Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിഷേധം ഉണ്ടായിട്ടും ഗാന്ധിഭവൻ ദിവസങ്ങൾക്കകം മെട്രോയ്ക്ക് വേണ്ടി ഇടിച്ചു നിരത്തി; തൊട്ടടുത്ത ശീമാട്ടിയുമായി ചർച്ച നടത്തിയത് 20 തവണ! ബീനാ കണ്ണനുമായുള്ള ചർച്ചകൾ വഴിമുട്ടിയത് വാക്കുമാറ്റൽ പതിവു പല്ലവിയാക്കിയപ്പോൾ

പ്രതിഷേധം ഉണ്ടായിട്ടും ഗാന്ധിഭവൻ ദിവസങ്ങൾക്കകം മെട്രോയ്ക്ക് വേണ്ടി ഇടിച്ചു നിരത്തി; തൊട്ടടുത്ത ശീമാട്ടിയുമായി ചർച്ച നടത്തിയത് 20 തവണ! ബീനാ കണ്ണനുമായുള്ള ചർച്ചകൾ വഴിമുട്ടിയത് വാക്കുമാറ്റൽ പതിവു പല്ലവിയാക്കിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 2004ലാണ് കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന കൊച്ചി മെട്രോയെന്ന പദ്ധതിയെ കുറിച്ചുള്ള ആദ്യഘട്ട ചർച്ചകൾക്ക് തുടക്കമാകുന്നത്. അന്ന് അതിവേഗത്തിൽ നടക്കുമെന്ന ഘട്ടത്തിൽ തടസവാദമുയർത്തി രംഗത്തെത്തിയതുകൊച്ചിയിലെ പ്രമുഖരായ ബിസിനസുകാരായിരുന്നു. മെട്രോ കടന്നുപോകുന്ന വഴിയെകുറിച്ചുള്ള രൂപരേഖ ആയതോടെ എതിർപ്പ് ശക്തമായി. പദ്ധതി കൊച്ചിയിൽ നടപ്പാകാതിരിക്കാൻ കേന്ദ്ര സർക്കാറിൽ പോലും സമ്മർദ്ദവുമായി മുന്നിൽ നിന്നത് വ്യവസായികളായിരുന്നു. ഇവരുടെ കൂട്ടത്തിൽ മുന്നിൽ നിന്നതാകട്ടെ ശീമാട്ടിയുടെ ഉടമ ബീന കണ്ണനെന്ന വസ്ത്രവ്യാപാരിയാണെന്ന ആരോപണവും അന്നേ നിലവിലുണ്ടായിരുന്നു.

കൊച്ചിയിലെ കണ്ണായ സ്ഥലമായ എം ജി റോഡിലൂടെ മെട്രോ കടന്നുപോകുമ്പോൾ തങ്ങളുടെ സ്ഥലവും സ്ഥാപനത്തിന്റെ വ്യൂവും നഷ്ടമാകുമെന്ന കാരണമായിരുന്നു ശീമാട്ടിയുടെ എതിർപ്പിന് കാരണം. ഒടുവിൽ പലവിധത്തിലുള്ള എതിർപ്പിനെ തുടർന്ന് 2006ൽ തുടങ്ങേണ്ടിയിരുന്ന പദ്ധതി നീണ്ടുപോയി. ഒടുവിൽ മാദ്ധ്യമങ്ങളുടെ ശക്തമായ ഇടപെടലോടെ ഇ ശ്രീധരനെന്ന വ്യക്തിയുടെ സാന്നിധ്യത്തിൽ മെട്രോ പദ്ധതിക്ക് പച്ചക്കൊടി കിട്ടി നിർമ്മാണം തുടങ്ങുകയും ചെയ്തു. ഇതിനിടെയിലും സ്ഥലമെടുപ്പ് തന്നെയായിരുന്നു മെട്രോ പദ്ധതിയുടെ പ്രധാന വെല്ലുവിളി. ഈ വെല്ലുവിളി തരണം ചെയ്തു കൊണ്ട് മെട്രോ നിർമ്മാണം പുരോഗമിക്കുന്നതിന് ഇടയിലാണ് ശീമാട്ടിയെന്ന ടെക്‌സ്‌റ്റെയിൽ സ്ഥാപനം വീണ്ടും എതിർപ്പുയർത്തി രംഗത്തെത്തിയത്.

ടെക്‌സ്റ്റൈൽസിന്റെ 32.072 സെന്റ് ഭൂമി കൊച്ചി മെട്രോ റെയിലിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കെഎംആർഎൽ ചർച്ച നടത്തിയെങ്കിലും വഴങ്ങാതെ ഇപ്പോഴും മെട്രോയ്ക്ക് വഴിമുടക്കി നിൽക്കുകയാണ് ബീനാ കണ്ണനെന്ന വ്യവസായി. കോർപ്പറേറ്റ് റെസ്‌പോൺസിബിലിറ്റി എന്നു പറയുന്ന കടമയെ മറന്നുകൊണ്ടാണ് കൊച്ചിക്കാരുടെ ചിരകാര സ്വപ്നമായ മെട്രോയ്ക്ക് വിലങ്ങുതടിയാകുന്നത്. വൻകിട വസ്ത്രവ്യാപാര സ്ഥാപനം എന്ന നിലയിൽ 20 തവണയാണ് കെഎംആർഎൽ അധികൃതർ ശീമാട്ടി അധികൃതരുമായി ചർച്ച നടത്തിയത്. അതേസമയം ശീമാട്ടിയുടെ തൊട്ടടുത്തുള്ള ഗാന്ധിഭവൻ ഏറ്റെടുക്കുന്നതിനും പൊളിച്ചു നീക്കുന്നതിനുമെതിരെ പ്രക്ഷോഭം ഉണ്ടായിട്ടും ദിവസങ്ങൾക്കകം തന്നെ ഏറ്റെടുത്ത് ഇടിച്ചു നിരത്തി.

ഇങ്ങനെ ചെറുകിടക്കാരെ എത്രയും വേഗം ഒഴിപ്പിച്ച മെട്രോ അധികൃതർ വൻകിടക്കാരോട് 20 തവണയിലേറെ ചർച്ച നടത്തിയതും വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാൽ പല ഘട്ടങ്ങളിലായാണ് ശീമാട്ടി ഉടമ ബീനാ കണ്ണനുമായി അധികൃതർ ചർച്ച നടത്തിയത്. ഈ ചർച്ചകളിൽ പലതവണ നിലപാട് മാറ്റിയതാണ് വീണ്ടും വീണ്ടും ചർച്ചകൾ നടത്താൻ ഇടയാക്കിയത്. ഒരോ ചർച്ചയിലും നിബന്ധനങ്ങൾ മാറ്റിമാറ്റി മുന്നോട്ടുവെക്കുകയും ഉണ്ടായി. ഇതോടെയാണ് ചർച്ചകൾ വഴിമുട്ടിയതും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിയമത്തിലെ പ്രത്യേക ചട്ടങ്ങൾ പ്രകാരമാണ് ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്.

സ്ഥലം വിട്ടുനൽകിയാൽ മെട്രോയുടെ തൂണുകളിൽ മെട്രോ റെയിലിന് സ്ഥലം നൽകുന്നതുമായി ബന്ധപ്പെട്ട് തുടക്കം മുതലേ നിലനിന്ന തർക്കത്തിന് മാരത്തൺ ചർച്ചകൾക്ക് ശേഷവും പരിഹാരം കാണാൻ കഴിയാത്ത സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകുന്നതെന്ന് കെ.എം.ആർ.എൽ. വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം നൽകാതെയും മെട്രോ റെയിൽ വയഡക്ടിന്റെ തൂണുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്തിന്റെ ഉപയോഗം അടിസ്ഥാനമാക്കിയുമാണ് കെ.എം.ആർ.എൽ. ധാരണാപത്രത്തിലെ വ്യവസ്ഥകൾക്ക് രൂപം നൽകിയിരുന്നത്. ഈ ഭാഗത്ത് ശീമാട്ടിക്ക് പാർക്കിംഗിന് അനുമതി നൽകുമെന്നതായിരുന്നു ഒരു ധാരണ. തൂണുകളിൽ പരസ്യം നൽകുമ്പോൾ ശീമാട്ടിക്ക് മുൻഗണന നൽകുമെന്നതായിരുന്നു മറ്റൊരു വ്യവസ്ഥ.

എന്നാൽ തൂണുകളിൽ പരസ്യം നൽകുന്നതിനുള്ള പൂർണ അവകാശം ശീമാട്ടിക്ക് ലഭിക്കണമെന്ന് ബീനാ കണ്ണൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തൂണുകൾ നിർമ്മിക്കുന്ന ഭൂമിക്ക് വില നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഇത് കെ.എം.ആർ.എല്ലിന് സ്വീകാര്യമായില്ല. ഇതോടെ പൊന്നും വില കോടതിയിൽ കെട്ടിവച്ചു സ്ഥലം ഏറ്റെടുക്കാൻ കെ.എം.ആർ.എൽ. തീരുമാനിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ കെഎംആർഎൽ തീരുമാനത്തിനെതിരെ കോടതി സമീപിക്കുമെന്നാണ് ശീമാട്ടി അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതുകൊച്ചി മെട്രോയെ ബാധിക്കില്ലെന്നെ കെഎംആർഎൽ അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ശീമാട്ടിയുടെ തൊട്ടടുത്തുള്ള ഗാന്ധി ഭവൻ ഏറ്റെടുത്തപ്പോഴും തുടക്കത്തിൽ എതിർപ്പുണ്ടായിരുന്നു. ഈ എതിർപ്പിനെ അതിജീവിച്ചാണ് ഭൂമി ഏറ്റെടുത്തത്. ഇങ്ങനെ സ്ഥലം വിട്ടുനൽകാൻ മടിച്ച നാല് സ്ഥലങ്ങളിലും ഭൂമി ഏറ്റെടുത്തത് പ്രത്യേക നിയമപ്രകാരമാണ്. ഇതിനെതിരെ കോടതി സമീപിച്ചാലും മെട്രോ നിർമ്മാണം തടസ്സപെടില്ലെന്നും കെഎംആർഎൽ വക്താവ് മറുനാടനോട് പറഞ്ഞു. അടുത്ത ദിവസം തന്നെ സ്ഥലമേറ്റെടുക്കൽ നടപടിയുമായി മുന്നോട്ടുപോകാനാണ് കെഎംആർഎലിന്റെ തീരുമാനം.

അതേസമയെ കൊച്ചി മെട്രോയുടെ നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകേണ്ടി വരുമെന്ന കാര്യം മുന്നിൽകണ്ട് നേരത്തെ തന്നെ ശീമാട്ടി അധികൃതർ പുതുതായി അഞ്ച് നിലകെട്ടിടം നിലവിലെ കെട്ടിടത്തിന് സമീപം പണിത് ഉയർത്തിയിരുന്നു. ഈ കെട്ടിടം പൂർണ്ണസജ്ജമായ ശേഷാണ് കെഎംആർഎൽ അധികൃതർ സ്ഥലമേറ്റെടുക്കലുമായി ശീമാട്ടി അധികൃതരെ സമീപിക്കുന്നതും. ഇപ്പോൾ പ്രത്യേക വ്യവസ്ഥകൾ പ്രകാരം സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP