Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സീറോ മലബാർ സഭയുടെ ഔദ്യോഗിക നിലപാട് തോമാശ്ലീഹാ ഇന്ത്യയിൽ വന്നു എന്നു തന്നെ; അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണത്തിൽ നിന്ന് ഉദ്ഭവിച്ചതാണ് സീറോ മലബാർ സഭ'; തോമ്മാശ്ലീഹാ കേരളത്തിൽ വന്നിട്ടില്ലെന്ന ഫാദർ പോൾ തേലക്കാട്ടിന്റെ പ്രസ്താവനയെ തള്ളി കത്തോലിക്ക സഭയും ഒരു വിഭാഗം വിശ്വാസികളും

'സീറോ മലബാർ സഭയുടെ ഔദ്യോഗിക നിലപാട് തോമാശ്ലീഹാ ഇന്ത്യയിൽ വന്നു എന്നു തന്നെ; അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണത്തിൽ നിന്ന് ഉദ്ഭവിച്ചതാണ് സീറോ മലബാർ സഭ'; തോമ്മാശ്ലീഹാ കേരളത്തിൽ വന്നിട്ടില്ലെന്ന ഫാദർ പോൾ തേലക്കാട്ടിന്റെ പ്രസ്താവനയെ തള്ളി കത്തോലിക്ക സഭയും ഒരു വിഭാഗം വിശ്വാസികളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഫാദർ പോൾ തേലക്കാട്ടിന്റെ പ്രസ്താവനകൾ മിക്കപ്പോഴും കത്തോലിക്ക സഭക്ക് തലവേദനയാക്കിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റേതായി അടുത്തയിടെ വന്ന ഏറ്റവും പുതിയ വിവാദം 'സഭയുടെ മാർത്തോമ്മാ പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. തോമ്മാശ്‌ളീഹാ കേരളത്തിൽ വന്നിട്ടില്ല എന്ന വാർത്തയാണ് ഏറ്റവും പുതിയ വിവാദം. ഈ വാർത്തയെ പിന്തുണച്ച് ഫാദർ പോൾ തേലക്കാട്ടെത്തിയതാണ് സഭയിലെ പുതിയ പ്രശ്‌നങ്ങൾക്ക് കാരണം. തേലക്കാട്ടിന്റെ പ്രസ്താവനയെ വിമർശിച്ച് കൊണ്ട് സഭയിലെ വൈദികരും വിശ്വാസികളുമെല്ലാം രംഗത്തെത്തി.

എഴുപതു ലക്ഷം വരുന്ന കത്തോലിക്കരും അകത്തോലിക്കരുമായ മാർത്തോമ്മാ നസ്രാണികളുടെ വിശ്വാസപാരമ്പര്യത്തിന്റെ കടക്കൽ കത്തി വയ്ക്കുന്നതാണ് ഫാ .പോൾ തേലക്കാട്ടിന്റെ പ്രസ്താവനയെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. സഭാ വിശ്വാസികളിൽ ഭൂരിഭാഗവും ഫാ . തേലക്കാടിനെ അപലപിച്ചു കഴിഞ്ഞു. അവസാനം സീറോമലബാർ സഭ തന്നെ നേരിട്ട് അദ്ദേഹത്തിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു പ്രസ്താവന ഇറക്കി.

ഫാ .തേലക്കാടിന്റെ പ്രസ്താവനയ്‌ക്കെതിരെ സീറോമലബാർ സഭയുടെ ക്യൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ പുറപ്പെടുവിച്ച ഔദ്യോഗിക പത്രക്കുറിപ്പ് മറുനാടന് ലഭിച്ചു. സീറോ മലബാർ സഭയുടെ ഔദ്യോഗിക നിലപാട് തോമാശ്ലീഹാ ഇന്ത്യയിൽ വന്നു എന്നു തന്നെയാണെന്നും അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണത്തിൽ നിന്ന് ഉദ്ഭവിച്ചതാണ് സീഫോ മലബാർ സഭ. ലോകപ്രശസ്തരായ പല ചരിത്രകാരന്മാരും തോമാശ്ലീഹയുടെ ഭാരതപ്രേക്ഷിതത്വത്തെ വസ്തുതയായി സ്വീകരിച്ചിട്ടുള്ളതാണ്. പല ഗണത്തിൽപ്പെടുന്ന ചരിത്ര രേഖകളും അതിനു ഉപോത്ബലകമായുണ്ട്. ചെറിയൊരു ഗണം ചരിക്രകാരന്മാർ ഇക്കാര്യത്തിൽ വിയോജിപ്പുള്ളവരും ഉണ്ടാകാം എന്ന വസ്തുതയും അംഗീകരിക്കുന്നു. അതൊരു ന്യൂനപക്ഷം മാത്രമാണ്. ' ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിന്റെ പ്രസ്താവനയിൽ പോൾ തേലക്കാട് ഉപയോഗിച്ച വാദഗതികളെ പൂർണ്ണമായി തള്ളക്കളയുന്നു.

സീറോ മലബാർ സഭയുടെ ആൽമായ യുവജന സഘടനയായ യുവദീപ്തിയുടെ നേതാവായ സജി മതിച്ചിപ്പറമ്പിൽ തേലക്കാട്ടിനെതിരെ വിമർശനം ഉന്നയിച്ചു. തേലക്കാടച്ചന്റെ പ്രസ്താവനകളെ ശക്തിയുക്തം തന്റെ ഫേസ്‌ബുക് പോസ്റ്റിലൂടെ സജി മതിച്ചിപ്പറമ്പിൽ എതിർക്കുന്നു.

ഫാ .തേലക്കാടിന്റെ പ്രസ്താവനക്കെതിരെയുള്ള സജിയുടെ ഫേസ്‌ബുക് പോസ്റ്റ് കാണാം

ഫാ. തേലക്കാടനൊരു മറുപടി ..

വി.തോമാശ്‌ളീഹാ കേരളത്തിൽ വന്നിട്ടില്ല എന്ന ഫാ. പോൾ തേലക്കാട്ടിന്റെ പ്രസ്താവന പത്രത്തിൽ വായിച്ചറിഞ്ഞു. ഇത് കണ്ടപ്പോൾ ഓർമ്മവന്നത് ഒരു സിനിമയിൽ (ദേവാസുരം ആണെന്ന് തോന്നുന്നു.) മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് 40-ാം വയസ്സിൽ അയാളുടെ അമ്മ പറയുന്ന ഒരു ഡയലോഗുണ്ട്. അതിപ്രകാരമാണ് ''മകനെ നീ ഇതുവരെ അച്ഛനെന്നു വിളിച്ചയാളല്ല നിന്റെ യഥാർത്ഥ അച്ഛൻ, അയാൾ എന്നെ വിവാഹം കഴിക്കുന്നതിനുമുൻപേ നീ എന്റെ ഉദരത്തിൽ ഉരുവാക്കപ്പെട്ടിരുന്നു.''

ഒരു വ്യക്തിയുടെ അമ്മയെ ലോകം ചൂണ്ടിക്കാണിക്കുമ്പോൾ അയാളുടെ അച്ഛനെ ചൂണ്ടിക്കാണിക്കുന്നത് ആ അമ്മയാണ്. ഈ ആധുനിക കാലഘട്ടത്തിൽ പോലും അപ്പന്റെ പിതൃത്വം അന്വേഷിക്കുവാൻ ആരും DNA test നടത്താറില്ല. കാരണം അത് അമ്മയോടുള്ള അവിശ്വസ്ഥതയാണ്.

23 ക്രോമോസോമുകൾ വീതം തുല്യമായി നൽകിയ മാതാപിതാക്കളിൽ ''അമ്മ'' യെന്ന ലോകസത്യത്തിന് അനേകം സാക്ഷികളും ''അച്ഛൻ'' എന്ന വിശ്വാസസത്യത്തിന് അമ്മയെന്ന ഒരു സാക്ഷിയും മാത്രമേയുള്ളു എന്ന സത്യം ഇനിയെങ്കിലും ഫാ. തേലക്കാടൻ തിരിച്ചറിഞ്ഞിരുന്നെങ്കിൽ.

തോമശളീഹാ കേരളത്തിൽ വന്നോ ഇല്ലയോ എന്നതല്ല ഒരു ക്രിസ്ത്യാനിയുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. മാതാപിതാക്കളിൽ നിന്നും, സുവിശേഷത്തിൽ നിന്നും, തങ്ങൾ അംഗങ്ങളായ സഭയുടെ പ്രബോധനങ്ങളിൽ നിന്നും ലഭിച്ച ഈശോയുടെ ജനന മരണ ഉത്ഥാനത്തിലുള്ള അറിവും അനുഭവവുമാണ് ഒരാളെ ക്രൈസ്തവ വിശ്വാസി ആക്കുന്നത് അഥവാ ആക്കേണ്ടത്.

തോമാശ്‌ളീഹാ കേരളത്തിൽ വന്നു എന്നത് സഭാമക്കൾക്ക് ഒരു വിശ്വാസസത്യമാണ്, നൂറ്റാണ്ടുകളായി സഭാമാതാവ് കൈമാറി തന്ന വിശ്വാസസത്യം. ഇവിടെ അധികാര വടംവലിയിൽ പരാജയപ്പെടുമ്പോൾ ഐസ്‌ക്രീം വാങ്ങിത്തരാത്ത അപ്പനോട് 'അപ്പനെന്റെ അപ്പനല്ല' എന്നു പറയുന്ന മൂന്നുവയസ്സുകാരന്റെ ലാഘവത്തോടെ വിശ്വാസസത്യങ്ങളെ തള്ളിപ്പറയുന്ന ഇത്തരം പിതൃശൂന്യത അവകാശപ്പെടുന്നവർ സഭയിൽ നിന്ന് പുറത്തുപോകണം അല്ലെങ്കിൽ സഭാനേതൃത്വം അവരെ പുറത്താക്കണം.

തോമാശ്‌ളീഹാ മാമ്മോദീസാമുക്കിയത് ബ്രാഹ്മണരെയായിരിക്കില്ല ചിലപ്പോൾ ആ കാലഘട്ടത്തിൽ വ്യാപാരത്തിനായി കേരളത്തിലെത്തിയ യഹൂദരെയായിരിക്കാം. പക്ഷേ ഇത് ഒരാൾക്ക് അയാളുടെ അധികാരം (സഭാവക്താവ് സ്ഥാനം) നഷ്ടപ്പെടുമ്പോൾ മാത്രം തോന്നുന്നത് ബുദ്ധിഭ്രമം സംഭവിക്കുന്നതു കൊണ്ടാവാം. സമീപകാലത്ത് പല പുരോഹിതരുടെയും പ്രവൃത്തികൾ വിശ്വാസികൾക്ക് ഉതപ്പിനു കാരണമാകുമ്പോൾ അവർക്ക് നൽകാൻ ഈശോയുടെ ഉപദേശം മാത്രം .

എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവനു ദുഷ്പ്രരണ നൽകുന്നവൻ ആരായാലും അവനു കൂടുതൽ നല്ലത് കഴുത്തിൽ ഒരു വലിയ തിരികല്ലുകെട്ടി കടലിന്റെ ആഴത്തിൽ താഴ്‌ത്തപ്പെടുകയായിരിക്കും. മത്തായി 18 : 6

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP