഴവില്ലിലെ ഹിറ്റായ പരിപാടികളുടെ സംവിധായകനായിരുന്നു ഉണ്ണിക്കൃഷ്ണൻ. അതുകൊണ്ട് തന്നെ ഉണ്ണികൃഷ്ണനെ കൈവിട്ടാൽ ഉപ്പും മുളകിനെയും ബാധിക്കുമെന്ന് കരുതുന്നവർ ഏരെയാണ്. എങ്കിലും ആരോപണം ഗുരുതരമായിരിക്കെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലുമാണ് ചാനൽ അധികൃതർ. അതിനിടെ സംവിധായകനെ തൽക്കാലം മാറ്റി നിർത്താൻ ചാനൽ തീരുമാനിച്ചതായി അധികൃതർ അറിയിച്ചെന്നും അതിനാൽ തുടർന്നും ആ സീരിയലിൽ അഭിനയിക്കുമെന്നും നിഷ പറഞ്ഞിട്ടുണ്ട്. മൂന്നു വർഷം പിന്നിട്ട സീരിയലിന്റെ തുടക്കകാലം മുതൽ സംവിധായകൻ ദുരുദ്ദേശ്യത്തോടെ സമീപിച്ചിരുന്നതായി നിഷ പറയുന്നു. മെസേജുകൾ അയച്ചായിരുന്നു തുടക്കം. പിന്നീടു നേരിട്ടും മോശമായി പെരുമാറുന്നതു തുടർന്നപ്പോൾ ചാനൽ അധികൃതരോടു പറയുകയും അവർ അയാളെ താക്കീതു ചെയ്യുകയും ചെയ്തു.

പിന്നീട് പ്രതികാരബുദ്ധിയോടെ സംവിധായകൻ പെരുമാറുകയായിരുന്നു. അനുമതിയോടെ അമേരിക്കയിൽ പോയി തിരികെ എത്തിയ ശേഷം സീരിയലിൽനിന്ന് ഒഴിവാക്കാനും ശ്രമം നടത്തി. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതിനാൽ എല്ലാം സഹിച്ചു തുടരുകയായിരുന്നുവെന്നു നിഷ പറഞ്ഞു. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി നിഷയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. അതിനിടെ അമ്മ യോഗത്തിൽ അവാർഡ് ജേതാവായ നിഷ ആദരിക്കാതെ പോയതിന് പിന്നിലും സംവിധായകൻ ഉണ്ണികൃഷ്ണന്റെ ഇടപെടൽ ഉണ്ടെന്നാണ് ആരോപണം.

അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനിടെ ജനറൽ സെക്രട്ടറി ഇടവേള ബാബു നിഷയോടു കയർത്തു സംസാരിച്ചതിനെത്തുടർന്നു നിഷ കരഞ്ഞതു വിവാദമായിരുന്നു. അവാർഡ് നേടിയവരെ ആദരിച്ചപ്പോൾ ടിവി സീരിയലിലെ മികച്ച ഹാസ്യനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ നിഷയുടെ പേരു വിട്ടുപോയിരുന്നു. നിഷയ്ക്കും അവാർഡുണ്ടെന്നു മഞ്ജു പിള്ള വിളിച്ചു പറയുകയായിരുന്നു. ഇതൊക്കെ നേരത്തേ പറഞ്ഞുകൂടായിരുന്നോ എന്നു ബാബു ചോദിച്ചതോടെ നിഷ കരയുകയും ചെയ്തു. പിന്നീടു നിഷയെയും ആദരിച്ചു. ആശയ വിനിമയത്തിൽ സംഭവിച്ച പിഴവാണിതെന്നായിരുന്നു ഇതു സംബന്ധിച്ചു മോഹൻലാലിന്റെ വിശദീകരണം.

യോഗത്തിനിടയിൽ പ്രധാനപ്പെട്ട പല കാര്യങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ നടക്കുന്നതിനിടയിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ അവർക്ക് ദേഷ്യം തോന്നിക്കാണണം. മനുഷ്യനിവിടെ തലപുകഞ്ഞ് നിൽക്കുമ്പോഴാണോ ഇവളുടെ അവാർഡെന്ന് ബാബുച്ചേട്ടന് തോന്നിക്കാണണം. തന്നോടുള്ള സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുറത്തായിരിക്കും ഈ തോന്നൽ. എന്നാൽ അത് പറഞ്ഞതിലുള്ള അനിഷ്ടം അദ്ദേഹം പ്രകടിപ്പിച്ച രീതി, അതായിരുന്നു തന്നെ വേദനിപ്പിച്ചതെന്നും നിഷ പറഞ്ഞിരുന്നു.

പരമ്പരയുടെ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളാണ് താരം ഉന്നയിച്ചിട്ടുള്ളത്. നാഫ അവാർഡ് ഏറ്റുവാങ്ങുന്നതിനായി തന്റെ അനുമതിയില്ലാതെ അമേരിക്കയിൽ പോയ താരത്തെ ഒരു പാഠം പഠിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് അദ്ദേഹം ഇപ്പോൾ തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും താരം പറയുന്നു. പരമ്പരയിലെ എല്ലാവർക്കും അറിയാവുന്ന കാര്യമാണിതെന്നും നിഷ സാരംഗ് വ്യക്തമാക്കിയിരുന്നു.

കൊല്ലം സ്വദേശിയായ ഉണ്ണികൃഷ്ണനെ കലാപരമായി ഉയർത്തിക്കൊണ്ടു വന്നത് സംവിധായകനായ ശ്യാമ പ്രസാദിന്റെ നാടക സംഘമാണ്. ഉണ്ണിക്കൃഷ്ണൻ മുൻപും അഭിനേത്രികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മഴവിൽ മനോരമയിലെ തട്ടിയും മുട്ടിയും എന്ന പരമ്പരയിലെ പ്രമുഖ നടിയോടായിരുന്നു ഉണ്ണികൃഷ്ണന്റെ പരാക്രമം. നടിയോട് അശ്ലീലം സംസാരിക്കുകയും കിടപ്പറയിലേക്ക് ക്ഷണിക്കുകയുമായിരുന്നു. നടി ഇക്കാര്യം മഴവിൽ മനോരമ മേധാവിയോട് പരാതി പറഞ്ഞതോടെ കളി മാറി. പരാതി കിട്ടിയ ദിവസം തന്നെ ഉണ്ണികൃഷ്ണനെ വിളിച്ചു വരുത്തി രാജി എഴുതി വാങ്ങിച്ചു. മഴവിൽ മനോരമയിലെ രണ്ട് പരമ്പരകളുടെ സംവിധായകനായിരുന്നു ഉണ്ണിക്കൃഷ്ണൻ.തട്ടിയും മുട്ടിയും, മറിമായം എന്നിവയായിരുന്നു. ഏറെ ഹിറ്റായ പരമ്പരകളായിരുന്നു ഇവ രണ്ടും.

എന്നാൽ നടിയോട് മോശമായി പെരുമാറി എന്ന കാരണത്താൽ ഉടനടി ചാനൽ മേധാവി നടപടി എടുക്കുകയായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ വച്ചു പൊറുപ്പിക്കില്ല എന്നതാണ് മനോരമയുടെ നയം എന്ന് തെളിയിക്കുന്ന സംഭവമായിരുന്നു ഇത്. രണ്ട് വർഷം മുൻപായിരുന്നു ഇത്തരത്തിൽ ഉണ്ണികൃഷ്ണനെ മഴവിൽ മനോരമ പുറത്താക്കിയത്. ചാനലിന്റെ റേറ്റിങ്ങിൽ ഏറെ മുൻപിലെത്താൻ ഈ പരമ്പരകൾ സഹായിച്ചിരുന്നു. ഇതിനിടയിലാണ് ഇയാൾ ഫ്‌ളവേഴ്‌സ് ചാനലുമായി കരാർ ഒപ്പിടുന്നത്. സമാന സംഭവം ഇപ്പോഴുണ്ടായപ്പോൾ നിരവധി പേരെ ഇയാൾ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ടോ എന്ന സംശയമാണുയരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP