Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുക്കത്തെ ഗെയിൽ വിരുദ്ധ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് വി എം സുധീരൻ; പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ സ്ഥലത്തെത്തി പിന്തുണ അറിയിച്ചു; പ്രതിപക്ഷത്തിരുന്നപ്പോൾ സി.പി.എം തുടങ്ങിയ സമരത്തിലെ ഇരട്ടത്താപ്പ് ചൂണ്ടി സമരം ഏറ്റെടുക്കാൻ യുഡിഎഫ്; പ്രക്ഷോഭകരെ 'തീവ്രവാദികളാക്കി' അടിച്ചമർത്താനുള്ള തന്ത്രം പൊലിഞ്ഞതോടെ ചർച്ചക്ക് വിളിച്ച് സർക്കാരും

മുക്കത്തെ ഗെയിൽ വിരുദ്ധ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് വി എം സുധീരൻ; പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ സ്ഥലത്തെത്തി പിന്തുണ അറിയിച്ചു; പ്രതിപക്ഷത്തിരുന്നപ്പോൾ സി.പി.എം തുടങ്ങിയ സമരത്തിലെ ഇരട്ടത്താപ്പ് ചൂണ്ടി സമരം ഏറ്റെടുക്കാൻ യുഡിഎഫ്; പ്രക്ഷോഭകരെ 'തീവ്രവാദികളാക്കി' അടിച്ചമർത്താനുള്ള തന്ത്രം പൊലിഞ്ഞതോടെ ചർച്ചക്ക് വിളിച്ച് സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരെ മുക്കത്ത് തുടങ്ങിയ സമരം സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കാൻ സാധ്യത മുന്നിൽ കണ്ടതോടെ സർക്കാർ അനുരജ്ഞന ശ്രമവുമായി രംഗത്തെത്തി. പ്രശ്‌നം പരിഹരിക്കാൻ വേണ്ടി കോഴിക്കോട് ജില്ലാ കലക്ടർ തിങ്കളാഴ്‌ച്ച വൈകീട്ട് സമരക്കാരുമായി ചർച്ചക്ക് തയ്യാറായി. വ്യവസായ മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. സർവകക്ഷി യോഗവും മന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്.

ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരെ സംഘർഷം തുടരുന്ന മുക്കത്ത് യുഡിഎഫ് നേതാക്കൾ സന്ദർശനം നടത്തി. മുൻ കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ, മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി എന്നിവരാണ് മുക്കത്തെത്തിയത്. പി.കെ.ബഷീർ എംഎൽഎ, എം.ഐ.ഷാനവാസ് എംപി എന്നിവരും ഒപ്പമുണ്ടായിരുന്നു. സമര സമിതിയുമായി നേതാക്കൾ കൂടിക്കാഴ്‌ച്ച നടത്തി. സമരം ശക്തമാക്കുമെന്ന നിലപാടിലാണു സമരസമിതി.

സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ, മുക്കത്തെ ഗെയിൽ സമരം ഏറ്റെടുക്കേണ്ടി വരുമെന്നും ഇക്കാര്യം അടുത്ത യുഡിഎഫ് യോഗം ചർച്ച ചെയ്യുമെന്നും വി എം.സുധീരൻ പറഞ്ഞു. സമരങ്ങളെ അടിച്ചമർത്തുന്നത് കമ്യൂണിസ്റ്റു നയമല്ലെന്നും പിണറായി വിജയൻ പെരുമാറുന്നത് ഏകാധിപതിയെപ്പോലെയെന്നും സുധീരൻ ആരോപിച്ചു. മുക്കത്ത് ഗെയിലിനെതിരെ പ്രതിഷേധിച്ചവർക്കുനേരെ നടക്കുന്നത് പൊലീസ് രാജാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. സമരങ്ങളെ തല്ലിച്ചതയ്ക്കാനുള്ള നീക്കം അപലപനീയമാണ്. സമരത്തെ അടിച്ചമർത്താനുള്ള ശ്രമം തുടർന്നാൽ യുഡിഎഫ് സമരം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ അടിച്ചമർത്തൽ നടപടികൾ തുടർന്നാൽ ഗെയ്ൽ സമരം പ്രതിപക്ഷം ഏറ്റെടുക്കുമെന്നും അതിന് തങ്ങളെ നിർബന്ധിതമാക്കരുതെന്നും ചെന്നിത്തല പറഞ്ഞു. മുക്കത്തെ സംഘർഷങ്ങൾ പൊലീസ് സൃഷ്ടിയാണെന്ന് ചെന്നിത്തല ആരോപിച്ചു. സ്വാശ്രയവിദ്യാഭ്യസ മേഖലയെ സർക്കാർ സമ്പന്നർക്ക് തീറെഴുതി കൊടുത്തിരിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാർ സ്വാശ്രയ മാനേജ്മെന്റുകളുമായി ഒത്തുകളിക്കുകയാണ്. സ്വാശ്രയകരാറിലെ ഹൈക്കോടതി വിധി മാനേജ്മെന്റുകൾക്ക് അനുകൂലമാണെന്നും വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേസ് തോറ്റുകൊടുക്കുന്ന പ്രവണതയാണ് സർക്കാരിനെന്നും ചെന്നിത്തല ആരോപിച്ചു.

ആരോപണവിധേയനായ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയും അഴിമതിക്ക് കൂട്ടുനിൽക്കുകടയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സിപഐ ജനറൽ സെക്രട്ടറിയെ പോലും അഴിമതിക്കാരനായി ചിത്രീകരിച്ച തോമസ് ചാണ്ടി എങ്ങനെയാണ് അധികാരത്തിൽ തുടരുന്നത്. ചെന്നിത്തല ചോദിച്ചു. പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണ് സിപിഐഎമ്മും ബിജെപിയും. സോളാർ റിപ്പോർട്ട് നിയമസഭയിൽ വെക്കുന്നത് സംബന്ധിച്ച് യുഡിഎഫിന് ആശങ്കകളില്ല. കേസിലെ രാഷ്ട്രീയമായും നിയമപരമായും നേരിടും. യുഡിഎഫ് നേതാക്കൾക്കെതിരെ കേസ് എടുക്കുമെന്ന് പറഞ്ഞത് മുഖ്യമന്ത്രിക്ക് പറ്റിയ അബദ്ധമാണ്. ചെന്നിത്തല പറഞ്ഞു.

അതേസമയം, സമരസമിതിയുമായി ചർച്ചയില്ലെന്ന നിലപാട് മാറ്റിയാണ് കലക്ടർ യോഗം വിളിച്ചത്. വിഷയത്തിൽ സർക്കാർ ഇടപെടാൻ തയ്യാറായതോടെയാണ് യോഗം വിളിച്ചു ചേർത്തതും. സംഘർഷത്തെ കുറിച്ച് സർക്കാർ നിർദ്ദേശം തേടിയിരുന്നില്ല. സ്ഥലം സന്ദർശിക്കാനോ വിലയിരുത്താനോ സർക്കാർ നിർദ്ദേശമില്ലെന്നും കലക്ടർ അറിയിച്ചിരുന്നു.

അതേസമയം സമരം നടത്തിയവരെ പൊലീസ് ക്രൂരമായി മർദിച്ചെന്നു പരാതിയുണ്ട്. സമരം നടന്ന പരിസരത്തെ വീടുകളിൽ കയറി അറസ്റ്റ് ചെയ്ത നെല്ലിക്കാപ്പറമ്പ് സ്വദേശി മുഹമ്മദ് നബീലിനു മർദനമേറ്റു. സംഘർഷങ്ങളുടെ പേരിൽ വീടിനുള്ളിൽ അതിക്രമിച്ചു കടന്ന് നിരപരാധികളെ കസ്റ്റഡിയിലെടുത്തതായി ആക്ഷേപമുണ്ട്. പ്രക്ഷോഭം നടക്കുന്ന മുക്കത്ത് വ്യാഴാഴ്ചയും സംഘർഷമുണ്ടായി. സംസ്ഥാന പാതയിൽ തടികളും ടയറുകളും ഉപയോഗിച്ച് തീയിട്ട് പ്രതിഷേധക്കാർ ഗതാഗതം മുടക്കി. തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ പൊലീസ് ശ്രമിച്ചപ്പോൾ വ്യാപകമായ കല്ലേറുമുണ്ടായി.

ഗെയിൽവിരുദ്ധ സമരം മുക്കത്ത് തുടങ്ങിവെച്ചത് സിപിഎമ്മായിരുന്നു. അന്ന് യുഡിഎഫായിരുന്നു ഭരണത്തിൽ. എന്നാൽ പിന്നീട് പിണറായി വിജയൻ അധികാരത്തിൽ എത്തിയതോടെ ഈ സമരത്തേയും മറക്കുകയായിരുന്നു. സിപിഎമ്മിന്റെ പിൻവലിയലോടെ ഇത് നാട്ടുകാരുടെ സമരമായി. പ്രതിഷേധക്കാർ വികസന വിരോധികളും തീവ്രവാദികളുമായി. വർഗ്ഗീയ ആരോപണം പോലും സമരക്കാർക്കെതിരെ ഉയർന്നു. ഇന്ന് മുക്കത്തെ സമരമുഖത്ത് സിപിഎമ്മിന്റെ നേതാക്കളില്ല. ആകെയുള്ളത് കാരശേരി ഗ്രാമപഞ്ചായത്ത് അംഗം ജി. അബ്ദുൾ അക്‌ബറാണ്. യു.ഡി.എഫ്. ഭരിച്ചപ്പോഴും അദ്ദേഹം സമരത്തിനെത്തിയിരുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലപ്പുറം ജില്ലയിലെ അരീക്കോട്, കാവന്നൂർ ഭാഗങ്ങളിൽനിന്ന് സി.പി.എം. പ്രവർത്തകർ ഇവിടെ വന്നെങ്കിലും സി.പി.എം. പന്നിക്കോട് ലോക്കൽ സെക്രട്ടറി അവർക്കെതിരേ രൂക്ഷമായ വിമർശനമാണു ചൊരിഞ്ഞത്.

വി എസ്. സർക്കാരിന്റെ കാലത്താണ് കേന്ദ്ര സർക്കാർ പുതുവൈപ്പിൽ 270 കോടിയുടെ എൽ.പി.ജി. ടെർമിനലിന് അനുമതി നൽകിയത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചുമതലയിൽ 2012-ൽ ടെർമിനൽ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. പ്രദേശവാസികൾ എതിർത്തതോടെ പണി വൈകി. സമരത്തിനു സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ പിന്തുണ നൽകിയിരുന്നെങ്കിലും ഇടതുസർക്കാർ സമരം കണ്ടില്ലെന്നു നടിച്ചു. പിന്നീട് യു.ഡി.എഫ്. സർക്കാർ അധികാരമേറ്റതോടെ സി.പി.എം. സമരക്കാർക്കൊപ്പമായി. പദ്ധതി വൈകി. 2016 ലാണ് ഐ.ഒ.സി. അവിടെ ചുറ്റുമതിൽ നിർമ്മാണം തുടങ്ങിയതും വിവാദം കൊഴുത്തതും. സി.പി.എം. സമരത്തിൽനിന്നു പിന്മാറി. പ്രദേശവാസികളുടെ എതിർപ്പ് പിണറായി സർക്കാർ ഗൗനിച്ചില്ല. സമരം ശക്തമായപ്പോൾ പൊലീസെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP