Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിഎസിനെ കാണാൻ എത്തിയപ്പോൾ ദല്ലാൾ നന്ദകുമാറിനെ ഒപ്പം കൂട്ടി; കാൽതൊട്ടു വന്ദിച്ച് ആദരവും; പിണറായിയെയും കോടിയേരിയെയും കാണാൻ പ്രത്യേക ദൂതന്മാർ; വിഴിഞ്ഞത്ത് നങ്കൂരമിടുന്ന അദാനിയുടെ നയതന്ത്രം ഇങ്ങനെ

വിഎസിനെ കാണാൻ എത്തിയപ്പോൾ ദല്ലാൾ നന്ദകുമാറിനെ ഒപ്പം കൂട്ടി; കാൽതൊട്ടു വന്ദിച്ച് ആദരവും; പിണറായിയെയും കോടിയേരിയെയും കാണാൻ പ്രത്യേക ദൂതന്മാർ; വിഴിഞ്ഞത്ത് നങ്കൂരമിടുന്ന അദാനിയുടെ നയതന്ത്രം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യയിലെ അതിസമ്പന്നൻ എന്ന പദവിയിലേക്ക് എത്തിപ്പിടിക്കാൻ ഒരുങ്ങുകയാണ് ഗൗതം അദാനിയെന്ന ഗുജറാത്തി വ്യവസായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന സുഹൃത്ത് തന്നെയാണ് ഗൗത് അദാനിയുടെ അതിവേഗ വളർച്ചയുടെ പിന്നിലെന്നത് പലൽപോലെ വ്യക്തമാണ് താനും. മോദി ഗുജറാത്തിൽ മുഖമന്ത്രി ആയിരിക്കുമ്പോൾ അദാനിക്ക് എല്ലാവിധ സഹായങ്ങളും നൽകി. ഇപ്പോൾ അദ്ദേഹം പ്രധാനമന്ത്രിയായിരിക്കുമ്പോവും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. ഏറ്റവും ഒടുവിൽ അദാനി ഗ്രൂപ്പിന്റെ വൻകിട തുറമുഖ പദ്ധതികളിൽ ഒന്നായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാർ നേടിയെടുക്കുമ്പോഴും വിജയിക്കുന്നത് അദാനിയുടെ നയതന്ത്രമാണ്. കേരളം പോലെ രാഷ്ട്രീയ വിവാദങ്ങൾ നിറഞ്ഞു നിൽക്കുന്ന നാട്ടിൽ സമർത്ഥമായ കരുക്കൾ നീക്കിയാണ് ഗൗതം അദാനി പദ്ധതി നേടിയെടുത്തത്.

വിഴിഞ്ഞം പദ്ധതി അദാനിക്ക് നൽകുന്നതിൽ എതിർപ്പുമായി മുഖ്യപ്രതിപക്ഷമായ സിപിഐ(എം) രംഗത്തുള്ളപ്പോഴും ഇവരെയും കൈയിലെടുക്കാൻ അദാനിക്ക് സാധിച്ചു. ഇന്ന് രാവിലെ പദ്ധതിയുടെ കരാറിൽ ഒപ്പിടാൻ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സന്ദർശിച്ചതും എതിർപ്പിന്റെ മുന ഒടിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്. ഇടഞ്ഞു നിൽക്കുന്ന സിപിഎമ്മിന് അനുനയിപ്പിക്കാൻ വേണ്ടി എല്ലാ മുന്നൊരുക്കങ്ങളും നടക്കുകയും ചെയ്തു അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം.

ഇന്ന് രാവിലെ സ്വന്തം വിമാനത്തിലാണ് ഗൗതം അദാനി തിരുവനന്തപുരത്ത് എത്തിയത്. അദ്ദേഹത്തിന്റെ ആദ്യത്തെ ദൗത്യം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്‌ച്ചയായിരുന്നു. രാവിലെ 11.30ന് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. തുടർന്ന് മാദ്ധ്യമങ്ങളെ കാണുകയും ചെയ്തു. വിഴിഞ്ഞം തുറമുഖ പദ്ധതി പറഞ്ഞ സമയത്തിന് മുമ്പ് പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതി തങ്ങളുടെ അഭിമാന പദ്ധതികളിൽ ഒന്നാണെന്നും അദ്ദേഹം അറിയിച്ചു. നവംബർ ഒന്നിന് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും അദാനി പറഞ്ഞു.

അതേസമയം, വിഴിഞ്ഞം പദ്ധതിക്ക് പണം ഒരു പ്രശ്‌നമല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ സ്വപ്നപദ്ധതിയാണ് വിഴിഞ്ഞം. അതിനുവേണ്ടി എത്ര പണം വേണമെങ്കിലും മുടക്കാൻ തയ്യാറാണ്. പദ്ധതി സമയബന്ധിതമായി പൂർത്തിയാവണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി സംബന്ധിച്ച് എല്ലാ വിഭാഗം ജനങ്ങളുടേയും ആശങ്ക പരിഹരിക്കും. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കുന്നതിന് ബുധനാഴ്ച വീണ്ടും ചർച്ച നടത്തുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. തുറമുഖ മന്ത്രി കെ.ബാബു, മന്ത്രി വി എസ്.ശിവകുമാർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് ശേഷമാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമായി ഗൗതം അദാനി ചർച്ച നടത്താനെത്തിയത്. 12.30ന് കന്റോൺമെന്റ് ഹൗസിലെത്തി പ്രതിപക്ഷ നേതാവിനെ കാണുമ്പോൾ രാജ്യത്തെ തലമുതിർന്ന രാഷ്ട്രീയ നേതാവിന് നൽകേണ്ട ആദവരെല്ലാം നൽകി. അദാനിക്കൊപ്പം കൂടിക്കാഴ്‌ച്ചക്ക് എത്തിയപ്പോൾ കരൺ അദാനി ആദ്യം ചെയ്തത് വി എസ് അച്യുതാനന്ദൻ എന്ന വയോധിക നേതാവിന്റെ കാൽ തൊട്ട് വന്ദിക്കുകയായിരുന്നു. ഗുജറാത്തി സ്‌റ്റൈലിലുള്ള അഭിവാദ്യത്തിലൂടെ അദാനി പുത്രൻ വിഎസിനെ കൈയിലെടുക്കുകയായിരുന്നു.

ദല്ലാൾ നന്ദകുമാറും അദാനിക്കൊപ്പം വിഎസിനെ കാണാൻ എത്തിയിരുന്നു എന്നതും ശ്രദ്ധമായമായി. നന്ദകുമാറും വിഎസും തമ്മിലുള്ള അടുപ്പം അറിയാവുന്നത കൊണ്ട് തന്നെയാണ് അദാനി നന്ദകുമാറിനെയും ഒപ്പം കൂട്ടിയത്. കൂടിക്കാഴ്‌ച്ചയിൽ പദ്ധതിയോട് എതിർപ്പില്ലെങ്കിലും ചില ആശങ്കകൾ ഉണ്ടെന്ന് വി എസ് അറിയിച്ചു. അദാനിയുടെ സുഹൃത്ത് എന്ന നിലയിലാണ് വിഎസുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തതെന്ന് ടി ജി നന്ദകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. വി.എസുമായി നടന്നത് ഔപചാരിക കൂടിക്കാഴ്ച മാത്രമാണെന്ന് ഗൗതം അദാനി പറഞ്ഞു. അദാനി ക്ഷണിച്ചിട്ടാണ് നന്ദകുമാർ വന്നതെന്ന് വി എസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ കേരളത്തിലേക്ക് തിരിക്കും മുമ്പ് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പി ബി അംഗം പിണറായി വിജയനെയും കാണാൻ അദാനി അനുവാദം ചോദിച്ചിരുന്നു. പ്രത്യേക ദൂതന്മാർ സഹിതമാണ് ഗൗതം അദാനി തന്റെ താൽപ്പര്യം അറിയിച്ചത്. പിണറായിയും കാനം രാജേന്ദ്രനുമായും അദാനി വിഴിഞ്ഞം പോർട്‌സ് മേധാവി സന്തോഷ് മഹാപത്രയാണ് ചർച്ച നടത്തിയത്. എന്നാൽ, കരാർ നൽകുന്നതിൽ സർക്കാർ സ്വീകരിച്ച സമീപനത്തെ എതിർത്തെങ്കിലും ഇവരെല്ലാവരും പദ്ധതിയോട് അനുകൂലമായാണ് പ്രതികരിച്ചതെന്ന് അറിയുന്നു.

സർക്കാർ വിഴിഞ്ഞം പദ്ധതി അദാനിക്ക് തീറെഴുതി എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. വല്ലാർപാടം കണ്ടെയിനർ ടെർമിനലിന്റെ അവസ്ഥയാകും വിഴിഞ്ഞത്തിനും ഉണ്ടാകാൻ പോകുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം അദാനിക്ക് വേണ്ടി കരാർ വ്യവസ്ഥകൾ മുഴുവൻ മാറ്റിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പദ്ധതി നടത്തിപ്പിന്റെ കാലാവധി 60 വർഷമാക്കി മാറ്റം വരുത്തി അദാനിക്ക് നൽകിയത് എന്തിന്. പദ്ധതി പ്രദേശത്തെ 160 ഏക്കർ സ്ഥലം ഫൽറ്റ് സമുച്ചയവും, മാളുകളും മറ്റും നിർമ്മിക്കാൻ അദാനിക്ക് വിട്ടുകൊടുത്തതിന് പിന്നിൽ ആരുടെ താത്പര്യം. വിഴിഞ്ഞത്തു വരുന്ന കണ്ടെയ്‌നറുകൾക്കും കപ്പലുകൾക്കും നിരക്ക് നിശ്ചിയിക്കുവാനും അവ ഈടാക്കാനുമുള്ള അധികാരം അദാനിക്ക് നൽകിയത് എന്തിന്. ഇങ്ങനെ പോകുന്നു പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ സംശയങ്ങൾ.

കക്ഷിനേതാക്കൾ, തിരുവനന്തപുരം ജില്ലയിലെ എംഎ‍ൽഎ.മാർ, എംപി.മാർ, വിഴിഞ്ഞം പദ്ധതി പ്രദേശത്തെ അഞ്ച് കൗൺസിലർമാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വകുപ്പ് മേധാവികൾ എന്നിവരെയാണ് ഒപ്പിടൽ ചടങ്ങിലേക്ക് ചടങ്ങിലേക്കും ക്ഷണിച്ചിരുന്നു. സംസ്ഥാന തുറമുഖവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് വർഗീസും സന്തോഷ് മഹാപത്രയുമാണ് കരാറിൽ ഒപ്പിട്ടത്.  ഒന്നാംഘട്ടം നാലുവർഷംകൊണ്ടാണ് പൂർത്തിയാക്കേണ്ടതെങ്കിലും അതിന് മുമ്പ് പൂർത്തിയാവുമെന്നാണ് അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിട്ടുള്ളത്. നവംബർ ഒന്നിന് തന്നെ തറക്കല്ലിട്ട് നിർമ്മാണം തുടങ്ങും. 7525 കോടിയുടെ പദ്ധതി ഏറ്റെടുക്കാൻ 1635 കോടിരൂപയാണ് അദാനി ഗ്രാന്റായി ആവശ്യപ്പെട്ടത്. ഇത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായി വീതിക്കും. 2454 കോടിരൂപ അദാനി മുടക്കും. ശേഷിക്കുന്നത് സംസ്ഥാന സർക്കാരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP