Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് വർഷത്തോളം അദ്ധ്യാപകൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; സംഭവം അറിഞ്ഞിട്ടും മാനേജ്‌മെന്റും ഹെഡ് മാസ്റ്ററും ശ്രമിച്ചത് എല്ലാം ഒളിച്ചുവെക്കാൻ: സാമൂതിരി സ്‌കൂളിലെ പീഡനത്തെ കുറിച്ച് പരാതി നൽകിയതിന് പുറത്താക്കപ്പെട്ട പിടിഎ പ്രസിഡന്റ് മറുനാടനോട്

മൂന്ന് വർഷത്തോളം അദ്ധ്യാപകൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; സംഭവം അറിഞ്ഞിട്ടും മാനേജ്‌മെന്റും ഹെഡ് മാസ്റ്ററും ശ്രമിച്ചത് എല്ലാം ഒളിച്ചുവെക്കാൻ: സാമൂതിരി സ്‌കൂളിലെ പീഡനത്തെ കുറിച്ച് പരാതി നൽകിയതിന് പുറത്താക്കപ്പെട്ട പിടിഎ പ്രസിഡന്റ് മറുനാടനോട്

എം പി റാഫി

കോഴിക്കോട്: പാളയം സാമൂതിരി ഹയർസെക്കണ്ടറി സ്‌കൂളിലെ 21 വിദ്യാർത്ഥികളെ അദ്ധ്യാപകൻ പീഡിപ്പിച്ചു എന്നുള്ള വാർത്ത കേരളം ഞെട്ടലോടെയാണ് കാതോർത്തത്. സംരക്ഷണം നൽകേണ്ട വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ. ആരോപണ വിധേയനായ അദ്ധ്യാപകന് സംരക്ഷണം നൽകുന്നതാകട്ടെ ഹെഡ്‌മാസ്റ്ററും സ്‌കൂൾ മാനേജ്‌മെന്റും. വിഷയം ചൂണ്ടിക്കാണിച്ച് മാനേജ്‌മെന്റിന് പരാതിനൽകി അദ്ധ്യാപകനെതിരെ രംഗത്തു വന്ന പി.ടി.എ പ്രസിഡന്റിന് പിന്നീട് അധികനാൾ ഈ സ്ഥാനത്ത് തുടരേണ്ടി വന്നില്ല. പീഡനത്തിനിരയായ കുട്ടികളുടെ ശബ്ദരേഖ സഹിതം ചാനലുകൾ വാർത്ത പുറത്തു വിട്ടതോടെ ഉത്തരമേഖല എഡിജിപി എൻ ശങ്കരറെഡ്ഡിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

വർഷങ്ങളായി സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകൻ കുട്ടികളോട് മോശമായി പെരുമാറാൻ തുടങ്ങിയിട്ടെന്ന് പി.ടി.എ പ്രസിഡന്റായിരുന്ന ടി. സദാനന്ദൻ പറയുന്നു. അദ്ധ്യാപകനെ സംരക്ഷിച്ച് ഹെഡ്‌മാസ്റ്ററടക്കമുള്ള സ്‌കൂൾ അധികാരികൾ തടിതപ്പാൻ നോക്കുന്നതിനിടയിലാണ് സദാനന്ദൻ സംഭവം മാദ്ധ്യമങ്ങളെ അറിയിക്കുന്നത്. കഴിഞ്ഞ 'ഒരു വർഷമായി പി.ടി.എ പ്രസിഡന്റായി തുടരുന്ന സദാനന്ദൻ ഇരുപത് വർഷമായി ഇംഗ്ലീഷ്, സൈക്കോളജി വിഷയങ്ങളിൽ അദ്ധ്യാപനം നടത്തുകയും പ്രൈവറ്റ് സ്ഥാപനം നടത്തിവരികയുമാണ്. സംഭവത്തെ കുറിച്ച് സദാനന്ദൻ മറുനാടൻ മലയാളിയോട് വിശദീകരിച്ചത് ഇങ്ങനെ:

കഴിഞ്ഞ ഡിസംബർ 6നായിരുന്നു എനിക്ക് പി.ടി.എയിലെ ഒരു വനിതാ അംഗത്തിന്റെ ഫോൺ കോൾ വന്നത്. സ്‌കൂളിലെ പീഡന കാര്യത്തെ കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു അവർ പറഞ്ഞത്. അന്നു തന്നെ ഞങ്ങൾ സ്‌കൂളിൽ പോയി ഇതിനെ കുറിച്ച് അന്വേഷിക്കുകയുണ്ടായി. പക്ഷെ അദ്ധ്യാപകർ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്, മറുപടി തൃപ്തികരമായിരുന്നില്ല. കുട്ടികളുടെ വീട്ടിൽ പോയി അന്വേഷിക്കാം എന്ന് കരുത് അവിടെ നിന്നും മടങ്ങി. സമയം സന്ധ്യ ആയതുകൊണ്ട് അടുത്തുള്ള ഒരു വീട്ടിൽ മാത്രമെ അന്ന് പോവാൻ സാധിച്ചത്. ആ കുട്ടിക്ക് പീഡനമൊന്നും ഏറ്റില്ലെന്നും പീഡനമേറ്റ അറിയാവുന്ന കൂട്ടികളുണ്ടെന്നും പറഞ്ഞു. തൊട്ടടുത്ത ദിവസം ഏതാനും രക്ഷിതാക്കളും പി.ടി.എ അംഗങ്ങൾ ഫസ്റ്റ് ക്ലാസ് ക്രൈം ലോയർ അഡ്വ.ഷീല എന്നീവർ ചേർന്ന് സാമൂതിരി സ്‌കൂളിലേക്ക് പോയി. ഇന്റർബെൽ സമയത്ത് 21 കുട്ടികളാണ് ഞങ്ങളുടെ അടുത്ത് വന്നത്. ഞങ്ങൾ തന്നെ ഞെട്ടിപ്പോയിരുന്നു ഇത്രയധികം കുട്ടികൾക്ക് പീഡനമേൽക്കേണ്ടി വന്നു എന്നുള്ളത്. ഇത് പബ്ലിസിറ്റിയാക്കേതെയായിരുന്നു ഞങ്ങൾ കൈകാര്യം ചെയ്തിരുന്നത്. സ്‌കൂളിലെ കാന്റീനിലേക്ക് വിളിച്ചായിരുന്നു കുട്ടികളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്.

ഈ 21 കുട്ടികൾക്കും അവരവരുടേതായ പല കാര്യങ്ങളും പറയാനുണ്ടായിരുന്നു. ചില കുട്ടികൾ പറഞ്ഞ ശബ്ദം ഞങ്ങൾ റെക്കോർഡ് ചെയ്തിരുന്നു. ഇത് പത്തു മിനുട്ടിനു താഴെ വരുന്നതാണ് ശബ്ദരേഖ. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു എന്നായിരുന്നു ഈ കുട്ടികൾക്ക് പറയാനുണ്ടായിരുന്നത്. ലൈബ്രറി വൃത്തിയാക്കാനാണെന്നും പറഞ്ഞായിരുന്നു ഈ കുട്ടികളെയെല്ലാം ഈ അദ്ധ്യാപകൻ വിളിപ്പിക്കാറുണ്ടായിരുന്നത്. പിന്നീട് ഒരാളെ മാത്രം നിർത്തി എല്ലാവരേയും പുറത്താക്കി വാതിൽ കുറ്റിയിടും. പിന്നെ എന്താ സംഭവിച്ചെന്ന് ചോദിച്ചപ്പോൾ കുട്ടികൾ കരഞ്ഞു കൊണ്ട് പറയുന്നത് മാറത്തും മറ്റു ഭാഗങ്ങളിലും സ്പർശിച്ചു എന്നുള്ളതാണ്. സ്‌നേഹം കൊണ്ടാണോ ഇയാൾ കുട്ടികളെ വാതിലടച്ച് സ്പർശിക്കുന്നത്. അഞ്ചും ആറും ക്ലാസുകളിലെ കുട്ടികൾ പറയുന്നത് പീഡനം ഇവർക്കുമാത്രമല്ല ഉള്ളത് എന്നാണ്. ഒമ്പതിലും പത്തിലും പഠിക്കുന്ന ഇവരുടെ ചേച്ചിമാർക്കും ഇതുപോലുള്ള അനുഭവമുണ്ടായിട്ടുണ്ട്.

ഈ പ്രശ്‌നം ഹെഡ്‌മാസ്റ്ററുമായി സംസാരിച്ചപ്പോൾ അദ്ദേഹം വളരെ നിസാരമായ രീതിയിലാണ് ഇത് കൈകാര്യം ചെയ്തത്. ഇതുപോലെ എന്തൊക്കെ നടന്നിട്ടുണ്ട് എന്നുള്ള ധാരണയിലാണ് ഹെഡ്‌മാസ്റ്ററുടെ പെരുമാറ്റം. അടിയന്തിരമായി പി.ടി.എ എക്‌സിക്യൂട്ടീവ് വിളിക്കാൻ പറഞ്ഞപ്പോൾ ഹെഡ്‌മാഷ് മീറ്റിംങ് വിളിക്കാതെ ഒഴിഞ്ഞുമാറി. ഇതും കഴിഞ്ഞ് പത്തു ദിവസം കഴിഞ്ഞാണ് മീറ്റിംങ് കൂടുന്നത്. ഇതിനിടക്ക് ഇവർ എക്‌സിക്കൂട്ടീവിലെ പല അംഗങ്ങളെയും സ്വാധീനിച്ചു. ഞങ്ങൾക്ക് മുമ്പിൽ മൊഴി നൽകിയ അദ്ധ്യാപകരോട് ഞാനും പിടിഎയിലെ മറ്റു അംഗങ്ങളും ചേർന്ന് താക്കീത് നൽകിയിരുന്നു. കുട്ടികളെ പീഡിപ്പിച്ചത് കൂടാതെ ഇത് പുറത്ത് പറയരുതെന്ന് പറഞ്ഞ് മാനസികമായും പീഡിപ്പിക്കുകയാണുണ്ടായത്. ഇത് കണ്ടപ്പോൾ വളരെ വിഷമം തോന്നി. പക്ഷെ പി.ടി.എ മീറ്റിംങ് വിളിച്ചപ്പോൾ ചർച്ച കുട്ടികളെ പീഡിപ്പിച്ചതായിരുന്നില്ല. ഈ അദ്ധ്യാപകർക്കെതിരെ സംസാരിച്ചതായിരുന്നു. പിന്നീട് രക്ഷിതാക്കൾ മീറ്റിങ്ങിലേക്ക് തള്ളിക്കയറിയപ്പോഴാണ് ഇതിന് പരിഹാരമുണ്ടാക്കാമെന്നും അദ്ധ്യാപകനെതിരെ നടപടിയെടുക്കാമെന്നും പറഞ്ഞത്.

സ്‌കൂളിന്റെ വിഷയം ചാനൽ ചർച്ചക്ക് വരണ്ട എന്നു കരുതി ഞങ്ങൾ ഒരു പ്രശ്‌നത്തിന് നിന്നില്ല. ആ സമയത്താണ് ഞങ്ങൾ അറിയുന്നത് ഹെഡ്‌മാസ്റ്റർ ഈ അദ്ധ്യാപകനു വേണ്ടി എല്ലാ ഒത്താശയും ചെയ്യുന്നു എന്നുള്ളത്. ഈ ആരോപണ വിധേയനായ ഡ്രോയിംങ് അദ്ധ്യാപകൻ സ്‌കൂളിലേക്ക് വരാറേ ഇല്ല. ഇദ്ദേഹത്തിന് ശമ്പളം കൃത്യമായി വാങ്ങാനുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നത് ഹെഡ്‌മാഷ് തന്നെയാണ്. ഞാൻ അന്വേഷിച്ചപ്പോൾ മനസിലായത് ഇയാൾ മദ്യപിച്ചാണ് ക്ലാസിലേക്ക് വരാറുള്ളതെന്നാണ്. ആൽത്തറയിൽ കിടന്നിട്ട് ട്രാഫിക് പൊലീസ് സ്‌കൂളിലേക്ക് തള്ളി വിട്ട സംഭവവും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് ചരിത്രമുള്ള അദ്ധ്യാപകനാണ് ഇയാൾ.

കുട്ടികൾ പറയുന്നതനുസരിച്ച് കഴിഞ്ഞ മൂന്ന് വർഷമായി ഇത് തുടർന്ന് കൊണ്ടിരിക്കുകയാണ്. ഞാൻ പിടിഎ പ്രസിഡന്റായിട്ട് ഒരുവർഷമായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് എന്നെ ആ സ്ഥാനത്ത് നിന്നും ഞാൻ പോലുമറിയാതെ മാറ്റുന്നത്. എന്നെ മാറ്റി എന്നുള്ളത് ഈ നിമിഷം വരെ എന്നെ അറയിച്ചിട്ടില്ല. എന്നെ മാറ്റാനുണ്ടായ പ്രധാന കാരണം ഈ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മാനേജ്‌മെന്റിന് പരാതി നൽകി എന്നുള്ളതാണ്. അദ്ധ്യാപകനെതിരെയും കുട്ടികളെ ഇതിൽ നിന്നും പിന്മാറണമെന്ന് ഭീഷണിപ്പെടുത്തിയ ആധ്യാപകന്റെയും പേരിൽ ഞാൻ എട്ട് പേജ് അടങ്ങിയ ഒരു പരാതി പി.ടി.എ പ്രസിഡന്റ് എന്ന നിലയിൽ മാനേജർക്ക് കൈമാറിയിരുന്നത്. പക്ഷെ പിന്നീട് നടപടി അദ്ധ്യാപകനെതിരെയായിരുന്നില്ല പിടിഎ പ്രസിഡന്റ് സ്ഥാനത്തു നിന്ന് എന്നെ മാറ്റുകയാണ് ചെയ്തത്.

പ്രസിഡന്റായി വൈസ് പ്രസിഡന്റിനു ചുമതല നൽകിയിരിക്കുകയാണിപ്പോൾ. ഈ വൈസ് പ്രസിഡന്റും ഉണ്ടായിരുന്നു കുട്ടികളുമായി ഇക്കാര്യം ചോദിച്ചറിയുമ്പോൾ. പക്ഷെ ഇവർക്കെല്ലാം മാനേജ്‌മെന്റിനെ തൃപ്തിപ്പെടുത്തുക എന്നുള്ളതാണ്. മാനേജ്‌മെന്റിനെ പ്രീണിപ്പിച്ചാൽ, സീറ്റിന്റെ പ്രശ്‌നമാണ്. അതായത് അഞ്ചാം ക്ലാസിൽ ഇവിടെ ഒരു കുട്ടിയെ ചേർത്തിയാൽ +1ൽ സീറ്റ് ലഭിക്കും. അതുപോലെ തന്നെ ഇതേ മാനേജ്‌മെന്റിന്റെ തന്നെ കീഴിലുള്ളതാണ് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്. ഇവിടേക്ക് ഇവരുടെ വേണ്ടപ്പെട്ടവർക്ക് സീറ്റ് നേടിക്കൊടുക്കാനും സാധിക്കും മനേജ്‌മെന്റിനെ പിണക്കാതിരുന്നാൽ. ഇതെല്ലാം ഇവരുടെ കുട്ടികൾക്കല്ലല്ലോ സംഭവിച്ചത് എന്നുള്ള തോന്നാലാണ് ഇവർക്കുള്ളത്.

ഞാൻ ഇതുമായി മുന്നോട്ട് പോകും. പരാതിയുള്ള കുട്ടികളുടെ രക്ഷിതാക്കളും ഞങ്ങളെല്ലാം ചേർന്ന് ആഭ്യന്തര മന്ത്രി, സിറ്റി പൊലീസ് കമ്മീഷണർ, കളക്ടർ എന്നിവർക്ക് രേഖാമൂലം ഇന്ന് പരാതി നൽകും. മുമ്പ് നോഡൽ ഓഫീസർ വിജയൻ, അതുപോലെ ജാഗ്രത സമിതി എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെയെല്ലാം രസീതി എന്റെ കയ്യിൽ ഉണ്ട്. പക്ഷെ ഇവരാരും ഈ പരാതി ഇതുവരെ ഫോർവേഡ് ചെയ്തിട്ടില്ല. ഇതിനു കാരണം ഇവരുടെ ഉന്നത ബന്ധം തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP