Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോടികളുടെ ഹാഷിഷ് പിടിച്ച് പേരെടുത്ത ഉദ്യോഗസ്ഥന് കാസർകോട്ടേക്ക് സ്ഥലംമാറ്റം; ട്രാൻസ്ഫർ ഉത്തരവ് എത്തിയത് മുഖ്യന്ത്രി വിശിഷ്ടവസേവാ മെഡൽ നൽകിയതിന് പിന്നാലെ; ഇടുക്കിയിലെ മിടുക്കരായ മറ്റ് ഉദ്യോഗസ്ഥരേയും മലബാറിലേക്ക് തട്ടി; കഞ്ചാവ് മണത്തുപിടിക്കുന്ന പൊലീസ് നായയെ തിരിച്ചുവിളിപ്പിച്ചും കഞ്ചാവുലോബിയുടെ കളികൾ

കോടികളുടെ ഹാഷിഷ് പിടിച്ച് പേരെടുത്ത ഉദ്യോഗസ്ഥന് കാസർകോട്ടേക്ക് സ്ഥലംമാറ്റം; ട്രാൻസ്ഫർ ഉത്തരവ് എത്തിയത് മുഖ്യന്ത്രി വിശിഷ്ടവസേവാ മെഡൽ നൽകിയതിന് പിന്നാലെ; ഇടുക്കിയിലെ മിടുക്കരായ മറ്റ് ഉദ്യോഗസ്ഥരേയും മലബാറിലേക്ക് തട്ടി; കഞ്ചാവ് മണത്തുപിടിക്കുന്ന പൊലീസ് നായയെ തിരിച്ചുവിളിപ്പിച്ചും കഞ്ചാവുലോബിയുടെ കളികൾ

ഇടുക്കി: മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ ഉദ്യോഗസ്ഥനെ കാസർകോട്ടേക്കും മറ്റൊരാളെ തലശ്ശേരിയിലേക്കും മാറ്റിയ എക്‌സൈസ് വകുപ്പിന്റെ നടപടിക്കു പിന്നിൽ ഇടുക്കിയിലെ കഞ്ചാവു ലോബിയുടെ ഇടപെടലെന്ന് സംശയം. മാനദണ്ഡങ്ങൾ പാലിക്കാതെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടിയിൽ ഇടുക്കി ജില്ലയിലെ എക്‌സൈസ് ജീവനക്കാരിൽ അസംതൃപ്തി പുകയുന്നു. ലഹരിക്കെതിരെ ശക്തമായ നടപടി വകുപ്പ് തുടങ്ങിയതിനു പിന്നാലെ കൂടുതൽ ലഹരി വസ്തുക്കൾ പിടികൂടിയ ഉദ്യോഗസ്ഥനെ കാസർകോട്ടേക്ക് തട്ടിയ നടപടി വലിയ ചർച്ചയായിരിക്കുകയാണ് ഇപ്പോൾ.

സ്തുത്യർഹമായ സേവനത്തിന് മുഖ്യമന്ത്രിയിൽനിന്നു അവാർഡ് ഏറ്റുവാങ്ങി ഒരു മാസം മാത്രം എത്തിയപ്പോഴാണ് വണ്ടിപ്പെരിയാർ എക്‌സൈസ് റേഞ്ച് ഓഫീസർ ഉൾപ്പെടെയുള്ളവരെ നാടുകടത്തിയത്. വണ്ടിപ്പെരിയാർ റേഞ്ച് ഇൻസ്‌പെക്ടർ സി. കെ സുനിൽരാജിനെ കാസർകോട്ടേക്ക് മാറ്റി ഇറങ്ങിയ ഉത്തരവിലൂടെതന്നെ കുമളി ചെക് പോസ്റ്റിലെ ഇൻസ്‌പെക്ടർ ടി. ആർ സെൽവരാജിനെ തലശേരിയിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്.

തൊടുപുഴ സർക്കിൾ ഇൻസ്‌പെക്ടർ ഷിബു മാത്യുവിനെ അഗളിയിലേക്കും കമ്പംമെട്ട് ചെക് പോസ്റ്റ് ഇൻസ്‌പെക്ടർ സജി കുമാറിനെ വയനാട്ടിലേക്കും മാറ്റിയാണ് ഉത്തരവ്. ലഹരി കടത്ത് തടയാൻ നിയോഗിക്കപ്പെട്ട സ്‌പെഷൽ സ്‌ക്വാഡിൽ അംഗമായ സുമേഷിനെ ഹോസ്ദുർഗിലേക്കും സ്ഥലംമാറ്റി. ഇവരിൽ തൊടുപുഴ സർക്കിൾ ഇൻസ്‌പെക്ടർ ഒഴികെയുള്ള എല്ലാവരും ലഹരി കടത്ത് തടയാനും കുറ്റവാളികളെ സാഹസികമായി വരെ പിടികൂടാനും അതിർത്തി മേഖലയിൽ നിരന്തരമായി പരിശ്രമിച്ചുകൊണ്ടിരുന്നവരും ആരോപണങ്ങൾക്ക് അതീതരുമായിരുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ ലഹരി വേട്ട നടത്തിയ ഉദ്യോഗസ്ഥനെന്ന റിക്കോർഡിനുടമായാണ് സുനിൽരാജ്. രണ്ടു സംഭവങ്ങളിലായി 22 കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടുന്നതിൽ സുനിൽരാജ് നിർണായക പങ്ക് വഹിച്ചിരുന്നു. 11 കോടി രൂപ വീതം വിലമതിക്കുന്ന ഹാഷിഷ് ഓയിൽ അദ്ദേഹം നേരിട്ട് പിടിച്ചെടുക്കുകയും മറ്റൊരു 11 കോടി രൂപയുടെ ഹാഷിഷ് ഓയിൽ കടത്ത് സുനിൽരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് നിരീക്ഷിച്ച് നർക്കോട്ടിക് വിഭാഗത്തിന്റെ കെണിയിൽ വീഴ്‌ത്തുകയും ചെയ്തത് ഏതാനും മാസങ്ങൾക്കുള്ളിലാണ്.

നിരവധി കേസുകളിലായി 100 കിലോയോളം കഞ്ചാവാണ് സ്വന്തം നിലയിൽ ഈ ഉദ്യോഗസ്ഥൻ കണ്ടെടുത്ത് കോടതിയിലെത്തിച്ചത്. കമ്പംമെട്ട് ചെക് പോസ്റ്റ് ഇൻസ്‌പെക്ടർ സെൽവരാജ് ഈ മാസം മാത്രം പിടിച്ചെടുത്ത കഞ്ചാവ് കേസുകൾ ഇരുപതോളമാണ്. ഒരു വർഷത്തിനുള്ളിൽ അറുപതോളം കഞ്ചാവ് കേസുകൾ അതിർത്തി മേഖലയിൽനിന്നു പിടികൂടുകയും നൂറിലധികം പേരെ അറസ്റ്റ് ചെയ്യുകയും ആഡംബര കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.

ലഹരിയുടെ ഇടത്താവളമായും കടത്തുവഴികളായും ഇടുക്കി ജില്ല മാറിയ സാഹചര്യത്തിൽ കുമളി, കമ്പംമെട്ട് ചെക് പോസ്റ്റുകളുടെയും വണ്ടിപ്പെരിയാർ റേഞ്ചിന്റെയും ജോലിഭാരവും പ്രസക്തിയും കൂടിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്നും കഞ്ചാവും ഹാഷിഷ് ഓയിലുമുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ തമിഴ്‌നാട്ടിലെ അതിർത്തി പ്രദേശമായ കമ്പം കേന്ദ്രീകരിച്ചാണ് വിൽപന നടത്തുന്നത്. കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിൽനിന്നും യുവാക്കളും വിദ്യാർത്ഥികളുമുൾപ്പെടെയുള്ള സംഘം ഇവ കമ്പത്തെത്തി വാങ്ങുന്നുണ്ട്.

ഏറ്റവുമധികം കടത്ത് നടക്കുന്നത് കുമളി ചെക് പോസ്റ്റിലൂടെയാണ്. ഇവിടെ കഞ്ചാവ് കടത്തുന്നവരെ കണ്ടെത്തുക അതീവ ദുഷ്‌കരമാണ്. ശരീരത്ത് കെട്ടിവച്ചും ചോറ്റുപാത്രത്തിലും തുണിസഞ്ചിയിലും വാനിറ്റി ബാഗിലും തുടങ്ങി മൊബൈൽ ഫോണിന്റെ ബാറ്ററി ഊരിമാറ്റി പകരം കഞ്ചാവ് നിറച്ചുവരെ കടത്തിയവരെ ഇവിടെ പിടികൂടിയിട്ടുണ്ട്. വാഹനങ്ങളെയും യാത്രക്കാരെയും പരിശോധിക്കാൻ സ്‌കാനറോ, മറ്റ് ആധുനിക സൗകര്യങ്ങളോ കുമളിയിലും കമ്പംമെട്ടിലുമില്ല. യാത്രക്കാരെ നിരീക്ഷിച്ചും ദേഹപരിശോധന നടത്തിയുമൊക്കെയാണ് ഇതുവരെ കേസുകൾ പിടിച്ചിട്ടുള്ളത്.

ലഹരി കടത്ത് തടയാൻ പൊലിസിന്റെ ബ്രൂസ് എന്ന നായയുടെ സേവനം ഇടയ്ക്ക് നൽകിയെങ്കിലും കഞ്ചാവ് മണത്തു പിടിക്കുന്ന നായയെ പെട്ടെന്നുതന്നെ തിരികെ കൊണ്ടുപോയി. സുനിൽരാജിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ലഹരിവിരുദ്ധ സ്‌ക്വാഡ് ശക്തമായി രംഗത്തിറങ്ങകയും ചെക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കുകയും ചെയ്തതോടെ, ലഹരി മാഫിയ ഇവർക്കെതിരെ കരുക്കൾ നീക്കിത്തുടങ്ങിയിരുന്നു.

ചെക്‌പോസ്റ്റുകൾ ഒഴിവാക്കി അതിർത്തിയിലെ ഊടുവഴികളിലൂടെ ഇവർ ലഹരി കടത്താൻ ആരംഭിച്ചിരുന്നു. ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ എക്‌സൈസിനെ വെട്ടിച്ചും ആക്രമിച്ചും കടക്കുന്ന തരത്തിലേക്ക് ഇവരുടെ പ്രവർത്തനം വ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സ്‌പെഷൽ സ്‌ക്വാഡ് തമിഴ്‌നാട് - കേരള പൊലിസിന്റെും തമിഴ്‌നാട് ഫോറസ്റ്റ് വകുപ്പിന്റെയും സഹകരണത്തോടെ അതിർത്തിയിൽ റെയ്ഡ് നടത്തി നിരവധി കഞ്ചാവ് - ചാരായവാറ്റ് വേട്ടകൾ നടത്തി. ജില്ലയിൽ കഞ്ചാവ് നട്ടുവളർത്തിയ കേന്ദ്രങ്ങളും സ്‌പെഷൽ സ്‌ക്വാഡ് കണ്ടെത്തി.

നിരവധി മലയാളികൾകൂടി കണ്ണികളായ സംഘത്തിന്റെ പക്കൽനിന്നും ഹാഷിഷ് പിടിച്ചെടുത്തതോടെ ലഹരിസംഘങ്ങൾ തെല്ലൊന്നു പത്തിമടക്കുകയും ചെയ്തതിനിടെയാണ് പ്രധാന ഉദ്യോഗസ്ഥരെ തന്നെ വിദൂരസ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ചത്. സ്ഥലംമാറ്റപ്പെട്ടവരിൽ മിക്കവരും ഇടുക്കി ജില്ലക്കാരും സേവന സ്ഥലത്ത് രണ്ടുവർഷത്തിൽ താഴെ മാത്രം പ്രവർത്തിച്ചവരാണ്.

ഭരണത്തിന് ഊർജം പകരാനെന്ന പേരിൽ ജീവനക്കാരുടെ ആവശ്യങ്ങളൊന്നും പരിശോധിക്കാതെയുള്ള കൂട്ടസ്ഥലംമാറ്റങ്ങൾക്കെതിരെ ഒരു വിഭാഗം ജീവനക്കാരും രംഗത്തിറങ്ങിയിട്ടുണ്ട്. പക്ഷേ, ഇതൊന്നും ഗൗനിക്കാതെയാണ് സ്ഥലംമാറ്റം തുടരുന്നത്. കൃത്യനിർവഹണത്തിൽ ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയിട്ടും പണിഷ്‌മെന്റ് ട്രാൻസ്ഫറിന് സമാനമായ നടപടിയാണ് ഇപ്പോഴുണ്ടായതെന്ന് എക്‌സൈസ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP