Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫാ റോബിൻ പിടിയിലായത് രാജ്യം വിടാനായി വിമാനത്താവളത്തിലേക്ക് പോവുമ്പോൾ; ദീപകയിലെ ഫാരീസിന്റെ വിശ്വസ്തനെ വഴി തടഞ്ഞ് പൊലീസ് പിടികൂടിയത് മൊബൈൽ ടവർ പരിശോധിച്ച്; തലനാരിഴയിൽ മറ്റൊരു വിവാദം ഇല്ലാതായതിൽ ആശ്വസിച്ച് മുഖ്യമന്ത്രി പിണറായി

ഫാ റോബിൻ പിടിയിലായത് രാജ്യം വിടാനായി വിമാനത്താവളത്തിലേക്ക് പോവുമ്പോൾ; ദീപകയിലെ ഫാരീസിന്റെ വിശ്വസ്തനെ വഴി തടഞ്ഞ് പൊലീസ് പിടികൂടിയത് മൊബൈൽ ടവർ പരിശോധിച്ച്; തലനാരിഴയിൽ മറ്റൊരു വിവാദം ഇല്ലാതായതിൽ ആശ്വസിച്ച് മുഖ്യമന്ത്രി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പീഡനത്തത്തെുടർന്ന് 16 വയസ്സുകാരിയായ വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ വൈദികനെ പൊലീസ് പിടികൂടിയതിലൂടെ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുണ്ടെന്ന് കരുതുന്ന വ്യവസയായിയാണ് ഫാരീസ് അബൂബേക്കർ. വി എസ് അച്യുതാനന്ദൻ കളങ്കിതനെന്ന് വിളിച്ച് വ്യവസായ പ്രമുഖൻ. പിണറായിയും ഫാരീസുമായുള്ള ബന്ധം പലപ്പോഴും ചർച്ചായിട്ടുമുണ്ട്. ഫാരീസുമായുള്ള പിണറായിയുടെ സൗഹൃദവുമായി വൈദികന്റെ പീഡനവും ചർച്ചയാകാൻ ഇടയുണ്ടായിരുന്നു. ഫാദർ റോബിൻ വടക്കുംചേരിയുടെ അറസ്‌റ്റോടെ ഇത്തരത്തിലൊരു വിവാദമാണ് അപ്രസക്തമായത്.

പെൺകുട്ടി പ്രസവിച്ചത് പുറംലോകത്ത് എത്തിയതോടെ തന്നെ പിടിവീഴുമെന്ന് ഫാദറിന് മനസ്സിലായി. ഇതോടെ കാനഡയിലേക്ക് വിമാനം കയറാൻ തീരുമാനിച്ചു. അതീവ രഹസ്യമായി നെടുമ്പാശ്ശേരിയിൽ എത്തി പറക്കാനായിരുന്നു നീക്കം. ഇത് സംഭവിച്ചിരുന്നുവെങ്കിൽ റോബിൻ രക്ഷപ്പെടുമായിരുന്നു. ഫാരീസ് അബൂബേക്കറിന്റെ അടുപ്പക്കാരനായ ഫാദർ ഇത്തരത്തിൽ രക്ഷപ്പെട്ടാൽ അത് പിണറായിയുടെ മേൽ ആരോപണമായി പതിക്കുമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ ഉത്തതരെ രക്ഷിക്കാൻ മുഖ്യമന്ത്രി കരുക്കൾ നീക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഇതിന് സമാനമായി ആഭ്യന്തരവകുപ്പിനെ പ്രതിസ്ഥാനത്ത് നിർത്താൻ കൊടി സുനിയുടെ ശിക്ഷാ ഇളവ് വിവാദവും ഉണ്ട്. അതുകൊണ്ട് തന്നെ ഫാദർ കാനഡയിലേക്ക് കടന്നിരുന്നുവെങ്കിൽ ഇതിന് കാരണം പിണറായിയുടെ ഇടപെടലാണെന്ന വാദം നിറയുമായിരുന്നു. നിയമസഭ ചേരുന്ന സമയത്ത് ഇത്തരമൊരു വിവാദം സർക്കാരിന് കളങ്കമുണ്ടാക്കുകയും ചെയ്യുമായിരുന്നു.

അതിനിടെ പൊലീസ് അറസ്റ്റ്‌ചെയ്ത വൈദികൻ ഉന്നതബന്ധങ്ങളും കത്തോലിക്ക സഭയിൽ വലിയ പദവികളും അലങ്കരിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി. അറസ്റ്റിലായ ഫാദർ റോബിൻ വടക്കഞ്ചേരി ഇന്നലെ പൊലീസിൽ കുറ്റം സമ്മതിച്ചശേഷം നടന്ന തെളിവെടുപ്പിൽ കേസ് ഒതുക്കാനുള്ള ഞെട്ടിപ്പിക്കുന്ന നീക്കംനടത്തിയെന്നാണ് മൊഴി. വൈദികനെ സംരക്ഷിക്കാൻ ഉന്നത ഇടപെടൽ നടന്നതായും പൊലീസ് കേന്ദ്രങ്ങൾ സൂചിപ്പിച്ചു. ഇങ്ങനെ പൊലീസ് പറയുന്നത് തന്നെ ഫാരീസുമായുള്ള വൈദികന്റെ ബന്ധവുമായി കൂട്ടി വായിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്നു. ദീപിക ദിനപത്രം ഫാരിസ് അബൂബക്കറിന്റെ കീഴിലായ 2005-08 കാലഘട്ടത്തിൽ ആദ്യം പ്രൊഡക്ഷൻ മാനേജറാവുകയും പിന്നീട് അതിന്റെ എം.ഡിയായും പ്രവർത്തിച്ച ആളാണ് ഫാദർ റോബിൻ.

ഫാരീസിന്റെ ദീപികയിലെ പ്രവർത്തനത്തെ എല്ലാം നിയന്ത്രിച്ച വ്യക്തിയാണ് റോബിൻ. കർഷക സംഘടനയായ ഇൻഫാമിന്റെ മാനന്തവാടി രൂപതയുടെ കീഴിൽ ഡയറക്ടറുമായിരുന്നു. മാനന്തവാടി രൂപതക്ക് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സംരംഭങ്ങളുടെ സാരഥിയുമായിരുന്നു. കൊട്ടിയൂർ മേഖലയിലും വലിയ നേതൃപദവിയിലിരുന്ന ആളാണ് വൈദികൻ. കൊട്ടിയൂർ വികസനസമിതിയുടെ ചെയർമാനായിരുന്നു. ഇൻഫാമിനെ ഇടതുപക്ഷവുമായി അടുപ്പിക്കാനും ശ്രമിച്ച വ്യക്തിയാണ് റോബിൻ. പത്രസ്ഥാപനത്തിന്റെ പഴയ സ്വാധീനവും രൂപതയുടെ പിന്തുണയും ഉപയോഗിച്ച് പീഡനക്കേസ് ഒതുക്കാൻ തീവ്രശ്രമമാണ് ഫാദർ നടത്തിയതെന്ന പൊലീസ് തന്നെ പറയുമ്പോൾ അറസ്റ്റ് നടന്നിരുന്നില്ലെങ്കിൽ ഉണ്ടാകുമായിരുന്ന വിവാദത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ. ഫാരീസിന് വേണ്ടി പിണറായി ഫാദറിനെ വിദേശത്തേക്ക് കടത്തിയെന്ന് തന്നെയാകുമായിരുന്നു ആക്ഷേപം. വിഎസും ഇത് ആളിക്കത്തിക്കാൻ സജീവമായി എത്തുമെന്നതും ഉറപ്പാണ്. അതുകൊണ്ട് തന്നെ ഫാദറിന്റെ അറസ്റ്റ് രക്ഷയാകുന്നത് പിണറായിക്ക് തന്നെയാണ്.

പെൺകുട്ടിയുടെ പ്രസവം രഹസ്യമാക്കിവച്ച ക്രിസ്തുരാജ ആശുപത്രി അധികൃതർക്കെതിരെയും വൈദികനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവരെയും കേസിൽ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് അറസ്റ്റ്‌ചെയ്ത ഉടനെ ഫാദർ റോബിനെ വികാരിസ്ഥാനത്തുനിന്ന് നീക്കംചെയ്തതായി മാനന്തവാടി രൂപത കൊട്ടിയൂരിലെ പള്ളി അധികൃതരെ അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയെ പീഡിപ്പിച്ചതായി ചൈൽഡ്‌ലൈനിന് ലഭിച്ച സന്ദേശമാണ് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് കാരണമായത്. പെൺകുട്ടി പ്രസവിച്ച് 20 ദിവസമായെങ്കിലൂം ഇതുവരെയായി പ്രശ്‌നം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് വൈദികനെ തിരഞ്ഞുപോയപ്പോൾ അദ്ദേഹം വിദേശത്താണെന്നാണ് ആദ്യം ഇടവകയിൽനിന്ന് വിവരം നൽകിയത്.

ഇതേതുടർന്ന് കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വൈദികന്റെ ചിത്രസഹിതം വിവരം നൽകി. വൈദികന്റെ മൊബൈൽഫോൺ സൈബർസെൽ പിന്തുടർന്നപ്പോൾ അങ്കമാലിക്കടുത്ത് ഉണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു. തുടർന്ന് ചാലക്കുടിയിൽവച്ച് പൊലീസ് ഇയാൾ സഞ്ചരിച്ച കാർ പിന്തുടർന്ന് പിടികൂടി. കാനഡയിലേക്ക് വിമാനം കയറാനുള്ള ഒരുക്കത്തോടെ യാത്രചെയ്യുന്നതിനിടയിലാണ് വൈദികൻ പൊലീസ് പിടിയിലായത്. പത്ത് മിനിറ്റ് അറസ്റ്റ് വൈകിയിരുന്നുവെങ്കിൽ പോലും ഇയാൾ കാനഡയിലേക്ക് രക്ഷപ്പെടുമായിരുന്നു. ഇത് പിണറായിക്ക് തീരാ കളങ്കമാവുകയും ചെയ്യുമായിരുന്നു.

കൊട്ടിയൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികൻ റോബിൻ വടക്കുംചേരിയെ റിമാൻഡ് ചെയ്തു. തലശേരി സെഷൻസ് കോടതിയാണ് ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. നേരത്തെ ഫാ. റോബിൻ കുറ്റം സമിതിച്ചിരുന്നു. പീഡനം നടന്ന കൊട്ടിയൂർ നീണ്ടുനോക്കി പള്ളിമേടയിൽ ഫാ. റോബിനെ എത്തിച്ച് തെളിവെടുത്തിരുന്നു. തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രിയിലാണ് പെൺകുട്ടി പ്രസവിച്ചത്. സംഭവം മറച്ചുവച്ച ആശുപത്രി അധികൃതർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പെൺകുട്ടിക്ക് പ്രായപൂർത്തിയായതായി മാതാവ് പറഞ്ഞുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. അതിനാലാണ് പൊലീസിൽ വിവരം അറിയിക്കാതിരുന്നതെന്നും ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

അതിനിടെ കേസിന്റെ അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കുമെന്നു മാനന്തവാടി രൂപത. ഫാ. റോബിനെതിരായ പരാതിയെക്കുറിച്ച് സഭാപരമായ അന്വേഷണങ്ങൾക്കായി പ്രത്യേകകമ്മിറ്റിയെ മാനന്തവാടി രൂപതാ ബിഷപ് മാർ ജോസ് പൊരുന്നേടം നിയോഗിച്ചു. ഫാ. റോബിനെ ബിഷപ് സസ്പെൻഡ് ചെയ്തു. ഇടവക വികാരിസ്ഥാനത്തുനിന്നു നീക്കുകയും കുർബാന അർപ്പിക്കുന്നതിനും വചനപ്രഘോഷണം നടത്തുന്നതിനും വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബിഷപ്പിന്റെ കൽപ്പന കൊട്ടിയൂർ ഇടവകയിലും മാനന്തവാടി രൂപതയിലെ ദേവാലയങ്ങളിലും പ്രസിദ്ധപ്പെടുത്തി. വികാരി സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ടതോടെ സ്‌കൂൾ മാനേജർ പദവിയും അദ്ദേഹത്തിൽനിന്നു മാറ്റപ്പെട്ടതായി രൂപതാ പി.ആർ.ഒ. അഡ്വ. ഫാ. തോമസ് ജോസഫ് തേരകം അറിയിച്ചു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യത്തിൽ വൈദികൻ ഉൾപ്പെട്ട വാർത്ത സഭ ഗൗരവത്തോടെ കാണുന്നതായി കെ.സി.ബി.സി വക്താവും പ്രതികരിച്ചു.

ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നതിൽ ദുഃഖവും ഖേദവുമുണ്ട്. സമർപ്പിതജീവിതം നയിക്കുന്ന വ്യക്തികൾ ശാരീരികവും മാനസികവും ആത്മീയവുമായ വിശുദ്ധി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് കത്തോലിക്കാസഭ ആഗ്രഹിക്കുന്നതും അനുശാസിക്കുന്നതും. ഇക്കാര്യത്തിലുണ്ടാകുന്ന വ്യക്തിപരമായ വീഴ്ചകൾ ദുഃഖകരവും ഗുരുതരവുമാണെന്ന് വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. വർഗീസ് വള്ളിക്കാട്ട് അറിയിച്ചു. ഇത്തരം പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മേലധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കുകയും കുറ്റാരോപിതർ രാജ്യത്തിന്റെ നിയമങ്ങൾക്ക് വിധേയരാകുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യും. തെളിവുകൾ നശിപ്പിക്കുന്നതിനോ കുറ്റാരോപിതർ രക്ഷപ്പെടുന്നതിനോ സഭ കൂട്ടുനിൽക്കില്ല. ഏതുതരത്തിലുള്ള നിയമപരമായ അന്വേഷണങ്ങളെയും സ്വാഗതംചെയ്യുന്നു. സഭാനിയമപ്രകാരമുള്ള നടപടിക്രമങ്ങൾ രൂപത തലത്തിൽ നടക്കുന്നതായി മനസ്സിലാക്കുന്നതായും കെ.സി.ബി.സി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP