Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവിയിലേക്ക് പോകാൻ എത്തുന്നവർക്ക് ഇനി കുട്ടവഞ്ചിയും തുഴയാം; കൊച്ചാണ്ടി ചെക്പോസ്റ്റിലെ ജലാശയത്തിൽ കുട്ടവഞ്ചി സവാരി ഒരുക്കി സീതത്തോട് പഞ്ചായത്ത്; ഗവിയിലേക്ക് ടിക്കറ്റ് കിട്ടാത്തവർക്ക് കുട്ടവഞ്ചി തുഴഞ്ഞ് മടങ്ങാം

ഗവിയിലേക്ക് പോകാൻ എത്തുന്നവർക്ക് ഇനി കുട്ടവഞ്ചിയും തുഴയാം; കൊച്ചാണ്ടി ചെക്പോസ്റ്റിലെ ജലാശയത്തിൽ കുട്ടവഞ്ചി സവാരി ഒരുക്കി സീതത്തോട് പഞ്ചായത്ത്; ഗവിയിലേക്ക് ടിക്കറ്റ് കിട്ടാത്തവർക്ക് കുട്ടവഞ്ചി തുഴഞ്ഞ് മടങ്ങാം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഗവി കാണാൻ വരുന്നവർക്ക് ഇനി കുട്ടവഞ്ചി സവാരിയും നടത്താം. ഗവിയുടെ പ്രവേശന കവാടമായ സീതത്തോട് പഞ്ചായത്തിലെ കൊച്ചാണ്ടി ചെക്പോസ്റ്റിന് സമീപമുള്ള ജലാശയത്തിൽ പഞ്ചായത്ത് അധികൃതരാണ് കുട്ടവഞ്ചി സവാരി ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഉടൻ നടക്കും. കൊച്ചാണ്ടി ടൂറിസം പദ്ധതി എന്ന് പേരിട്ടിരിക്കുന്ന കുട്ടവഞ്ചി സവാരിയിലേക്ക് വിനോദസഞ്ചാരികൾ ആകർഷിക്കപ്പെടുമെന്നാണ് അധികൃതർ കരുതുന്നത്.

നിലവിൽ കോന്നി അടവി ഇക്കോ ടൂറിസത്തിന്റെ ഭാഗമായി ഗവി പാക്കേജുണ്ട്. അതിൽ അടവിയിലാണ് കുട്ടവഞ്ചി സവാരി ഒരുക്കിയിരിക്കുന്നത്. കോന്നിയിൽ നിന്നും കിലോമീറ്ററുകൾ അകലെ മണ്ണീറയിലാണ് ഇതിനുള്ള സംവിധാനമുള്ളത്. ഇവിടെ കുട്ടവഞ്ചി തുഴഞ്ഞ ശേഷം ഗവിയിലേക്ക് ട്രിപ്പ് നടത്തുന്നതിൽ കാലതാമസം ഏറെയുണ്ട്. കുട്ടവഞ്ചിയിൽ കയറാൻ ക്യൂ നിൽക്കണം. ഇതിന് പുറമേ ഇവിടെ നിന്ന് പിന്നെയും കി.മീറ്ററുകൾ സഞ്ചരിച്ച് വേണം ഗവിയുടെ പ്രവേശന കവാടമായ മണ്ണീറയിൽ എത്താൻ. മാത്രവുമല്ല, വേനൽക്കാലത്ത് വെള്ളം കുറയുന്നതിനാൽ കുട്ടവഞ്ചി സവാരി നിർത്തി വയ്ക്കുകയും ചെയ്യും.

ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് കൊച്ചാണ്ടി ടൂറിസം പദ്ധതി നിലവിൽ വരുന്നത്. കൊച്ചാണ്ടിയിൽ കുട്ടവഞ്ചി തുഴച്ചിൽക്കാർക്കുള്ള പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ആങ്ങമൂഴിയിൽ നിന്ന് ഗവിയിലേക്ക് സഞ്ചാരികൾ പ്രവേശിക്കുന്ന കൊച്ചാണ്ടിയിൽ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപത്തെ കക്കാട്ടാറിൽ കിളിയെറിഞ്ഞാൻകല്ല് വനാതിർത്തിയിലെ ജലാശയത്തിലാണ് തുഴച്ചിൽകാർക്കുള്ള പരിശീലനം
ആരംഭിച്ചത്.

ഹൊഗനക്കൽ സ്വദേശികളായ കുട്ടവഞ്ചി തുഴച്ചിൽ വിഗദ്ധരാണ് പരിശീലനം കൊടുക്കുന്നത്. സവാരിക്കാവശ്യമായ 16 കുട്ടവഞ്ചികളാണ് മൈസൂരിലെ ഹോഗനക്കലിൽ നിന്നും കഴിഞ്ഞമാസം ഇവിടെ എത്തിച്ചത്. ഒരേസമയം നാല് സഞ്ചാരികൾക്കാണ് യാത്ര ചെയ്യാൻ കഴിയുക. ഈ മാസം അവസാനത്തോടെ ടൂറിസം മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. സീതത്തോട്ടിലെ ശ്രദ്ധേയമായ മറ്റ് പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി പ്രത്യേക പാക്കേജ് പ്രകാരമുള്ള ടൂറിസം പദ്ധതിക്കാണ് ഡി.എം.സി രൂപം നൽകിയിരിക്കുന്നത്. ഗവി വിനോദയാത്ര, നിലയ്ക്കൽ പള്ളി, ആലുവാംകുടി ശിവക്ഷേത്രം, കോട്ടപ്പാറ മലനട ക്ഷേത്രം, സീതക്കുഴി, സീതമുടി പാറ തുടങ്ങി നിരവധി പ്രദേശങ്ങൾ സീതത്തോട് ഗ്രാമപഞ്ചായത്ത് പരിധിയിലുണ്ട്. ഇവയെല്ലാം ഉൾപ്പെടുത്തി സീതത്തോട്-ഗവി ജനകീയ ടൂറിസം പദ്ധതിയാണ് നടപ്പിലാക്കുന്നത്.

ഓർഡിനറി എന്ന കുഞ്ചാക്കോ ബോബൻ സിനിമയുടെ വിജയത്തോടെയാണ് ഗവി ജനപ്രിയമായത്. സിനിമയിൽ ഒരു സീൻ മാത്രമാണ് ഗവിയുള്ളത്. എന്നാൽ, പ്രേക്ഷകർ അതിൽ കണ്ട മനോഹരമായ സ്ഥലങ്ങൾ മുഴുവൻ ഗവിയാണെന്ന് തെറ്റിദ്ധരിച്ചു. ഇതോടെ ഈ പ്രദേശത്തേക്ക് സഞ്ചാരികളുടെ ഒഴുക്കുണ്ടായി. അനിയന്ത്രിതമായ തോതിൽ സഞ്ചാരികൾ എത്തി തുടങ്ങിയതോടെ വനംവകുപ്പ്
നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രവർത്തി ദിനങ്ങളിൽ 10 ഉം അവധി ദിനങ്ങളിൽ 30 ഉം വാഹനങ്ങൾക്കാണ് ഇപ്പോൾപ്രവേശനം
അനുവദിച്ചിരിക്കുന്നത്.

ഈ വിവരം അറിയാതെ ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന സഞ്ചാരികളെയും ചിലപ്പോഴൊക്കെ കടത്തി വിടാറുണ്ട്. ആങ്ങമൂഴി ഫോറസ്റ്റ് ഓഫീസിൽ നിന്നും പാസ് എടുത്തു വേണം കിളിയെറിഞ്ഞാൻ കല്ല് ചെക്പോസ്റ്റിൽ എത്താൻ. ഇവിടെ നിന്ന് ഗവി പാത വൺവേയാണ്. കെഎസ്ആർടിസി സർവീസിന് മാത്രമാണ് ഇത് ബാധകമല്ലാത്തത്. മറ്റു വാഹനങ്ങൾ ആങ്ങമൂഴി മൂഴിയാർ ഗവി വഴി വള്ളക്കടവ് ചെക്ക്പോസ്റ്റിലെത്തി കുമളിക്കോ കോട്ടയത്തിന് പോകാവുന്നതാണ്. എന്തായാലും കുട്ടവഞ്ചി സവാരി കൂടി വരുന്നതോടെ ഗവി ടൂറിസത്തിന്റെ മനോഹാരിത വർധിക്കും. ടിക്കറ്റ് കിട്ടാതെ വിഷമിക്കുന്നവർക്ക് കക്കാട്ടാറ്റിൽ കുട്ടവഞ്ചി സവാരി നടത്തി മടങ്ങുകയും ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP