Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴിമതിക്കാരായ 17 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു; പദ്ധതിയുടെ 50 ശതമാനം മാത്രം വിനിയോഗിക്കുന്ന തട്ടിപ്പ് നിർത്താൻ പ്രത്യേകം സ്‌ക്വാഡുകളെ നിയമിക്കും; അറ്റകുറ്റപ്പണികൾക്ക് മാത്രം ചീഫ് എൻജിനീയർ വരും; ലോകത്തെ ഏറ്റവും വലിയ അഴിമിതി സ്ഥാപനം നേരെയാക്കാനുള്ള മന്ത്രി സുധാകരന്റെ ശ്രമം മുന്നോട്ട്

അഴിമതിക്കാരായ 17 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു; പദ്ധതിയുടെ 50 ശതമാനം മാത്രം വിനിയോഗിക്കുന്ന തട്ടിപ്പ് നിർത്താൻ പ്രത്യേകം സ്‌ക്വാഡുകളെ നിയമിക്കും; അറ്റകുറ്റപ്പണികൾക്ക് മാത്രം ചീഫ് എൻജിനീയർ വരും; ലോകത്തെ ഏറ്റവും വലിയ അഴിമിതി സ്ഥാപനം നേരെയാക്കാനുള്ള മന്ത്രി സുധാകരന്റെ ശ്രമം മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ നിയമസഭയിൽ ഇന്നലെ ആരാണ് സഭയിലെ ഏറ്റവും മികച്ച സുന്ദരൻ എന്ന ചോദിച്ചു തമാശയായി ചർച്ച നടന്നിരുന്നു. സ്പീക്കർ അടക്കമുള്ളവർ പറഞ്ഞത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ സുന്ദരനാണ് എന്നായിരുന്നു. ഈ വാദം ഒരുപക്ഷേ, കേരള ജനത മുഴുവൻ അംഗീകരിച്ചെന്നിരിക്കും. ഇതിന് കൃത്യമായ കാരണവുമുണ്ട്. എല്ലാം ശരിയാക്കും എന്ന മുദ്രാവാക്യത്തോടെ അധികാരത്തിൽ എത്തിയ ഇടതു സർക്കാറിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന മന്ത്രിയാണ് ജി സുധാകരൻ. അഴിമതിക്കാർ കുളംതോണ്ടിയ വകുപ്പിനെ നന്നാക്കാനുള്ള ശ്രമകരമായ ദൗത്യം ഏറ്റെടുത്ത അദ്ദേഹം ആ പ്രയത്ന്നം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുകയാണ്.

മുമ്പ് ഒരു തവണ മന്ത്രിയായി ഭരിച്ച് പരിചയമുള്ള സുധാകരൻ കാർക്കശ്യത്തോടെ തന്നെയാണ് വകുപ്പിനെ ഇപ്പോൾ മുന്നോട്ടു കൊണ്ടുപോകുന്നത്. അഴിമതിയെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം ഇക്കാര്യത്തിൽ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടാണ് കൈക്കൊള്ളുന്നത്. വകുപ്പിലെ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണിയിൽ വീഴ്‌ച്ച വരുത്തിയ 17 അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തതായും മന്ത്രി ഇന്നലെ നിയമസഭയിൽ അറിയിച്ചു. ഇത് കൂടാതെ റോഡുകളുടെ അറ്റകുറ്റപ്പണിക്കു മാത്രമായി ഒരു ചീഫ് എൻജിനീയറെ നിയമിക്കാനാണ് മന്ത്രിയുടെ തീരുമാനം.

ഇന്ത്യയിലാദ്യമായായിരിക്കും ഈ നടപടി. റോഡ് അറ്റകുറ്റപ്പണിക്ക് 5,000 കോടി രൂപ അടിയന്തരമായി ആവശ്യമുണ്ടെന്നു ധനവകുപ്പിനെ അറിയിച്ചിട്ടുണ്ട്. 40,000 കിലോമീറ്റർ റോഡാണ് അറ്റകുറ്റപ്പണി ചെയ്യാനുള്ളത്. അഴിമതി കാരണങ്ങളാൽ കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഒരു എക്‌സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെ 17 ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. അഴിമതി തുടർന്നാൽ ചീഫ് എൻജിനീയറായാലും തൽസ്ഥാനത്തുണ്ടാവില്ലെന്നും മന്ത്രി മുന്നറിയിപ്പു നൽകി.

അറ്റകുറ്റപ്പണികൾക്കായി ഈ സാമ്പത്തികവർഷം 387.90 കോടി രൂപയും ദേശീയപാത വികസനത്തിന് 5.25 കോടിയും വകയിരുത്തിയിട്ടുണ്ട്. ജില്ലാ അതിർത്തി പങ്കിടുന്ന 'ഇന്റർ ഡിസ്ട്രിക്ട്' റോഡുകളുടെ കാര്യം പ്രത്യേകം പരിഗണിക്കും. മരാമത്ത് പ്രവർത്തനങ്ങൾക്കു സംസ്ഥാനജില്ലാ മണ്ഡലം തലങ്ങളിൽ സോഷ്യൽ ഓഡിറ്റിങ് നടപ്പാക്കും. ആലപ്പുഴയിലെ ഓഡിറ്റിങ് വിജയകരമായിരുന്നു. ഈ മാതൃക സംസ്ഥാനത്ത് വ്യാപിപ്പിക്കാനാണ് നീക്കം.

പൈപ്പ് ഇടുന്നതിനും മറ്റുമായി റോഡ് മുറിക്കുമ്പോൾ ജലഅഥോറിറ്റി, മരാമത്ത് എൻജിനീയർമാർ സ്ഥലത്തുണ്ടായിരിക്കണമെന്നതു കർശനമായി പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ശുദ്ധീകരിച്ച ഉപയോഗശൂന്യമായ പ്ലാസ്റ്റിക്, ജിയോടെക്‌സ്, കോൺക്രീറ്റ് എന്നിവ ഉപയോഗിച്ചുള്ള റോഡ് നിർമ്മാണം സംസ്ഥാനവ്യാപകമാക്കും. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലെ ചുള്ളിയൂർചടച്ചിമാർത്താണ്ഡം റോഡിൽ മാരായമുട്ടം ഭാഗത്ത് ഇത്തരത്തിൽ ഒരു കിലോമീറ്റർ പരീക്ഷണാടിസ്ഥാനത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കേരള റോഡ് ഫണ്ട് ബോർഡ് പുനഃസംഘടിപ്പിക്കാനുമാണ് മന്ത്രിയുടെ നീക്കം.

വകുപ്പിലെ അഴിമതി തടയുന്നതിന്റ ഭാഗമായി കൈക്കൂലിവീരന്മാരെ പടിപടിയായി സ്ഥലംമാറ്റിയും അഞ്ചുപൈസപോലും കൈക്കൂലികിട്ടാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളിലേക്ക് തട്ടിയും പൊതുമരാമത്തു വകുപ്പിൽ ശുദ്ധീകരണം നടത്തിവരികയായിരുന്നു സുധാകരൻ. അധികാരമേറ്റ് നൂറുദിവസം പിന്നിട്ടപ്പോഴേക്കും തന്നെ സ്ഥാനക്കയറ്റംനൽകിയും സ്ഥാനമാറ്റംവരുത്തിയും നൂറിലേറെ ഉത്തരവുകളാണ് പൊതുമരാമത്ത് വകുപ്പിൽ പുറത്തിറങ്ങിയെന്ന് മനസ്സിലാക്കുമ്പോൾത്തന്നെ അഴിമതിവീരന്മാരെ പുകയ്ക്കുന്നതിന് നടത്തിയ നീക്കങ്ങൾ വ്യക്തമാകും.

ഈ ഉത്തരവുകളിൽ പാതിയിലേറെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒതുക്കുന്നതിന് വേണ്ടിയായിരുന്നു. ഇതിനിടെ വേണ്ടപ്പെട്ടവരുടെ സ്ഥലംമാറ്റം റദ്ദാക്കിക്കിട്ടുന്നതിനും മറ്റുമായി എൻജിനീയർമാരും മറ്റും സിപിഎമ്മിലെ ഉന്നതരെ കൊണ്ടുപോലും ശുപാർശകളുമായി എത്തിയെങ്കിലും അത്തരക്കാരെ പ്രത്യേകം 'പരിഗണിച്ച്' ഒരു കൈക്കൂലി സാധ്യതയുമില്ലാത്ത സ്ഥലത്തേക്ക് മാറ്റാൻ മന്ത്രി തീരുമാനിച്ചതോടെ വകുപ്പിലെല്ലാവരും ഞെട്ടിയിരിക്കുകയാണെന്നാണ് വിവരം. ഇതോടെ ഭരണ, പ്രതിപക്ഷ ഭേദമെന്യേ എല്ലാ ഉദ്യോഗസ്ഥരും മന്ത്രിയെ സ്വാധീനിക്കാനും സ്ഥലംമാറ്റത്തിൽ ഇടപെടാനുമുള്ള ആലോചനപോലും ഉപേക്ഷിച്ചിരിക്കുകയാണ്.

കേരളത്തിൽ ഏറ്റവുമധികം അഴിമതി നടക്കുന്ന വകുപ്പായി കുപ്രസിദ്ധി നേടിയ പൊതുമരാമത്ത് വകുപ്പിന്റെ മന്ത്രിയായി ചുമതലയേറ്റ മൂന്നാംനാൾ മന്ത്രി ജി സുധാകരൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. ''കൈക്കൂലി വാങ്ങുന്നവർ പിന്നെ ആ സ്ഥാനത്ത് ഉണ്ടാവില്ല. എൻജിനീയറന്മാരെ ഉപയോഗിച്ച് മന്ത്രിമാർ പണം പിരിക്കാറുണ്ട്. ഇങ്ങനെ നൽകുന്ന പണം കരാറുകാരും എൻജിനീയർമാരും തിരിച്ചുപിടിക്കുന്നത് നിർമ്മാണപ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിക്കൊണ്ടാണ്.തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി എൻജിനീയർമാരുടെ കയ്യിൽ നിന്ന് ഞാൻ പണം വാങ്ങിയിട്ടില്ല. സ്ഥലം മാറ്റത്തിനും മറ്റും കൈക്കൂലി വാങ്ങുന്നു എന്നറിഞ്ഞാൽ കർശന നടപടി സ്വീകരിക്കും. പൊതുമരാമത്ത് വകുപ്പിലെ വഴിവിട്ട പ്രവർത്തനത്തിലൂടെ സംസ്ഥാന സർക്കാരിന്റെ ഖജനാവിലെ പണം ചോരുന്നത് അവസാനിപ്പിക്കും.''

പറഞ്ഞ വാക്ക് അക്ഷരംപ്രതി പാലിക്കാൻ സുധാകരൻ ആദ്യം കൂട്ടുപിടിച്ചത് പിഡബൽുഡിയുടെ തന്നെ വിജിലൻസ് വിങ്ങിനെ ആയിരുന്നു. ഇവരുടെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പിൽ ഏറ്റവുംകൂടുതൽ അഴിമതി നടക്കാൻ സാധ്യതയുള്ള സബ് ഡിവിഷനുകളും ഒരു അഴിമതിക്കും സാധ്യതയില്ലാത്ത ഓഫീസുകളും കണ്ടെത്തുകയാണ് ആദ്യം ചെയ്തത്. ഇതിനുപിന്നാലെ വിജിലൻസ് കേസിലുൾപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി.

വിജിലൻസ് നോട്ടപ്പുള്ളികളാക്കി വച്ചവരുടെ മറ്റൊരു ലിസ്റ്റും ഓരോ ഓഫീസിലും ചെറിയ തുകപോലും കൈക്കൂലി വാങ്ങുന്ന എൻജിനീയർ മുതൽ പ്യൂൺവരെയുള്ളവരുടെ വേറൊരു ലിസ്റ്റും റെഡിയാക്കാൻ നിർദ്ദേശം നൽകി. സത്യസന്ധരെന്ന് വിലയിരുത്തപ്പെടുന്നവർ ആരാണെന്നും മനസ്സിലാക്കിയ ശേഷമാണ് സ്ഥലംമാറ്റം തുടങ്ങിയത്. 'അട്ടപ്പാടിയിലേക്ക് തട്ടിക്കളയും' അല്ലെങ്കിൽ 'കാസർകോട്ടേക്ക് പറപ്പിക്കും' എന്ന മട്ടിലാണ് ഇതുവരെ സ്ഥലംമാറ്റ കാര്യങ്ങളിൽ കേട്ടുകേൾവിയെങ്കിൽ ഇവിടെ സുധാകരൻ ചെയ്തത് മറ്റൊരു കാര്യമാണ്. ജില്ലയ്ക്കു പുറത്തേക്കുപോലും ആരെയും മാറ്റിയില്ല. പകരം അതേ ജില്ലയിൽത്തന്നെ ഒരു പൈസപോലും കിട്ടാൻ സാധ്യതയില്ലാത്ത സ്ഥലത്തേക്കാണ് കൈക്കൂലിക്കാരെ തട്ടിയത്.

പലതും ഒറ്റനോട്ടത്തിൽ മ്യൂച്വൽ ട്രാൻസ്ഫർ എന്ന് തോന്നുന്ന രീതിയിൽ ചെയ്തതിനാൽ സംഘടനകൾക്കുപോലും ഇതിൽ ആക്ഷേപം പറയാൻ പറ്റാത്ത സ്ഥിതിയായി. എക്‌സ്‌ക്യുട്ടീവ് എൻജിനീയർ, അസി. എൻജിനീയർ, കൽക്ക്, പ്യൂൺ എന്നിങ്ങനെ ഓരോ ഘട്ടമായി നടത്തിയ സ്ഥലംമാറ്റം ഏതാണ്ട് അന്തിമഘട്ടത്തിൽ എത്തി നിൽക്കുകയാണ്. വിജിലൻസ് കേസിലുൾപ്പെട്ട ചിലരെ വിജിലൻസിന്റെ തന്നെ ശുപാർശ വാങ്ങി കാസർകോട്ടേക്കും തട്ടിയിട്ടുണ്ട്. പത്തനംതിട്ടയിലെ ഒരു ഉദ്യോഗസ്ഥനെയും ഇങ്ങനെ പറപ്പിച്ചത്. അഴിമതിക്കെതിരെ കർശന നിലപാടെടുക്കുന്നതിന് വി എസ് സർക്കാരിന്റെ കാലത്തുതന്നെ പേരുകേട്ട ജി സുധാകരന് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല നൽകിയപ്പോൾത്തന്നെ ഒരു കാര്യം വ്യക്തമായിരുന്നു. ഈ വകുപ്പിന്റെ ശുദ്ധീകരണം.

മന്ത്രിയായശേഷം നടത്തിയ പത്രസമ്മേളനത്തിൽത്തന്നെ വകുപ്പിലെ അഴിമതിക്കാർക്കെതിരെ ഉറച്ച നിലപാട് വ്യക്തമാക്കിയ സുധാകരൻ ഇതിനു പിന്നാലെ വകുപ്പിലെ കൈക്കൂലിവീരന്മാരെ കഴുത്തിനുപിടിച്ച് മൂലയ്ക്കിരുത്തി തുടങ്ങിയതോടെ വകുപ്പിലെ അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥർക്കിടയിൽ മന്ത്രി സുധാകരന് മതിപ്പും വർധിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങാൻ ഇഷ്ടമില്ലാത്തവരെപ്പോലും 'ഷെയർ' നൽകി വീഴ്‌ത്തുന്ന പതിവാണ് പൊതുമരാമത്ത് വകുപ്പിൽ നടന്നുവന്നിരുന്നത്.

ഇത്തരത്തിൽ സ്ഥലംമാറ്റത്തിലൂടെ അഴിമതി വീരന്മാരെ ഒതുക്കിയതിനുശേഷം എല്ലാ പ്രവൃത്തികളിലും പരമാവധി ഇടെൻഡർവഴി കരാറുകാരെ കണ്ടെത്താനുള്ള ശ്രമമാണ് അടുത്ത പടിയെന്നാണ് അറിയുന്നത്. എ്ന്നാലും അടിയന്തിര ഘട്ടങ്ങളിൽ ചെയ്യേണ്ട പ്രവൃത്തികൾക്ക് ഇടെൻഡർ സാധ്യമാവില്ല. ഉദാഹരണത്തിന് സർക്കാർ പരിപാടികളുമായി ബന്ധപ്പെട്ട് വേദിനിർമ്മിക്കലും ശബരിമല സീസൺ പ്രമാണിച്ച് ചെയ്യേണ്ട അടിയന്തിര പ്രവൃത്തികളും മറ്റും. ഇതിനെല്ലാം പറ്റിയ കരാറുകാരെ കണ്ടെത്തി അപ്പപ്പോൾ ക്വട്ടേഷൻ നൽകുകയാണ് ചെയ്യുക. ഈ ക്വട്ടേഷൻ ഇടപാടുകളിലാണ് വ്യാപകമായി അഴിമതി നടക്കാറുള്ളതും. അത് തടയുന്നതിന് ഇത്തരം പ്രവൃത്തികളുടെ മേൽനോട്ടത്തിന് നിയോഗിക്കാൻ കൽൻ ഇമേജുള്ള ഉദ്യോഗസ്ഥരെ മന്ത്രി കണ്ടെത്തിക്കഴിഞ്ഞതായാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP